സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Oct 14th, 2018

രണ്ടാം നവോന്ഥാന മുന്നേറ്റങ്ങള്‍ക്ക് സമയമായി

Share This
Tags

kk

സന്തോഷ് കുമാര്‍

‘സ്വാമി ശരണം’ വിളി ‘ജയ് ശ്രീറാം’ വിളിയായി അടിത്തട്ടില്‍ പരിണമിക്കുന്നത് കാണാനുള്ള ശേഷിയില്ലായ്മ കൊണ്ടാണ് പലര്‍ക്കും ശബരിമല ഗൗരവതരമായ വിഷയം അല്ലാതായി മാറുന്നത്, നിശബ്ദമായിരിക്കാം എന്നു തോന്നലുകള്‍ ഉണ്ടാകുന്നത്. വിശ്വാസത്തിനും വിശ്വാസിക്കും പുറത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ആചാര സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് അതിന്റെ ഘടനകൊണ്ടു തന്നെ സവര്‍ണ്ണ വര്‍ഗീയ സമരമാണ്. സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ബ്രാഹ്മണാധിപത്യത്തിനുമായിരിക്കും ഇത് വഴിയൊരുക്കുക. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളില്‍ – ഇപ്പോള്‍ അത് ഇല്ല എന്നല്ല- നവോന്ഥാനന്തരം ചോദ്യം ചെയ്യപ്പെടുകയും പ്രശനവല്‍ക്കരിക്കുകയും ദുര്‍ബലപ്പെടുകയും ചെയ്ത ( ഭാഗികമായെങ്കിലും ) ജാതി അധികാരത്തെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിച്ചെടുക്കുകയായിരിക്കും ഈ വര്‍ഗീയ സമരം ചെയ്യുന്നത്. ഈ സവര്‍ണ്ണ സമരത്തിനു സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രതിരോധത്തിലാക്കാനും കഴിഞ്ഞാല്‍ വിമോചന സമരാനന്തര കേരളം പോലെ മുന്‍ രാഷ്ട്രീയ സമവാക്യങ്ങളെയായിരിക്കും അത് അഴിച്ചു പണിയുന്നത്. കാരണം അധികാര രാഷ്ട്രീയത്തിനു പുറത്ത് ജാതിവിരുദ്ധവും ഹിന്ദുത്വ വിരുദ്ധവുമായ ഒരു പദ്ധതിയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഭരണകൂടങ്ങല്‍ക്കോ ഇല്ല. അതുകൊണ്ട് തന്നെ ഹിന്ദ്വത്വ ശക്തിയും സവര്‍ണ്ണ മേല്‍ക്കോയ്മയും വീണ്ടും ശക്തി തെളിയിക്കപ്പെട്ടാല്‍ അധികാരത്തെ നിലനിര്‍ത്താന്‍ ജാതി – ഹിന്ദുത്വ ബന്ധങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതു മാത്രമായിരിക്കും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആലോചിക്കുക. പിന്നോക്ക സമുദായങ്ങളുടെ സാമുദായിക പരിഗണനയെ ദുര്‍ബലപ്പെടുത്തുന്നത് കൂടിയായിരിക്കും ഇത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലൂടെ വൈകാരികമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വളരെ വ്യാജമായ ഒരു ഏകാത്മക സാംസ്‌കാരിക ഹിന്ദുവിനെ ഭാഗികമായി നിര്‍മ്മിച്ചെടുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ജാതി അധികാരങ്ങളും സവര്‍ണ്ണമേല്‍ക്കോയ്മയും ബ്രാണാധിപത്യവും അംഗീകരിക്കുകയും അത് നിലനില്ക്കണമെന്നും തിരിച്ചുവരണമെന്നും ആഗ്രഹിക്കുകയും ചെയ്യുന്ന സവര്‍ണ്ണ സമുദായ അംഗങ്ങളാണ് ആചാര സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വര്‍ഗീയ സമരത്തിന്റെ പിന്നിലെന്ന് പകല്‍ പോലെ വ്യക്തമായിരുന്നിട്ടും ഈ സവര്‍ണ്ണ സമരത്തിന്റെ പിന്നില്‍ ആദിവാസികളെയും ദളിതരെയും പിന്നോക്ക സമുദായ അംങ്ങളെയും അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞത് വൈകാരികമായി നിര്‍മ്മിച്ചെടുത്ത ഈ വ്യാജ ആചാര – സാംസ്‌കാരിക നിര്‍മ്മിതികൊണ്ടാണ്. നിലക്കലിലെ രാപ്പകല്‍ സമരപ്പന്തലില്‍ ആദിവാസികളുടെ പങ്കാളിത്തം പൂര്‍ണ്ണതോതില്‍ അവര്‍ ഉറപ്പ് വരുത്തുന്നത് വെറുതയല്ല. നാമജപ മന്ത്രണഘോഷയാത്രയില്‍ ഈഴവാദി പിന്നോക്കക്കാരുടെയും ദളിതരുടെയും പങ്കാളിത്തം ഉറപ്പിക്കുന്നതും എന്‍ ഡി എയുടെ ‘ആചാര സംരക്ഷണ യാത്ര’യുടെ ഉദ്ഘാടകനായി തുഷാര്‍ വെള്ളാപ്പള്ളി മാറുന്നതും വെറുതയല്ല.

