സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 6th, 2018

നവോന്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ കൂടിയാണ് ഈ ആള്‍ക്കൂട്ടം വെല്ലുവിളിക്കുന്നത്.

Share This
Tags

sss

ഭൂഅധികാര സംരക്ഷണ സമിതി

ശബരിമലയില്‍ പ്രായഭേദമന്യേ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ ജനതയ്ക്ക് വാഗ്ദാനം നല്‍കുന്ന സമത്വ സിദ്ധാന്തത്തെ അടിവരയിടുക മാത്രമാണ് ചെയ്യുന്നത്. നാളുകളായി ആചാരങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീ ജനങ്ങള്‍ക്ക് സമത്വവും നീതിയും ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്വമാണ് സുപ്രീം കോടതി എടുത്ത് പറഞ്ഞത്. എന്നാല്‍ അതിനെതിരെ ആചാര സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഈ പ്രതിഷേധങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ , സ്ത്രീകളുടെ മുന്‍കൈയ്യിലാണ് വലിയ നാമജപ ഘോഷയാത്രകള്‍ നടക്കുന്നത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഈ ആള്‍ക്കൂട്ടം ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ആചാര അനുഷ്ഠാനത്തിന്റെ പേരിലുള്ള ഒരു അനീതിയെയാണ് കോടതി റദ്ദ് ചെയ്തത് എന്നിരിക്കെ ആ അനീതി തിരിച്ചു വരണമെന്ന് പറയുന്ന ഒരു ആള്‍ക്കൂട്ടത്തെയാണ് നമ്മള്‍ കാണുന്നത്. ഇതിനു നേതൃത്വം നല്കുന്നതാകട്ടെ ചെറുതും വലുതുമായ ഹിന്ദു ലേബലുള്ള സംഘടനകളാണ്. സംഘപരിപാര്‍ വിഭാഗത്തിനകത്ത് കേള്‍ക്കാത്ത പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതിനു നേതൃത്വം നല്‍കുന്നത് പന്തളം കൊട്ടാരത്തിലെ രാജകുടുംബ അംഗങ്ങളും ബ്രാഹ്മണ – താന്ത്രിക സംഘടനകളുടെ നേതാക്കളുമാണ്. ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ഈ മുറവിളിയെ ബ്രാഹ്മണാധിപത്യം പുനസ്ഥാപിക്കുവാനുള്ള നീക്കമായി നാം തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിഞ്ഞില്ലായെങ്കില്‍ ഈ പ്രക്ഷോഭത്തിലൂടെ സംഭവിക്കുന്നത് കേരളം നൂറ് നൂറ്റമ്പത് വര്‍ഷം പിന്നോട്ടു പോകുന്നതിനായിരിക്കും നാം സാക്ഷ്യം വഹിക്കുന്നത്. കാരണം കേരളത്തില്‍ നിലനിന്നിരുന്ന നിരവധി ആചാര അനുഷ്ഠാനങ്ങളെ റദ്ദുചെയ്തു കൊണ്ടും ഇത്തരം വിശ്വാസങ്ങള്‍ മറികടന്നുകൊണ്ടുമാണ് കേരളീയ സമൂഹം നീതിയും സമത്വവും ഉറപ്പുചെയ്തിട്ടുള്ളത്. നവോന്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ കൂടിയാണ് ഈ ആള്‍ക്കൂട്ടം വെല്ലുവിളിക്കുന്നത്. അതുകൊണ്ട് ബ്രാഹ്മണ്യത്തിന്റെ തിരിച്ചു വരവിനും ഹിന്ദ്വത്വ രാഷ്ട്രീയത്തിന്റെ സുഗമമായ തിരിച്ചുവരവിനും ഭക്തജനങ്ങളുടെ പേരില്‍ നടക്കുന്ന ആസൂത്രിതമായ ഈ നീക്കം ആത്യന്തികമായി ബ്രാഹ്മണ്യത്തെയും ഹിന്ദുത്വത്തെയും സഹായിക്കാനുള്ളതാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

