സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Nov 27th, 2018

വിജി രചിക്കുന്നത് ഐതിഹാസിക പെണ്‍പോരാട്ടങ്ങള്‍

Share This
Tags

v

2018 ല്‍ ലോകത്തെ സ്വാധീനിച്ചവരില്‍ ബിബിസി തിരഞ്ഞെടുത്ത 100 സ്ത്രീകളില്‍ ഉള്‍പ്പെട്ട കോഴിക്കോട്ടെ വിജി സ്ത്രീസമൂഹത്തിന്റെ പ്രതീക്ഷയാണ്. സ്ത്രീ പ്രക്ഷോഭങ്ങളാല്‍ സജീവമായ സമകാലിക കേരള ചരിത്രം രചിക്കുന്നവരില്‍ മുന്‍നിരയിലാണ് വിജിയുടെ സ്ഥാനം. 2009 -ല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം കൊണ്ട ‘പെണ്‍കൂട്ടി’ന്റെ അമരക്കാരില്‍ ഒരാളായ വിജിയുടെ പ്രധാന പ്രവര്‍ത്തനമേഖല അസംഘടിത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളായിരുന്നു. അതിനായി അസംഘടിത മേഖലയില്‍ തൊഴിലാളി സംഘടന രൂപീകരിക്കുകയായിരുന്നു. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഇരുപ്പു സമരം കേരളം കണ്ട ഐതിഹാസികമായ പെണ്‍സമരങ്ങളില്‍ ഒന്നായിരുന്നല്ലോ.
2005 മുതല്‍ പ്രസിദ്ധമായ മിഠായിത്തെരുവിലെ തയ്യല്‍കടകളിലൊന്നില്‍ ജോലി ചെയ്യുകയാണ് വിജി. തുച്ഛം വേതനമായിരുന്നു ലഭിച്ചിരുന്നത്. രാവിലെ 9 മണി മുതല്‍ ജോലിക്ക് കയറിയാല്‍ വൈകിട്ട് എട്ടുവരെ പുരുഷന്‍മാരെ പോലെ തന്നെ അത്രയും സമയം അവര്‍ ജോലിയിലുണ്ടാകും. പക്ഷേ, കൂലിയോ പുരുഷന്‍മാരുടേതിനേക്കാള്‍ തുലോം കുറവും. അന്ന് 300 രൂപയാണ് പുരുഷന്‍മാരുടെ കൂലിയെങ്കില്‍ അത്രയും സമയം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വെറും 50 രൂപയായിരുന്നു കൂലി. അതിനേക്കാളുപരി മറ്റെവിടേയുമെന്നപോലെ മിഠായി തെരുവിലും ജോലി ചെയ്തിരുന്ന നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ക്ക് ഒരു മൂത്രപ്പുര പോലുമുണ്ടായിരുന്നില്ല. തുണികടകളിലടക്കം ഒരിടത്തും ഇരിക്കാനൊരു കസേരപോലും ഉണ്ടായിരുന്നില്ല. സംഘടിത യൂണിയനുകള്‍ക്ക് ഇവയൊന്നും വിഷയമേ ആയിരുന്നില്ല. വീട്ടിലാകട്ടെ അച്ഛനും അമ്മയും തൊഴിലാളികളായിരുന്നിട്ടും അമ്മയ്ക്ക് യാതൊരു അംഗീകാരവും ഇല്ല. വീട്ടിലും പുറത്തും ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ അവര്‍ നേരിട്ടറിയുകയായിരുന്നു. ഈ അനുഭവങ്ങളില്‍ നിന്നാണ് വിജിയിലെ പോരാളി ഉണര്‍ന്നത്.
2010 -ലാണ് വിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സമരം അരങ്ങേറിയത്. പെണ്‍തൊഴിലാളികള്‍ക്കായി മൂത്രപ്പുര വേണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അത്. വ്യാപാരി വ്യവസായി യൂണിയന്‍ നേതാവിന്റെ വീടിനുമുന്നില്‍ നിരാഹാരമിരുന്നു. പിന്നീടാണ് കോഴിക്കോട് ഇ ടോയ്‌ലെറ്റുകള്‍ വന്നത്. 2013 -ല്‍ കൂപ്പണ്‍മാള്‍ പൂട്ടുന്നതിനെതിരായി പെണ്‍കൂട്ട് രംഗത്തിറങ്ങി. പിന്നീട്, കോര്‍പറേഷനു മുന്നിലായിരുന്നു പോരാട്ടം. ഒരു കോര്‍പറേഷന്‍ തൊഴിലാളിക്ക് കിട്ടിയിരുന്ന മാസവേതനം 1500 രൂപയായിരുന്നു. ഈ സമരങ്ങളെല്ലാം ഏറെക്കുറെ വിജയമാകുകയായിരുന്നു. പിന്നീടാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഇരിക്കല്‍ സമരം നടന്നത്. 