സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 8th, 2018

മുഖ്യമന്ത്രി നവോത്ഥാന പ്രസംഗങ്ങള്‍ നടത്തുമ്പോള്‍

Share This
Tags

mm

ശബരിമല വിഷയം കേരളത്തില്‍ ആളിപ്പടരുമ്പോള്‍ ജില്ലതോറും നവോത്ഥാന പ്രസംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പര്യടനം നടത്തുകയാണ്. ഒപ്പം റാലികള്‍ സംഘടിപ്പിക്കുന്നു. ആയിരകണക്കിനു പ്രേക്ഷകര്‍ അദ്ദേഹത്തെ കേള്‍ക്കാനെത്തുന്നു. പ്രസംഗം കേട്ട് ഇത്രയും കാലം മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശകര്‍ പോലും തങ്ങള്‍ അദ്ദേഹത്തോടൊപ്പമാണെന്ന് പ്രഖ്യാപിക്കുന്നു. പ്രളയസമയത്ത് ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടതുതന്നെ ചെയ്ത മുഖ്യമന്ത്രി നേടിയ കയ്യടിയുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോളും കാണുന്നത്.
കേരളത്തില്‍ പോയ നൂറ്റാണ്ടില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും ഇപ്പോള്‍ തങ്ങളാണ് നവോത്ഥാനത്തിനു നേതൃത്വം കൊടുക്കുന്നതെന്നുമാണ് പൊതുവില്‍ മുഖ്യമന്ത്രി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ആരാധകരാകട്ടെ അദ്ദേഹത്തെ ആധുനികകാലത്തെ നവോത്ഥാന നായകനാക്കുന്നു. അതേസമയം വിശ്വാസികളെ കയ്യിലെടുക്കാനും അദ്ദേഹം മറക്കുന്നില്ല. എല്‍.ഡി.എഫിന്റെ ഓരോ പൊതുയോഗങ്ങള്‍ കഴിയുംതോറും ജനപങ്കാളിത്തം വര്‍ധിക്കുകയാണ്, വിശ്വാസികളാണ് ഞങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും, വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍, വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്, ആചാരങ്ങളെ ബഹുമാനിച്ചാണ് താന്‍ ശബരിമല സന്ദര്‍ശിച്ചത്, ഭക്തരെയാണ് സംഘപരിവാര്‍ ആക്രമിക്കുന്നത് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
എന്താണ് വാസ്തവം? സുപ്രിംകോടതിവിധിക്കെതിരെ സംഘപരിവാര്‍ തെരുവിലിറങ്ങി കലാപം ചെയ്യുന്നത് എല്ലാവരും കാണുന്നു. അതു തുടരാന്‍ തന്നെയാണ് അവരുടെ നീക്കം. എന്നാല്‍ ഈ പ്രസംഗങ്ങളെല്ലാം നടത്തുന്ന മുഖ്യമന്ത്രിയുടെ സര്‍ക്കാര്‍ രണ്ടുതവണ നട തുറന്നപ്പോളും ചെയ്തതെന്താണ്? സുപ്രിംകോടതി വിധി പ്രകാരം ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ ചെയ്തതെന്താണ്? അവസാനം ദീപാവലി ദിവസംപോലും ആന്ധ്രയില്‍ നിന്നെത്തിയ നൂറോളം യുവതികളെ ‘ഉപദേശിച്ച്’ തിരിച്ചയക്കുകയാണ് പോലീസ് ചെയ്തത്. വിദ്യാസമ്പന്നരായ മലയാളികളെ കുറിച്ച് തങ്ങളിങ്ങനെയല്ല കരുതിയതെന്നായിരുന്നു അവരുടെ മറുപടി. ആക്ടിവിസ്റ്റാണോ, കേസുകളുണ്ടോ, നല്ല സ്വഭാവമോണോ എന്നൊക്കെ പരിശോധിച്ച് എന്തെങ്കിലും അന്യായമായ കാരണം പറഞ്ഞ് നിരവധി യുവതികളെ തിരിച്ചയച്ചാണ് മുഖ്യമന്ത്രി ഈ നവോത്ഥാന പ്രസംഗം നടത്തുന്നത്. ആക്ടിവിസം പോലും ഈ സര്‍ക്കാരിന് അലര്‍ജിയായിരിക്കുന്നു. അതേസമയത്തുതന്നെ സംഘപരിവാര്‍ ഗുണ്ടകള്‍ ശബരിമല പ്രദേശം ഒന്നടങ്കം കൈവശപ്പെടുത്തി പോലീസിനെ നോക്കുകുത്തിയാക്കുന്നതും കേരളം കണ്ടു. ഒരു യുവതിയും മല കയറില്ല എന്ന് പോലീസ് മൈക്കിലൂടെ അവരുടെ നേതാവ് പ്രഖ്യാപിക്കുന്നതും കേട്ടു.
