സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 27th, 2018

ശരിയാണ്, ശബരിമലയും പരിസരപ്രദേശങ്ങളും സംരക്ഷിക്കണം

Share This
Tags

ss

ശബരിമല സ്ത്രീപ്രവേശനപ്രശ്‌നം രൂക്ഷമായിതന്നെ തുടരുകയാണ്. വരാന്‍ പോകുന്നു കൊടുങ്കാറ്റിനുമുന്നിലത്തെ ശാന്തതയാണിപ്പോള്‍ എന്നു കരുതുന്നവരാണ് കൂടുതലും. മണ്ഡലകാലത്തിനായി വൃശ്ചികം ഒന്നിന് (നവംബര്‍ 17) നട തുറക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയിലാണ് കേരളം. വിഷയവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജി നവംബര്‍ 13നാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കിടയില്‍ അവഗണിക്കപ്പെടുന്ന ഒന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. ഇത്രയും പാരിസ്ഥിതിക ലോലമായ കാനനമേഖലയില്‍ കോടിക്കണക്കിനുപേര്‍ എത്തുമ്പോളുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങള്‍ ചില്ലറയല്ല. തീര്‍ച്ചയായും അതിന്റെ പേരില്‍ സ്ത്രീപ്രവേശനം വേണ്ട എന്ന വാദം അംഗീകരിക്കാനാവില്ല. ഇത്രയും പാരിസ്ഥിതിക വിഷയങ്ങള്‍ നിലനില്‍ക്കുന്നിടത്ത് എന്തിനാണ് സ്ത്രീകള്‍ പോയി കൂടൂതല്‍ രൂക്ഷമാക്കുന്നതെന്ന് സുഗതകുമാരിയടക്കമുള്ളവരുടെ ചോദ്യങ്ങള്‍ നൈതികമല്ല. പാരിസ്ഥിതിക വിഷയങ്ങളുടെ പേരില്‍ തള്ളിക്കളയാവുന്നതല്ല സ്ത്രീനീതിയുടേത്. അതേസമയം പാരിസ്ഥിതിക വിഷയം അതിരൂക്ഷമായതിനാല്‍ ലിംഗഭേദമില്ലാതെ മൊത്തത്തില്‍ ഒരു നിയന്ത്രണമാവശ്യമാണുതാനും. നിര്‍ഭാഗ്യവശാല്‍ ആ ദിശയിലുള്ള നീക്കങ്ങളൊന്നും കാണാനില്ല. വനം സംരക്ഷിച്ച് ശബരിമല സംരക്ഷിക്കണമെന്ന് ആരും പറയുന്നില്ല. പകരം സ്ത്രീപ്രവേശനത്തിന്റെ പേരുപറഞ്ഞ് കൂടുതല്‍ വനം നശിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തെകുറിച്ച് പര്‍വ്വതീകരിച്ച കണക്കുകളാണ് എപ്പോഴും അവതരിപ്പിക്കാറെന്നത് ശരിതന്നെ. ഒരുവര്‍ഷം കോടി എന്നൊക്കെയുള്ള കണക്കുകള്‍ അതിശയോക്തിപരമാണെന്നതില്‍ സംശയമില്ല. എന്നാലും ശബരിമലക്കും പരിസരപ്രദേശങ്ങള്‍ക്കും താങ്ങാവുന്നതിലേറെ ‘പുരുഷാര’മാണ് അവിടെ എത്തിക്കൊണ്ടിരിക്കുന്നതെന്നതില്‍ സംശയമില്ല. ഓരോ വര്‍ഷവും നടക്കുന്ന ശബരിമല തീര്‍ത്ഥാടനം ജൈവസമ്പന്നമായ ഒരു വനമേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടും ഇക്കാര്യം ഗൗരവപരമായി നാം പരിഗണിക്കുന്നതേയില്ല. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും ഇതിന് അര്‍ഹമായ പ്രാധാന്യം നല്‍കിയതായി തോന്നുന്നില്ല.
