സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 19th, 2018

ശബരിമല : ബൗദ്ധക്ഷേത്രത്തെ തിരിച്ചുപിടിക്കുകയാണ് വേണ്ടത്

Share This
Tags

sss

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരായ കലാപങ്ങളാല്‍ കേരളം സംഘര്‍ഷ ഭരിതമാകുകയാണ്. ആദ്യദിവസങ്ങളില്‍ വിധിയെ സ്വാഗതം ചെയ്തവരാണ് പിന്നീട് നിലപാട് മാറ്റി ആക്രമണമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇവരുടെ ലക്ഷ്യം മറ്റുപലതാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. അതാകട്ടെ വളരെ ലളിതമായ ഭാഷയില്‍ ഇടതുപക്ഷം പറയുന്ന പോലെ ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും രാഷ്ട്രീയ മുതലെടുപ്പുമാത്രമല്ല. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന തങ്ങളുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന സവര്‍ണ്ണ – പുരുഷാധിപത്യ ശക്തികളുടെ വേവലാതിയാണ് ഈ പോരാട്ടങ്ങളുടെ ചാലകശക്തി. ഇപ്പോളിതാ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം വേണമെന്ന തങ്ങളുടെ നിലപാട് തിരുത്തി ആര്‍ എസ് എസ് കേന്ദ്രനേതൃത്വവും രംഗത്തുവന്നിരിക്കുന്നു. അതോടെ ചിത്രം പൂര്‍ത്തിയായി.
ഭരണഘടന അവകാശങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള കോടതി വിധിയ്‌ക്കെതിരെ ആദ്യ ദിവസങ്ങളില്‍ കാണാതിരുന്നതും പിന്നീട് ശക്തമായി തീര്‍ന്നതുമായ പൊതുവികാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രാഹുല്‍ ഈശ്വറിനെ പോലെയുള്ള ബ്രാഹ്മണിസത്തിന്റെ വക്താക്കളാണ്. സംഘപരിവാര്‍ സംഘടനകള്‍ പോലും സ്വീകരിച്ചു പോന്നിരുന്ന നിലപാടുകള്‍ തിരുത്തപ്പെടുന്നതും അവിടെ നിന്നാണ്. ഇതൊക്കെ കേവലം അയ്യപ്പ ഭക്തിയില്‍ നിന്ന് മാത്രം വരുന്നതല്ല, അധികാരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ഭരണഘടനയ്‌ക്കെതിരെ മനുവാദികള്‍ തീര്‍ക്കുന്ന കൃത്യമായ പ്രതിരോധമാണ്. രാഹുല്‍ ഈശ്വര്‍ കേവലമൊരു വ്യക്തിയല്ല സഹസ്രാബ്ധം പഴക്കമുള്ള സവര്‍ണ അധികാര സ്ഥാപനങ്ങളുടെ ആധുനിക അംബാസിഡറാണ്. കോടതി വിധി വഴി ശബരിമലയില്‍ ഇല്ലതാക്കപ്പെടുന്നത് ലിംഗ വിവേചനം മാത്രമല്ല വരും നാളുകളില്‍ ബ്രാഹ്മണിസത്തിന്റെ എല്ലാത്തരം അധീശത്വ രീതികളും ചോദ്യം ചെയ്യപ്പെടുമെന്ന ് അയാള്‍ തിരിച്ചറിയുന്നുണ്ട്. രാജ്യത്ത് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സവര്‍ണ അധികാരങ്ങള്‍ ഒന്നൊന്നായി ഭരണഘടന റദ്ദ് ചെയ്യുമെന്നും ബ്രാഹ്മണിസം തിരിച്ചറിയുന്നു.
