സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Nov 28th, 2018

ജോസഫ് രസമുള്ള സിനിമ

Share This
Tags

 

Joju George's Next Movie Josephധനേഷ്‌കൃഷ്ണ

അതെ, എം പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ജോസഫ് അതിഗംഭീരമായ സിനിമയാണ്. സിനിമ കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകരെയും സ്‌ക്രീനിലേക്ക് തന്നെ വീണ്ടും പിടിച്ചുവലിക്കുന്ന ഒരു കാന്തിക ആകര്‍ഷണമുണ്ട് ജോസഫിന്. ഒരു സിനിമയ്ക്ക് കോമഡി വേണ്ടേ ? എന്നാലല്ലേ രസമുള്ളൂ എന്ന് പറയുന്നവര്‍ക്ക് ചുട്ടമറുപടി കൂടിയാണ് ഈ ഇന്‍വിസ്റ്റിഗേറ്റീവ് ത്രില്ലര്‍. ഈ സിനിമയില്‍ കോമഡിയില്ല, അതാണ് രസം. ജോസഫ് കണ്ടിരിക്കാന്‍ നല്ല രസമാണ്. ഇന്‍വിസ്റ്റിഗേറ്റീവ് ത്രില്ലറില്‍ പാട്ട് വേണോ ? എന്ന് പറയുന്നവര്‍ക്കും ചുട്ടമറുപടിയാണ് ജോസഫ്. ജോസഫില്‍ നാലുപാട്ടുകളുണ്ട്. ആ പാട്ടുകളാകട്ടെ ആവശ്യമായ ഇടങ്ങളിലാണ് സംവിധായകന്‍ കാണിക്കുന്നതും. അപ്പോഴും സിനിമയുടെ മൂഡിലൂടെ പ്രേക്ഷകര്‍ സഞ്ചരിക്കുന്നു.
സംവിധായകന്‍ എം പത്മകുമാറിന്റെ നിയന്ത്രണത്തില്‍ തിരക്കഥ ( ഷാഫി കബീര്‍), ഛായാഗ്രഹണം (മഹേഷ് മാധവന്‍), ചിത്രസംയോജനം ( കിരണ്‍ ദാസ് ), പശ്ചാത്തല സംഗീതം (അനില്‍ ജോണ്‍സന്‍) , ഗാനസംഗീതം ( രഞ്ജിന്‍ രാജ് ) എല്ലാം ഭദ്രമായി സിനിമ ആവശ്യപ്പെടുന്ന ക്രമത്തിലാണ് ഇഴചേര്‍ത്തിരിക്കുന്നത്.
പ്രണയം, ദാമ്പത്യം വിവാഹമോചനജീവതം – ഇങ്ങനെ മൂന്നു അവസ്ഥകള്‍ ജോസഫ് അനുഭവിക്കുന്നുണ്ട്. ഫ്ലാഷ് ബാക്കിലൂടെയാണ് പ്രണയവും ദാമ്പത്യജീവിതവും പറയുന്നത്. പ്രണയിച്ചവളെ അയാള്‍ക്ക് വിവാഹംകഴിക്കാനാകുന്നില്ല. പിന്നീട് പ്രണയിച്ചവളുടെ ദുര്‍മരണം കണ്ട് അയാള്‍ക്ക് മാനസിക സംഘര്‍ഷം അനുഭപ്പെടുന്നു. തുടര്‍ന്ന് വിവാഹം കഴിച്ച പെണ്ണില്‍നിന്ന് വിവാഹമോചനം നേടേണ്ട അവസ്ഥയും അയാള്‍ക്ക് വരുന്നു.
ജോസഫ് ഉള്‍പ്പെട്ട നാലു പോലീസ് ഉദ്യോഗസ്ഥരിലൂടെ കഥ വികസിക്കുമ്പോഴാണ് ഫ്ളാഷ്ബാക്ക് സംവിധായകന്‍ പറഞ്ഞുപോകുന്നത്.
കൊലപാതക അന്വേഷണത്തില്‍ ജോസഫ് അതിവിദഗ്ധനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുറ്റന്വേഷണ വൈഭവം എടുത്തുകാണിക്കുന്ന കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ആ മേഖലയില്‍ കൊലപാതകങ്ങള്‍ നടന്നാല്‍ എസ്.പി. റിട്ടയറായ ജോസഫിനെ വിളിച്ചാണ് ആദ്യ സ്ഥലപരിശോധനയും മൃതദേഹപരിശോധനയും നടത്തുക. ആ കാര്യത്തില്‍ ജോസഫ് വിദഗ്ധനാണ്. അയാള്‍ പ്രതിയെ കണ്ടെത്താനുള്ള എല്ലാ വഴികളും കണ്ടെത്തും. അയാളുടെ മുന്‍ഭാര്യയും മകളും കൊലചെയ്യപ്പെട്ട സംഭവം അതുകൊണ്ടുതന്നെ അയാള്‍ തന്റെ കുറ്റന്വേഷണ വൈഭവവും ബുദ്ധിയും വച്ച് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്.
ഉദ്വേഗജനകമയാ സിനിമ ആദ്യംമുതലേ ഒരു പ്രത്യേക മൂഡിലുടെയാണ് അവസാനംവരെ കടന്നുപോകുന്നത്. അവരുടെ മദ്യപാനവും പുകവലിയും തമാശയും ഒക്കെയായി ആ മൂഡ് നിലനിര്‍ത്തുന്നു. ആ മൂഡില്‍നിന്ന് സിനിമ വിട്ടുപോകാതെ അയാളുടെ സുഹൃത്തുക്കളും ആനുപാതികമായി സഹകരിക്കുന്നുണ്ട്. നിലവില്‍ കണ്ടുപോന്നിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംവിധായകര്‍ നല്‍കിപോകുന്ന അമിത ആവേശമോ ആര്‍ഭാടമോ പത്മകുമാര്‍ ജോസഫിന് നല്‍കുന്നില്ല. അയാളുടെ വാഹനം തന്നെ പഴയസ്‌കൂട്ടറാണ്. അയാള്‍ വിലകുറഞ്ഞ മദ്യവും കഴിക്കും വലിക്കുന്നതാകട്ടെ ബീഡിയും ( സിഗററ്റ് അല്ല ). ആദ്യ കൊലപാതക അന്വേഷണസമത്ത് സ്ഥലത്തുനിന്നുതന്നെ അയാള്‍ പ്രതിയെ അതി വിദഗ്ധമായി പിടിച്ചുകൊടുക്കുന്നുണ്ട്. അയാള്‍ പ്രതിയെ എസ്.പിക്ക് കൈമാറി തിരിഞ്ഞുവരുന്ന സമയത്ത് കൈയടി കിട്ടാവുന്ന തരത്തിലുള്ള അമിതമായ പശ്ചാത്തല സംഗീതമോ സ്ളോമോഷനോ സംവിധായകന്‍ തിരുകികയറ്റുന്നില്ല. കാരണം ജോസഫിന് ആരുടെയും കൈയടിവേണ്ട. ജോസഫ് ഒരു സാധാരണ മനുഷ്യനാണ്.

 

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>