സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Oct 17th, 2018

കക്ഷിരാഷ്ട്രീയം മാറ്റി വെക്കണം : കേരളബാങ്ക് രൂപീകരിക്കണം

Share This
Tags

kkk

ജില്ലാ സഹകരണ ബാങ്കുകളെ ഏകീകരിച്ച് ഉടനാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കേരളബാങ്ക് രൂപീകരണം പ്രതിസന്ധിയിലെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് തുടങ്ങാന്‍ റിസര്‍വ്വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഒന്നായ എല്ലാ ജില്ലാ സഹകരണ ബാങ്കുകളും ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കണമെന്ന നിബന്ധനയാണ് പ്രതിസന്ധിക്കു കാരണം. കേരള ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്തിരിക്കുന്ന യു ഡി എഫ്, തങ്ങള്‍ ഭരിക്കുന്ന 5 ജില്ലാ ബാങ്കുകള്‍ പ്രമേയം പാസ്സാക്കില്ലെന്നു പ്രഖ്യാപിച്ചതോടെയാണ് ബാങ്ക് രൂപീകരണം സര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ഐ യുമായി ലയിച്ചതിന് ശേഷം കേരളത്തിന് സ്വന്തമായൊരു ബാങ്ക് ഇല്ലാതായിരിക്കുകയാണ. നമ്മുടേതുമാത്രമായിരുന്ന നെടുങ്ങാടി ബാങ്ക് എന്നേ ഇല്ലാതായി. ഫെഡറല്‍, കാതലിക് സിറിയന്‍, ധനലക്ഷ്മി ബാങ്കുകളുടെ ആസ്ഥാനം കേരളത്തിലാണ്. എന്നാല്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ബാങ്കും പോലെതന്നെയാണ് മലയാളികള്‍ക്ക് അവയും. എസ് ബി ഐ ആകട്ടെ, ചെറുകിട ഇടപാടുകാര്‍ ആവശ്യമില്ല എ്ന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഈ വിടവ് നികത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമായാണ് സാമ്പത്തിക വിദഗ്ദര്‍ കേരള ബാങ്കിനെ കാണുന്നത്.
കേരളത്തിലെ ജനകീയമായ, വേരുറച്ച ബാങ്കിങ് ശൃംഖലയാണ് സഹകരണ ബാങ്കുകള്‍. സാധാരണക്കാര്‍ ഏറ്റവും ആശ്രയിക്കുന്ന ബാങ്കുകള്‍ കൂടിയാണ് ഇവ. എന്നാല്‍ നിലവിലെ രീതിയില്‍ കേരളത്തിന്റെ സമ്പദ്ഘടനക്ക്
ഗുണപരമായി സഹകരണ ബാങ്കുകളെ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് അതെ കുറിച്ച് പഠിച്ച ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആധുനിക ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് പരിമിതികള്‍ ഇവക്കുണ്ട്. ഈ കുറവുകള്‍ മറികടക്കാനും എസ്.ബി.ടി ഉണ്ടാക്കിയ വിടവ് നികത്താനുമായാണ് കേരള ബാങ്ക് എന്ന ആശയം രൂപപ്പെടുന്നത്. സഹകരണ ബാങ്കുകളുടെ സ്വീകാര്യത ഉപയോഗിക്കുകയും അതിന്റെ പരിമിതികള്‍ മറികടക്കുകയും ചെയ്യുകയാണ് ഉദ്ദേശം.
കേരളത്തിലെ സഹകരണ ബാങ്കുകള്‍ നിലവില്‍ പിന്തുടരുന്നത് ത്രിതല സംവിധാനമാണ്. അതായത് എറ്റവും താഴെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ഈ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി ജില്ലാ സഹകരണ ബാങ്കുകള്‍ അവക്കും മുകളിലായി സംസ്ഥാന തലത്തില്‍ കെ എസ് സി ബി (കേരള സംസ്ഥാന സഹകരണ ബാങ്ക്). 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ 804 ബ്രാഞ്ചുകളുണ്ട്. ഇവക്കെല്ലാം ചേര്‍ന്ന് 60000 കോടി നിക്ഷേപവും കെ.എസ്.സി.ബിക്ക് 8000 കോടി നിക്ഷേപവുമുണ്ട്. ഈ രണ്ട് ബാങ്കുകളും ലയിപ്പിക്കുമ്പോള്‍ എസ്.ബി.ടി യുടെ നിക്ഷേപ ആസ്തിയുടെ അടുത്തെത്തും കേരള ബാങ്കിന്റെ ആസ്തി എന്ന് കണക്കുകള്‍ പറയുന്നു.
ത്രിതല ബാങ്കിങ്ങ് ഘടനക്ക് പകരം രണ്ട് തലങ്ങളുള്ള ബാങ്കിങ് ഘടനയാണ് കേരള ബാങ്കിനായി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. അതായത് ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുക. ഈ ബാങ്കിനെയാണ് കേരള ബാങ്ക് എന്ന് വിളിക്കുന്നത്. പ്രാഥമിക കാര്‍ഷികസഹകരണ സംഘങ്ങള്‍ നിലവിലേത് പോലെ തന്നെ നിലനില്‍ക്കും.
