സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 22nd, 2018

സിഖ് കൂട്ടക്കൊല : ഈ വിധി ഏറെ പ്രസക്തം

sss

1984 ലെ സിഖ് വിരുദ്ധ കലാപക്കേസിലെ ഒരു പ്രതിക്കു വധശിക്ഷയും മറ്റൊരാള്‍ക്കു ജീവപര്യന്തം തടവും ശിക്ഷിച്ച അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി സമകാലിക രാഷ്ട്രീയാവസ്ഥയില്‍ പ്രസക്തമാണ്. ആധുനിക കാലത്തിനു അനുയോജ്യമായ ഒന്നല്ല വധശിക്ഷ എന്നതില്‍ സംശയമില്ല. അതേസമയം ഗുജറാത്ത് കൂട്ടക്കൊലയേക്കാള്‍ ഭയാനകം മതേതരപാര്‍ട്ടിയെന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ മുന്‍കൈയില്‍ നടന്നതുമായ സിക്ക് കൂട്ടക്കൊലയില്‍ ദശകങ്ങള്‍ക്കുശേഷവും ആരും ശിക്ഷിക്കപ്പെടാതിരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും നീതിന്യായ സംവിധാനത്തിനും അപമാനകരമായിരുന്നു. അതിനൊരു തിരുത്തുതന്നെയാണ് ഈ കോടതിവിധി.
കലാപത്തിനു നേതൃത്വം നല്‍കിയതിനോ വ്യാപകമായി കൂട്ടക്കാലകള്‍ നടത്തിയതിനോ അല്ല ശിക്ഷ എന്നത് ശ്രദ്ധേയമാണ്. തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ ഹര്‍ദേവ് സിങ്, അവതാര്‍ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതിവിധി. തെളിവില്ലെന്ന കാരണത്താല്‍ ഡല്‍ഹി പോലീസ് 1994ല്‍ അവസാനിപ്പിച്ച കേസുകളിലൊന്നാണിത്. എന്നാല്‍, 241 സിഖ് വിരുദ്ധ കലാപക്കേസുകളില്‍ അന്വേഷണം നടത്താതെ അവസാനിപ്പിച്ച 186 കേസുകളില്‍ പുനരന്വേഷണം വേണമെന്നു സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച പ്രത്യേക സംഘമാണ് പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചത്.
1984 ഒക്ടോബര്‍ 31 ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്നാണു രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. സിഖ് വിരുദ്ധ കലാപത്തില്‍ രാജ്യത്താകമാനം 2,733 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്കുകള്‍. ഇതില്‍ 2,100 കൊലപാതകങ്ങളും ഡല്‍ഹിയിലാണ് അരങ്ങേറിയത്. 30 വര്‍ഷം മുമ്പ് ആ വന്‍മരം വീണപ്പോള്‍ അടിയില്‍പെട്ട് ഇല്ലാതായ ചെറുചെടികളായിരുന്നു അവരെന്നു പറഞ്ഞ് കൂട്ടക്കൊലകളെ ന്യായീകരിച്ചത് ഇന്ദിരക്കുശേഷം പ്രധാനമന്ത്രിയായ മകന്‍ രാജീവ് ഗാന്ധി തന്നെയായിരുന്നു. ഇന്നുവരേയും അവര്‍ക്ക് നീതി ലഭിച്ചിരുന്നില്ല. അതാണ് രണ്ടുപേര്‍ക്കു മാത്രമാണെങ്കിലും ഈ വിധിയുടെ പ്രസക്തി. മതത്തിന്റെ കലാപങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക രാഷ്ട്രീയാവസ്ഥിയില്‍ പ്രതേകിച്ചും.
സ്വതന്ത്ര ഖാലിസ്ഥാനായി കലാപം നടത്തിയ സിക് തീവ്രവാദികളെ തുരത്താന്‍ അമൃത് സര്‍ ക്ഷേത്രത്തില്‍ നടത്തിയ സൈനിക ഇടപെടലായിരുന്നു ഇന്ദിരയുടെ വധത്തിലേക്ക് നയിച്ചതെന്ന ചരിത്രം എല്ലാവര്‍ക്കുമറിയാവുന്നത്. അംഗരക്ഷകരായ സിഖുകാരെ മാറ്റാന്‍ നിരവധി പേര്‍ ഉപദേശിച്ചിരുന്നെങ്കിലും ഇന്ദിര അതിനു തയ്യാറായില്ല. അതേ സിഖുകാരാലാണ് അവര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നായിരുന്നു കൂട്ടക്കൊലകള്‍ അരങ്ങേറിയത്. ലണ്ടനിലെ സിഖ് സമൂഹം മധുരം വിതരണം ചെയ്തും നൃത്തം ചെയ്തും ഇന്ദിരാഗാന്ധിയുടെ മരണം ആഘോഷിച്ചെന്ന പ്രചാരണങ്ങള്‍ ഡല്‍ഹിയില്‍ പരന്നു. ആശുപത്രി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം അതോടെ അക്രമാസക്തമായി. അക്രമികള്‍ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ അന്നത്തെ രാഷ്ട്രപതി സെയില്‍സിംഗിന്റെ വാഹന വ്യൂഹം പോലും ആക്രമിക്കപ്പെട്ടു. അക്രമത്തെത്തുടര്‍ന്ന് ഏതാണ്ട് 20000 ഓളം ആളുകള്‍ ഡല്‍ഹി വിട്ട് ഓടിപ്പോയിയെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. വ്യക്തമായ പദ്ധതിപ്രകാരം നടത്തിയ ഒരു കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും, മനുഷ്യാവകാശ സംഘടനകളും വിശ്വസിക്കുന്നു. കോണ്‍ഗ്രസ്സ് നേതാക്കളുള്‍പ്പടെയുള്ളവര്‍ പ്രാദേശികമായി മീറ്റിങ്ങുകള്‍ നടത്തുകയും, കയ്യില്‍കിട്ടാവുന്ന ആയുധങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുകയും ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ലിമെന്റംഗം കൂടിയായ, സജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ അക്രമികള്‍ക്ക് മദ്യവും, നൂറുരൂപാ നോട്ടുകളും നല്‍കിയത്രെ. നവംബര്‍ 1 ന് അക്രമാസക്തരായ ജനക്കൂട്ടം ഡല്‍ഹിക്കടുത്ത സുല്‍ത്താന്‍പുരിയിലും ത്രിലോക്പുരിയിലും മംഗല്‍പുരിയിലും തെരുവിലിറങ്ങി. പിന്നീട് ഡല്‍ഹിയിലും അക്രമം വ്യാപിച്ചു. ഇരുമ്പു ദണ്ഡുകളും സ്ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുമായെത്തിയ അക്രമികള്‍ കണ്ണില്‍ കണ്ട സിഖ് സമുദായാംഗങ്ങളെയെല്ലാം ആക്രമിച്ചു. സിഖ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവെപ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി. ഡല്‍ഹിയില്‍ ബസ്സുകളും ട്രെയിനുകളും തടഞ്ഞ് നിര്‍ത്തി സിഖുകാരായ യാത്രക്കാരെ തെരഞ്ഞ് പിടിച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ സിഖ് വംശജര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളുമായി അക്രമികള്‍ ഇരച്ചു കയറി. ഗുരുദ്വാരകളില്‍ അഭയം തേടിയവര്‍ അവിടെ വെച്ച് കൂട്ടമായി ആക്രമിക്കപ്പെട്ടു. സിഖുകാര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശങ്ങളില്‍ മൃതശരീരങ്ങളിലോ, മൃതശരീരങ്ങളില്‍ നിന്നും വേര്‍പെട്ട ഭാഗങ്ങളിലോ ചവിട്ടാതെ നടക്കാനാവുമായിരുന്നില്ലെന്ന് പിറ്റേദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ടര്‍ രാഹുല്‍ ബേദി രേഖപ്പെടുത്തിയിരിക്കുന്നു. സിഖുകാരേയും, അവര്‍ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാന്‍ അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ റേഷന്‍ കാര്‍ഡുകളും, വോട്ടര്‍ പട്ടികയും, സ്‌കൂള്‍ രജിസ്ട്രേഷന്‍ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31 രാത്രി തന്നെ, സിഖുകാരുടെ വീടുകള്‍ കണ്ടുപിടിച്ച് അതിലെല്ലാം ഇംഗ്ലീഷ് അക്ഷരം ‘ട’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേ ദിവസം സിഖുകാരുടെ വീടുകള്‍ പ്രത്യേകമായി തിരിച്ചറിയാനായിരുന്നു ഇത്. ഇന്ദിരാ ഗാന്ധി നമ്മുടെ മാതാവായിരുന്നു, അവരെ കൊന്ന സിഖുകാരെ കൊന്നൊടുക്കുക, അവരുടെ വീടുകള്‍ നശിപ്പിക്കുക എന്നായിരുന്നു സജ്ജന്‍കുമാര്‍ തന്റെ പിന്നില്‍ അണിനിരന്ന അക്രമികളോടായി അലറിയതെന്ന് ദൃക്സാക്ഷികള്‍ ഓര്‍മ്മിക്കുന്നു. ഒരു സിഖുകാരന്‍ പോലും ജീവിച്ചിരിക്കരുതെന്ന് സജ്ജന്‍കുമാര്‍ ആക്രോശിച്ചിരുന്നു എന്ന പിന്നീട് നടന്ന അന്വേഷണകമ്മീഷനുകള്‍ക്ക് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴികളില്‍ ഇതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.
കൂട്ടക്കൊലയെ കുറിച്ച് പിന്നീട് നിരവധി കമ്മീഷനുകള്‍ അന്വേഷിച്ചു. മര്‍വാ കമ്മീഷന്‍, രംഗനാഥ് മിശ്ര കമ്മീഷന്‍, കപൂര്‍മിത്തല്‍ കമ്മിറ്റി, ജയിന്‍ ബാനര്‍ജീ സമിതി, പോറ്റി റോഷാ സമിതി, ജയിന്‍ അഗര്‍വാള്‍ കമ്മിറ്റി, അഹുജാ സമിതി, ധില്ലന്‍ സമിതി, നറുള കമ്മീഷന്‍, നാനാവതി കമ്മീഷന്‍ എന്നിങ്ങനെ പട്ടി നീളുന്നു. എന്നാല് മൂന്നു പതിറ്റാണ്ടിനുശേഷവും സിഖ് സമുദായത്തിനു നീതി ലഭിച്ചിരുന്നില്ല. വൈകി ലഭിക്കുന്ന നീതി നീതിയല്ലായിരിക്കാം. എങ്കിലും ഈ ഭയാനക കലാപത്തിനു നേതൃത്വം നല്‍കിയവരെല്ലാം ഇനിയെങ്കിലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനൊരു തുടക്കമാകണം ഈ വിധി.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>