സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Nov 7th, 2018

ഫ്‌ളക്‌സ് നിരോധനം : നമ്മുടേത് മെല്ലെപ്പോക്കു നയം തന്നെ

Share This
Tags

flux

കേരളത്തിലെ നിരത്തുകളില്‍ നിന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവിന്റെ അവസാന ദിവസമായിരുന്ന ഒക്ടോബര്‍ 30നു ശേഷവും അത് നടപ്പാക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും മറ്റും കുറെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു എന്നത് ശരിയാണ്. എന്നാലിപ്പോളും തെരുവുകള്‍ നിറയെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാണാം. സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടേയും വ്യാപാരസ്ഥാപനങ്ങളുടേയും ബോര്‍ഡുകളാണ് കൂടുതലും. എന്നാലവ മാത്രമല്ല, ഏതു കൊച്ചുപരിപാടി മുതല്‍ പരീക്ഷകളില്‍ എ പ്‌ളസ് കിട്ടിയവരുടേയും ഡോകട്‌റേറ്റ് കിട്ടിയവരുടേയും മരിച്ചവരുടേയും പടം വെച്ച ബോര്‍ഡുകളും ധാരാളം. ഓരോ ഇലക്ഷന്‍ പ്രചാരണം കഴിയുമ്പോഴും ഓരോ സ്ഥാനാര്‍ഥിയും 25,000 ഫ്ളക്‌സ് ബോര്‍ഡുകള്‍ എങ്കിലും ഉപയോഗിക്കുന്നുണ്ടത്രെ. സംസ്ഥാനത്ത് ഫ്‌ളക്‌സ് വിപ്ലവം നടത്തിയ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ ഇപ്പോളും ബാക്കിയാണ്.
ഫ്ളക്സുകളുടെ സമ്പൂര്‍ണ്ണ നിരോധനമല്ല മറിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുനിരത്തുകൡ വെച്ച ഫ്ളെക്‌സും പരസ്യബോര്‍ഡുകളും ഉടന്‍ നീക്കണമെന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ നിര്‍ദേശം. വാസ്തവത്തില്‍ നിരത്തുകളിലെ മാത്രമല്ല, എവിടത്തേയും ഫ്‌ളക്‌സ് ബോര്‍ഡുകളും നിരോധിക്കണം. അധികൃതമായാലും അനധികൃതമായാലും. അതിനെതിരെ ഉയര്‍ന്നിരുന്ന ഒരു വിമര്‍ശനം കുറെ പേരുടെ ജോലി പോകുമെന്നായിരുന്നു. എന്നാലിപ്പോള്‍ അതേ ടെക്‌നോളജി ഉപയോഗിച്ച് തുണിയില്‍ ബോര്‍ഡുകള്‍ തയ്യാറാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇനിയും ഒരു കാരണത്താലും സമ്പൂര്‍ണ്ണ നിരോധനം വൈകരുത്. 2014 ല്‍ കേരളീയ ഇക്കോസിസ്റ്റത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഫ്ളക്‌സ് നിരോധിച്ചിരുന്നു. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയവര്‍ ചേക്കേറിയിരിക്കുന്ന തൊഴില്‍ മേഖലയാണിതെന്നു പറഞ്ഞ് ആ നിരോധനം അട്ടിമറിക്കപ്പെടുകയായിരുന്നു.
ശാസ്ത്രം കണ്ടെത്തിയ ഏറ്റവും ഭീകരനായ കണ്ടുപിടുത്തം അണുബോംബല്ല, പ്ലാസ്റ്റിക്കാണെന്നു പറയാറുണ്ട്. ഉപയോഗിക്കാനുള്ള സൗകര്യത്താല്‍ തന്നെ പ്ലാസറ്റിക്കുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഇല്ലാതാക്കുകയന്നത് എളപ്പമല്ല. എന്നാല്‍ അവയില്‍തന്നെ ഏറ്റവും അപകടകാരികളായ സാധാരണ പ്ലാസ്റ്റിക് കവറുകള്‍ പല രാജ്യങ്ങളും, എന്തിന് ഇന്ത്യയിലെ പല സംസ്ഥാനങങളും നഗരങ്ങളും പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും സാക്ഷരമായ കേരളം ഇക്കാര്യത്തില്‍ വളരെ പുറകിലാണ്. അതുതന്നെയാണ് ഫ്‌ളക്‌സിന്റെ വിഷയവും.
പോളിവിനൈല്‍ ക്ലോറൈഡ് (പി വി സി) എന്ന ജൈവ വിഘടന ശേഷിയില്ലാത്ത ഒരു രാസവസ്തുവാണ് ഫ്ളക്‌സ്. ഇതുണ്ടാക്കാനാകട്ടെ ഡയോക്സിന്‍, എത്തിലീന്‍ ഡൈക്ലോറൈഡ്, ഘനലോഹങ്ങള്‍, കുമിള്‍ നാശിനികള്‍, ഫ്താലേറ്റ്കള്‍ എന്നീ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഫ്ളക്‌സ് ഉദ്പാദനത്തോടൊപ്പം അമ്ല വാതകങ്ങളും മാരകമായ ടെട്രാ ക്ലോറോഡൈബെന്‍സോ പാരാഡൈയോക്സിനും മറ്റും ഉണ്ടാകുന്നു. ഇവ മനുഷ്യരിലും ജീവജാലങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. ഫ്ളക്‌സില്‍ നിന്നുപുറത്തു വരുന്ന ബിസ്ഫെനോള്‍ എ യും ഫ്താലേറ്റ്കളും ആണ്‍കുട്ടികളില്‍ വന്ധ്യതക്കും ലിംഗവളര്‍ച്ചക്കുറവിനും കാരണമാകുന്നതായും പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദത്തിനും കരള്‍ കിഡ്നി തകരാറുകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പി വി സി യില്‍ നിന്നും പുറത്തുവരുന്ന ഡൈയോക്സിനുകള്‍ മഴവെള്ളത്തിലൂടെ ജലസ്രോതസ്സുകളിലും കുടിവെള്ളത്തിലൂടെ മനുഷ്യ ശരീരത്തിലും എത്തുന്നു.
