സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Oct 8th, 2018

ചരിത്രത്തെ തടയാനാകില്ല വിമോചനസമരത്തിനും

Share This
Tags

sssകുപ്രസിദ്ധമായ വിമോചനസമരത്തിന്റെ 60-ാം വാര്‍ഷികമെത്തുമ്പോള്‍ കേരളം മറ്റൊരു വിമോചന സമരത്തിന്റെ വക്കിലാണോ? ആണെന്നുതന്നെ വേണം പറയാന്‍. വിമോചനസമരത്തിനു സമാനമായ സാഹചര്യമാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. വിശ്വാസത്തേക്കാളുപരി രാഷ്ട്രീയമായി പ്രശ്‌നം വളര്‍ന്നിരിക്കുന്നു. അതൊടൊപ്പം കേരളത്തിന്റെ കപടമായ പുരോഗമനമുഖം തകര്‍ന്നുപോകുന്നതും വ്യക്തമാകുന്നു.
സുപ്രിംകോടതി വിധിയെ ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്യുകയോ നിശബ്ദരായിരിക്കുകയോ ചെയ്തവരെല്ലാം ഇതിലെ രാഷ്ട്രീയ സാധ്യത കണ്ട് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. സ്വാഭാവികമായും ബിജെപിയും കോണ്‍ഗ്രസ്സും തന്നെ അതില്‍ മുന്നില്‍. അപകടം തിരിച്ചറിഞ്ഞ് ഒരടി പിന്നോട്ടു വെച്ചിരിക്കുകയാണ് സിപിഎം എന്നതും പറയാതെ വയ്യ. സ്ത്രീപ്രവേശനത്തെ ആര്‍ എസ് എസിന്റെ കേന്ദ്രനേതൃത്വം അതിശക്തമായി സ്വാഗതം ചെയ്തിരുന്നു. ബിജെപിയുടെ കാര്യവും വ്യത്യസ്ഥമല്ല. അവര്‍ ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സമാനമായ സംഭവമുണ്ടായപ്പോള്‍ അത് യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചിരുന്നു. കേരളത്തിലെ ബിജെപി നേതൃത്വവും തുടക്കത്തില്‍ പ്രതികരിച്ചത് കരുതലോടെയയായിരുന്നു. കെ സുരേന്ദ്രനെ പോലുള്ളവരാകട്ടെ കമ്യൂണിസ്റ്റുകാരേക്കാള്‍ ശക്തമായി സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിധിക്കെതിരെ ശക്തമായി രംഗത്തെത്തിയപ്പോള്‍ ഹൈന്ദവസമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുമോ എന്ന അനാവശ്യഭീതിയായിരുന്നു ബിജെപി നിലപാട് മാറാന്‍ കാരണമായത്. രാഹുല്‍ ഈശ്വറിന്റെ പ്രധാന താല്‍പ്പര്യം കുടുംബപരമാണെന്നുപോലും അവര്‍ മറന്നു. ലോകസഭാ തെരഞ്ഞെടുപ്പു ആസന്നമായെന്നും ഇക്കുറിയെങ്കിലും കേരളത്തില്‍ നിന്ന് രണ്ടോ മൂന്നോ സീറ്റു നേടിയില്ലെങ്കില്‍ തങ്ങളുടെ രാഷ്ട്രീയഭാവി ഇല്ലാതാകുമെന്നറാവുന്ന നേതാക്കള്‍ മലക്കം മറിയുന്നതാണ് പിന്നെ കണ്ടത്.
ബിജെപി മലക്കം മറിഞ്ഞാല്‍ കോണ്‍ഗ്രസ്സ് മറ്റെന്തുചെയ്യും? ഹിന്ദുകാര്‍ഡിറക്കി ബിജെപി രംഗത്തിറങ്ങിയാല്‍ വിഷയം സിപിഎം – ബിജെപി മത്സരമായി മാറുമെന്നു ധരിച്ച അവര്‍ക്കും ഇരിക്കപ്പൊറുതിയുണ്ടായില്ല. അങ്ങനെയാണ് ചെന്നിത്തലയേയും മുരളീധരനേയും പോലുള്ള നേതാക്കള്‍ രംഗത്തിറങ്ങിയത്. ബിന്ദുകൃഷ്ണയേയും ബല്‍റാമിനേയും പിടി തോമസിനേയും ഷാനിമോള്‍ ഉസ്മാനേയുമൊക്കെ നിശബ്ദരാക്കി ബിജെപിയെ കടത്തിവെട്ടിയായിരുന്നു ഇവരുടെ വരവ്. ദളിത് വിഭാഗത്തില്‍ പെട്ട കൊടിക്കുന്നില്‍ പോലും ചരിത്രത്തിലേക്കൊനന്ു തിരിഞ്ഞുനോക്കാതെ അവര്‍ക്കൊപ്പം കൂടി.
