സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Oct 15th, 2018

WCC രചിക്കുന്നത് മറ്റൊരു പെണ്‍ചരിത്രം

Share This
Tags

wcc

താരസംഘടനയായ എ.എം.എം.എയ്ക്കെതിരെ തുറന്ന പ്രതിഷേധവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നത് സമകാലിക കേരളത്തിലെ മറ്റൊരു പെണ്‍ചരിത്രമായി മാറുകയാണ്. ഒരു വശത്ത് ഏറ്റവുമധികം ഗ്ലാമര്‍ നിലനില്‍ക്കുകയും മറുവശത്ത് അതിനേക്കാളേറെ ചൂഷണവും അനീതിയും അസമത്വവും പുരുഷാധിപത്യവും നിലനില്‍ക്കുകയും ചെയ്യുന്ന മറ്റൊരു മേഖലയും ഉണ്ടെന്നു തോന്നുന്നില്ല. നിര്‍ഭാഗ്യകരമാണെങ്കിലും നടി അക്രമിക്കപ്പെട്ട സംഭവമാണ് ഈ ഗ്ലാമറിനു പുറകിലെ ചച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ കുറച്ചെങ്കിലും കൊണ്ടുവന്നത്. അപ്പോള്‍പോലും കാലത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സിനിമാമേഖലയെ നിയന്ത്രിക്കുന്ന വമ്പന്മാര്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തിലാകട്ടെ പ്രബുദ്ധമെന്നു പറയപ്പെടുന്ന കേരളം വളരെ പുറകിലുമാണ്. ഇന്നലത്തെ പത്രസമ്മേളനത്തില്‍ WCC ചൂണ്ടികാട്ടിയ പോലെ ബോളിവുഡിലും മറ്റും കോടികളുടെ നഷടം സഹിച്ചും കുറ്റാരോപിതരെ ബഹിഷ്‌കരിക്കാന്‍ സൂപ്പര്‍ താരങ്ങള്‍പോലും തയ്യാറാകുമ്പോള്‍ ഇവിടെ അവരെ സംരക്ഷിക്കാനും സിനിമകള്‍ ചെയ്യാനുമാണ് പ്രമുഖര്‍ പോലും ശ്രമിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയെയല്ല കുറ്റാരോപിതനെയാണ് AMMA സംരക്ഷിക്കുന്നതെന്ന് സംഘടന തുറന്നടിക്കുകയായിരുന്നു. അതിനാലാണ് ഇനി തങ്ങള്‍ നിശബ്രായിരിക്കേണ്ട എന്നു തീരുമാനിച്ചത്. പ്രതിഷേധസൂചകമായി കറുത്തവസ്ത്രങ്ങളണിഞ്ഞാണു നടികളെത്തിയതെന്നതും ശ്രദ്ധേയമായി. രേവതിയേയും പത്മപ്രിയയേയും പോലുള്ള നടികളുടെ പേരുപോലും പരാമര്‍ശിക്കാതെ നടിമാര്‍ മാത്രം എന്ന് മോഹന്‍ലാല്‍ പരാമര്‍ശിച്ചതില്‍ വേദനയുണ്ടെന്ന് പറഞ്ഞതും ചെറിയ കാര്യമല്ല. അങ്ങനെ അഭിസംബോധന ചെയ്തതില്‍ പ്രതിഷേധിച്ച് അവര്‍ സ്വയം പരിചയപ്പെടുത്തകയും ചെയ്തു. എന്താ ഇവര്‍ നടിമാരല്ലേ എന്നു ചോദിച്ച് ഫാനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നടികളുടെ പേരുപോലും ഓര്‍ക്കുകയോ ഓര്‍ത്താല്‍ പോലും പറയാതിരിക്കുകയോ ചെയ്യുന്നത്രയും ശക്തമാണ് താരങ്ങളുടെ ആധിപത്യമെന്നും അതിനി അംഗീകരിക്കില്ല എന്നുമാണ് അസന്നിഗ്ധമായി WCC പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമകളിലെപോലെ അവര്‍ തങ്ങളുടെ നിഴലുകള്‍ മാത്രമാണെന്നാണ് താരങ്ങള്‍ ധരിച്ചിരിക്കുന്നത് എന്നതിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കുറ്റാരോപിതനെ പുറത്തുനിര്‍ത്താതെ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കുന്നതിന്റെ പിന്നിലെ താല്‍പ്പര്യവും മറ്റൊന്നല്ല.
