സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Dec 1st, 2018

അതെ, കര്‍ഷകര്‍ പുതുചരിത്രം രചിക്കുകയാണ്.

fffരാജ്യതലസ്ഥാനം കയ്യടക്കിയ കര്‍ഷകര്‍ പുതുചരിത്രം രചിക്കുകയാണ്. വിളകള്‍ക്ക് ന്യായവിലയും കടക്കെണിയില്‍നിന്ന് മോചനവും ആവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ കിസാന്‍മുക്തി മാര്‍ച്ച് നടക്കുന്നത്. വിവിധ ഘടക സംഘടനകളുടെ കൊടികളുമായി ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെക്കുന്നു. 207 സംഘടനകള്‍ ചേര്‍ന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 21 രാഷ്ട്രീയപാര്‍ടികള്‍ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. മേധാപട്കര്‍, യോഗേന്ദ്രയാദവ് തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകരും രാഹുല്‍ ഗാന്ധി, യെച്ചൂരി, കെജ്രിവാള്‍, ഫറൂഖ അബ്ദുള്ള, ശരത് പവാര്‍, ശരത് യാദവ്, ഡി രാജ തുടങ്ങിയ രാഷ്ട്രീയനേതാക്കളും കര്‍ഷകമുന്നേറ്റത്തില്‍ ഭാഗഭാക്കാകുന്നു. അധ്യാപകരും ധൈഷണികരും വിദ്യാര്‍ഥികളും അഭിഭാഷകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട ‘നേഷന്‍ ഫോര്‍ ഫാര്‍മേഴ്സ്’ എന്ന കൂട്ടായ്മയും പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്നു.

ഒക്ടോബര്‍ മൂന്നിന് ഡെല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രക്ഷോഭവും. അന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ ഉടന്‍ നിറവേറ്റിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും കര്‍ഷകര്‍ അന്നേ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ലാത്തിചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നൂറോളം കര്‍ഷകര്‍ക്കാണ് പരിക്കേറ്റത്. വാസ്തവത്തില്‍ സമരം പിടിവിട്ട് പോകുമെന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്നാഥ് സിങ് സമരനേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും തലസ്ഥാനത്തെത്തിയത്. ഇടക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കണമെന്ന ആവശ്യവുമായി പത്ത് ദിവസത്തെ പ്രക്ഷോഭവും രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഘടിപ്പിച്ചിരിക്കുന്നു. മന്‍ഡ്‌സൂറില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകരുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലായിരുന്നു സമരം ആരംഭിച്ചത്. പാലും പച്ചക്കറികളും തെരുവുകളില്‍ ഉപേക്ഷിച്ചു കൊണ്ടായിരുന്നു ആ സമരം നടന്നത്.
”കൃഷി മാത്രമല്ല, കുടുംബവും മുന്നോട്ടുകൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. വിളകളെല്ലാം വളരെ കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടി വരികയാണ്. കിലോയ്ക്ക് ഒന്നും രണ്ടും രൂപയ്ക്കു വരെ. കൂടുതല്‍ കൃഷി ചെയ്യാന്‍ വളം വാങ്ങി ഉപയോഗിക്കാന്‍പോലും കഴിവില്ല, അതിനുള്ള പണം ഞങ്ങളുടെ കൈയിലില്ല” – ഇതാണ് കര്‍ഷകര്‍ പറയുന്നത്. കടക്കെണിയില്‍ പെട്ട് ആത്മഹത്യചയ്ത പതിനായിരങ്ങളുടെ സ്മരണയാണ് ഇവരെ പ്രചോദിപ്പിക്കുന്നത്. മരിക്കാനല്ല, ജീവിക്കാനാണ് ഈ പോരാട്ടം എന്നവര്‍ പ്രഖ്യാപിക്കുന്നു. തങ്ങളുടെ കുടുംബത്തില്‍ ജീവനൊടുക്കിയവരുടെ ചിത്രങ്ങളാണ് പലരും പ്ലകാര്‍ഡുകളാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും എത്തിയ 1,200 അംഗ കര്‍ഷകരുടെ പക്കല്‍ രണ്ടു മനുഷ്യ തലയോട്ടികളും ഉണ്ടായിരുന്നു. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാല്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കര്‍ഷകരും എത്തിയത്. 2017ല്‍ മഹാരാഷ്ട്രയില്‍ നടന്ന ഉജ്ജ്വലമായ കര്‍ഷകപ്രക്ഷോഭത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ മുന്നേറ്റം. അയോധ്യയല്ല ഞങ്ങള്‍ക്ക് വേണ്ടത്, കടങ്ങള്‍ എഴുതി തള്ളുകയാണ് – എന്നാണവരുടെ ധീരമായ പ്രഖ്യാപനം. ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും പാര്‍ട്ടി നേതാക്കളും കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊന്ന്.
കന്നുകാലി വില്‍പ്പനക്കുള്ള നിയന്ത്രണവും നോട്ടുനിരോധനവും ജി എസ് ടിയും സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്നു കരകയറാനാകാതെ വിഷമിക്കുമ്പോള്‍ തന്നെ വിളകള്‍ക്ക് വിലത്തകര്‍ച്ചയും നേരിടേണ്ടി വന്നതാണ് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയത്. മൂന്നും പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ്. അതിനാലാണ് കര്‍ഷകര്‍ സമരത്തിന്റെ കുന്തമുന കേന്ദ്രത്തിനെതിരെ നീട്ടുന്നത്. ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒറീസ എന്നിവിടങ്ങളിലെല്ലാം ഭൂമി അധികാര ആന്ദോളന്‍ വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും സംഘടിപ്പിച്ച കിസാന്‍ മുക്തിയാത്രക്കുശേഷമാണ് ഡെല്‍ഹിയിലെ കര്‍ഷകമുന്നേറ്റം. കടം എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക എന്നിവയിലൂന്നി കൂടുതല്‍ പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യുകയാണെന്ന് നേതാക്കള്‍ പറയുന്നു. എന്തായാലും വരും ദിനങ്ങളില്‍ കര്‍ഷകപോരാട്ടങ്ങലായിരിക്കും വാര്‍ത്തകളില്‍ ഇടംപിടിക്കുക എന്നുറപ്പ്്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>