സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Nov 6th, 2018

വീണ്ടും അയോദ്ധ്യയെ കുത്തിപൊക്കി സംഘപരിവാര്‍

Share This
Tags

AA

അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണ പ്രശ്‌നം വീണ്ടും സജീവമായിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ ഒന്നൊന്നായി വിഷയം ഉന്നയിക്കാനാരംഭിച്ചിരിക്കുന്നു. രാമക്ഷേത്ര നിര്‍മാണം ആര്‍ക്കും തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രനിയമസഹമന്ത്രി പി പി ചൗധരി കൂട്ടിചേര്‍ത്തു. അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചതിനാല്‍ ക്ഷേത്രനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നടപടികള്‍ നീളുന്നതില്‍ ഹിന്ദുക്കളുടെ ഇടയില്‍ ആശങ്കയുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും പ്രതികരിച്ചു. രാജ്യത്ത് 1992ന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാം മാധവ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിനായി നിയമനിര്‍മ്മാണം നടത്തണമെന്നാണ് ഡല്‍ഹിയില്‍ സംഘപരിവാര്‍ വിളിച്ചുചേര്‍ത്ത സന്യാസിമാരുടെ സമ്മേളനം ആവശ്യപ്പെട്ടത്. രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ തുടങ്ങാനാണ് ഇവരുടെ ഉദ്ദേശമെന്നറിയുന്നു. ക്ഷേത്ര നിര്‍മാണത്തിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് തന്നെ തിരഞ്ഞെടുക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാന്‍ വൈകുകയാണെങ്കില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് വിവാദ യോഗ ഗുരു ബാബാ രാംദേവ് അഭിപ്രായപ്പെട്ടു.
അയോധ്യയില്‍ രാമന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഹിന്ദു വികാരം മാനിക്കണമെന്ന് വിഎച്ച്പി നേതാവ് ശരത് ശര്‍മ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിര്‍മിച്ച ശേഷമേ അയോധ്യയില്‍ ദീപാവലി ആഘോഷത്തില്‍ പങ്കാളിയാകൂവെന്ന് രാമജന്മഭൂമി മുഖ്യ സന്ന്യാസി സത്യേന്ദ്ര ദാസ് പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാന നിയമസഭകളിലേക്കും തുടര്‍ന്ന് ലോകസഭയിലേക്കും നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കിയാണ് ഈ കോലാഹലങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത് എന്നതില്‍ സംശയമില്ല. നാലുവര്‍ഷം കടന്ന ബിജെപി ഭരണം എല്ലാ മേഖലയിലും പരാജയമാണെന്ന് വ്യക്തമായിരിക്കുന്നു. 2014ല്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ മോദിക്കായിട്ടില്ല. അതിനാല്‍ തന്നെ അത്തരത്തില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയാല്‍ ജനം വിശ്വസിക്കില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാലാണ് എളുപ്പത്തിലുപയോഗിക്കുന്ന വര്‍ഗ്ഗീയതയിലേക്ക് അവര്‍ വീണ്ടും മാറുന്നത്. അതിന്റെ ഭാഗമാണ് കോടതി വിധിക്കുകാക്കാതെയുള്ള ഈ നീക്കമെന്ന് പ്രകടം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്നെയാണ് ഈ നീക്കത്തിന്റെ പുറകില്‍. നരേന്ദ്രമോഡി തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കുന്ന വികസനം എന്ന വാദത്തിന് പകരം രാമക്ഷേത്രം എന്നുപയോഗിക്കാനാണ് ആര്‍ എസ് എസ് ആവശ്യം.
