സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Oct 22nd, 2018

കേരള സംഗീത നാടക അക്കാഡമി ചെയര്‍ പേഴ്‌സന്‍ ശ്രീമതി ലളിതയെ പിന്‍വിലിയ്ക്കുക

Share This
Tags

kpനാടക്

സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളില്‍, പ്രത്യേകിച്ചു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, തികച്ചും സ്ത്രീവിരുദ്ധ നിലപാടും പ്രവര്‍ത്തനവും നിരന്തരമായി നടത്തി വരുന്ന ശ്രീമതി ലളിത കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തെയും നിലവില്‍ നടക്കുന്ന എല്ലാ പുരോഗമന, നവീകരണ പ്രവര്‍ത്തനങ്ങളെയും അപമാനിയ്ക്കുകയും അതിനു നേരെ കൊഞ്ഞനം കുത്തുകയുമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
സ്ത്രീയുടെ സാമൂഹ്യ പദവിയും ലിംഗനീതിയും തുല്യനീതിയും ഉറപ്പുവര്‍ത്തുവാന്‍ സഹായകമാകുന്ന, അടുത്തിടെ ഉണ്ടായ ഒന്നിലധികം വിധികളിലൂടെ പരമോന്നത നീതി പീഠം പോലും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടി വാദിയ്ക്കുന്ന, ഏറ്റവും വലിയ മാറ്റത്തിന്റെ സമയത്തു കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ സാംസ്‌ക്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് സവര്‍ണ്ണ പുരുഷവാദിയായ ഒരു ”കുലസ്ത്രീ” ഒട്ടും അഭികാമ്യമല്ല. പ്രതിലോമകാരികള്‍ക്ക് വളം വെയ്ക്കുന്ന നിലപാടുകള്‍ നിരന്തരം പിന്തുടരുന്ന ഇവര്‍ കേരളത്തിലെ സമൂഹ പുരോഗതിയെ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു നയിക്കാന്‍ പ്രാപ്ത അല്ല എന്ന് അടിവരയിട്ടു തെളിയിച്ചു കഴിഞ്ഞു.
മുന്‍പ്, ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ പ്രമുഖ നടനെ ജയിലില്‍ പോയി സന്ദര്‍ശിച്ച വേളയില്‍ കേരളത്തിലെ സാംസ്‌ക്കാരിക ലോകത്തുനിന്നും ഇവര്‍ക്കെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നു വന്നതാണ്. വ്യക്തികളാണ് സന്ദര്‍ശിച്ചത്, സര്‍ക്കാര്‍ പദവിയില്‍ ഉള്ള ആളല്ല എന്നായിരുന്നു അന്ന് അതിനു കിട്ടിയ ഔദ്യോഗിക മറുപിടി.
ഇന്ന്, അതിജീവിച്ച പെണ്‍ കുട്ടിക്ക് നീതി നിഷേധിച്ചു കുറ്റാരോപിതനൊപ്പം നില്‍ക്കുന്ന സിനിമ സംഘടനയുടെ വൃത്തികേടുകള്‍ ചൂണ്ടിക്കാണിച്ച പെണ്‍ കൂടായ്മയിലെ അംഗങ്ങള്‍ക്കെതിരെ, സിനിമ സംഘടനയിലെ കേവലം അംഗം മാത്രമായ ശ്രീമതി ലളിത മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന കേരളത്തിലെ ആത്മാഭിമാനമുള്ള ഓരോ പെണ്ണിനും അപമാനമാണ്. ആ സംഘടനയില്‍ തന്നെ ശ്രീമതി ലളിതയുടെ പരസ്യപ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നുവന്ന തര്‍ക്കങ്ങള്‍ (ചുമതലപ്പെടുത്തിയില്ല, തന്നിഷ്ടം ചെയ്തതാണ്, എന്നിങ്ങനെ) ഈ വിഷയത്തില്‍ ലളിത കുറ്റാരോപിതനെ സംരക്ഷിയ്ക്കാന്‍, കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതില്‍ ജാഗരൂകയാണെന്നു കാണിക്കുന്നു.