മിക്കവാറും ഫ്‌ളക്‌സുകള്‍ ഉപയോഗത്തിനുശേഷം കത്തിക്കുകയാണല്ലോ. ഫ്ളക്‌സ് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ക്യാന്‍സറിനു കാരണമാകാം. മുലപ്പാലിലൂടെ ഡൈയോക്സിന്‍ കുഞ്ഞുങ്ങളില്‍ എത്തുന്നു. മത്സ്യം, പാല്‍, മുട്ട, ഇറച്ചി, പച്ചക്കറികള്‍, വെള്ളം, വായു എന്നിവയിലൂടെ ഫ്ളക്‌സില്‍ നിന്നുള്ള വിഷാംശങ്ങള്‍ ജീവജാലങ്ങളില്‍ എത്തുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രതിരോധ ശേഷി കുറവ്, ഉദരസംബന്ധമായ രോഗങ്ങള്‍, ജനന വൈകല്യങ്ങള്‍, ജനിതകവൈകല്യങ്ങള്‍ എന്നിവ ഉണ്ടാക്കുവാന്‍ ഫ്ളക്‌സിലെ രാസപദാര്‍ഥങ്ങള്‍ക്ക് കഴിവുണ്ട്.
ഫ്ളക്‌സ് ഉണ്ടാക്കുമ്പോഴും സംസ്‌കരിക്കുമ്പോഴും ഒരു പോലെ മാരക രാസവാതകങ്ങള്‍ അന്തരീക്ഷത്തിലും വെള്ളത്തിലും മണ്ണിലും എത്തുന്നു. ഫ്ളക്‌സില്‍ ഉപയോഗിക്കുന്ന പ്രിന്റ് മഷി ത്വക് രോഗങ്ങള്‍, അലര്‍ജി, ആസ്തമ എന്നിവക്ക് കാരണമാണ്. ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെയും ഇത് പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷണ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്. കൂടാതെ ലാമിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഫ്ളക്‌സ് ലായകങ്ങള്‍ നാഡീ വ്യൂഹത്തെയും ബാധിക്കും. ഫ്ളക്‌സ് പ്രിന്റിംഗ് മഷിയും അതോടൊപ്പം പുറത്തു വരുന്ന അമ്ല വാതകങ്ങളും കണ്ണുകള്‍ നശിപ്പിക്കുന്നതിനും അവയവങ്ങളെ ദ്രവിപ്പിക്കുന്നതിനും കഴിവുള്ളവയാണ്. കരള്‍, അരിപ്പയായി പ്രവര്‍ത്തിക്കുന്ന കിഡ്നി എന്നിവയെ ഫ്ളക്‌സിലെ ഡൈയോക്സിനുകള്‍ കേടുവരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫ്ളക്‌സ് ജൈവവിഘടനമല്ലാത്തതിനാല്‍ വരും തലമുറയെ കൂടി ബാധിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം.
‘നവകേരളം കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഫ്‌ളക്‌സ് മാലിന്യം നിറഞ്ഞ കേരളമാണോ നാം നിര്‍മ്മിക്കുന്നത്? നടപ്പാതയിലും റോഡിലും പൊതു ഇടങ്ങളിലും ഫ്‌ളക്‌സ് നിറഞ്ഞ ഈയവസ്ഥ മാറ്റാന്‍ ഇതൊരു അവസരമായി എടുത്ത് ഒരു സാമൂഹിക മുന്നേറ്റമായി ജനം ഇത് ഏറ്റെടുക്കുമെന്നാണ് താന്‍ കരുതുന്നത്’ എന്നായിരുന്നു ജസ്റ്റിസ്.ദേവന്‍ രാമചന്ദ്രന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പ്രായോഗിക സമീപനമാണ് സര്‍ക്കാറിനെന്നും പതുക്കെ മാറ്റം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സംസ്ഥാന അറ്റോര്‍ണി കോടതിയെ അറിയിച്ചത്. അതിനു മറുപടിയായി നിയമം നടപ്പാക്കാന്‍ ഇതുവരെ യാതൊന്നും സര്‍ക്കാര്‍ ചെയ്തതായി തോന്നുന്നില്ലെന്നും ഫ്‌ളക്‌സ് ബോര്‍ഡുകളുടെ എണ്ണം കൂടുകയാണ് ചെയ്തതെന്നും അമിക്കസ് ക്യൂറി അഡ്വ.ഹരീഷ് വാസുദേവന്‍ വാദിച്ചു. മലിനീകരണം തടയാനുള്ള ദേശീയ, രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് വാദങ്ങളെല്ലാം കേട്ട കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വലിയ വായില്‍ സംസാരിക്കുകയും പ്രായോഗികമായി ഏറ്റവും പുറകിലാകുകയും ചെയ്യുന്ന നമ്മുടെ സ്ഥിരം സമീപനം തന്നെയാണ് ഇക്കാര്യത്തിലും തുടരാന്‍ സാധ്യത എന്നുതന്നെ കരുതേണ്ടിവരും.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>