സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 20th, 2018

ജന്റര്‍ വിട്ടുകളഞ്ഞ നവോത്ഥാനമാണ് പ്രതി

Share This
Tags

kkkശ്രീചിത്രന്‍ എം ജെ

കേരളത്തിന്റെ നവോത്ഥാനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് ആധുനികകേരളത്തെ നിര്‍ണ്ണയിച്ച പ്രധാന ഘടകവും. മറ്റ് മിക്ക സ്ഥലങ്ങളിലും നവോത്ഥാനം ഉപരിവര്‍ഗ്ഗത്തില്‍ നിന്ന് ആരംഭിച്ച് താഴേക്ക് പടരുകയായിരുന്നു. ദയാനന്ദ് മുതല്‍ രാജാറാം മോഹന്‍ റായ് വരെയുള്ള നവോത്ഥാന നായകരെ നോക്കിയാല്‍ അതു വ്യക്തമാവും. ഫൂലെ പ്രസ്ഥാനം പോലെ ചിലത് ഒഴിച്ചു നിര്‍ത്തിയാല്‍ നോര്‍ത്തിന്ത്യന്‍ നവോത്ഥാനം പൂര്‍ണ്ണമായും ബ്രാഹ്മണസംഹിതകളില്‍ നിന്ന് വരികയോ അവയുടെ സ്വഭാവം പേറുകയോ ചെയ്ത സമുദായങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. എന്നാല്‍, കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ അടിത്തട്ടില്‍ നിന്നാണ് രൂപപ്പെട്ടുവന്നത്. അയ്യാ വൈകുണ്ഠസ്വാമിയും വേലുക്കുട്ടി അരയനും കറുപ്പനും വള്ളോനും അപ്പച്ചനും അയ്യപ്പനും അയ്യങ്കാളിയും നാരായണഗുരുവും പലപാട് നിര്‍മ്മിച്ചെടുത്ത ചുഴലിക്കാറ്റുകള്‍ ഉപരി സമുദായങ്ങളിലേക്ക് പടര്‍ന്നേറിയ ചരിത്രമാണ് നമ്മുടേത്. ഇത് ഒട്ടും നിസ്സാരമായ വ്യത്യാസമല്ല. ബ്രാഹ്മണിക് പുനരുത്ഥാനവാദങ്ങളുടെ അഴകുഴമ്പിലല്ല, കീഴാള ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കാരിരുമ്പിലാണ് കേരള നവോത്ഥാനത്തിന്റെ അസ്ഥിവാരം പണിതെടുത്തിരിക്കുന്നത് എന്ന ഒറ്റക്കാരണം കൊണ്ടാണ് എത്രയോ ദൂരം നവോത്ഥാനത്തില്‍ നിന്നകന്നിട്ടും ഒരു നിര്‍ണ്ണായകസന്ദര്‍ഭം വന്നപ്പോള്‍ ‘ നിങ്ങള്‍ നമ്പൂതിരികളും നായന്‍മാരും യോഗം കൂടി അറിയിച്ചാല്‍ വന്നു ഓച്ഛാനിച്ച് ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ അടിയാളരല്ല ‘ എന്ന വാചകം വന്നത്. ആ വാചകത്തിന് കേരള നവോദ്ഥാനത്തിന്റെ അടിവേരുകളോളം ആഴമുണ്ട് എന്നര്‍ത്ഥം.
എന്നാല്‍ നാം നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തോടെ പൂര്‍ണ്ണമായും വിട്ടു കളഞ്ഞ നിര്‍ണ്ണായക പ്രശ്‌നം ജന്റര്‍ ആയിരുന്നു. കല്ലുമാല സമരം മുതല്‍ ഘോഷ പൊട്ടിച്ചെറിയല്‍ വരെ മുന്നേറിയ ആ ചുഴലിക്കാറ്റ് നാം ചായക്കപ്പിലൊതുക്കുകയും അവര്‍ അടുക്കളച്ചങ്ങലകളില്‍ നിന്ന് ഇട്ട ചായ അവരുടെ രക്തത്തിന്റെ രുചിയോടെ മൊത്തിക്കുടിക്കുകയും ചെയ്തു. വീട് എന്ന അധികാരഹിംസയുടെ അന്തപ്പുരം നാം കൃത്യമായി ചെത്തിപ്പടുത്തു. നാം സമൂഹത്തില്‍ നിന്നൊഴിച്ച സകല പിശാചുക്കളെയും വീടിനുള്ളില്‍ കുടിവെച്ചു. ആചാരവും അനാചാരവും ദുരാചാരവുമെല്ലാം വീടിനുള്ളില്‍ നാം ആത്മരതിയോടെ അനുഭവിച്ചു. പുറത്ത് ജാതി പറയാത്ത സംസ്‌കാരം നാട്ടുനടപ്പ്, അകത്ത് ജാതി നോക്കി വിവാഹം നിശ്ചയിച്ചാല്‍ വീട്ടുനടപ്പ്. പുറത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ മെമ്പര്‍ഷിപ്പ് നാട്ടുനടപ്പ്, അകത്ത് വളര്‍ത്തുമൃഗമായ ഭാര്യയെ തൊഴിക്കുന്നത് വീട്ടുനടപ്പ്. ഇവിടെ നിന്നാണ് നാം കേരളത്തിന്റെ സൂചികള്‍ പിന്നോട്ടു കറക്കാന്‍ തുടങ്ങിയത്. നാട്ടകത്തു നിന്ന് നിന്ന് പടര്‍ന്നേറിയ കൊടുങ്കാറ്റിനോട് വീട്ടകം കൊണ്ട് പ്രതികാരം ചെയ്ത ജനതയാണ് നമ്മള്‍.
ഇപ്പോള്‍ നോക്കൂ, അതിന്റെ അനന്തരഫലം നാം തെരുവില്‍ കാണുന്നു. കാലില്‍ കിടക്കുന്ന ചങ്ങല പാദസരമെന്ന് ധരിക്കാന്‍ പാകത്തിനുള്ള ബുദ്ധിശൂന്യതയിലേക്ക് ഇന്ന് തെരുവില്‍ കാണുന്ന സ്ത്രീകളെ വലിച്ചിട്ടത് മറ്റാരുമല്ല, നമ്മളാണ്. ഇവര്‍ ഒരു സമരത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്തവരല്ല. ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപ സമയത്ത് പട്ടാളക്കാര്‍ വിദ്യാര്‍ത്ഥി സമരത്തിനു നേരെ നിറയൊഴിക്കാനൊരുങ്ങുമ്പോള്‍ തെരുവുകളിലെ മുകള്‍നിലകളില്‍ നിന്ന് കയ്യില്‍ കിട്ടിയ വീട്ടുപാത്രങ്ങള്‍ എടുത്ത് ജനലിലൂടെ പട്ടാളക്കാരെ എറിഞ്ഞ വീട്ടമ്മമാരുടെ ചരിത്രം ഇവരോട് പറഞ്ഞാല്‍ മനസ്സിലാവില്ല. ഇവര്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഫെമിനിസ്റ്റുകള്‍ക്ക് ഫെമിനിച്ചികളെന്നു തെറി വാക്കുണ്ടാക്കി’ വിളിക്കുന്നവരാണ്. വെട്ടിനുറുക്കും, ജഡം കാണില്ല, രണ്ടായി കീറും, ഭരണഘടന കത്തിക്കും – അകത്തേക്ക് വലിച്ചു വെച്ച തേറ്റകള്‍ മുഴുവന്‍ പുറത്തേക്കു വരികയാണ്. മതനിരപേക്ഷതയെ ഒരാശയം മാത്രമായി ഉള്‍ക്കൊണ്ട എല്ലാ മറ്റു സംസ്ഥാനത്തിലെ സമൂഹങ്ങളേയും എളുപ്പത്തില്‍ ഈ വിഷജീവികള്‍ വിഴുങ്ങിക്കഴിഞ്ഞതാണ്. ഈ നാട് കയ്യില്‍ ഒതുങ്ങാത്തതിന്റെ സകല അമര്‍ഷവുമായി തിളച്ചു നില്‍ക്കുമ്പോള്‍ കിട്ടിയ അവസരത്തില്‍ ആഞ്ഞടിക്കുകയാണ്. നാം തോറ്റു കൊടുത്തു കൂടാ.

വാട്‌സ് ആപ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>