ശബരിമലയുടെ സവര്‍ണ്ണ – പുരുഷവല്‍ക്കരണം നടന്നിട്ട് അധികകാലമായിട്ടില്ല എന്നത് വ്യകതമാണ്. ക്ഷേത്രത്തിന് ആദിവാസി വിഭാഗവുമായും വാവരുസ്വാമിയുമായും ഈഴവ സമുദായവുമായുള്ള ബന്ധങ്ങള്‍ പല ചടങ്ങുകളില്‍ നിന്നും വ്യക്തമാണ്. വേട്ടക്കാരനായ അയ്യപ്പനെ ഓര്‍മ്മിപ്പിക്കുന്ന എരുമേലിയിലെ പേട്ടതുള്ളല്‍ ഓര്‍മ്മിപ്പിക്കുന്നത് ആദിമവാസികളുടെ സംകൃതിയെയാണ്. ആദിവാസികള്‍ക്ക് ക്ഷേത്ര പ്രതിഷ്ഠക്കു മുകളില്‍ തേന്‍ അഭിഷേകം നടത്താനുള്ള അവകാശമുണ്ടായിയിരുന്നല്ലോ. വിഖ്യാതമായ മകരവിളക്ക് കത്തിച്ചിരുന്നതും മറ്റാരുമായിരുന്നില്ലല്ലോ. ക്ഷേത്രത്തിലെ വെടിവഴിപാടിന്റെ കുത്തക ചേര്‍ത്തല ചീരപ്പന്‍ ചിറ കുടുംബത്തിനായിരുന്നു. ഇതെല്ലാം നഷ്ടപ്പെട്ടിട്ട് അധികകാലമായിട്ടില്ല. നഷ്ടപ്പെടുകയായിരുന്നില്ല, പിടിച്ചെടുക്കപ്പെടുക തന്നൈയായിരുന്നു. അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തിലെ ഭഗവതിമാര്‍ക്കൊപ്പമുളള ഈഴവ, ആദിവാസി പ്രതിനിധികള്‍ ശബരിമലയിലുള്ള വാവരുസ്വാമി കറുപ്പുസ്വാമി മഹിഷിയേ നേരിടുമ്പോള്‍ രംഗത്തുണ്ടായിരുന്ന കുള്ളനായ സ്വാമി ഇവരെ ഓര്‍മിപ്പിക്കുന്നതായും ചൂണ്ടികാട്ടപ്പെടുന്നു.
തീര്‍ച്ചയായും ശബരിമലയുടെ ബൗദ്ധപാരമ്പര്യവും പ്രകടമാണ്. ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യാ, അയ്യന്‍, അയ്യനാര്‍, അയ്യപ്പന്‍ എന്നീ ദൈവ സങ്കല്‍പ്പങ്ങളെല്ലാം 2300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബുദ്ധ ധര്‍മ്മത്തെ ഏഷ്യന്‍ വന്‍കരയിലാകമാനം സ്വപ്രയത്നത്താല്‍ പ്രചരിപ്പിച്ച അശോകന്റെ ബോധിസത്വ സങ്കല്‍പ്പം കൂടി സ്വാംശീകരിച്ചതാണ്. ശബരിമല ഭക്തരുടെ ശരണം വിളിയായ ‘സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ ‘ എന്നത് ‘ബുദ്ധം ശരണം ഗച്ചാമി, ധര്മ്മം ശരണം ഗച്ചാമി’ എന്ന ബൗദ്ധരുടെ ശരണ മന്ത്രങ്ങള്‍ തന്നെയാണ്. ക്ഷേത്രപ്രവേശനവിളംബരത്തിനും നൂറ്റാണ്ടുകള്‍ക്കുമുമ്പെ ഇവിടെ എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍പോലും അന്യമതസ്ഥതര്‍ക്കു പ്രവേശനമില്ല. ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടലും ‘സ്വാമി’ എന്ന് പരസ്പ്പരം സംബോധന ചെയ്യലും ‘തത്വമസി’ മന്ത്രവും ബൗദ്ധപാരമ്പര്യം തന്നെ. 1931 ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പോലും ശബരിമല ശസ്തവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്നം വിശേഷിപ്പിച്ചിരുന്നു. ഈ പഗോഡ പില്‍ക്കാലത്ത് ശബരിമല ദേവാലയമായി തീര്‍ന്നതിനും ആദിവാസി, ഈഴവ സമുദായക്കള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനും ദേവസ്വം ബോര്‍ഡ്, പന്തളം മുന്‍ രാജകുടുംബം, തന്ത്രികള്‍ എന്നിവര്‍ക്കെല്ലാം പങ്കുണ്ട്്. ഇപ്പോള്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നു പറഞ്ഞ് കലാപമുണ്ടാക്കുന്നവര്‍ ആദിവാസിക്കും ഈഴവ കുടുംബത്തിനുമുണ്ടായ നഷ്ടത്തെ കുറിച്ച് നിശബ്ദരാണ്. ഇക്കാലയളവിലൊന്നും സ്ത്രീകള്‍ക്കും വിവേചനമില്ലായിരുന്നു. അതു സംഭവിച്ചിട്ട് 60ഓളം വര്‍ഷമേ ആയിട്ടുള്ളു. ശാസ്താവില്‍ അയ്യപ്പന്‍ ലയിച്ചു എന്ന അധികം പുരാതനമല്ലാത്ത സങ്കല്‍പ്പമാണ് സവര്‍ണ്ണ – പുരുഷവല്‍ക്കരണത്തിനായി ഉപയോഗിച്ചത്. ഇപ്പോളത്തെ വിധിക്കെതിരേയും ഉപയോഗിക്കുന്നത്. ഭരണഘടനയേക്കാള്‍ മുസ്മൃതിക്കു പ്രാധാന്യം നല്‍കുന്നതും വെറുതെയല്ല. ശബരിമലയില്‍ പതിനെട്ട് മലകള്‍ക്ക് അധിപനായി അയ്യപ്പന്‍ ഭക്തരാല്‍ വാഴ്ത്തപ്പെടുന്നതിന് മുന്‍പ് ആ പതിനെട്ട് മലകളില്‍ അധിവസിച്ചിരുന്ന ആദിവാസി ഗോത്രങ്ങളായ മലഅരയര്‍ക്കും മലപണ്ടാരങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമിയും വന വിഭവങ്ങളും നഷ്ടപ്പെട്ടതും സ്വാഭാവികമല്ല.
വാസ്തവത്തില്‍ ആദിവാസികളും ദളിതരും പിന്നോക്കക്കാരും സ്ത്രീകളുമെല്ലാം തങ്ങള്‍ക്കു നഷ്ടപ്പെട്ട ഈ ബൗദ്ധക്ഷേത്രത്തെ തിരിച്ചുപിടിക്കാനാണ് പോരാടേണ്ടത്. നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്നത് അതല്ല. തങ്ങളുടെ അധികാരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ സവര്‍ണ്ണവിഭാഗങ്ങള്‍ നടത്തുന്ന സമരത്തിലാണ് ഇവരില്‍ വലിയൊരുവിഭാഗം അണിനിരന്നിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വീകര്‍ നടത്തിയ ഐതിഹാസികമായ നവോത്ഥാനപോരാട്ടങ്ങളൊണ് ഫലത്തില്‍ ഇവര്‍ തള്ളിക്കളയുന്നത്. എങ്കിലും കെപിഎംഎസും പല ആദിവാസി സംഘടനകളും എസ് എന്‍ ഡി പിയിലെ ഒരുവിഭാഗവുമെല്ലാം ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നു എ്ന്നത് പ്രതീക്ഷ നല്‍കുന്നു. ഇത്തരത്തിലുള്ള സമയങ്ങളിലല്ലാതെ ഹിന്ദുക്കള്‍ ഒന്നാകുന്നില്ല എന്നും ജാതീയവും ലിംഗപരവുമായ വിവേചനങ്ങളാണ് വാസ്തവത്തില്‍ ഈ മതത്തിന്റെ നിലനില്‍പ്പെന്നും ഒരു വിഭാഗമെങ്കിലും തിരിച്ചറിയുന്നുണ്ട്. പോയ നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന നവോത്ഥാനസമരങ്ങള്‍ പോലും പ്രധാനമായും അതാതു ജാതികളിലെ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളായിരുന്നു എന്നും കേരളത്തിന്റെ മൊത്തം നവോത്ഥാന സമരങ്ങളായിരുന്നില്ല എന്നും തിരിച്ചറിയുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. വരുംകാല സമരങ്ങള്‍ക്കുവേണ്ട ദിശയും വ്യക്തമാകും. കേവല കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളോ തെരഞ്ഞെടുപ്പുമുന്നില്‍ കണ്ടുള്ള കലാപങ്ങളോ മാത്രമല്ല ഇപ്പോള്‍ നടക്കുന്നതെന്നും സംഘപരിവാറിന്റെ ദീര്‍ഘതത ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇതിനു പുറകിലെന്നും തിരിച്ചറിയേണ്ടതും ആ ദിശക്ക് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ അനിവാര്യമാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>