സിനിമാമേഖല ഒരു കുടംബമാണെന്നും അവിടത്തെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്നുമുള്ള വാദത്തെ തള്ളിക്കളഞ്ഞ നടികള്‍ അതൊരു സംതൃപ്ത കുടുംബമല്ലെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന പ്രഷര്‍ കുക്കറാണെന്നും പറഞ്ഞതും നിസ്സാരകാര്യമല്ല. വരാന്‍ പോകുന്ന പൊട്ടിത്തെറികളിലേക്കുതന്നെയാണവര്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെങ്ങും നടക്കുന്ന പെണ്‍മുന്നേറ്റം മലയാള സിനിമാരംഗത്തേയും പിടിച്ചുലക്കുമെന്നുറപ്പ്. സിനിമയില്‍ എക്കാലത്തും അടിച്ചമര്‍ത്തലുകളും പീഡനവും ഏറ്റുവാങ്ങേണ്ടിവന്ന സ്ത്രീകള്‍, കേരളത്തില്‍ പുതിയൊരു പന്ഥാവ് വെട്ടിത്തുറക്കുകയാണ്. സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, സിനിമയുടെ ലോകം ആണിന് മാത്രം അവകാശപ്പെട്ടതല്ലെന്നും തങ്ങള്‍ക്കും അതില്‍ തുല്യാവകാശമാണുള്ളതെന്നും ഈ സ്ത്രീകള്‍ തുറന്നു പറയാനാരംഭിച്ചിരിക്കുന്നു. അത് ആണത്തത്തിന്റെ മസില്‍പ്പെരുപ്പത്തിലേക്കും മീശ പിരിക്കലിലേക്കും സ്ത്രീകളുടെ അവകാശങ്ങളുറപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യചിഹ്നങ്ങളെറിഞ്ഞുതുടങ്ങിക്കഴിഞ്ഞു. ആണ്‍സംഘടനാമേധാവികളുടെ ഇടയില്‍ അസ്വാരസ്യത്തിന്റെ വിത്തുകള്‍ പാകിക്കഴിഞ്ഞിരിക്കുന്നു. ഈ ആണ്‍ശക്തികള്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന, പലപ്പോഴും അവരുടെ ഗൂണ്ടാപ്പടയായി പ്രവര്‍ത്തിക്കുന്ന ഫാന്‍സംഘങ്ങള്‍ക്കും അടിപതറാനാരംഭിച്ചിരിക്കുന്നു. പത്രസമ്മേളനത്തിനുശേഷം WCC ഫേസ് ബുക്ക് പേജില്‍ തെറിയഭിഷേകങ്ങളുമായി അവര്‍ രംഗത്തുവന്നിരിക്കുന്നത് വെറുതെയല്ല. ലിംഗവിവേചനത്തിനും അസമത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ സ്ത്രീകള്‍ ലോകമെമ്പാടും മുന്നേറുകയും അര്‍ഹമായ അംഗീകാരവും ആദരവും നേടിയെടുക്കുകയും ചെയ്യുമ്പോഴും കൊച്ചു കേരളത്തില്‍ അധീശത്വ വിധേയത്വ ബന്ധങ്ങളിലൂന്നിയ സ്ത്രീ പുരുഷ വിനിമയങ്ങളെ ആഘോഷിക്കുകയാണ് ഇവിടെയുള്ള സിനിമയും സിനിമാമേഖലയും.
