സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Oct 16th, 2018

കുട്ടികളുടെ ശവങ്ങള്‍ കണ്ടാലേ നമുക്ക് പ്രതികരണം വരൂ എന്നാണോ?

Share This
Tags

ccc

ബച്ചൂ മാഹി

ജെഎന്‍യുവിലും ഹൈദരാബാദ് യുണിവേഴ്‌സിറ്റിയിലും നടമാടിയ പോലെ, സംഘപരിവാര്‍ താല്പര്യസംരക്ഷനായ വിസിയുടെയും മറ്റു മുഖ്യ ചുമതലക്കാരുടേയും അഴിഞ്ഞാട്ടമാണ് കാസര്‍ഗോട്ടെ കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും നടമാടുന്നത്. അതിന് കുട പിടിക്കുന്ന സമീപനമായിരുന്നു പോലീസിന്റെതും. രോഹിത് വെമുലക്ക്, കനയ്യക്ക് വേണ്ടിയൊക്കെ തൊണ്ടയാര്‍ത്ത കേരള പ്രബുദ്ധത സ്വന്തം മുറ്റത്ത് നടക്കുന്ന തോന്ന്യാസങ്ങളില്‍ കുറ്റകരമായ മൗനം തുടരുകയാണ്.

മാസങ്ങളായി ഫെല്ലോഷിപ്പ് തുക തടഞ്ഞുവെച്ചതിന്റെയും മറ്റുപല മാനസിക സംഘര്‍ഷങ്ങളുടെയും ഫലമായി ഗന്തോടി നാഗരാജു (Ganthoti Nagaraju) എന്ന ദളിത് ആക്ടിവിസ്റ്റ് കൂടിയായ ഗവേഷക വിദ്യാര്‍ത്ഥി ചെറുതായൊന്ന് പൊട്ടിത്തെറിച്ചു; ഹോസ്റ്റലിലെ ഫയര്‍ അലാമിന്റെ കവര്‍ പൊട്ടിച്ചു. നൂറോ ഇരുനൂറോ രൂപ മാത്രം വിലവരുന്ന നിസ്സാരവസ്തു. പക്ഷെ ഇതിന്റെ പേരില്‍ സംഘപരിവാര്‍ താത്വികനായ വി.സി., പോലീസിനെ വിളിച്ചു ഏല്പിക്കുകയും ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി രണ്ടാഴ്ച്ച റിമാന്‍ഡ് ചെയ്യിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പോസ്റ്റ് ഇട്ട ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെ (Prasad Pannian) സസ്പെന്‍ഡ് ചെയ്തിരുന്നു. അധികൃതര്‍. സംഭവത്തെക്കുറിച്ച് പോസ്റ്റിട്ട വിദ്യാര്‍ത്ഥി അഖില്‍ താഴത്ത്-ന് (Akhil Jaya) ഡിസ്മിസലും നല്‍കി.

സംഭവങ്ങളുടെ പരിണതിയായി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു അഖില്‍. വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ ആയതിനെത്തുടര്‍ന്ന്, കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ സമവായനിര്‍ദ്ദേശപ്രകാരം, ഫേസ്ബുക്കില്‍ സര്‍വ്വകലാശാലയെ വിമര്‍ശിച്ചതിന് ക്ഷമാപണം നടത്തിയാല്‍ അഖിലിനെ തിരിച്ചെടുക്കാം എന്നതിനെ മാനിച്ച് , അത്തരമൊരു കത്ത് നല്‍കിയിട്ടും നടപടി പിന്‍വലിക്കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല എന്ന് അഖിലിന്റെ പിതാവ് Fredy K Thazhath അറിയിക്കുന്നു. കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക് പിന്‍വലിച്ചിട്ടും അടച്ചിട്ട യൂണിവേഴ്‌സിറ്റിയും ഹോസ്റ്റലും തുറക്കാനും അധികാരികള്‍ ഇതുവരെ സന്നദ്ധമായിട്ടില്ല; പകരം, അധികാരികള്‍ അവര്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കയാണ്, അതില്‍ ആശുപത്രിയില്‍ കിടക്കുന്ന അഖിലിനെക്കൂടി എതിര്‍കക്ഷിയാക്കിക്കൊണ്ട് അതിന്റെ നോട്ടീസ് ആശുപത്രിക്കിടക്കയില്‍ നിന്ന് അഖിലിന്റെ ഒപ്പ് വാങ്ങി സെര്‍വ്വ് ചെയ്ത് പോയിരിക്കുകയാണ് എന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു. അഖില്‍ ഇപ്പോഴും ആശുപത്രികിടക്കയിലാണ്!

രോഹിത് വെമുലടെ ആത്മഹത്യയും HCUവിലെ കാവിവല്‍ക്കരണവും അപ്പാറാവുവിന്റെ സ്വേച്ഛാധിപത്യവുമൊക്കെ പ്രകമ്പനം കൊള്ളിച്ച കേരളത്തില്‍ കണ്മുന്നില്‍ സമാനമായതെല്ലാം അരങ്ങേറിയിട്ടും ഇവിടെയത് വലിയ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നത് ആശ്ചര്യകരമാണ്. അതോ ഇനി, കുട്ടികളുടെ ശവങ്ങള്‍ കണ്ടാലേ നമുക്ക് പ്രതികരണം വരൂ എന്നാണോ?!

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>