KSNA അധ്യക്ഷയുടെ ഈ പ്രവര്‍ത്തികള്‍ സ്ത്രീകളുടെ, തൊഴിലിടങ്ങളിലെ സ്വാതന്ത്ര്യം ഉള്‍പ്പെടെ, സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പടെ, സ്ത്രീ ഒരു വ്യക്തി എന്ന തരത്തില്‍ ഇനിയും നേടിയെടുക്കേണ്ട, എല്ലാ സ്വാതന്ത്ര്യ വാഞ്ചകളെയും പിറകോട്ടടിപ്പിയ്ക്കുന്നു. കോടതികളുടെ വിധികള്‍ നിലനില്‍ക്കെ പോലും സാമൂഹ്യവിരുദ്ധര്‍ പ്രതിരോധിയ്ക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ സാംസ്‌ക്കാരിക സ്ഥാപന മേധാവി കൂടി അതേ നാണയത്തില്‍ പ്രതിരോധിക്കുന്നത് കേരളത്തിലെ കലാലോകത്തിനു താങ്ങാനാകാത്ത അപമാനമാണ്.
1958-ല്‍ രൂപീകരിച്ച സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് അവരോധിയ്ക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ എന്ന നിലയില്‍ അവര്‍ക്കുള്ള ഉത്തരവാദിത്വം നിര്‍വഹിച്ചില്ല എന്നു മാത്രമല്ല, ലളിതയുടെ ഇത്തരം നിലപാടുകള്‍ സ്ത്രീകള്‍ക്ക് ഇത്തരം ഉത്തരവാദിത്വങ്ങള്‍ വഹിയ്ക്കാനുള്ള സാമൂഹ്യ ബോധം ഇല്ല എന്നമട്ടിലുള്ള സ്ത്രീ വിരുദ്ധ പ്രതികരണങ്ങള്‍ക്കു കാരണമാകുകയും ചെയ്തു.
KSNA യുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനം വഹിയ്ക്കാനുള്ള യാതൊരു യോഗ്യതയും ശ്രീമതി ലളിതയ്ക്കു ഇല്ല എന്ന അഭിപ്രായം അവരുടെ സ്ഥാനാരോഹണ സമയത്തു തന്നെ ഞങ്ങള്‍ നാടകക്കാര്‍ രേഖപ്പ്‌പെടുത്തിയിരുന്നതാണ്. ആ സ്ഥാനത്തെത്തി ഇത്ര വര്‍ഷമായിട്ടും അക്കാദമിയുടെയോ കേരളത്തിലെ നാടകാദി കലകളുടെയോ വളര്‍ച്ചയ്‌ക്കോ വികാസത്തിനോ വേണ്ടി ഇവര്‍ എന്തെങ്കിലും ചെയ്തതായും അറിവില്ല. മാത്രമല്ല സിനിമ, സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ശ്രീമതി ലളിതക്ക്, കേരള കലകളെ കുറിച്ചു സാമാന്യ ജ്ഞാനം പോലും ഇല്ലാത്ത അവസ്ഥയും കലാലോകത്തിനു അപമാനമായി നില്‍ക്കുന്നു.
എല്ലാ തരം സ്ത്രീവിരുദ്ധ മനുഷ്യ വിരുദ്ധ പ്രവര്‍ത്തികളെയും എതിര്‍ത്തുകൊണ്ട്, നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അതിജീവിച്ചവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും ഒപ്പം നില്‍ക്കുക എന്നുള്ള NATAK നിലപാട് ഞങ്ങള്‍ ഇവിടെയും ഉയര്‍ത്തി പിടിയ്ക്കുന്നു.
ഒരു സാംസ്‌ക്കാരിക സ്ഥാപനത്തിന്റെ തലപ്പത്തു ഇരുന്നു കൊണ്ടു സമൂഹത്തിലെ സാംസ്‌കാരിക അപചയത്തിനു കുട പിടിക്കുന്നത് ധിക്കാരവും സാമൂഹിക ബോധമില്ലായ്മയും ആണ്.
ശ്രീമതി ലളിതയെ കേരള സംഗീത നാടക അക്കാഡമി അധ്യക്ഷ സ്ഥാനത്തു നിന്നും പിന്‍വലിച്ചു കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണം എന്നു NATAK സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

സംസ്ഥാന കമ്മറ്റിയ്ക്കുവേണ്ടി,

ജെ. ശൈലജ (ജനറല്‍ സെക്രട്ടറി)

 

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>