നമ്മുടെ മാധ്യമങ്ങളെതന്നെ നോക്കൂ. ഇന്നലത്തെ പത്രസമ്മേളനത്തില്‍ നടികള്‍ പറഞ്ഞ വിഷയങ്ങളായിരുന്നില്ല മറ്റു വിഷയങ്ങളിലായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. പലരും WCCയെ കുറ്റപ്പെടുത്തുന്നതും കേട്ടു. പലര്‍ക്കുമാവശ്യം മി ടൂ ആയിരുന്നു. അതുകേട്ട് സഹികെട്ടായിരുന്നു നടി അര്‍ച്ചന പദ്മിനി തനിക്കുണ്ടായ അനുഭവം വെട്ടിത്തുറന്നു പറഞ്ഞത്. അപ്പോളും പത്രക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് എന്തുകൊണ്ട് കേസുമായി മുന്നോട്ടുപോകുന്നില്ല എന്നായിരുന്നു. കണ്ട ഊളകള്‍ക്കുപുറകെ നടന്നു കളയാനുള്ളതല്ല തന്റെ ജീവിതം എന്നായിരുന്നു അതിനു നടി നല്‍കിയ മറുപടി. ഇതിനേക്കാള്‍ മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം.
സിനിമാ മേഖലയെ തൊഴില്‍ മേഖലകളായി പോലും പൊതുവില്‍ കാണുന്നില്ല എന്നതാണ് കൗതുകകരം. തങ്ങളൊരു കുടുംബമാണെന്ന അമ്മ സംഘടനാ ഭാരവാഹികളുടെ വാക്കുകള്‍ സ്ഥിരമായി കേള്‍ക്കാറുള്ളതാണല്ലോ. ആ തട്ടിപ്പവസാനിപ്പിച്ച് തൊഴില്‍ മേഖലയായി അംഗീകരിച്ച് എല്ലാ തൊഴില്‍ നിയമങ്ങളും നടപ്പാക്കുകയാണ് അടിയന്തിരമായി വേണ്ടത്. അതില്‍ സ്ത്രീസുരക്ഷാ നിയമങ്ങള്‍ മുതല്‍ തുല്ല്യജോലിക്ക് തുല്ല്യവേതനം വരെ വേണം. സ്ത്രീ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാന്‍ ഇനിയും വൈകിക്കൂട. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തി മാസങ്ങളായെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ല.
സത്യത്തില്‍ കേരളതതിലെമ്പാടും സ്ത്രീമുന്നേറ്റങ്ങള്‍ ശക്തമാകുന്ന കാലമാണഇത്. കന്യാസ്ത്രീസമരവും പെമ്പിളൈ ഒരുമൈ സമരവും ഇരിക്കല്‍ സമരവും നേഴ്‌സുമാരുടെ പോരാട്ടങ്ങളും ദളിത് ആദിവാസി സമരങ്ങളും മത്സ്യത്തൊഴിലാളി സമരങ്ങളും രാത്രി പിടിച്ചെടുക്കല്‍ സമരവും ആര്‍ത്തവസമരവും മൂത്രപ്പുരക്കായുള്ള സമരവും ചിത്രലേഖ, പ്രീതീഷാജി, ജസീറ പോലുള്ളവര്‍ നടത്തുന്ന അതിജീവനപോരാട്ടങ്ങളുമെല്ലാം ഉദാഹരണങ്ങള്‍. സംസ്ഥാനത്തുടനീളം സജീവമായ പാരിസ്ഥിതിക സമരങ്ങളും നയിക്കുന്നത് സ്ത്രീകള്‍ തന്നെ. ഈ നിരയില്‍ തന്നെയാണ് ജനാധിപത്യാവകാശങ്ങള്‍ക്കും തുല്ല്യതക്കും നീതിക്കുമായുള്ള നടികളുടെ പോരാട്ടവും. ഗ്ലാമര്‍ മേഖലയാണ് എന്നതിനാല്‍ ഈ പോരാട്ടത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>