വിശ്വാസത്തിന്റേയും ആചാരത്തിന്റേയുമൊക്കെ പേരിലാണല്ലോ ഇപ്പോളത്തെ സംഘര്‍ഷമെല്ലാം നടക്കുന്നത്. സത്യത്തില്‍ വിശ്വാസമനുസരിച്ചുതന്നെ ശബരിമലയില്‍ ഇത്രയും തിരക്കുപാടില്ല. 41 ദിവസത്തെ വ്രതമനുഷ്ഠിച്ചും കാനനപാതയിലൂടെ സഞ്ചരിച്ചും സന്ിധാനത്തിലെത്തുന്ന ഭക്തര്‍ വായിക്കുന്നതെന്താണ്? തത്ത്വമസി. അതു നീയാകുന്നു. ഇതു നല്‍കുന്ന സന്ദേശം ചെറുതല്ല. ഇത്രയും പാടുപെട്ട് എത്തിയ നീ തിരിച്ചറിയേണ്ടത് നീ തേടുന്നതെന്തോ അത് നിന്നില്‍ തന്നെയുണ്ടെന്നാണ്. തീര്‍ച്ചയായും ആ വാക്കില്‍ നീ ഇനിയും ഇങ്ങോട്ടുവരേണ്ടതില്ല എന്ന അര്‍ത്ഥം കൂടിയുണ്ട്. അതായത് തന്നെ കാണാന്‍ ഒരു തവണ വന്നാല്‍ മതി എന്നുതന്നെയാണ് അയ്യപ്പന്‍ പറയുന്നത്. വനസംരക്ഷണം കൂടി മുന്നില്‍ കണ്ടുതന്നെയയിരിക്കണം അയ്യപ്പന്‍ അന്നുതന്നെ അത്തരത്തില്‍ പറഞ്ഞത്. എന്നാല്‍ സംഭവിക്കുന്നതെന്താണ്? 50 തവണയൊക്കെ മലചവിട്ടിയി ഭക്തന്മാര്‍ പതിനായിരകണക്കിനാണ്. വര്ഷം തോറും വര്‍ദ്ധിച്ചുവരുന്ന തിരിക്കിനും പാരിസ്ഥിതിക നാശത്തിനും അതു കാരണമാകാതെ പറ്റില്ലല്ലോ.
ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം നടപ്പാക്കാന്‍ പോലും ഇപ്പോളും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അങ്ങനെ ചെയ്യുന്നതില്‍ എന്തപാകതയാണുള്ളത്? ഹജ്ജ് മുതല്‍ തിരുപ്പതി വരെയുള്ള ആരാധനാലയങ്ങളില്‍ തിരക്കു നിയന്ത്രിക്കാനായി നിയന്ത്രണമുണ്ടല്ലോ. അത്തരം സംവിധാനങ്ങള്‍ നടപ്പാക്കുമെന്നൊക്കെ പറയാറുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നില്ല. തീര്‍ത്ഥാടനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാകണം. ഒരു ദിവസം പരമാവധി വരാവുന്നവരുടെ എണ്ണം തീരുമാനിച്ച് അതു കൃത്യമായി നടപ്പാക്കണം. പമ്പയില്‍ നിന്നു പുറപ്പെട്ടാല്‍ 12 മണിക്കൂറിനുള്ളിലെങ്കിലും തിരിച്ചെത്താവുന്ന സംവിധാനമൊരുക്കണം. സന്നിധാനത്ത് താമസസൗകര്യം ആവശ്യമില്ല. ഇതൊക്കെ അധികൃതരില്‍ നിന്നു സ്ഥിരം കേള്‍ക്കുന്നവ തന്നെയാണ്. പക്ഷെ നടപ്പാകാറില്ല. ഇപ്പോളത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തിലെങ്കിലും ആ ദിശയിലൊരു തീരുമാനമെടുത്ത് ശബരിമലയെയും പശ്ചിമഘട്ടത്തേയും അക്ഷരാര്‍ത്ഥത്തില്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ശബരിമലയെ മാലിന്യവിമുക്തമാക്കാനുള്ള പല പദ്ധതികളും എല്ലാ വര്‍ഷവും സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ നടപ്പാകാറില്ല. നടപ്പാക്കുന്നവയാകട്ടെ ഇപ്പോളെത്തുന്ന തീര്‍ത്ഥാടകുടെ പത്തിലൊരുപേര്‍ക്കുപോലും തികയുന്നതല്ല. പുണ്യനദിയെന്നു പുകള്‍ പെറ്റ പമ്പയുടെ അവസ്ഥ ഗംഗയേക്കാള്‍ മോശമാണ്. ഗംഗയുടെ സംരക്ഷണത്തിനായി പരിസ്ഥിതിപ്രവര്‍ത്തകരുടെ പോരാട്ടങ്ങളും ആത്മാഹുതികളും നടക്കുമ്പോള്‍ ഇവിടെ അതൊന്നും കാണുന്നതേയില്ല. പമ്പയിന്ന് കോളീഫോം ബാക്ടീരിയയുടെ കലവറയാണ്. ഓരോവര്‍ഷവും തീര്‍ത്ഥാടനകാലത്ത് പമ്പാ നദിയിലെ മാലിന്യത്തിന്റെ തോത് വര്‍ദ്ധിക്കുന്നു. പമ്പയുടെ നാശം അവിടെയൊതുങ്ങുന്നതല്ല. അതൊഴുകിയെത്തുന്ന മദ്ധ്യതിരുവിതാംകൂറിലെയും കുട്ടനാട്ടിലെയും ജനജീവിതത്തെക്കൂടിയാണ് അത് ബാധിക്കുന്നത്.