ഇത്രയുമായപ്പളാണ് സിപിഎമ്മിനു അപകടം മനസ്സിലായത്. തുടക്കത്തില്‍ റിവ്യൂ ഹര്‍ജി കൊടുക്കുമെന്നു സൂചിപ്പിച്ച ദേവസ്വം പ്രസിഡന്റിനെ മുഖ്യമന്ത്രി ശാസിച്ചു. എന്നാല്‍ പിന്നീട് അതേ മുഖ്യമന്ത്രിതന്നെ തന്ത്രി കുടബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചു. എന്നാല്‍ അത്യാവശ്യം തന്ത്രങ്ങളറിയാവുന്ന തന്ത്രികുടുംബം റിവ്യൂ ഹര്‍ജിയുടെ തീരുമാനമറിഞ്ഞിട്ടാകാം ചര്‍ച്ചയെന്ന നിലപാടെടുത്തത് സര്‍ക്കാരിനെ വെട്ടിലാക്കി. മറുവശത്താകട്ടെ പതിനായിരകണക്കിനുപേരെ, പ്രതേകിച്ച് സ്ത്രീകളെ പങ്കെടുപ്പിച്ചാണ് സംസ്ഥാനത്തുടനീളം പ്രക്ഷോഭം വ്യാപിക്കുന്നത്. അതിനാണ് വിമോചനസമരത്തിന്റെ ഛായ കൈവന്നിരിക്കുന്നത്.
വളരെ പ്രസക്തവും ചരിത്രപരവുമായ ഒരു യാഥാര്‍ത്ഥ്യമാണ് ഈ കോലാഹലങ്ങള്‍ക്കിടയില്‍ മുങ്ങിപോകുന്നത്. ആചാരങ്ങളെല്ലാം കാലാനുസൃതമാണെന്നും കാലത്തിനനുസരിച്ച് അവയെല്ലാം മാറുമെന്നുമുള്ള സത്യം. സതി നിര്‍ത്തലാക്കിയതും മാറുമറക്കല്‍ സമരവും ക്ഷേത്രപ്രവേശന വിളംബരവും പൊതുനിരത്തില്‍ കൂടി നടക്കാനുള്ള അവകാശത്തിനായുള്ള സമരങ്ങളും ദളിത് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശവും സംവരണവും മിശ്രഭോജനവും ബാല്യവിവാഹം നിരോധിച്ചതും വിധവാ വിവാഹങ്ങളും അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയതും ആര്‍ത്തവസമയത്തെ വിവേചനങ്ങളും സ്ത്രീകള്‍ക്കുള്ള സ്വത്താവകാശവും തുടങ്ങിയുള്ള പട്ടികയില്‍ തന്നെ ഈ വിഷയത്തിനും സ്ഥാനം. ഈ മാറ്റങ്ങളൊന്നും ഉണ്ടായത് ഭരണകൂടം തന്ന ഔദാര്യങ്ങളായിരുന്നില്ല. നിരവധി പോരാട്ടങ്ങള്‍ അവക്കുപുറകിലുണ്ട്. നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും മിഷണറി വിദ്യാഭ്യാസവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കോടതികളുമെല്ലാം അവയില്‍ പങ്കുവഹിച്ചിട്ടുണ്ട്. ലൈംഗികതയിലെ കാപട്യങ്ങളെ തകര്‍ക്കുന്ന സമീപകാല കോടതിവിധികളും അവയുടെ തുടര്‍ച്ചയാണ്.