കേരള ബാങ്ക് യാഥാര്‍ത്ഥ്യമായാല്‍ ജനങ്ങളാല്‍ രൂപികരിക്കപ്പെട്ട് ജനങ്ങള്‍ തന്നെ നടത്തുന്ന ഒരു പുതു തലമുറ ബാങ്ക് നിലവില്‍ വരും. ഇത് കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദവും ആവും. സഹകരണ ബാങ്കുകള്‍ക്ക് പ്രവാസി മലയാളികളുടെ പണം സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിലേക്ക് മാറുമ്പോള്‍ ഇതും സാധ്യമാവും. ഈ പരിമിതിയേയും കേരളബാങ്കിനു മറികടക്കാനാകും.
കേരളബാങ്ക് സഹകരണ മേഖലയില്‍ത്തന്നെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അതു നല്ലതുതന്നെ. അപ്പോഴും സഹകരണമേഖലയുടെ പരിമിതികള്‍ അതിനെ ബാധിച്ചുകൂട. ബാങ്കിംഗ് ഇടപാടുകളില്‍ മാത്രമല്ല, നിയമനങ്ങളിലടക്കം അഴിമതി പാടില്ല. സഹകരണ ബാങ്കുകളെ പോലെ വന്‍ പലിശാ നിരക്കും പാടില്ല. എല്ലാവിധ ബാങ്കിങ് നിയമങ്ങളും പാലിക്കുന്ന, മറ്റ് ബാങ്കുകളുടേതിന് സമാനമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കണം. ജനകീയ സ്വഭാവം കൈവിടുകയുമരുത്. അമിതമായ കക്ഷിരാഷ്ട്രീയവും ഇല്ലാതാക്കണം. ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്, ട്രഷറി മാനേജ്മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ നിര്‍വഹിക്കണം. ഉപഭോക്തൃകേന്ദ്രീകൃതമായിരിക്കണം. പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി ഇത് മാറും. ഇതുവഴി സംസ്ഥാന വികസനത്തില്‍ ഗണ്യമായ പങ്കുവഹിക്കാനാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ വായ്പാ നിക്ഷേപ അനുപാതം കുറവാണ്. പൊതുവില്‍ നമ്മുടെ പണം പുറത്തേക്കൊഴുക്കുകയാണ് നമ്മുടെ ബാങ്കുകള്‍ ചെയ്യുന്നത്. അതില്‍ നിന്നു വ്യത്യസ്ഥമായി കേരള വികസനത്തിന്റെ കേന്ദ്രമായി ബാങ്ക് മാറണം. ആ ദിശയിലുള്ള പദ്ധതികള്‍ തയ്യാറാക്കണം. അവിടേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ തടസ്സമാകരുത്. ഇപ്പോള്‍ ഓരോ ബാങ്കും കാലങ്ങളായി ഓരോ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. മെമ്പര്‍ഷിപ്പുകൊടുക്കുമ്പോള്‍ മുതല്‍ തങ്ങളുടെ പിടി വിടാതിരിക്കാന്‍ ഇവര്‍ ശ്രദ്ധാലുക്കളാണ്. വളം പോലെ കാര്‍ഷികമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി സ്വീകരിക്കുമ്പോള്‍ പോക്കറ്റിലേക്കും പാര്‍ട്ടി ഫണ്ടിലേക്കും പണം കൊടുക്കണം. തങ്ങളുടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനാവശ്യമായി പരസ്യരൂപത്തിലും മറ്റും വന്‍തുകയാണ് ഈ ബാങ്കുകള്‍ നല്‍കുക. ഇവിടത്തെ തൊഴിലവസരങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി പി എസ് സിയുടെ നിയന്ത്രണത്തിലല്ല. അവ മിക്കവാറും പാര്‍ട്ടിക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി വീതിച്ചു കൊടുത്തിരിക്കുന്നു. ഈ അവസ്ഥയെല്ലാം മാറണം. ഇതിന്റെയെല്ലാം കാലം കടന്നുപോയി എന്നു തിരിച്ചറിഞ്ഞ് തികച്ചും പ്രൊഫഷണലാകണം. ആധുനികമാകണം.
ഇപ്പോള്‍ കേരളബാങ്ക് രൂപീകരണത്തിനു തടസ്സവും കക്ഷിരാഷ്ട്രീയമാണെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കണം. എല്‍ ഡി എഫ് രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നുതന്നെയാണ് യുഡിഎഫിന്റെ ഭയം. അതു മാറ്റണം. ഇരുകൂട്ടരും ചേര്‍ന്ന് കക്ഷിരാഷ്ട്രീയത്തേക്കാള്‍ കേരളത്തിന്റെ തനതായ വികസനത്തിന് പ്രാധാന്യം കൊടുത്ത സമവായത്തോടെ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കണം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>