സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Oct 31st, 2018

പ്രശ്‌നം നവോത്ഥാനത്തില്‍ തന്നെയായിരുന്നു

Share This
Tags

rrr

വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിഷേഷിപ്പിച്ച കേരളത്തെ അത്തരമൊരവസ്ഥയില്‍ നിന്നു മാറ്റിയെടുത്തത് നവോത്ഥാന പ്രസ്ഥാനങ്ങളാണെന്ന് പൊതുവില്‍ പറയാറുണ്ട്. അതോടൊപ്പം സ്വാതന്ത്ര്യത്തിനുശേഷം അത്തരമൊരു ധാര മുരടിക്കുകയ്്ണുണ്ടായത്. ആ മുന്നേറ്റങ്ങളെ മൂലധനമാക്കി വളര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. നവോത്ഥാനധാരയെ കൈവിട്ടതാണെന്ന് ഇപ്പോളത്തെ ശബരിമല സംഭവങ്ങളടക്കം കേരളം പുറകോട്ടുപോകാന്‍ കാരണമെന്നാണ് പൊതുവില്‍ പറയാറ്. എന്നാല്‍ ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്ന ഈ നിലപാടിനെ ഏതാനും ദളിത് ബുദ്ധിജീവികല്‍ ചോദ്യം ചെയ്യാറുണ്ട്. ഇപ്പോള്‍ അവരുട എണ്ണം കൂടുതലാകുകയാണ്. കേരളത്തിന്റെ വേലിയിറക്കത്തില്‍ നവോത്ഥാനത്തെ തന്നയാണ് ഇവരില്‍ വലിയൊരു ഭാഗം പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.
ദളിത് ചിന്തകനായ ഡോ എസ് എം രാജ് അടുത്തയിടെ ചൂണ്ടികാട്ടിയത് ഇങ്ങനെയാണ്. അയ്യന്‍ കാളിയുടെ വില്ലുവണ്ടി സമരവും , പുഞ്ചപ്പാട സമരവും ,പഞ്ചമിയുടെ വിദ്യാഭ്യാസത്തിനായുള്ള സമരവും ,ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരവും കൃത്യമായും സവര്‍ണ്ണ ബ്രാഹ്മണ ശൂദ്ര ജാതി ബോധത്തിനെതിരെയുള്ള പ്രത്യക്ഷ സമരങ്ങള്‍ ആയിരുന്നു. ആ സമരങ്ങള്‍ ഒന്നും തന്നെ സവര്‍ണ ബ്രാഹ്മണ ശൂദ്ര ആത്മീയതയുടെ ചാണകകുണ്ടില്‍ തങ്ങള്‍ക്കും പുഴുക്കളെ പോലെ ജീവിക്കാനായിരുന്നില്ല. അയ്യന്‍ കാളിയുടെ സമരങ്ങള്‍ സവര്‍ണ്ണ സമൂഹ ത്തിന്റെ ജാതി ബോധങ്ങളെ എതിര്‍ത്തുകൊണ്ടായിരുന്നു അതുമായി യാതൊരുവിധ സന്ധിയും ചെയ്യാതെ ആയിരുന്നു. ആ ധാര പക്ഷെ ദളിതര്‍ കൈവിടുകയായിരുന്നു. മറുവശത്ത് നാരായണ ഗുരുവിന്റെ നയമാകട്ടെ ഹിന്ദുമതത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോള്‍ തന്നെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ബ്രാഹ്മണ യുക്തികളെ സ്വയം പരിവര്‍ത്തനപ്പെടുത്തി ഉപയോഗിക്കുക എന്നതായിരുന്നു. ഹിന്ദുത്വം എല്ലാക്കാലവും മുന്നോട്ടുവച്ച ബ്രാഹ്മണ്യത്തെ ആശയപരമായി എതിര്‍ക്കാന്‍ ഗുരു ശ്രമിച്ചിരുന്നില്ല മറിച്ച് അതില്‍ തങ്ങള്‍ക്കും പങ്കു വേണമെന്ന ജനാധിപത്യപരമായ ഒരു അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്തത് . സവര്‍ണ്ണ ജാതികള്‍ക്കിടയിലുണ്ടാ നവോത്ഥാനമുന്നേറ്റങ്ങളും വ്യത്യസ്ഥമായിരുന്നില്ല. ഹിന്ദുത്വത്തിന്റെ ചട്ടക്കൂടുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് സവര്‍ണ്ണര്‍ക്കിടയില്‍ കൂടുതല്‍ ജനാധിപത്യവും ലിംഗനീതിയും പേരിനെങ്കിലും കൊണ്ടുവരുവാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചതെന്ന് രാജ് പറയുന്നു.
കേരളം ഏറെ കൊട്ടിഘോഷിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തേയും തള്ളിക്കളയുന്ന ദളിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ പൊതുഹിന്ദു നിര്‍മിതി സാമൂഹിക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയില്‍ ക്ഷേത്ര പ്രവേശനത്തിന് ശേഷം ഉണ്ടായ ഒന്നുമാത്രമാണെന്നവര്‍ പറയുന്നു. അത് ഹിന്ദു എന്ന ഒരു പുതിയ മതസമുദായത്തെ കേരളത്തില്‍ നിര്‍മിക്കുകയായിരുന്നു. അതിന്റെ അടിത്തറയും ആചാരങ്ങളും തീര്‍ച്ചയായും സവര്‍ണ്ണത തന്നെയായിരുന്നു. അതോടൊപ്പം. സംവരണം പോലുള്ള ഭരണഘടനാവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഹിന്ദുവായിരിക്കേണ്ടത് ആവശ്യമായി തീര്‍ത്തു. അയിത്ത ജാതികളെ ഹിന്ദുവല്‍ക്കരിച്ചത് അങ്ങനെയാണ്. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനത്തെയാണ് പുതുകാല ദളിതര്‍ തള്ളിക്കളയുന്നത്.