അതുപോലെ തന്നെ പ്രധാനമാണ് വനത്തിനുണ്ടാകുന്ന നാശവും. അതേസമയം ശബരിമലയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ശിക്ഷാര്‍ഹരാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും ഈടാക്കാന്‍ വകുപ്പുള്ളതാണ് ഈ നിയമം. എന്നാല്‍ അതൊന്നും നടപ്പാക്കപ്പെടുന്നില്ല. ഗ്രീന്‍ മിഷന്‍ ശബരിമല എന്ന പേരില്‍ ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പരിപാടി ആരംഭിച്ചിട്ടുണ്ട്. പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപ്ിക്കുക, ജൈവഅജൈവമാലിന്യം പ്രത്യേകം വേര്‍തിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇതില്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഫലമുണ്ടായത്. അതേസമയം പ്ലാസ്റ്റിക് ഇപ്പോഴും ഭീഷണിതന്നെ. ഓരോ തീര്‍ത്ഥാടനകാലവും അവേശേഷിപ്പിക്കുന്നത് നിരവധി പ്ലാസ്റ്റിക് മലകളാണ്. പെരിയാര്‍, പമ്പ എന്നീ കേരളത്തിലെ രണ്ട് പ്രധാനനദികളുടെ കൈവഴികളിലേക്ക് ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നു. ഇതിനിടയിലാണ് വികസനത്തിന്റേയും സ്ത്രീപ്രവേശനത്തിന്റേയും പേരില്‍ കൂടുതല്‍ വനം വെട്ടിവെളുപ്പിക്കാനും വിമാനത്താവളം നിര്‍മ്മിക്കാനുമുളള നീക്കങ്ങള്‍ നടക്കുന്നത്. നിയന്ത്രണമാണ്, വിപുലീകരണമല്ല എന്നതുപോലും സര്‍ക്കാര്‍ തിരിച്ചറിയുന്നില്ല. .ഇന്ത്യയിലെ 48 കടുവാ സങ്കേതങ്ങളില്‍ വച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് 925 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പെരിയാര്‍ കടുവാ സങ്കേതം. വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഒട്ടേറെ സസ്യജന്തു ജാലങ്ങളുടെ കലവറയായ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ക്രിട്ടിക്കല്‍ ഹാബിറ്റാറ്റിന്റെ കോര്‍ ഏരിയയിലാണ് ശബരിമല എന്ന തീര്‍ത്ഥാടന ടൂറിസ നഗരം വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ മേഖലയുടെ നാശത്തിനു കൂടിയാണ് ഈ വിപുലീകരണ നയങ്ങള്‍ കളമൊരുക്കുക.
ആചാരങ്ങളുടെ പേരില്‍ നിഷേധിക്കാവുന്ന ഒന്നല്ല സ്ത്രീനീതി. എന്നാലത് നിഷേധിക്കുന്നവര്‍ തന്നെയാണ് ആചാരങ്ങളേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ വന്‍തോതിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കുന്നത്. കാനനവാസന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ത്ഥരഹിതമാക്കുന്ന നടപടി അവസാനിപ്പിച്ച്, തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ച് ശബരിമലയും സമീപപ്രദേശങ്ങളും സംരക്ഷിക്കാനുള്ള നടപടികളാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>