സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Oct 25th, 2018

കെ വി ഉണ്ണി : നവോത്ഥാനപോരാളിക്ക് വിട

Share This
Tags

uu

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുള്ള സുപ്രിംകോടതി വിധിയെ തുടര്‍ന്ന് അവിടെയെത്താന്‍ ഏതാനും സ്ത്രീകള്‍ ശ്രമിക്കുകയും അവര്‍ക്കെതിരെ ശാരീരികമായ ആക്രമണങ്ങളടക്കം ശക്തമാകുകയും ചെയ്യുന്ന സമയത്ത് കേരളം കണ്ട ഒരു പോരാളിയുടെ മരണം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യപരിസരത്തെ കുട്ടംകുളത്തുകൂടി നടക്കാനുളള അവകാശത്തിനുവേണ്ടി നടന്ന ഐതിഹാസിക പോരാട്ടത്തില്‍ അവശഷിച്ചിരുന്ന ഏക പോരാളി. അയ്യങ്കാളിയുടെ വീര്യവും ശൗര്യവും വിടാതെ 96 വയസ്സുവരെ ജീവിച്ച, എല്ലാവരും ഉണ്ണിയേട്ടന്‍ എന്നു വിളിക്കുന്ന കെ വി ഉണ്ണി. 1946ലായിരുന്നു കുട്ടംകുളം സമരമെന്ന പേരില്‍ ഐതിഹാസികമായ പ്രക്ഷോഭം് അരങ്ങേറിയത്. ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴികളിലൂടെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു പ്രക്ഷോഭം. ചരിത്രപ്രസിദ്ധമായ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരവും വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമൊക്കെ അതിനകം സംഭവിച്ചുകഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി, എസ് എന്‍ ഡി പി, പുലയമഹാസഭ, പ്രജാമണ്ഡലം എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പോരാട്ടം. കോണ്‍ഗ്രസ്സ് നിരോധിക്കപ്പെട്ടിരുന്നതിനാല്‍ കോണ്‍ഗ്രസ്സുകാര്‍ സമരത്തില്‍ പങ്കെടുത്തത് പ്രജാമണ്ഡലത്തിന്റെ ബാനറിലായിരുന്നു. 1946 ജൂലായ് 6ന് എസ്്.എന്‍.ഡി.പി യോഗത്തിന്റേയും പ്രജാമണ്ഡലത്തിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ അയ്യന്‍ങ്കാവില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുകയായിരുന്നു. തിരുവാതിര ഞാറ്റുവേലക്കിടയിലെ തെളിഞ്ഞ പകലായിരുന്നു അത്. പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. പ്രാസംഗകരായി കമ്യൂണിസ്റ്റ് നേതാവും എസ് എന്‍ ഡി പി സംഘാടകനുമായിരുന്ന പി ഗംഗാധരനും പിന്നീട് ഇ എം എസ് മന്ത്രിസഭയില്‍ അംഗമായ കമ്യൂണിസ്റ്റും പുലയമഹാസഭാ നേതാവുമായിരുന്ന പി കെ ചാത്തന്‍മാസ്റ്ററും. കുട്ടംകുളത്തിന് സമീപം സാരിധരിച്ച് പ്രകടനം നടത്തിയ പുലയ യുവതികളെ സവര്‍ണര്‍ മുറുക്കിത്തുപ്പിയതായിരുന്നു പെട്ടന്നുള്ള പ്രകോപനം. സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പ്രകടനമായി കുട്ടംകുളത്തേക്ക് നീങ്ങുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് പുതൂര്‍ അച്യുതമേനോനും ചില പ്രജാമണ്ഡലം പ്രവര്‍ത്തകരും പിന്മാറി. കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന കെ വി ഉണ്ണിയുടെയും പി ഗംഗാധരന്റെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രകടനമായി നീങ്ങി. കുട്ടംകുളത്തിനു കിഴക്കു ഭാഗത്ത വച്ച് ജാഥ പോലീസ് തടഞ്ഞു. സി ഐ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ എംഎസ്പിക്കാരുള്‍പ്പെടെ പൊലീസ് സന്നാഹം നടത്തിയത് കൊടിയ മര്‍ദ്ദനമായിരുന്നു. ഉണ്ണിയേയും ഗംഗാധരനേയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയാണ് പൊലീസ് കലിയൊടുക്കിയത്. പിന്നീട് കെ വി ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അങ്ങനെയാണ് 96 വയസ്സുവരെ ഉണ്ണി ജീവിച്ചത്. കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. കെവികെ വാര്യരെ രാജ്യദ്രോഹകുറ്റം