മറ്റൊരു പ്രധാന വിഷയം ആദിവാസികളുമായി ബന്ധപ്പെട്ടതാണ്. ആരംഭത്തില്‍ ലിംഗനീതിയുടെ വിഷയമായി ഉന്നയിക്കപ്പെട്ട ശബരിമല വിഷയം ഇപ്പോള്‍ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നല്ലോ. അയ്യപ്പന്‍ തങ്ങളുടെ സ്വന്തമാണന്നും ശിവന്റെ തുട പിളര്‍ന്നല്ല ഉണ്ടായതെന്നും ശബരിമലയിലെ പതിനെട്ടു പടികളിലൊന്നില്‍ മലയരയന്‍മാരുടെ ക്ഷേത്രമെന്ന് കൊത്തി വച്ചിട്ടുണ്ടന്നും മലയരയര്‍ പറയുന്നു. അവരെ അവിടെ നിന്ന് ഓടിക്കുകയായിരുന്നു. ശബരിമലയിലേക്കുള്ള കാനനപാതയിലെ മിക്ക ഇടത്താവളങ്ങളും തങ്ങളുടെ ആരാധനാലയങ്ങള്‍ ആയിരുന്നെന്നും അവര്‍ പറയുന്നു. ശബരിമലയുടെ ഉടമസ്ഥതയില്‍ നിന്നും ആചാരങ്ങളില്‍ നിന്നും തങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ മലയരസഭ എത്തുമ്പോള്‍ അത് കേരള നവോത്ഥാനത്തിലെ പുതിയ ചരിത്രമായിരിക്കും.
ശബരിമല വിവാദവുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന മറ്റൊരു പ്രധാന വിഷയം ബൗദ്ധപാരമ്പര്യത്തിന്റേതാണ്. അക്കാര്യത്തെ കുറിച്ച് പലപ്പോളും പറയാറുണ്ടെങ്കിലും ഇപ്പോള്‍ ആധികാരികമായി തന്നെ ഉയര്‍ന്നു വന്നു. ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യാ, അയ്യന്‍, അയ്യനാര്‍, അയ്യപ്പന്‍ എന്നീ ദൈവ സങ്കല്‍പ്പങ്ങളെല്ലാം 2300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബുദ്ധ ധര്‍മ്മത്തെ ഏഷ്യന്‍ വന്‍കരയിലാകമാനം പ്രചരിപ്പിച്ച അശോകന്റെ ബോധിസത്വ സങ്കല്‍പ്പം കൂടി സ്വാംശീകരിച്ചതാണ്. ശബരിമല ഭക്തരുടെ ശരണം വിളിയായ ‘സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ ‘ എന്നത് ‘ബുദ്ധം ശരണം ഗച്ചാമി, ധര്മ്മം ശരണം ഗച്ചാമി’ എന്ന ബൗദ്ധരുടെ ശരണ മന്ത്രങ്ങള്‍ തന്നെയാണ്. ക്ഷത്രപ്രവേശനവിളംബരത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പെ ഇവിടെ എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരുന്നു. അതും ബൗദ്ധപാരമ്പര്യമാണ്. ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടലും ‘സ്വാമി’ എന്ന് പരസ്പരം സംബോധന ചെയ്യലും ‘തത്വമസി’ മന്ത്രവും ബൗദ്ധപാരമ്പര്യം തന്നെ. 1931 ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പോലും ശബരിമല ശസ്തവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്നം വിശേഷിപ്പിച്ചിരുന്നു. ഈ പഗോഡ പില്‍ക്കാലത്ത് ശബരിമല ദേവാലയമായി തീര്‍ന്നതിനും ആദിവാസി, ഈഴവ സമുദായക്കള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനും ദേവസ്വം ബോര്‍ഡ്, പന്തളം മുന്‍ രാജകുടുംബം, തന്ത്രികള്‍ എന്നിവര്‍ക്കെല്ലാം പങ്കുണ്ട്്. ശാസ്താവില്‍ അയ്യപ്പന്‍ ലയിച്ചു എന്ന അധികം പുരാതനമല്ലാത്ത സങ്കല്‍പ്പമാണ് സവര്‍ണ്ണ – പുരുഷവല്‍ക്കരണത്തിനായി ഉപയോഗിച്ചത്.
ചുരുക്കി പറഞ്ഞാല്‍ ശരാശരി മലയാളി കേള്‍ക്കാനിഷ്ടമല്ലാത്ത ചില സത്യങ്ങളാണ് ഇപ്പോളത്തെ സംഭവവികാസങ്ങളിലൂടെ പുറത്തു വരുന്നത്. ഇതില്‍ ഏറ്റവും പ്രധാന കാര്യം കേരളം നവോത്ഥാന ധാര കൈവിട്ടതാണ് തിരിച്ചടികള്‍ക്കു കാരണം എന്ന നിലപാട് ശരിയല്ല എന്നതുതന്നെയാണ്. നവോത്ഥാനത്തില്‍ തന്നെയായിരുന്നു പ്രശ്‌നം. അതു തിരുത്താനാണ് ഈ വൈകിയ വേളയിലെങ്കിലും ശ്രമിക്കേണ്ടത്.

 

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>