ചോരചീന്തിയും യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നല്ല പറയുന്നത്. തീര്‍ച്ചയായും ക്രമസമാധാനത്തിന്റെ വിഷയം വന്നാല്‍ അതു തടയാനായി യുവതികളെ തടയേണ്ടിവരാം. തടയണം. എന്നാലത് ആ രീതിയില്‍ തന്നെ ചെയ്യണം. അക്കാരണത്താല്‍ വിധി നടപ്പാക്കാനാകുന്നില്ല എന്ന് സുപ്രിംകോടതിയെ അറിയിക്കണം. അതു ചെയ്യാതെ ഇപ്പോള്‍ കേരളത്തെ മാത്രമല്ല, കോടതിയേയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. റിവ്യൂ ഹര്‍ജി കൊടുക്കുകയോ സമയം നീട്ടി ചോദിക്കുകയോ ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ സത്യസന്ധതയുണ്ടാകുമായിരുന്നു. എന്നാലതിനൊന്നും മുതിരാതെയാണ് മുഖ്യമന്ത്രി നവോത്ഥാന പ്രസംഗങ്ങളുമായി പര്യടനം നടത്തുന്നത് എന്നതിനെ ധൈഷണിക സത്യസന്ധതയില്ലായ്മ എന്നല്ലാതെ എന്താണ് പറയുക?
മുഖ്യമന്ത്രിയുടെ നവത്ഥാന പ്രസംഗങ്ങളും ചരിത്രയാഥാര്‍ത്ഥ്യങ്ങളുമായി യോജിക്കുന്നതല്ല എന്നതും പറയാതിരിക്കാനാവില്ല. ചരിത്രത്തെ ഭംഗിയായി വളച്ചൊടിച്ച് നവോത്ഥാന മുന്നേറ്റങ്ങളുടെ പിന്‍ഗാമികള്‍ തങ്ങളാണെന്നു സ്ഥാപിക്കാനും അതിന്റെ ഭാഗമാണ് ശബരിമല വിഷയത്തിലെ നിലപാടെന്നും സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതെത്രമാത്രം ചരിത്രവിരുദ്ധമാണെന്നു വ്യക്തമായിട്ടും ആവര്‍ത്തിക്കുകയാണ് അദ്ദേഹം. മാറുമറക്കല്‍ സമരം, പൊതു നിരത്തുകളിലെ സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രങ്ങളിലെ പ്രവേശനം, അയിത്തോച്ചാടനം, പന്തീഭോജനം, അരുവിപ്പുറം പ്രതിഷ്ഠ, വിദ്യാഭ്യാസാവകാശം, സ്ത്രീയെ അടുക്കളയില്‍ നിന്നു അരങ്ങത്തു കൊണ്ടുവരല്‍, വിധവാവിവാഹം, മിശ്രവിവാഹം എന്നിങ്ങനെ ഏതു നവോത്ഥാന പ്രസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാര്‍ക്ക് പങ്കുള്ളത്? ഇവ മിക്കവാറും നടന്നത് പാര്‍ട്ടി രൂപീകരണത്തിനു മുമ്പാണ്. എന്നാല്‍ രൂപീകരണത്തിനുശേഷം ഈ ധാരയെ പിന്തുടരാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. മറിച്ച് പല നവോത്ഥാന നായകരെയും ബൂര്‍ഷ്വാസിയെന്നും വര്‍ഗ്ഗീവാദികളെന്നും ബ്രിട്ടീഷ് ചാരന്മാരെന്നും വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. പലരേയും അദൃശ്യരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നീട് നവോത്ഥാന ധാരതന്നെ മുന്നോട്ടുപോയില്ല എന്നതല്ലേ സത്യം. അതില്‍ മുഖ്യപങ്ക് ആര്‍ക്കാണ് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കെല്ലാം മുന്നില്‍ നിന്നാണ് ഇപ്പോള്‍ ശബരിമല വിഷയത്തില്‍ കൃത്യമായ ഒരു നിലപാടുമെടുക്കാതെ മുഖ്യമന്ത്രി നാടെങ്ങും ഈ നവോത്ഥാന പ്രസംഗങ്ങള്‍ നടത്തുന്നതും അതിനു കയ്യടിക്കാന്‍ ആരാധകര്‍ ഓടിക്കൂടുന്നതും. പി എസ് ശ്രീധരന്‍ പിള്ളയുടെ രഥത്തില്‍ നവോത്ഥാനനായകരുടെ പടം വെക്കുന്നതുപോലെതന്നെയാണ് മുഖ്യമന്ത്രിയുടെ പല അവകാശവാദങ്ങളും എന്നു പറയാതെ വയ്യ.

അവസാനമായി ഒന്നുകൂടി. വര്‍ഗീയ വികാരങ്ങള്‍ കുത്തിപ്പൊക്കാനും ബാബറി മസ്ജിദ് തകര്‍ക്കാനുമായി മുമ്പൊരിക്കല്‍ എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയെ തടയാന്‍ ധൈര്യം കാണിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു. ലല്ലുപ്രസാദ് യാദവ്. ഇപ്പോളിതാ സമാനമായ ലക്ഷ്യത്തോടെ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബിജെപി കേരളത്തില്‍ രഥയാത്ര ആരംഭിക്കുന്നു. നവോത്ഥാന നായകന്‍ പിണറായി വിജയന്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നു കാണാം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>