കിളികളേ നിങ്ങളെ ഞങ്ങള്‍ സംഘികളാക്കും
‘സംഘപരിവാറിന്റെ കപടമുഖം’ എന്ന പേരില്‍ കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തിനുള്ള മറുപടിയാണിത്. ആടിനെ പട്ടിയാക്കുന്ന CPM കാപട്യമാണ് പാര്‍ടി പത്രത്തിന്റെ ഈ മുഖപ്രസംഗം എന്ന് ഒറ്റ വാചകത്തില്‍ പറയാം. കിഴാറ്റൂര്‍ സമരം BJP സമരമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിക്കുകയും BJP യുടെ തെറ്റുകുറ്റങ്ങള്‍ കീഴാറ്റൂര്‍ സമരക്കാരുടെ തലയില്‍ കെട്ടി വയ്ക്കുകയും ചെയ്യുകയെന്ന ഏറ്റവും ലളിതമായ യുക്തിയാണ് ദേശാഭിമാനി നാളിതുവരെ പ്രയോഗിച്ചു വന്നത്, അതില്‍ ഒടുവിലത്തേതാണ് ഡിസംബര്‍ 1 ന്റെ ഈ മുഖപ്രസംഗം.
ദേശാഭിമാനി മുഖപ്രസംഗമല്ല , പത്രത്തിന്റെ മുഴുവന്‍ താളുകളും എഴുതി നിറച്ചാലും കീഴാറ്റൂരില്‍ നടന്നു വരുന്ന പരിസ്ഥിതി സമരത്തെ കേവലം സംഘപരിവാര്‍ സമരമാക്കി തരംതാഴ്ത്താനാകില്ല. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സ്വീകരിക്കേണ്ട മുഴുവന്‍ നിലപാടുകള്‍ക്കും പാര്‍ടി പത്രത്തെ ആശ്രയിക്കുന്ന വിനീതവിധേയരായ അണികളെ മാത്രമേ CPM ന് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.. ചരിത്രത്തോട് സംഘപരിവാരം അസഹിഷ്ണുക്കളായിരിക്കുന്നതിനു കാരണം ചരിത്രം സത്യസന്ധമായി വിലയിരുത്തപ്പെട്ടാല്‍ അവര്‍ കെട്ടിപ്പൊക്കിയ നുണകളുടെ കൊട്ടാരങ്ങള്‍ തകര്‍ന്നടിയും എന്നതാണല്ലോ , സമാന സ്ഥിതി തന്നെയാണ് CPM നും.
കീഴാറ്റൂര്‍ സമരത്തിന്റെ കേവലം രണ്ടര വര്‍ഷത്തെ ചരിത്രം പോലും സത്യസന്ധമായി അവതരിപ്പിക്കാന്‍ ദേശാഭിമാനി തയ്യാറാകില്ല.. കാരണം അത്തരമൊരു പരിശോധനയ്ക്കു മുതിര്‍ന്നാല്‍ ‘BJP സമരം’ എന്ന ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുമെന്ന് സഖാക്കള്‍ക്കു നന്നായറിയാം.. വയല്‍ക്കിളി സമരമെന്നു വിളിക്കപ്പെട്ട കീഴാറ്റൂര്‍ സമരം ഉദ്ഘാടനം ചെയ്തത് സീക്ക് (SEEK) ഡയറക്ടറും , ‘സൂചീമുഖി’ എന്ന പരിസ്ഥിതി വിദ്യാഭ്യാസ മാസികയുടെ എഡിറ്ററും കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പണ്ഡിതനുമായ T.P. പദ്മനാഭന് മാസ്റ്ററാണ്. സമരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മുന്‍ കമ്യൂണിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനും ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേതാവുമായ CR നീലക ണ്ഠനാണ് , CPM പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതിനു ശേഷം ‘കേരളം കീഴാറ്റൂരിലേക്ക് ‘ എന്ന ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയും കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. കാസര്‍കോടെ എന്‍ഡോസള്‍ഫാന്‍ സമരക്കാരും വിവിധ ഹൈവേ സമരക്കാരും മുതല്‍ അതിരപ്പിള്ളി, പുതുവൈപ്പിന് , നീറ്റാ ജലാറ്റിന്‍, സമരക്കാര്‍ വരെ കീഴാറ്റൂരിലേക്കെത്തി.
പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനെത്തിയ BJP നേതാക്കളെയും PC ജോര്‍ജിനെയും മാത്രമേ ദേശാഭിമാനിയും CPM സഖാക്കളും കണ്ടുള്ളൂ.. CPIML നേതാക്കള്‍ മുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വരെ പലരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു എങ്കിലും കുമ്മനം രാജശേഖരന്റെ സന്ദര്‍ശനം മാത്രമേ CPM കാരും ദേശാഭിമാനിയും ഓര്‍ക്കാനാഗ്രഹിക്കുന്നുള്ളൂ.. വയല്‍ക്കിളികളുടെ സമരം ന്യായമാണെന്നു പറഞ്ഞ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ പറ്റി ദേശാഭിമാനി മിണ്ടില്ല .. സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടിയല്ല ഇടയ്ക്കൊരു ദിവസം സംഘപരിവാരം കൊണ്ടുവന്ന കാവിക്കൊടി മാത്രമേ ദേശാഭിമാനി കണ്ടുള്ളൂ.. ഇത്തരത്തില്‍ കാഴ്ചയിലും ഓര്‍മയിലും ചരിത്രത്തിലും എഡിറ്റിംഗ് നടത്തി എല്ലാം BJP യാണ് എല്ലാം സംഘപരിവാരമാണ് എന്നു വരുത്തിത്തീര്‍ക്കുന്നതിന് CPM ന് അവരുടേതായ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ചിലത് അക്കമിട്ട് പറയാം.
1. സമരം പരിസ്ഥിതി സമരമാണെന്നു വന്നാല്‍ സംവാദം പരിസ്ഥിതി പ്രശ്നങ്ങളിലൂന്നി നിന്നാകും , വയലും കുന്നുമെല്ലാം ഇനിയുള്ള കാലത്ത് ഏത് വികസനത്തിന്റെ പേരിലായാലും നശിപ്പിക്കുന്നതിന് ന്യായീകരണങ്ങളേയില്ല. വരള്‍ചയും കുടിവെളളക്ഷാമവും പ്രളയവും സുസ്ഥിര വികസനവും പ്രകൃതി വിഭവങ്ങളുടെ പരിമിതിയും ചര്‍ച്ച ചെയ്താല്‍ കീഴാറ്റൂര്‍ ബൈപാസിന് ന്യായീകരണം ചമയ്ക്കുക പ്രയാസമാകും എന്ന് സഖാക്കള്‍ക്ക് നന്നായറിയാം.
2. സൈലന്റ് വാലിയും പെരിങ്ങോം ആണവനിലയവും പ്ലാച്ചിമടയും എന്‍ഡോസള്‍ഫാനും അടക്കമുള്ള സംസ്ഥാനത്തെ പരിസ്ഥിതി സമരങ്ങളില്‍ CPM നിലപാട് അങ്ങേയറ്റം അസംബന്ധമായിരുന്നൂവെന്ന യാഥാര്‍ത്ഥ്യം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാം .
3. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ദേശീയപാതാ വികസനത്തെ പേരുകൊണ്ട് മാര്‍ക്സിസ്റ്റായ ഒരു പാര്‍ടി പിന്തുണയ്ക്കുന്നതിലെ വൈരുദ്ധ്യം ചര്‍ച്ച ചെയ്യപ്പെടാം..
4. പിലാത്തറ – പാപ്പിനിശ്ശേരി KSTP റോഡുള്‍പ്പടെ വന്ന സാഹചര്യത്തില്‍ തളിപ്പറമ്പിലൂടെയുള്ള ഗതാഗതം ഗണ്യമായി കുറയും എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെട്ടേക്കാം..
5- ഇത്രയും നീളത്തില്‍ വയല്‍ നികത്താനുള്ള മണ്ണ് ഏത് കുന്നിടിച്ചു കൊണ്ടുവരുമെന്ന ചോദ്യം ഉയര്‍ന്നു വന്നേക്കാം.
