സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 15th, 2018

ഒരു ശിശുദിനം കൂടി കടന്നുപോയപ്പോള്‍

Share This
Tags

cc

പതിവുപോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പ്രഭാഷണങ്ങളും ചാനലുകളിലെ കുട്ടികളുടെ വാര്‍ത്താവായനയുമായി ഒരു ശിശുദിനം കൂടി കടന്നു പോയി. എന്നാല്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചോ ബാലാവകാശങ്ങളെ കുറിച്ചോ അവയുടെ ലംഘനങ്ങളെ കുറിച്ചോ കാര്യമായ അഭിപ്രായങ്ങളൊന്നും ഇത്തവണയും കേട്ടില്ല.
വിദ്യാഭ്യാസം ലഭിക്കാതേയും ബാലവേലയും ഭിക്ഷാടനവും വേശ്യാവൃത്തിയും നടത്തിയും അലഞ്ഞുതിരിയുന്ന ബാല്യം ഒരു വശത്ത്. അതേകുറിച്ച്് പറഞ്ഞാലും പറഞ്ഞാലും അവസാനിക്കില്ല. ഒരുപാട് പേര്‍ പറയുന്നുമുണ്ട്. അതേസമയം ആ ഗതികേടൊന്നുമില്ലാത്ത ലക്ഷകണക്കിനു കുട്ടികള്‍ മറുവശത്തുണ്ട്. ആദ്യം പറയുന്നവരുമായി താരതമ്യം ചെയ്്താല്‍ സുഖമായി ജീവിക്കുന്നവരെന്നു തോന്നുന്നവര്‍. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആധുനികകാലഘട്ടം അനുശാസിക്കുന്ന ബാലാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടവരാണിവര്‍.
ഒരുദാഹരണം ചൂണ്ടികാട്ടാം. ശിശുദിനത്തിന് ഒരുവാരം മുമ്പ് വന്നൊരു ഹൈക്കോടതി പരാമര്‍ശമിങ്ങനെ. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിക്കാത്തതെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. സ്മാര്‍ട്ട്് ക്ലാസ്സുകളുടേയും ഇ ബുക്കുകളുടേയും കാലമാണിതെന്ന് കോടതി ചൂണ്ടികാട്ടി. ശരീരത്തിന്റെ 10 ശതമാന്തതിലേറെ ഭാരമുള്ള ബാഗ് ചുമക്കുന്നത് നടുവേദന, തോള്‍വേദന, ക്ഷീണം, നട്ടെല്ല് പ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് കാരണമാകും. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറക്കണമെന്ന് 2016ല്‍ സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കുടിവെള്ളം സ്‌കൂളില്‍ ലഭ്യമാക്കണം. ചെറിയ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുത്. പുസ്തകങ്ങളുടെ എണ്ണം കുറക്കുന്ന രീതിയില്‍ ടൈംടേബിള്‍ തയ്യാറാക്കണം എന്നെല്ലാം സര്‍ക്കുലറിലുണ്ട്. എന്നാല്‍ സിബിഎസ്ഇ യില്‍ മാത്രമല്ല, ഒരു സ്‌കൂളിലും ഇതൊന്നും നടപ്പാക്കപ്പെടുന്നില്ല എന്ന് കോടതി ചൂണ്ടികാട്ടി.