സുപ്രീം കോടതി വിധി ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ഒരു കാര്യം മാത്രമല്ല അതിനപ്പുറം സമൂഹത്തില്‍ നിലനില്‍ക്കുന്ന പല വിലക്കുകള്‍ക്കെതിരായുള്ള വിധിയായും മനസ്സിലാക്കേണ്ടതുണ്ട്. അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസ്സില്‍ നിന്ന് ഒരു യുവതിയെയും കൈക്കുഞ്ഞിനെയും ഇറക്കിവിട്ടതിനു കേരളം സാക്ഷിയായിട്ടുണ്ട്. അയ്യപ്പന്മാര്‍ കൂട്ടമായി ഇരിക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമം കര്‍ശനമായി ഇവിടെ പാലിക്കപ്പെട്ട് പോകുന്നുണ്ട് . ഭക്തിയുടെ മറവില്‍ കേരളത്തിലെമ്പാടും ആക്രോശങ്ങളും വിലക്കുകളും സ്ത്രീകള്‍ നേരിടുന്നുണ്ട്. തികച്ചും പുരുഷ കേന്ദ്രീകൃതമായ ഇത്തരം ഒരു ആചാരം ഇനിയും നിലനില്ക്കണമെന്ന് ആവശ്യപ്പെടുന്നത് കേരളീയ സമൂഹത്തെ നവോത്ഥാനത്തിനു മുന്‍പുള്ള ഒരു കാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നതായിരിക്കും. ശ്രീനാരായണ ഗുരുവും, മഹാത്മ അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും സഹോദരനയ്യപ്പനും ഉള്‍പ്പടെയുള്ള നിരവധി നവോന്ഥാന നായകര്‍ കേരളത്തിലെ ആചാര അനുഷ്ടാനങ്ങള്‍ പരിഷകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരാണ്. ആയൊരു നവോന്ഥാന പാരമ്പര്യത്തെ ഏറ്റെടുക്കുന്നതിനു പകരം സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിക്കൊണ്ട് ഹിന്ദുത്വ ശക്തികള്‍ അവരുടെ രാഷ്ട്രീയ താല്പര്യത്തിനും ഏകീകൃത ഹിന്ദുത്വ നിര്‍മ്മിതിയ്ക്കും വേണ്ടി നടത്തുന്ന ഈ നീക്കത്തില്‍ നിന്ന് ആദിവാസികളും ദളിതരും പിന്നോക്കക്കാരും പിന്‍വാങ്ങേണ്ടതാണ്. കാരണം ഹിന്ദു സമൂഹത്തിനുള്ളില്‍ ഒരുകാലത്തും നീതി കിട്ടാത്ത ഒരു ജനസമൂഹമാണ് ആദിവാസികളും ദലിതരും പിന്നോക്കക്കാരും. ചരിത്രപരമായി നൂറ്റാണ്ടുകളോളം ഈ ജനതയെ അടിച്ചമര്‍ത്തിയ ബ്രാഹ്മണ്യം എന്നൊരു സിദ്ധാന്തത്തിനു വേണ്ടിയുള്ള മുറവിളിയാണ് ഇതെന്ന് തിരിച്ചറിഞ്ഞുകൊണ്ടും ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു പ്രസ്ഥാനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് എന്നത് തിരിച്ചറിഞ്ഞുകൊണ്ടും കേരളത്തിലെ ആദിവാസികളും ദലിതരും പിന്നോക്കക്കാരും അവരുടെ സംഘടനകളും പിന്‍വാങ്ങേണ്ടതാണ്. അങ്ങനെ നവോന്ഥാനത്തിലൂടെ രൂപപ്പെട്ടുവന്ന നീതിയുടെയും സമത്വത്തിന്റെയും അന്തരീക്ഷത്തിനുള്ള ഭീക്ഷണിയായി ആചാര സംരക്ഷണത്തിനു വേണ്ടിയുള്ള ഈ മുറവിളിയെ നാം കാണേണ്ടതുണ്ട്. ആചാരങ്ങള്‍ അനാചാരങ്ങള്‍ എല്ലാക്കാലത്തും സമൂഹത്തില്‍ പരിഷ്‌ക്കരിക്കപ്പെടെണ്ടതാണ്. നീതിയും സമത്വവും ഉറപ്പുവരുത്തുന്ന ഒരു സമൂഹത്തിനായാണ് നാം നിലകൊള്ളേണ്ടത്. അതില്‍ ഈ ബ്രാഹ്മണ്യത്തെ പരാജയപ്പെടുത്തെണ്ടത് മര്‍മ്മ പ്രധാനമായ ആവശ്യമാണ്. അതുകൊണ്ട് ആദിവാസികളും ദലിതരും പിന്നോക്കകാരും പിന്മാറണമെന്നും നവോന്ഥാന പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കനമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഭൂഅധികാര സംരക്ഷണ സമിതിക്കുവേണ്ടി

സണ്ണി എം കപിക്കാട് ( ചെയര്‍മാന്‍ ) എം ഗീതാനന്ദന്‍ ( ജനറല്‍ കണ്‍വീനര്‍ ) കെ സന്തോഷ് കുമാര്‍ (കോഡിനേറ്റര്‍ )

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>