6. മണ്ണിട്ട് നികത്തുന്ന വയലും മണ്ണിനായി ഇടിക്കുന്ന കുന്നും ജലസംഭരണികളായതിനാല്‍ , ഇവയുടെ നാശം നാട്ടിലെ കുടിവെള്ള ക്ഷാമത്തെ കൂടുതല്‍ തീവ്രമാക്കുമെന്ന പാരിസ്ഥിതിക യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടി വന്നേക്കാം.
7- താഴ്ന്നു വരുന്ന ഭൂഗര്‍ഭ ജലനിരപ്പിനെ ഉയര്‍ത്തിയെടുക്കാന്‍ തൊഴിലുറപ്പുകുഴികള്‍ക്കൊണ്ട് മാത്രം സാധിക്കില്ലെന്ന വസ്തുത ചര്‍ച്ച ചെയ്യപ്പെട്ടേക്കാം..
8- വാഹനപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന സത്യം വെളിപ്പെട്ടേക്കാം..
9- ജൂണ്‍ 5 ന് ഗിന്നസ് ബുക്കില്‍ പേരു വരുത്താന്‍ ‘ലക്ഷം ദീപാര്‍ച്ചന’ എന്നൊക്കെ പറയുന്നതുപോലെ യുവജന സഖാക്കള്‍ നടത്തുന്ന ആചാരമരംനടല് അല്ല പരിസ്ഥിതി സംരക്ഷണമെന്നും അത് വികസന സങ്കല്പങ്ങളില് പോലുമുള്ള സമൂലമായ പരിവര്‍ത്തനമാണ് എന്നും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം..
ഈ 2018 ലും കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്നു ചോദിക്കുന്ന അന്‍വര്‍ – മണി – രാജേന്ദ്രന് മോഡല്‍ നേതാക്കളെയും കൊണ്ട് മേല്‍പ്പറഞ്ഞ രീതിയിലുള്ള പരിസ്ഥിതി ചര്‍ച്ചകളെ അതിജീവിക്കുക സാധ്യമല്ലെന്ന് ദേശാഭിമാനിക്ക് നന്നായറിയാം. അപ്പോള്‍ നല്ലത് സമരത്തിന് പിന്തുണയുമായെത്തിയ BJP ക്കാരെ കാണിച്ച് സമരക്കാരെ കാവി പുതപ്പിക്കലാണ്.. സമരം കാവി സമരമാണെന്നു വരുത്തിത്തീര്‍ത്താല്‍ ഹരിതപക്ഷത്തു നിന്ന് സമരം മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളില്‍ നിന്നും തന്ത്രപരമായി തടിയൂരാം.. പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് പശുവിനെ കെട്ടിയ തെങ്ങിലെ തേങ്ങ മോഷ്ടിക്കാനെത്തിയ കള്ളന് കുട്ടപ്പനെ കുറിച്ച് നൂറ് വാക്കില്‍ കവിയാതെ ഉപന്യസിക്കാം..