കോടതി പ്രധാനമായും ഭാരം കൊണ്ടുള്ള ശാരീരികപ്രശ്‌നങ്ങളാണ് ചൂണ്ടികാട്ടിയത്. ഈ ഭാരവും ചുമന്ന് സ്വകാര്യവാഹനങ്ങള്‍ കുത്തിനിറച്ചും ബസുകൡ ജീവനക്കാരുടെ ശകാരമേറ്റും സഞ്ചരിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഗൗരവമാണ്. പലപ്പോഴും ശിശുപീഡനമായി കണക്കാക്കാത്ത ഒന്നാണ് അവര്‍ക്ക് നാം നല്‍കുന്ന പഠനഭാരം. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്.. അതുമാത്രമാണ് ഏവരുടേയും ഉദ്ദേശം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടേയും അഹങ്കാരത്തിന്റെയും അന്തസ്സിന്റേയും ഇരകളായി അവര്‍ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവര്‍ക്ക് നിഷേധിക്കുന്നു. കോടികള്‍ ചിലവാക്കി സ്മാര്‍ട്ടാകുന്ന മിക്ക സ്‌കൂളുകളിലും കളിസ്ഥലം പോലുമില്ല. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളാകട്ടെ തടവറകളാകുന്നു. അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും താല്‍പ്പര്യങ്ങളില്‍നിന്ന് വ്യത്യസ്ഥമായി വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും ്അവകാശങ്ങളും സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും അതൊന്നും നമ്മുടെ പരിഗണനയിലില്ല. സമ്മര്‍ദ്ദം സഹിക്കാനാവാതെ കുട്ടികള്‍ പല ദിശയിലേക്കും മാറിപോകുന്നത് നാം നിരന്തരം കാണുന്നതാണല്ലോ. ദൈനിദിനജീവിതത്തിന്റെ ഭാഗമായി അറിയേണ്ട കാര്യങ്ങളൊന്നും നമ്മുടെ സിലബസിലില്ല. ഉദാഹരണമായി ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പോലും പാഠ്യപദ്ധതിയിലില്ല. പരിസ്ഥിതി സംരക്ഷണം, സ്ത്രീപുരുഷ സമത്വം, ട്രാഫിക് ബോധവല്‍ക്കരണം, ജാതി നിര്‍മ്മാര്‍ജ്ജനം, മിശ്രവിവാഹത്തിന്റെ പ്രാധാന്യം, സാമൂഹ്യനീതി, രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളൊന്നും നമ്മുടെ സിലബസിലില്ല. ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി വിഭാഗങ്ങളുണ്ട്. അവരില്‍ മുഖ്യം കുട്ടികളും വൃദ്ധരുമാണ്. കുട്ടികളും വൃദ്ധരും ഒരുപോലെയാണെന്ന് പറയാറുണ്ടല്ലോ.
മറ്റൊരു പ്രധാന വിഷയം ലൈംഗികപീഡനം തന്നെയാണ്. ആ വിഷയം ഇന്ന് കുറെയൊക്കെ ചര്‍ച്ചയാകുന്നുണ്ട്. കുറെ നടപടികളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത്. സ്വന്തം വീടുകളിലും ബന്ധുവീടുകളിലുമാണ് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് പ്രധാന പീഡകര്‍. പലപ്പോഴും അധ്യാപകരും. ഈ പീഡനങ്ങള്‍ മിക്കവാറും പുറത്തറിയാറില്ല. അറിഞ്ഞാല്‍ തന്നെ പരമാവധി മൂടിവെക്കും. വിദേശ രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതുവഴി സ്പര്‍ശനത്തിന്റെ സ്വഭാവം പോലും അവര്‍ക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസികശേഷിയും വളര്‍ത്തിയെടുക്കുന്നു. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുണ്ട്. ലൈംഗികപീഡനം മാത്രമല്ല, മറ്റുപീഡനങ്ങളും സംഭവങ്ങളും കൗണ്‍സിലര്‍മാരോടു പറയാനുള്ള സംവിധാനമുണ്ട്. കുട്ടികളെ പേടിപ്പിക്കുന്നത് പോലും പല രാജ്യങ്ങളിലും വലിയ കുറ്റമാണ്. ഇവിടെ സമീപകാലത്ത് സ്ഥിതി അല്‍പ്പസ്വല്‍പ്പം മെച്ചപ്പെടുന്നു എങ്കിലും ഇനിയും കുറെ മുന്നോട്ടുപോകണം. ആണ്‍കുട്ടികളേയുംപെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ പോലും തയ്യാറാവാതെ അവരുടെ മാനസികമായ വളര്‍ച്ചയും നമ്മള്‍ തടയുകയാണ്. 2012 ലെ The Protection of Children from sexual Offences Act (Pocso) എന്ന നിയമം നിലവില്‍ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം പോലും ഉണ്ടായിരുന്നില്ല.
