സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 13th, 2018

13 വയസ്സായിട്ടും സ്മാര്‍ട്ടാകാതെ വിവരാവകാശ നിയമം

Share This
Tags

rti

ഇന്ത്യന്‍ ജനാധിപത്യത്തിനു കരുത്തു നല്‍കുകയും കൂടുതല്‍ സുതാര്യമാക്കുകയും ചെയ്ത വിവരാവകാശനിയമം 13 വര്‍ഷം തികഞ്ഞിട്ടും ഇപ്പോളും സ്മാര്‍ട്ടാകുന്നില്ല. അപേക്ഷ പേപ്പറില്‍ അപേക്ഷ തയ്യാറാക്കി, നിശ്ചിത ഫീസുമടച്ച് രജിസ്‌ട്രേഡ് പോസ്റ്റ് അയച്ച് ദിവസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമേ ഇന്നും അപേക്ഷകന് മറുപടി കിട്ടുകയുള്ളു. വിവരാവകാശ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന് പറഞ്ഞ് വര്‍ഷങ്ങളായിട്ടും ആ ദിശയില്‍ കാര്യമായ നീക്കമൊന്നും നടക്കുന്നില്ല എന്നാണ്. ഒരു ഘട്ടത്തില്‍ എല്ലാ തയ്യാറെടുപ്പുകളുമായെന്ന് ഐ ടി മിഷന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷ ഒന്നും സംഭവിക്കുന്നില്ല. നിയമം കൂടുതല്‍ സ്മാര്‍ട്ടാകുന്നത് തടയാന്‍ ശ്രമിക്കുന്നതാകട്ടെ ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളുമാണ്. നിയമത്തെ തന്നെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അതിനാലാണ് ഇക്കാര്യത്തില്‍ ഉദാസീനതയെന്നുമാണ് വിവരാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനം. അതിനായി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതായും ആരോപണമുണ്ട്.
വിവരാവകാശ നിയമം വന്ന അന്നുമുതലെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരുന്നു. നിയമം നടപ്പായതിന്റെ പേരില്‍ കയ്യടി വാങ്ങിയ യു പി എ സര്‍ക്കാര്‍ തന്നെ മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും അതിന്റെ പരിധിയില്‍ നിന്ന് ഒിവാക്കാന്‍ ശ്രമിച്ചിരുന്നു. അധികാര കേന്ദ്രങ്ങള്‍ക്കൊപ്പം അവയെ നിയന്ത്രിക്കുന്ന യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങളായ രാഷ്ട്രീയപാര#ട്ടികള്‍ നിയമത്തിനു പുറത്താണ്. തങ്ങള്‍ എല്ലാ നിയമങ്ങള്‍ക്കും അതീതരാണെന്നും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മറുപടി പറയേണ്ടവരല്ല എന്നുമുള്ള നിലപാടില്‍തന്നെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. പാര്‍ട്ടികള്‍ പൊതു അധികാര കേന്ദ്രങ്ങളല്ല എന്നതാണ് നേതാക്കളുടെ പ്രധാനവാദം. ജനാധിപത്യത്തില്‍ രാഷട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. ജനങ്ങളാണ് അവരെ അധികാരത്തിലെത്തിക്കുന്നത്. എന്നിട്ടും ജനങ്ങള്‍ക്കുമുന്നില്‍ സുതാര്യരാകാന്‍ അവര്‍ തയ്യാറല്ല എന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ല. വികസിത മുതലാളിത്തരാജ്യങ്ങളില്‍ പോലും കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിന്റേയും കുടുംബവാഴ്ചയുടേയും ഉദാഹരണങ്ങള്‍ രാഷ്ട്രീയത്തില്‍ എത്ര വേണമെങ്കിലും ഇവിടെ കാണാം. ഇലക്ഷന്‍ കമ്മീഷന്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം അവര്‍ക്ക് ഭീഷണിയാണല്ലോ. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുത്താന്‍ തയ്യാറാകാത്തത് വലിയ വാര്‍ത്തയായിരുന്നല്ലോ. കൂടാതെ രാജ്യരക്ഷയുടെ പേരു പറഞ്ഞ് സിബിഐ, വിജിലന്‍സ് തുടങ്ങി പല വകുപ്പുകളേയും ഇപ്പോള്‍ പോലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഹകരണമേഖലയെ ഉള്‍പ്പെടുത്തതിന്റെ കാരണം ആര്‍ക്കുമറിയില്ല. ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭ്യമല്ല എന്ന സ്ഥിരം മറുപടിയെ തടയാനുള്ള സംവിധാനങ്ങളും ഇതുവരേയും ആയിട്ടുമില്ല. പതിനായിരകണക്കിനു കെട്ടികിടക്കുന്ന അപേക്ഷകളുടെ കാര്യത്തിലും ഒരു തീരുമാനവുമില്ല. ഇതൊക്കെമൂലം വര്‍ഷംതോറും വിവരാവകാശ അപേക്ഷകളുടെ എണ്ണം കുറയുകയുമാണ്.
അതിനിടിയലാണ് വിവരാവകാശ നിയമത്തിന്റെ കഴുത്തരിയുന്ന നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നല്‍കാന്‍ ശ്രമിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷനുകളുടെ പദവിയും സേവന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനാണ് 2018 ലെ വിവരാവകാശ നിയമ ഭേദഗതിക്ക് രൂപം നല്‍കിയത്. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് അതു നടന്നില്ലെങ്കിലും ഭീഷണി ഇപ്പോളുമുണ്ട്. 13 വര്‍ഷം കൊണ്ടുതന്നെ ഈ നിയമം അധികാരികളുടെ ഉറക്കം കെടുത്തി എന്നതുതന്നെയാണ് പ്രശ്‌നം. നിയമമുപയോഗിച്ചതിന്റെ പേരില്‍ എത്രയോ വിവരാവകാശ പ്രവര്‍ത്തകര്‍ ഇതിനകം ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു.
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12നാണ് പ്രാബല്യത്തില്‍ വന്നത്. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍, പ്രിന്റൌട്ടുകള്‍, ഫ്‌ലോപ്പികള്‍, ഡിസ്‌കുകള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കണം. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തില്‍ പരാതിയുള്ള വ്യക്തിക്ക് അപ്പീല്‍ സംവിധാനവും നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. ആഗോള മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ പോലും നിയമ നിര്‍മാണങ്ങളുടെ കാര്യത്തില്‍ ഇതൊരു ഒരു നാഴികക്കല്ലായിരുന്നു. ലോകത്തുണ്ടാകുന്ന നിയമങ്ങളുടെ നിലവാരം പരിശോധിക്കുന്നവരുടെ അഭിപ്രായത്തില്‍, ഏറ്റവും ഫലപ്രദവും സുതാര്യവുമായ ഒരു നിയമ നിര്‍മ്മാണമാണ് വിവരാവകാശ നിയമം. 13 വര്‍ഷം മുമ്പ് ഇത്രയും ശക്തമായ നിയമമാണ് പിന്നീട് കാലത്തിനനുസരിച്ച് മുന്നോട്ടുപോകുന്നതിനു പകരം പുറകോട്ടടിക്കുന്നത്. അതംഗീകരിക്കുകയെന്നാല്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുക എന്നാണര്‍ത്ഥം. ആരംഭത്തില്‍ പറഞ്ഞപോലെ നിയമത്തെ കൂടുതല്‍ സ്മാര്‍ട്ടാക്കാനാണ് ജനാധിപത്യവാദികള്‍ ശബ്ദമുയര്‍ത്തേണ്ടത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>