വയല്‍ക്കിളികളുടെ ചോദ്യം കുടിവെള്ളത്തെ കുറിച്ചാണ്.. വയല്‍ക്കിളികളുടെ ചോദ്യം വയല്‍ എന്ന ആവാസവ്യവസ്ഥയെ പറ്റിയാണ് .. ചോദ്യം ഇടിക്കാന്‍ കുന്നെവിടെ എന്നാണ്… ചോദ്യം പ്രളയാനന്തര കേരളത്തില്‍ വയലുകള്‍ സംരക്ഷിക്കേണ്ടതല്ലേ എന്നാണ്.. ചോദ്യം എല്ലാ കാലവും ഭക്ഷ്യധാന്യങ്ങള്‍ അന്യസംസ്ഥാനക്കാര്‍ തരുമോ എന്നാണ്.. ചോദ്യം നികത്തിയ ഒരു വയല്‍ പുനര്‍നിര്‍മിക്കുക സാധ്യമാണോ എന്നാണ്.. ചോദ്യം ഇടിച്ച കുന്നിനെ പുന:സ്ഥാപിക്കാമോ എന്നാണ്.. ചോദ്യം എല്ലാ ഗ്രാമവും നഗരമാകേണ്ടതുണ്ടോ എന്നാണ്.. ചോദ്യം വാഹനപ്പെരുപ്പം നിയന്ത്രിക്കേണ്ടതില്ലേ എന്നാണ്.. ചോദ്യം മണ്ണും വെള്ളവും വായുവും വരും തലമുറകള്‍ക്കു കൂടി അവശേഷിപ്പിക്കേണ്ടതല്ലേ എന്നാണ്.. ചോദ്യം വികസനത്തിനു പരിധി വേണ്ടതല്ലേ എന്നാണ്.. ചോദ്യം മാനത്തുകണ്ണിയ്ക്കും തവളയ്ക്കും പുല്‍ച്ചാടിയ്ക്കും പൂമ്പാറ്റയ്ക്കും കിളികള്‍ക്കുമെല്ലാം ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലേ എന്നാണ്.. വയല്‍ക്കിളികളുടെ ചോദ്യം കഴിഞ്ഞു പോയ മഹാപ്രളയവും ഉരുള്‍പൊട്ടലുകളും മഴ മാറിയ ഉടന്‍ വരണ്ടുണങ്ങിയ പുഴകളും വറ്റിത്തുടങ്ങിയ കിണറുകളും സംസ്ഥാന കേന്ദ്ര -സര്‍ക്കാരുകളെയും അവയ്ക്ക് നേതൃത്വം നല്കുന്ന വലിയ വലിയ രാഷ്ട്രീയ പാര്‍ടികളെയും ഒരു പാഠവും പഠിപ്പിച്ചില്ലേ എന്നാണ്..
പക്ഷേ … ഈ എല്ലാ ചോദ്യത്തിനും CPM ന്റെ കയ്യില്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ, അത് ‘ BJP സമരം ‘ എന്ന വളരെ ചെറിയ ഉത്തരമാണ്.. പരീക്ഷയ്ക്ക് എന്ത് ചോദ്യം വന്നാലും രാമു പഠിച്ച ഒരേ ഉത്തരം തല തിരിച്ചും മറിച്ചും വാക്കുകള്‍ മാറ്റിയും അങ്ങോട്ട് പ്രയോഗിക്കും.. ജീവശാസ്ത്രം പരീക്ഷയ്ക്കും ജാലിയന്‍വാലാബാഗിനെ കുറിച്ച് ഉപന്യസിക്കും ..മറ്റൊരു സന്ദര്‍ഭത്തില്‍ സഖാവ് ഇ.എം.എസ് പറഞ്ഞതു പോലെ ”എന്റെ ഉത്തരം ശരിയാണ് ,നിങ്ങളുടെ ചോദ്യമാണ് തെറ്റിയത് ‘ ദേശാഭിമാനിയുടെ സ്ഥിരം വായനക്കാര്‍ക്ക് പരിസ്ഥിതി ചര്‍ച്ച മനസ്സിലാകാത്തതിനാല്‍ അവര്‍ക്കു മനസ്സിലാകുന്ന സംഘപരിവാര്‍ – കാവി – ബി ജെ പി ഭാഷയിലേക്ക് പത്രം പ്രശ്നത്തെ വിവര്‍ത്തനം ചെയ്യുന്നു.
ഒടുവില്‍ ദേശാഭിമാനിയോടു പറയട്ടേ… നിങ്ങള്‍ എത്ര തവണ മുഖപ്രസംഗമെഴുതിയാലും കീഴാറ്റൂര്‍ സമരത്തെ കാവി പുതപ്പിക്കാനാകില്ല , നിങ്ങള്‍ എത്ര തലകുത്തിമറിഞ്ഞാലും വയല്‍ക്കിളികളേയും കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയേയും സംഘപരിവാരത്തോടൊപ്പം ചേര്‍ക്കാനുമാകില്ല , കാരണം നിങ്ങളേക്കാള്‍ കമ്യൂണിസ്റ്റ് ബോധമുള്ളവരാണ് ഈ സമരത്തെ നയിക്കുന്നത്. അത് ഈ ഡിസംബര്‍ 30 ന് നിങ്ങള്‍ക്ക് വീണ്ടും കാണാം.. ലാല്‍സലാം