സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 20th, 2018

പൊതുഹിന്ദുനിര്‍മിതിയുണ്ടായത് ക്ഷേത്രപ്രവേശനത്തിന് ശേഷം

Share This
Tags

kk

ഡോ: കെ എസ് മാധവന്‍

കേരളത്തിലെ പൊതുഹിന്ദു നിര്‍മിതി സാമൂഹിക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയില്‍ ക്ഷേത്ര പ്രവേശനത്തിന് ശേഷം ഉണ്ടായ ഒന്നുമാത്രമാണ്. ബ്രാഹ്മണ മേല്‍ജാതി ആചാരങ്ങളെ പരിഷ്‌കരിച്ചു കീഴാള ജാതികളെ ഹിന്ദുവല്‍ക്കരിക്കുന്ന ഒരു പ്രക്രിയയിലൂടെ ആണത് രൂപപ്പെട്ടത്. കേരളത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ മതസമൂഹങ്ങള്‍ ജനസംഖ്യപരമായും വിഭവപങ്കാളിത്തത്തിന്റെ കാര്യത്തിലും സവര്‍ണ ജാതികളെക്കാള്‍ കുടുതലായതിനാലും അവര്‍ണ വിഭാഗങ്ങള്‍ നവോദ്ധാനത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധ മതം ഉള്‍പ്പടെയുള്ള മതങ്ങളിലേക്ക് പോകും എന്ന ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് ക്ഷേത്ര പ്രവേശന വിളംബരം എന്ന രാഷ്ട്രിയ തീരുമാനം ഉണ്ടാകുന്നതു. അതു ഹിന്ദു എന്ന ഒരു പുതിയ മതസമുദായത്തെ കേരളത്തില്‍ നിര്‍മിക്കുകയായിരുന്നു. ജാതികള്‍ കൂടി ചേര്‍ന്ന് ആധുനികതയും സാമൂഹിക പരിഷ്‌കരണവും ദേശിയ പ്രസ്ഥാനത്തിന്റെ ഇടപ്പെടലും രാഷ്ട്രീയമായി സൃഷ്ടിച്ചെടുത്ത ഒരു നിര്മിതിയാണത്. ബ്രാഹ്മണ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രം എന്നത് പുതിയ ഒരു വിശ്വാസ ഇടമായി അവര്‍ണ്ണര്‍ക്ക് മുന്നില്‍ മാറുന്നത് ഇതിന്റെ ഭാഗമായാണ്. പുതിയതായി നിര്‍മിക്കപ്പെട്ട ആ ഹിന്ദുവിന് സവര്‍ണ ദൈവവും ബ്രഹ്മണ്യ ആചാരവും ഒരേ സമയം തന്നെ പരിഷ്‌കരിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ആവശ്യമായി വന്നു. അവര്‍ണ ജാതികളുടെ ആചാരങ്ങളെയും ദൈവസങ്കല്പങ്ങളെയും ഏറ്റെടുക്കുകയും അവതാര കഥകളുടെയും ബ്രഹ്മണ്യ ആചാരത്തിലേക്കും കൂട്ടിനിര്‍ത്തിയാണ് ഇത് വികസിച്ചത്. കാവുകളും കോട്ടങ്ങളും, പതികളും തറകളും, കുലദേവത സ്ഥാനങ്ങളും ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാവുകയും ബ്രഹ്മണ്യ ശുദ്ധി വിവേചനങ്ങളും ആചാര മുറകളും ഇതിന്റെ ഭാഗമായിപുതിയതായി ഇവിടങ്ങളില്‍ ഇടംപിടിച്ചു. സംവരണം പോലുള്ള ഭരണഘടനാവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഹിന്ദുവായിരിക്കേണ്ടത് ആവശ്യമാക്കി തീര്‍ത്തത് ദേശിയ പ്രസ്ഥാനത്തിന്റെ ഗാന്ധിയന് തന്ത്രത്തിന്റെ സൃഷ്ടിയാണ്. കീഴാള ജാതികള്‍ നിര്‍ബന്ധിത ഹിന്ദു സാമൂഹിക കര്തൃത്വത്തില്‍ ബന്ധിക്കപ്പെട്ടു. ദേശിയ പ്രസ്ഥാനത്തിന്റെ ഹരിജന വത്കരണത്തിലൂടെ അയിത്ത ജാതികളെ ഹിന്ദുവല്‍ക്കരിക്കുന്ന ഗാന്ധിയന്‍ രീതിയാണിത്. ഹരിജനോദ്ധാരണവും ക്ഷേത്ര പ്രവേശന സമരങ്ങളും ഈ ഹിന്ദു വല്‍ക്കരണത്തെ സ്ഥാപിച്ചുറപ്പുക്കുന്നതായിരുന്നു. ഹിന്ദു മതം ഒരു സ്വയം തെരഞ്ഞെടുപ്പു ആയിരുന്നില്ല ദളിതര്‍ക്കും ആദിവാസികള്‍ക്കും . അതു സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെയും ഗാന്ധിയന്‍ ദേശീയതയുടെയും ആധുനിക ദേശരാഷ്ട്രരൂപീകരണത്തിന്റെയും സൃഷ്ടിയാണ്. ഹിന്ദു മതസ്വത്വം എന്നത് ആദിവാസി കള്‍ക്കും ദളിതര്‍ക്കും ചരിത്രപരമായ ഒരു സ്വയം തെരഞ്ഞെടുപ്പൊ സാംസ്‌കാരികവും ധാര്‍മികവുമായ ഒരു വിമോചന വിഭവവും അല്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഹിന്ദു കര്തൃത്വം ദലിത് ആദിവാസി സമൂഹങ്ങള്‍ക്ക് സ്വയം ഇരയും ഹിന്ദുത്വത്തിനായി ബ്രാഹ്മണ്യം വേട്ടക്കാരന്റെ വേഷം കെട്ടിക്കുന്ന ഒരു സ്വത്വമാണ്. ഇവിടെ ഈ സ്വത്വകെണിയില്‍പെട്ട മനുഷ്യര്‍ എന്ന നിലയില്‍ ഭരണഘടനയുടെ പക്ഷത്തു നിന്ന് ജനാധിപത്യത്തിനും ലിംഗനീതിക്കും വേണ്ടി നിലകൊള്ളുക.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>