സ്ത്രീ പ്രവേശനം നടന്നാലുള്ള ഹൈന്ദവവല്‍ക്കരണവും ( ക്ഷേത്ര പ്രവേശന വിളംബരം പോലെ ), അതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണവും ആത്യന്തികമായി ഗുണം ചെയ്യുക ആര്‍ എസ് എസിനായിരിക്കും. സ്ത്രീ പ്രവേശനം നടന്നാലും ഇല്ലെങ്കിലും ആര്‍ എസ് എസിനു രാഷ്ട്രീയമായി അനുഗുണമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് ചുരുക്കം. ആര്‍ എസ് എസിനും പുറത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത് എന്നതാണ് ഏറെ ആശങ്കാജനകം. കോണ്‍ഗ്രസ്സ് ആത്മഹത്യാപരമായ നിലപാടെടുത്ത് ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്നു. കക്ഷി രാഷ്ട്രീയത്തിനും ജാതി സമുദായങ്ങള്‍ക്കും പുറത്ത് ഒരു ഏകാത്മ ഹിന്ദുവിനെ നിര്‍മ്മിച്ചെടുക്കുക എന്ന ആര്‍ എസ് എസ് അജണ്ടയുടെ വിത്തുകളാണ് കേരളത്തില്‍ വളരെ പെട്ടെന്ന് മുളച്ച് പൊന്തുന്നത്. കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും സി പി എമ്മിന്റെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനും ഈ ഹിന്ദുത്വ അജണ്ട സ്വീകാര്യമായി മാറുന്നത് ഇതുകൊണ്ടാണ്.

ഹിന്ദുത്വത്തിന്റെയും ഹിന്ദു മതത്തിന്റെയും നിലനില്‍പ്പ് തന്നെ ജാതിയുടെ ശ്രേണീകൃതമായ അധികാര ബന്ധങ്ങളിലായതുകൊണ്ട് ഏതു തരത്തിലുള്ള ഹിന്ദുത്വ ശാക്തീകരണവും ഹൈന്ദവവല്‍ക്കരണവും ആദിവാസി – ദലിത് – പിന്നോക്ക ജനതയുടെ സാമൂഹിക നീതിക്കായിരിക്കും വിലങ്ങുതടിയാവുക. മാത്രമല്ല ഈ ജനതയുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പുറംന്തള്ളലിനായിരിക്കും ഹിന്ദുത്വവല്‍ക്കരണം വഴിവെയ്ക്കുക. ജാതിവിരുദ്ധവും ഹിന്ദുത്വ വിരുദ്ധവുമായ രാഷ്ട്രീയ പദ്ധതിയിലൂടെയും മുന്നേറ്റത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാനും ആര്‍ എസ് എസിനു അനുഗുണമാകുന്ന രാഷ്രീയ സാഹചര്യങ്ങളെയും അവരുടെ ഏകാത്മക ഹിന്ദു ഐഡിയോളജിയെയും പ്രതിരോധിക്കുവാനും കഴിയൂ. അതുകൊണ്ട് ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഹിന്ദുത്വ അജണ്ടയെ ബ്രാഹ്മണാധിപത്യത്തിനും സവര്‍ണ്ണമേല്‍ക്കോയ്മയ്ക്കും വേണ്ടിയുള്ള സവര്‍ണ്ണരുടെ രാഷ്ട്രീയ അജണ്ടയാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് പ്രതിരോധം തീര്‍ക്കേണ്ടതും പരാജയപ്പെടുത്തേണ്ടതും കേരളത്തിലെ ആദിവാസി ദളിത് പിന്നോക്ക ജനതയുടെ കടമയും ഉത്തരവാദിത്വവുമാണ്. ആര്‍ എസ് എസിന്റെ എകാത്മക ഹിന്ദു അജണ്ടക്കുള്ളില്‍ ധ്രുവീകരണം സൃഷ്ടിക്കാന്‍ കഴിയുന്നത് ഹിന്ദു മതത്തിനുള്ളില്‍ എന്ന് കരുതപ്പെടുന്ന ആദിവാസികള്‍ക്കും ദളിതര്‍ക്കും പിന്നോക്ക ജനങ്ങള്‍ക്കും മാത്രം ആയിരിക്കും. അതിനു നവോന്ഥാന പാരമ്പര്യത്തെ തിരിച്ചു പിടിക്കേണ്ടതുണ്ട്. മഹാത്മാ അയ്യന്‍കാളിയും ശ്രീനാരായണ ഗുരും ഡോ. ബി ആര്‍ അംബേദ്കറും പൊയ്കയില്‍ അപ്പച്ചനും ഉള്‍പ്പടെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ത്തിയ ജാതി വിരുദ്ധവും ഹിന്ദുത്വ വിരുദ്ധവുമായ ആശയധാരയെ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യവും രാഷ്ട്രീയ കേരളത്തിനു നീതിയുക്തമായി ഒരു സാമൂഹികക്രമം രൂപപ്പെടുത്തുന്നതിന് അടിയന്തിരവുമാണ്. അത്തരം പോരാട്ടങ്ങള്‍ക്കാണ് ഉടന്‍ തുടക്കം കുറിക്കേണ്ടത്. അതിനുള്ള വിശാലമായ ഐക്യമാണ് ആദിവാസി ദളിത് പിന്നോക്ക സംഘനകളും സമുദായ പ്രസ്ഥാനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും സാംസ്‌കാരിക സംഘടനകളും രൂപപ്പെടുത്തേണ്ടത്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>