സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Oct 11th, 2018

ശബരിമല ധര്‍മ്മ ശാസ്താവ് പൂര്‍ണ്ണമായും ബുദ്ധന്‍ തന്നെയാണ്.

Share This
Tags

sss

എട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരികതയേയും ധാര്‍മ്മികതയേയും ആത്മീയതയേയും സമഗ്രമായി സ്വാധീനിച്ചുകൊണ്ട് ജാതി-മത ഭേദവിചാരങ്ങള്‍ ഇല്ലാതെ ‘മാവേലി രാജ്യമായി’ നമ്മെ നിലനിര്‍ത്തിയ പ്രബുദ്ധതയുടെ കാരണം ബുദ്ധ ധര്‍മ്മത്തിന് കേരളീയരില്‍ ഉണ്ടായിരുന്ന ആഴത്തിലുള്ള സ്വാധീനം തന്നെയാണ്. ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാവുന്നതാണ്. അയ്യാ, അയ്യന്‍, അയ്യനാര്‍, അയ്യപ്പന്‍ എന്നീ ദൈവ സങ്കല്‍പ്പങ്ങളെല്ലാം 2300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബുദ്ധ ധര്‍മ്മത്തെ ഏഷ്യന്‍ വന്‍കരയിലാകമാനം സ്വപ്രയത്‌നത്താല്‍ പ്രചരിപ്പിച്ച സര്‍വ്വ ശക്തനും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചക്രവര്‍ത്തിയുമായിരുന്ന അശോകന്റെ ബോധിസത്വ സങ്കല്‍പ്പം കൂടി സ്വാംശീകരിച്ച ആപല്‍ ബാന്ധവനും ഗ്രാമ-രാജ്യ രക്ഷകനുമായ ബൌദ്ധ ധര്‍മ്മ പരികല്‍പ്പന തന്നെയാണ്.
ഈ അയ്യനാര്‍ ദൈവ സങ്കല്‍പ്പം ശ്രീലങ്കയില്‍ ബുദ്ധധര്‍മ്മത്തിന്റെ ഭാഗമായി തന്നെ ഇന്നും ആരാധിക്കപ്പെടുന്നുണ്ട്. ഗ്രാമ രക്ഷാ ദൈവമായി തമിഴ് നാട്ടിലും അയ്യനാര്‍ കള്‍ട്ട് വ്യാപക പ്രചാരം നേടിയിട്ടുണ്ട്. ശബരിമല ഭക്തരുടെ ശരണം വിളിയായ ‘സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ ‘ എന്നത് ‘ബുദ്ധം ശരണം ഗച്ചാമി, ധര്മ്മം ശരണം ഗച്ചാമി’ എന്ന ബൌദ്ധരുടെ ശരണ മന്ത്രങ്ങള്‍ തന്നെയാണെന്നതും ഓര്‍ക്കേണ്ടതാണ്. അയ്യപ്പനല്ലാതെ, ശരണം വിളിച്ച് വിശ്വാസികള്‍ ധര്‍മ്മ സ്ഥാനം പൂകുന്ന മറ്റൊരിടമില്ല.
കേരളം ജാതി-മത ഭ്രാന്താലയമാണെന്നു വിവേകാനന്ദന്‍ വിശേഷിപ്പിക്കുന്ന കാലത്തുപോലും ജാതി-മത ഭേദമെന്യേ മലയാളിക്ക് പ്രവേശനം ഉണ്ടായിരുന്ന കേരളത്തിലെ ഒരേയൊരു പൊന്നംബലമാണ് ശബരിമല സന്നിധാനം. നാല്‍പ്പത്തൊന്നു ദിവസത്തെ മണ്ഡല മാസ കലാചരണം, ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടല്‍, സന്നിധാനത്തിലേക്ക് വൃതമനുഷ്ടിച്ച് എത്തുന്ന ഭക്തനെയും ദൈവത്തിന്റെ പര്യായമായി കണ്ട് ‘സ്വാമി’ എന്ന് പരസ്പ്പരം സംബോധന ചെയ്യുന്ന ‘തത്വമസി’ എന്ന സ്വയം