ഇങ്ങനെയാക്കെയാണെങ്കിലും വളരെ പ്രകടമായ ഒരു മാറ്റം കേരളസംസ്ഥാന രൂപീകരണത്തിനുശഷം പ്രകടമാണ്. സാമൂഹ്യരംഗത്തെ ഇത്തരം മാറ്റങ്ങളോട് കേരളം പൊതുവില്‍ മുഖംതിരിച്ചതും എല്ലാ പോരാട്ടങ്ങളും സാമ്പത്തിക മേഖലയിലേക്ക് കേന്ദ്രീകരിച്ചതുമാണത്. കൂലിക്കൂടുതലിനായുള്ള നിരവധി സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. ഒരു ന്യൂനപക്ഷ വിഭാഗത്തിന് അതിന്റെ നേട്ടം ലഭിച്ചു. എന്‍ജിഒ, അധ്യാപക, പൊതുമേഖലാ, ചുമട്ടുതൊഴിിലാളി തുടങ്ങിയ സംഘടിത മേഖലകളിലായിരുന്നു അത്. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ തുടങ്ങി മഹാഭൂരിഭാഗത്തിനും അതിന്റെ നേട്ടമുണ്ടായില്ല. മറുവശത്താകട്ടെ നവോത്ഥാനധാരയെ കേരളം പൂര്‍ണ്ണമായും കൈവിടുകയായിരുന്നു. അതിനാല്‍തന്നെ ഐക്യകേരളത്തിനു മുമ്പെ നേടിയ നേട്ടങ്ങൡ നാം നിശ്ചലരായിനിന്നു. ജാതി മത ലിംഗ ഭേദമില്ലാതെ ക്ഷേത്രപ്രവേശനം, സ്ത്രീകളും ദളിതരുമടക്കം ഏവര്‍ക്കും പുരോഹിതരാകാനുള്ള അവസരം, ജാതി മത ഭേദമില്ലാതെയുള്ള വിവാഹങ്ങള്‍, സാമൂഹ്യജീവിതത്തിലെ ജാതി – ലിംഗ വിവേചനങ്ങളില്ലാതാകല്‍ എന്നിവയൊന്നും ഇവിടെ നടന്നില്ല. മാത്രമല്ല പല കാര്യങ്ങളിലും നാം പുറകോട്ടുപോയി. രാജ്യത്തെങ്ങും ശക്തമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അലയൊലികള്‍ കാര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കി. സവര്‍ണ്ണ സംസകാരമായി നമ്മുടെ മുഖമുദ്ര. ഇപ്പോള്‍ ഭരിക്കുന്നതിനാല്‍ മാത്രം സുപ്രിംകോടതി വിധി നടപ്പാക്കുമെന്നു പറയുന്ന സിപിഎം പോലും സാമൂഹ്യനീതിക്കായുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയില്ല. കേരളത്തില്‍ ഈ മേഖലയിലുണ്ടായ മാറ്റങ്ങളില്‍ മിക്കവാറും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുമ്പായിരുന്നു എന്ന ചരിത്രസത്യവും നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ തന്നെ ഈ കോടതി വിധി നടപ്പാക്കാന്‍ ഭരണത്തെ ബാധിക്കുന്ന റിസ്‌കൊന്നും അവരെടുക്കുമെന്നു കരുതുക വയ്യ. ഇപ്പോള്‍ വളരെ കരുതലോടെയാണ് നേതാക്കളുടെ പ്രതികരണമെന്നത് നല്‍കുന്ന സൂചനയും മറ്റൊന്നല്ല.
എന്തായാലും ഇടക്കു മുറിഞ്ഞുപോയ സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ചരിത്രപ്രസിദ്ധമായ ഈ വിധി. ആര്‍ത്തവമടക്കം എന്തിന്റെ പേരിലും എവിടേയും ലിംഗനീതി നിഷേധിക്കാനാവില്ല എന്നതാണതിന്റെ സന്ദേശം. കേരളവും ഇന്ത്യയുമടക്കം ലോകത്തെമ്പാടും നടക്കുന്ന സ്ത്രീമുന്നേറ്റങ്ങളുടെ ഭാഗം തന്നെയാണിത്. ഇന്ന് ഭൂരിപക്ഷം സ്ത്രീകളും അതിനെതിരായിരിക്കാം. ഏതു മാറ്റം നടക്കുമ്പോളും അതങ്ങനെയാണ്. എന്നാല്‍ എല്ലാ വിധ വിവേചനങ്ങള്‍ക്കുമെതിരെ ഇനിയും ശക്തമാകാന്‍ പോകുന്ന സമരങ്ങളുടെ മുന്നോടി തന്നെയാണ് പരമോന്നത നീതി പീഠത്തിന്റെ ഈ വിധി. താല്‍ക്കാലിക തിരിച്ചടികളുണ്ടായാല്‍തന്നെ ഈ പോരാട്ടം മുന്നോട്ടുപോകുക തന്നെ ചെയ്യും. വോട്ടുബാങ്കും കക്ഷിരാഷ്ട്രീയ നേട്ടങ്ങളും മാത്രം മുന്നില്‍ കണ്ടുള്ള വിമോചനസമരം നയിക്കാന്‍ ശരമിക്കുന്നവര്‍ താല്‍ക്കാലിക നേട്ടം നേടിയാലും അത് ശാശ്വതമാവില്ല എന്നുറപ്പ്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>