2014 മെയ് ഒന്നിന് കോഴിക്കോട് മിഠായിത്തരുവിലൂടെ തലയില്‍ കസേരകളുമേന്തിയാണ് വിജിയുടെ നേതൃത്വത്തില്‍ സമരത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ആലപ്പുഴയിലും തൃശൂരിലേക്കും മറ്റ് ജില്ലകളിലേക്കുമെല്ലാം ഇരിപ്പ് സമരം വ്യാപിക്കുകയായിരുന്നു. നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. അതനുസരിച്ച് ചെറിയ വേതനവര്‍ദ്ധനവും ഇരിക്കാനുള്ള അവകാശവും ലഭിച്ചു. എന്നാല്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ നടപ്പായില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.
അസംഘടിത മേഖയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിജി പറയുന്നതിങ്ങെ. ”അസംഘടിതമേഖലയിലെ തുച്ഛവരുമാനജോലിക്ക് സ്ത്രീകള്‍ പോവുന്നത് പലപ്പോഴും ഗതികേടും കുടുംബപ്രാരാബ്ദങ്ങളും കൊണ്ട് മാത്രമാണ്. തന്റെ പുരുഷന്റേയും മക്കളുടേയുമൊക്കെ കാര്യങ്ങള്‍ നോക്കിനടത്തിയതിനു ശേഷമാണ് പലരും ജോലിക്ക് പോവുന്നത്. അതിരാവിലെ നാലുമണിക്കെങ്കിലും അലാറാം വെച്ച് എഴുന്നേല്‍ക്കും. അടുക്കളയില്‍ കയറി ഭക്ഷണമുണ്ടാക്കും. മക്കളെയും ഭര്‍ത്താവിനേയും അലോസരമുണ്ടാക്കാതെ എഴുന്നേല്‍പ്പിക്കും. അവരെ സ്‌കൂളിലേക്കും ജോലിസ്ഥലത്തേക്കും പറഞ്ഞയച്ചതിനു ശേഷം വീട്ടില്‍ നിന്നിറങ്ങും. ജോലികഴിഞ്ഞ് വീട്ടിലത്തെുമ്പോള്‍ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ടാവും. വീട്ടിലത്തെിയതിനു ശേഷവും വിശ്രമമില്ലാത്ത ജോലികള്‍ തന്നെയാണ്. ഭക്ഷണമുണ്ടാക്കല്‍, വസ്ത്രമലക്കല്‍, മക്കള്‍ക്ക് ഗൃഹപാഠമൊരുക്കാനുള്ള സഹായം അങ്ങനെ.. ഇതിനിടയില്‍ അസുഖം വന്നാല്‍ പോലും ഒന്നു വിശ്രമിക്കാനോ എന്തു പറ്റിയെന്ന് ചോദിക്കാനോ ആരുമുണ്ടാവില്ല. എല്ലാവര്‍ക്കും അവരവരുടെ കരിയറും ജീവിതവും തന്നെയാണല്‌ളോ വലുത്. ഇത്രയും സമ്മര്‍ദവും ക്‌ള്ളേശവും നിറഞ്ഞ ജീവിതത്തിനിടയില്‍ ജോലിസ്ഥലത്ത് നിന്നുള്ള അസ്വാഭാവികചൂഷണങ്ങള്‍ കൂടിയായാലോ? വയസ് ഏറിയാല്‍ പെര്‍ഫോമന്‍സ് പോര എന്നു പറഞ്ഞ് ഒരു ആനുകൂല്യവും നല്‍കാതെ ശമ്പളം പോലും നല്‍കാതെ പറഞ്ഞുവിടുന്നവരുമുണ്ട്. അതോടെ ആ കുടുംബം തന്നെയാവും പട്ടിണിയിലാവുന്നത്.” ഈ തീഷ്ണമായ ജീവിതാനുഭവങ്ങളാണ് ഇന്ന് ലോകത്തോടൊപ്പം വളരാന്‍ വിജിയെ ശക്തയാക്കിയതി. ഇന്ന് കേരളത്തിലെ സ്ത്രീപോരാട്ടങ്ങളിലെല്ലാം സജീവസാന്നിധ്യമാണ് വിജി.
ഇപ്പോള്‍ പെണ്‍കൂട്ട് വെബ് ചാനലും ആരംഭിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന പോരാട്ടങ്ങള്‍ക്കും കേരളത്തിലെ പലതരം ഫെമിനിസങ്ങള്‍ക്കും പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ആശയപ്രചാരണത്തിനും ഇടംകൊടുക്കുകയെന്ന ലക്ഷ്യമിട്ടാണ് വെബ് ചാനലുമായി പെണ്‍കൂട്ട് മുന്നോട്ടുവന്നിരിക്കുന്നത്. പെണ്‍കൂട്ട് മീഡിയ കലക്ടീവ് എന്ന സൊസൈറ്റി രൂപീകരിച്ചാണ് പെണ്‍കൂട്ട് ഈ രംഗത്ത് ഇടപെടുന്നത്. പ്രൊഡ്യൂസര്‍മാരോ സ്പോണ്‍സര്‍മാരോ കോര്‍പ്പറേറ്റ് ഫണ്ടോ ഇല്ലാതെയാണ് ഈ വെബ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സംരംഭവുമായി നിരവധി പേര്‍ ഐക്യപ്പെടുന്നു. അതിനാല്‍ തന്നെ തിരിഞ്ഞുനോക്കാതെ മുന്നോട്ടുപോകാന്‍ തനിക്കും പെണ്‍കൂട്ടിനും പറ്റുന്നതായി വിജി പറയുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>