അതേസമയം മറ്റൊരു ഗൗരവമായ വിഷയവും പരിഗണിക്കേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന മിക്ക ചര്‍ച്ചകളും ബോധവല്‍ക്കരണങ്ങളും പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയിട്ടാണ് എന്നതാണത്. അവര്‍ അടങ്ങിയൊതുങ്ങി വളരണം, നേരെ വീട്ടിലെത്തണം, മറ്റൊരു ആക്ടിവിറ്റിയും വേണ്ട, ആണ്‍കുട്ടിരളോട് അധികം ഇടപെടേണ്ട, മൊബൈല്‍ – നെറ്റ് ഉപയോഗ വേണ്ട, വേഷവിധാനങ്ങള്‍ നിയന്ത്രിക്കണം എന്നിങ്ങനെ പോകുന്നു അവര്‍ക്കുള്ള ഉപദേശങ്ങള്‍. പണ്ട് പറയാറുള്ള കാര്യങ്ങള്‍ തന്നെ പുതിയ ഭാഷയില്‍. സ്ത്യത്തില്‍ ക്ലാസ്സുകള്‍ മുഖ്യമായും കൊടുക്കേണ്ടത് ആണ്‍കുട്ടികള്‍ക്കാണ്. പെണ്‍കുട്ടികളും തുല്ല്യരാണെന്നും അവരെ അതുപോലെ തന്നെ കാണണമെന്നുമാണവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്. പെണ്‍കുട്ടികളോട് പറയേണ്ടത് നിയന്ത്രണങ്ങളല്ല, എന്തിനേയും നേരിടാനുള്ള ആത്മബലം നേടാനാണ്.
മറുവശത്ത് ബാലാവകാശങ്ങള്‍ വന്നതോടെ തങ്ങള്‍ ഭയത്തിലാണെന്നാണ് പല അധ്യാപകരും പറയുന്നത്. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് തങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുന്നെന്ന്്. എല്ലാം സുതാര്യമാകുകയും കുട്ടികളെ സുഹൃത്തുക്കളായി കാണുകയും ചെയ്താല്‍ അത്തരം വിഷയമൊന്നും ഉയരാനിടയില്ല. അതേസമയം അധ്യാപകരോട് സര്‍ക്കാരിനൊരു ഉത്തരവാദിത്തമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെറിയ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് കൂടുതല്‍ ശമ്പളം നല്‍കുന്നത്. അതുകൊണ്ടുതന്നെ പ്രതിഭകളായിട്ടുള്ളവര്‍ ഇതിനായി കടന്നുവരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്. മറ്റ് ജോലികള്‍ ലഭിക്കാതെ അക്കാദമികമായി പിന്നാക്കം നില്‍ക്കുന്നവരാണ് പലപ്പോഴും ചെറിയ ക്ലാസിലെ കുട്ടികളുടെ അധ്യാപകരായി വരുന്നത്. വിദ്യാഭ്യാസത്തിന് ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം പ്രൈമറി ക്ലാസുകളിലേതാണ്. ഈ സമയത്ത് ലഭിക്കുന്ന അറിവുകളുടെയും മൂല്യങ്ങളുടെയും വികാസമാണ് പിന്നീടുണ്ടാകുന്നത്. അതിനാല്‍ പ്രൈമറി അധ്യാപകര്‍ക്കാണ് പ്രാധാന്യം നല്‍കേണണ്ടത്. ലക്ഷങ്ങള്‍ വാങ്ങി ജോലി ചെയ്യാത്ത യുജുസിക്കാര്‍ക്കല്ല.
ചുരുക്കത്തില്‍ സംരക്ഷണമല്ല, അവകാശമാണ് കുട്ടികള്‍ക്ക് വേണ്ടതെന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം. കുട്ടികള്‍ കുടുംബത്തിന്റേതല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കല്‍പ്പത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്. നമുക്ക് സാധിക്കാത്ത ആഗ്രഹങ്ങള്‍ സാധിപ്പിക്കേണ്ടവരല്ല കുട്ടികള്‍ എന്നും മാതാപിതാക്കള്‍ തിരിച്ചറിയണം. അവരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുത്. ആ ദിശയിലെ ചിന്തകള്‍ക്കും ശിശുദിനാചരണം കാരണമാകണം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>