സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 5th, 2018

ശബരിമലയുടെ പേരില്‍ സവര്‍ണ്ണ – ഫ്യുഡല്‍ മൂല്യ സങ്കല്പങ്ങളെ തിരിച്ചുകൊണ്ടു വരാന്‍ നീക്കം

Share This
Tags

ss

സന്തോഷ് കുമാര്‍

ബ്രാഹ്മണാധിപത്യത്തെയും സവര്‍ണ്ണ ഫ്യുഡല്‍ മേല്‍ക്കോയ്മയെയും തിരിച്ചു കൊണ്ടുവരുവാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ശബരിമലയുടെ മറവില്‍ ബ്രാഹ്മണ തന്ത്രിസമൂഹവും, അവരുടെ പ്രതിനിധിയായ രാഹുല്‍ ഈശ്വര്‍, പന്തളം – തിരുവിതാംകൂര്‍ തുടങ്ങിയ രാജ കുടുംബങ്ങള്‍, ഹിന്ദു ഐക്യവേദി, ബി ജെ പി, മറ്റ് ഹിന്ദുത്വ സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മഹാത്മ അയ്യന്‍കാളി, ശ്രീനാരായണ ഗുരു, പൊയ്കയില്‍ അപ്പച്ചന്‍, സഹോദരന്‍ അയ്യപ്പന്‍, പാമ്പാടി ജോണ്‍ ജോസഫ്, വേലുക്കുട്ടി അരയന്‍ തുടങ്ങിയ നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ നവോന്ഥാനത്തിലൂടെയും നവോന്ഥാനന്തരവും കേരളത്തില്‍ പ്രശ്‌നവല്‍ക്കരിക്കുകയും മറികടക്കാന്‍ ശ്രമിക്കുകയും ചെയ്ത ജാതീയ മേല്‍ക്കോയ്മയും ബ്രാഹ്മണാധിപത്യവും സവര്‍ണ്ണ മേല്‍ക്കോയ്മയും മറനീക്കി പുറത്ത് വരുന്നതും ഭരണഘടനയ്ക്ക് മുകളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതുമാണ് കാണുന്നത്. ഭരണഘടയ്ക്ക് മുകളില്‍ ഹിന്ദുത്വത്തെ ഉയര്‍ത്തി പിടിച്ചിരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അവര്‍ മനുസ്മൃതിയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നു തന്നെയാണ്.

ശബരിമല വിഷയത്തിലൂടെ ആര്‍ എസ് എസിന്റെ വിശാല ഹിന്ദുത്വ അജണ്ടയ്ക്കു പുറത്തുള്ള ഒരു ‘ഹിന്ദു’ ഏകീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ സി പി എം, കോണ്‍ഗ്രസ്സ് മുതല്‍ കേരള കോണ്‍ഗ്രസ്സിലെ വരെ അണികളും വിവിധ സാമുദായിക സംഘടനകളിലെ അംഗങ്ങളും ഉണ്ട് എന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. വിശാല ഹിന്ദു ഏകീകരണം ആര്‍ എസ് എസിന്റെ രാഷ്ട്രീയ അജണ്ട ആയതുകൊണ്ട് ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് അവര്‍ക്ക് ഗുണപരമാണ്. ഏതു തരത്തിലുള്ള ഹൈന്ദവ വല്‍ക്കരണവും തങ്ങള്‍ക്കു അനുഗുണമാകുമെന്ന് ആര്‍ എസ് എസിനു നന്നായി അറിയാം. അതുകൊണ്ട് ശബരിമല വിഷയം ഒരു വെടിയ്ക്ക് നിരവധി പക്ഷികളായാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്.

ആര്‍ എസ് എസ് കഴിഞ്ഞ നാല് പതിറ്റാണ്ടായി നടത്താന്‍ ശ്രമിച്ച് പൂര്‍ണ്ണമായല്ലെങ്കില്‍ കൂടി പരാജയപ്പെട്ട ‘വിശാല ഹിന്ദു ഏകീകരണം’ ആണ് ശബരിമലയുടെ പേരില്‍ വളരെ പെട്ടെന്ന് അടിത്തട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണിക് അധികാരഘടനയ്ക്ക് അകത്ത് മാത്രം പ്രവര്‍ത്തന ക്ഷമമാകുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ വിശാല ഹിന്ദു ഏകീകരണത്തെ സക്രിയമാക്കുന്നത്. ‘ബ്രാഹ്മണ തന്ത്രിമാരും രാജകുടുംബാംഗങ്ങളും’ തീരുമാനിക്കും എന്നും ഭരണഘടന ബാധകമല്ലെന്നുമുള്ള പന്തളത്ത് നടന്ന അയ്യപ്പമന്ത്ര ഘോഷയാത്ര അത്ര നിസ്സാരമായി തള്ളിക്കൂട. പ്രത്യേകിച്ച് ജാതീയതയ്ക്ക് എതിരായും ബ്രാഹ്മണ്യത്തിനെതിരാരും സവര്‍ണ്ണ രാഷ്രീയത്തിനെതിരായും സാമൂഹിക – രാഷ്ട്രീയം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. പ്രകോപനപരമായല്ല പ്രതികരിക്കേണ്ടത്; ക്രിയാത്മകവുമായും രാഷ്ട്രീയവുമായാണ്. നവോന്ഥാനത്തിന്റെ തുടര്‍ച്ച നിര്‍മ്മിക്കുവാന്‍ ആദിവാസി ദലിത് പിന്നോക്ക പ്രവര്‍ത്തകര്‍, പുരോഗമന ആശയവാദികള്‍, ജനാധിപത്യ വാദികള്‍, നീതി കാംക്ഷിക്കുന്നവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.

പ്രാഥമികമായി ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരന്റെയുമാണ്; സവിശേഷാല്‍ ആദിവാസികളുടെയും ദളിതരുടെയും പിന്നോക്കക്കാരുടെയും ന്യുനപക്ഷങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും അടിയന്തിര കടമയും ഉത്തരവാദിത്വവുമാണ്. എന്തെന്നാല്‍ ഭരണഘടനാപരമല്ലാത്ത ഒരധികാരങ്ങളും ഈ ജനത നിലനിര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടനയ്ക്ക് പുറത്ത് ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഏത് നീക്കത്തെയും ആദിവാദികളും ദലിതരും പിന്നോക്ക ജനങ്ങളും ന്യുനപക്ഷങ്ങളും ചെറുത്ത് തോല്‍പ്പിക്കണമെന്ന് മാത്രമല്ല ഈ ഹിന്ദുത്വത്തിനു പുറത്ത് നീതിയുക്തമായ സാമൂഹിക ക്രമത്തിന്റെ അപനിര്‍മ്മാണത്തിന് വിശാലഐക്യം രൂപീകരിംകുകയും വേണം. അത്തരത്തില്‍ മാത്രമേ ഈ വിശാല ഹിന്ദു ഏകീകരണത്തെ പ്രതിരോധിക്കുവാന്‍ കഴിയൂ.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>