ചുമത്തി നാലുമാസം ജയിലിലിട്ടു. ജൂലായ് ആറിന്റെ സംഭവവികാസത്തെ തുടര്‍ന്ന് കൊച്ചിരാജ്യം തിളച്ചുമറിഞ്ഞു. കേരളമാകെ ഇളകി. മലബാറില്‍ നിന്ന് ഛലോ ഇരിങ്ങാലക്കുട എന്നു വിളിച്ച് ജാഥ പുറപ്പെട്ടു. രാജ്യമാകെ കുട്ടംകുളം റോഡ് സമരത്തിന് വളണ്ടിയര്‍മാര്‍ സംഘടിക്കപ്പെട്ടു. പോലീസ് നരനായാട്ട് തുടര്‍ന്നു. ജയിലറകള്‍ പൊതു പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ജനങ്ങളുടെ മുന്നേറ്റം പ്രജാമണ്ഡലം നേതൃത്വത്തെ ചലിപ്പിച്ചു. ഉടനടി ക്ഷേത്രപ്രവേശനവും ഉത്തരവാദ ഭരണവും അനുവദിക്കാത്ത പക്ഷം സമര നേതൃത്വം പ്രജാമണ്ഡലം ഏറ്റെടുക്കുന്നതാണെന്ന് മഹാരാജാവിന് താക്കീത് നല്‍കപ്പെട്ടു. അയ്യന്‍കാവ് പ്രതിഷേധ മഹാസമ്മേളനത്തില്‍ സഹോദരന്‍ അയ്യപ്പനാണ് കര്‍ക്കിടകം 13ന്റെ സമര പ്രഖ്യാപനം നടത്തിയത്. കൊച്ചിരാജ്യത്ത് ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. അധികം വൈകാതെതന്നെ ക്ഷേത്ര പ്രവേശന തീയ്യതി നിശ്ചയിക്കാമെന്ന് രാജാവ് പ്രഖ്യാപിച്ചു. ചിങ്ങമാസത്തില്‍ പ്രജാമണ്ഡലം നേതാവ് പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കൊച്ചി രാജ്യത്ത് രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റു. കേരളത്തിലെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. ക്ഷേത്രപ്രവേശനത്തോടെ സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ കുട്ടംകുളം പുതിയ ഒരു ചരിത്രം കൂടി രചിക്കുകയായിരുന്നു. വഴി നടക്കാനുള്ള അവകാശം ലഭിച്ചെങ്കിലും അമ്പലക്കുളത്തില്‍ കുളിക്കാനും അമ്പലത്തില്‍ കയറാനും അധസ്ഥിതര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടിവന്നു. അതിനും വേണ്ടിവന്നു പ്രക്ഷോഭം. വിലക്കുലംഘിച്ച് 11 ദളിതര്‍ കുട്ടംകുളത്തിലിറങ്ങി കുളിച്ചതും ചരിത്രസംഭവം. സമരത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഉണ്ണി മൂന്നു വര്‍ഷത്തിനൊടുവില്‍ പോലീസ് പിടിയിലായി. മര്‍ദ്ദനത്തിന് പേരുകേട്ട കേന്ദ്രമായിരുന്നു അന്ന് ഇരിങ്ങാലക്കുട സബ്ബ് ജയില്‍. കമ്മ്യൂണിസ്റ്റുകാരെ തല്ലാന്‍വേണ്ടിമാത്രം പ്രത്യേകം പോലീസ് സംഘം ജയിലില്‍ സംഘടിപ്പിച്ചിരുന്നു. തല്ലുകൊടുക്കേണ്ടവരെ അവിടേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ എത്തിപ്പെട്ടവരായിരുന്നു വി വി രാഘവനും ഇ ഗോപാലകൃഷ്ണമേനോനും കെ കെ വാര്യരും സി ജനാര്‍ദ്ദനനും. ജോര്‍ജ്ജ് ചടയംമുറിയും ആര്‍ വി രാമന്‍കുട്ടിവാര്യരുമൊക്കെ. അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിലും കെ വി ഉണ്ണി പങ്കെടുത്തിരുന്നു. നിരോധനം നീക്കി പാര്‍ട്ടി നിയമവിധേയമായതോടെ പുറത്തുവന്ന ഉണ്ണി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരവധി തൊഴിലാളി സംഘടനകള്‍ കെട്ടിപ്പെടുത്തു. മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ചെത്തു തൊഴിലാളി യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍ എന്നിങ്ങനെ. 1956 മുതല്‍ 6 വര്‍ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു. ശാരീരികമായ അവശതകള്‍ക്കിടയിലും ജീവിതത്തിലെ അവസാനഘട്ടം വരെ യുവത്വം തുളുമ്പുന്ന മനസ്സുമായി പുതുതലമുറക്ക്് ആവേശമായിരുന്നു ഉണ്ണിയേട്ടന്‍. കേരളത്തെ പുറകോട്ടുവലിക്കുന്ന സമാകാലിക സംഭവവികാസങ്ങള്‍ക്കിടയില്‍ ഉണ്ണിയേട്ടനപോലുള്ളവരെ സ്മരിക്കുന്നത് നമുക്കൊരു 2-ാം നവോത്ഥാനത്തിന്റെ ഊര്‍ജ്ജമായിരിക്കുമെന്നതില്‍ സംശയമില്ല.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>