അയോദ്ധ്യ ഭൂമി കേസ് ഇപ്പോള്‍ സുപ്രിം കോടതിയിലാണ്. 2010ലെ അലഹബാദ് ഹൈക്കോടതി വിധി പ്രകാരം തര്‍ക്ക ഭൂമി, കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്ക് വീതിക്കാന്‍ ഉത്തരവിട്ടിരുന്നു. രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് രാമജന്‍മഭൂമി, ക്ഷേത്ര നിര്‍മാണത്തിനും, നിര്‍മോഹി അഖാഡക്കും, സുന്നി വഖഫ് ബോര്‍ഡിനുമാണ് തുല്യമായി അലഹബാദ് ഹൈക്കോടതി വീതിച്ച് നല്‍കിയത്. ഇതിനെതിരെ 14 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയ. ഇതില്‍ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ കേസ് നീണ്ടു പോകുന്നതായി ആരോപിച്ചാണ് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ദീപാവലി ദിനത്തില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിക്കുന്നതും സരയൂ തീരത്ത് രാമന്റെ പ്രതിമ നിര്‍മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടത്തുന്നതുമെല്ലാം തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ്.
തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ റഫാല്‍ കേസില്‍ കുടുങ്ങികിടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തെ ഭംഗിയായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. അതിനുമുമ്പ് കര്‍ണ്ണാടക തെരഞ്ഞെടുപ്പിനുശേഷം എല്ലാ ദിവസവും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചാണ് മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിച്ചത്. സാമ്പത്തിക നയങ്ങളും നിയോ ലിബറല്‍ നയങ്ങളും നടപ്പിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ എത്രയോ പുറകിലാക്കിയാണ് മോദിയുടെ പോക്ക്. കോണ്‍ഗ്രസ്സ് തുടക്കമിട്ട പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധമായി നടപ്പാക്കുകയാണ് മോദി ചെയ്യുന്നത്.
സര്‍ക്കാരിന്റെ നവ ഉദാരവല്കരണം ഏറ്റവും കെടുതികള്‍ വിതച്ചത് കാര്‍ഷികമേഖലയിലാണ്. ഗവണ്മെന്റിന്റെ സഹായങ്ങളുടെ അഭാവത്തില്‍ കൊള്ളപ്പലിശക്കാരുടെ കൈകളില്‍ എത്തപ്പെടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ കടക്കെണിയില്‍ പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോളിതാ റിസര്‍വ്വ് ബാങ്കുമായും സര്‍ക്കാര്‍ ഏറ്റുമുടടലിലാണ്. മറുവശത്ത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ ഭംഗിയായി സംരക്ഷിക്കുന്നു. അതിനായി ജനാധിപത്യസംവിധാനത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കായി പുതിയ വികസന സമവാക്യങ്ങളുണ്ടാക്കുന്നു.
തങ്ങളുടെ ഭരണപരാജയം ബിജെപി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നു എന്നുറപ്പ്. മാത്രമല്ല, സമീപകാല തെരഞ്ഞെടുപ്പുകള്‍ അവരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും മറ്റു പ്രാദശിക പ്രസ്ഥാനങ്ങളും അടുക്കുന്നതും ശക്തിപ്പെടുന്നതും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതും ്അവര്‍ കാണുന്നു. അടുത്ത കാലത്തെ ചില തെരഞ്ഞെടുപ്പു സര്‍വ്വേകളും സംഘപരിവാറിന്റെ ഉറക്കം കെടുത്തുന്നു. ഈ സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം അയോദ്ധ്യയാണെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നു. പോയ കാല്‍നൂറ്റാണ്ടില്‍ പടിപടിയായി വളരാനും അധികാരത്തിലെത്താനും കാരണം വര്‍ഗ്ഗീയതയായിരുന്നു എന്ന ചരിത്രവും മറക്കാറിയിട്ടില്ലല്ലോ. അതിന്റെ ഉല്‍പ്പന്നം തന്നെയാണല്ലോ മോദിയും. അതിനാല്‍ തന്നെയാണ് അയോദ്ധ്യവിഷയം വീണ്ടും സജീവമാക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്.
ഇതിനര്‍ത്ഥം ഇന്ത്യ പരാജയപ്പെടുമെന്നും ഇനിയും പ്രതീക്ഷക്കു സ്ഥാനമില്ല എന്നുമല്ല. ഏതു തിരി്ചചടികളേയും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ ജനാധിപത്യത്തിനുണ്ട്. ആ ദിശയിലുള്ള നീക്കങ്ങള്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ശക്തിപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിലും മതേതരത്വത്തിലും ഫെഡറലിസത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന എല്ലാ ശക്തികളുടേയും ഐകയത്തിലൂടെ ഈ വെല്ലുവിളിയെ ഇന്ത്യ മറികടക്കുമെന്നുതന്നെ കരുതാം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>