ദൈവാംശമാകുന്ന പ്രബുദ്ധതയുടെ വിവേചന രാഹിത്യത്തിലേക്കുള്ള ബോധവികാസം നേടല്‍ എന്നിവ എല്ലാം ശാസ്താവിന്റെ ബുദ്ധ പാരമ്പര്യത്തിന്റെ പ്രത്യേകത കൊണ്ടു മാത്രമാണ്. ‘തത്വമസി’ എന്നതിന് നിയ്യും ഞാനും ഏകമായ ദൈവത്തിന്റെ ഭാഗമായതിനാല്‍ നാമെല്ലാം ദൈവം തന്നെയാണെന്ന ബോധ വികാസമാണ്. അതായത് പ്രബുദ്ധത തന്നെയാണ്. ആ തിരിച്ചറിവിലേക്ക് എത്തിച്ചേരാനുള്ള ബൌദ്ധ ധര്‍മ്മത്തിന്റെ 18 സ്‌റെപ്പുകളാണ് പതിനെട്ടാം പടി എന്ന കല്പ്പനക്ക് പിന്നിലുള്ളത്.
1931 ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പോലും ശബരിമല ശസ്തവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ക്ഷേത്ര പ്രവേശനത്തിനു അസവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് (പിന്നോക്ക-ദളിത് വിഭാഗങ്ങളായ പുലയന്‍, അരയന്‍, തിയ്യ/ഈഴവ, ആശാരി,കുറവന്‍,..തുടങ്ങിയ ബൌദ്ധ പാരമ്പര്യമുള്ള ഇന്നത്തെ സമുദായങ്ങള്‍) സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ വിലക്ക് ഉണ്ടായിരുന്നപ്പോഴും ശബരിമലയില്‍ അവരോടൊപ്പം മുസ്ലീംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും വരെ ക്ഷേത്ര ദര്‍ശനം വിലക്കുകളില്ലാതെ സാധ്യമായിരുന്നു. ബൌദ്ധ വിദ്ധ്യാലയങ്ങലായിരുന്ന പഴയകാല കുടി പള്ളിക്കൂടങ്ങളിലും, വഞ്ചി പോലുള്ള ബൌദ്ധ യൂനിവേഴ്‌സിറ്റികളിലും, ബൌദ്ധ ആരാധനാലയങ്ങളിലും എല്ലാ ജാതി-മതസ്ഥര്‍ക്കും വിവേചനമില്ലാതെ പ്രവേശനം സാധ്യമായിരുന്നു. അതെ സമയം ബ്രാഹ്മണ പൌരോഹിത്യം ബുദ്ധരില്‍ നിന്നും എട്ടാം നൂറ്റാണ്ട് മുതല്‍ പിടിച്ചടക്കിയ സവര്‍ണ്ണ ക്ഷേത്രങ്ങളുടെ മുന്നിലൂടെയുള്ള പൊതു റോഡിലൂടെ വഴി നടക്കാനുള്ള അവകാശം പോലും അസവര്‍ണ്ണ ഹിന്ദുക്കളായ ബൌദ്ധര്‍ക്ക് ബ്രാഹ്മണ പൌരോഹിത്യവും സവര്‍ണ്ണ നായര്‍ ഗുണ്ടകളും നിരോധിച്ചിരുന്നു എന്ന ഒരു ചരിത്രം നമുക്കു അറിയാവുന്നതാണ്.
ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്ന് വിശേഷിപ്പിക്കുന്ന പൂര്‍വ്വകാല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായിരുന്ന ജാത്യാചാരങ്ങള്‍ കാരണം മറ്റെല്ലാ ബ്രാഹ്മണാധിപത്യ ക്ഷേത്രങ്ങളും ജീര്‍ണ്ണിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് ജാതി പിശാചിന്റെ പിടിയിലമാരാതെ കൊടും കാട്ടില്‍ നിലനിന്ന ശബരിമല ശാസ്താ സന്നിധാനത്തിലെക്കുള്ള സ്വാമി ഭക്തരായ പിന്നോക്ക ജനതയുടെ ഒഴുക്ക് കണ്ടു ഭ്രമിച്ചു പോയ അത്യാഗ്രഹികളായ ബ്രാഹ്മണ പൌരോഹിത്യം സമീപകാലത്ത് തല്ലിപ്പടച്ച് ഉണ്ടാക്കിയ ബാലിശമായ പുലിപ്പാല് കഥകളും ‘മണികണ്ഠ കഥകളും’ സ്വന്തം രാജ്യം പോലുമില്ലാത്ത കുടിയേറ്റക്കാരായ പന്തളം രാജവംശത്തെ ശാസ്താവിന്റെ ഉടമസ്ഥ സ്ഥാനത്തിലേക്ക് ഉയര്‍ത്താനായുള്ള പൗരോഹിത്യ ഗൂഢാലോചനയുടെ തന്ത്രം മാത്രമായിരുന്നു എന്ന് കാണാം.
ശബരിമല ശാസ്താവിന്റെ പ്രതിഷ്ഠ കഴിഞ്ഞ നൂറ്റമ്പത് കൊല്ലത്തിനിടക്ക് കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യമെങ്കിലും വിഗ്രഹം തകര്‍ത്തോ ക്ഷേത്രം അഗ്‌നിക്കിരയാക്കിയോ പൌരോഹിത്യമോ വാടക ഗുണ്ടകളാലോ ചരിത്ര തെളിവുകള്‍ നശിപ്പിച്ച് പുനപ്രതിഷ്ഠകളിലൂടെ വിഗ്രഹത്തിന്റെയും ചുവര്‍ ശില്‍പ്പങ്ങളുടെയും ബൗദ്ധ സദൃശ്യവും പാരമ്പര്യ തെളിവുകളും ഉന്മൂലനം ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്. ബുദ്ധന്റെ ഭദ്രാസന രൂപത്തിലുള്ള ബോധിസത്വ വിഗ്രഹമായിരുന്നു ആദ്യകാലത്തെ ശബരിമല ശാസ്താവിനുണ്ടായിരുന്നത്. ഇന്ത്യയിലെ മറ്റു ചില ഭദ്രാസന ശാസ്താ വിഗ്രഹങ്ങളെ ബ്രാഹ്മണ്യ പൗരോഹിത്യ ഹിംസയുടെയും ക്രൂരതയുടെയും ക്വട്ടേഷന്‍ ദൈവമായ നരസിംഹമൂര്‍ത്തിയായി പോലും അപനിര്‍മ്മിച്ചതിന്റെ ധാരാളം തെളിവുകള്‍ ഉണ്ട്.
സവര്‍ണ്ണ ഹിന്ദു മതത്തിന്റെ ദൈവമാക്കുന്നതിനും ബ്രാഹ്മണ താന്ത്രികതയിലേക്ക് ശാസ്താവിനെ ഇണക്കി ചേര്‍ക്കുന്നതിനുമായി മോഹിനീ രൂപം പൂണ്ട മഹാവിഷ്ണുവിന്റെ സൌന്ദര്യത്തില്‍ വശീകരിക്കപ്പെട്ട മഹേശ്വരനായ ശിവഭാഗവാനുമായുണ്ടായ പുരുഷ-പുരുഷ സംഭോഗത്തിലുണ്ടായതാണ് മണികണ്ഠന്‍ എന്ന കഥവരെ പുരാണമായി ബ്രാഹ്മണര്‍ കെട്ടി ചമച്ചമച്ചുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ പിറന്ന ഈ ദിവ്യശിശുവിനെ പന്തളം രാജാവിനെക്കൊണ്ട് എടുത്തു വളര്‍ത്തിച്ച് ബ്രാഹ്മണര്‍ക്ക് ഈ കഥയില്‍ നേരിട്ട് പങ്കില്ലെന്നും അവര്‍ ഭാവിച്ചു. സത്യത്തില്‍ ബൌദ്ധ-ജൈന ആരാധനാലയങ്ങളിലും വിഹാരങ്ങളിലും കുമിഞ്ഞുകൂടിയ സമ്പത്തില്‍ മാത്രം കണ്ണുനട്ട് നമ്മുടെ ആരാധനാലയങ്ങളിലെക്ക് ഇഴഞ്ഞു കയറിയ വൈദിക ബ്രാഹ്മണ്യത്തെ വര്‍ത്തമാന കാലത്തും നാം ചരിത്രം അറിയാതെ തലയില്‍ ചുമക്കുകയാണ്.

കടപ്പാട്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>