സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Oct 4th, 2018

ഹിന്ദു യുക്തിവാദം അഥവാ ഇടതുലിബറല്‍ വരേണ്യത

Share This
Tags

tnഅനൂപ് കുമാരന്‍

ടി.എന്‍.ജോയിയെപോലും നജ്മല്‍ ബാബുവായി ഖബറടക്കപ്പെടാന്‍ അനുവദിക്കാത്ത ഹിന്ദു യുക്തിവാദം അഥവാ ഇടതുലിബറല്‍ വരേണ്യത

കൊടുങ്ങല്ലൂരിലെ വലിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് ഈഴവ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായി പിറന്നജോയ്. മകന് മതേതര പേര് 70 വര്‍ഷം മുന്‍പ് തിരഞ്ഞെടുത്ത മാതാപിതാക്കളും മുതിര്‍ന്ന സഹോദരങ്ങളും. അടിയന്തിരാവസ്ഥക്കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന മനുഷ്യന്‍. തോമസ് ഐസക്കും എം.എ.ബേബിയും എന്‍.എസ്.മാധവനും ജോയ് മാത്യുവും എന്‍.മാധവന്‍കുട്ടിയും അടങ്ങുന്ന ഉറ്റ സൗഹൃദങ്ങളുടെ വലിയ നിര. കേരളത്തിലെ ബുദ്ധിജീവികളുടെ ബുദ്ധിജീവി. മര്‍ദ്ധിത ജാതി മത ന്യൂനപക്ഷ ഐക്യവും മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതു പ്ലാറ്റ്‌ഫോമും പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സ്വപ്നം കണ്ടയാള്‍.

2013 ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യകാല മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദിന്റെ അധികാരികളോട് തന്നെ അവിടെ ഖബറടക്കണമെന്ന് സ്വന്തം കൈപ്പടയില്‍ എഴുതി സമര്‍പ്പിക്കുന്നു. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വവാദം മുസ്ലിമിനെ അപരവല്‍ക്കരിച്ച് തച്ചുകൊല്ലുന്ന പരമ്പരകള്‍ തുടര്‍ന്നപ്പോള്‍ സൂക്ഷ്മ രാഷ്ട്രീയ നിലപാടായി നജ്മല്‍ ബാബു വെന്നപേര്‍ സ്വീകരിച്ച് ഇസ്ലാംമതം സ്വീകരിച്ച ജോയ്. പതിറ്റാണ്ടായി ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (HCI) എന്ന താന്‍തന്നെ മുന്‍കയ്യെടുത്ത് തുടങ്ങിയ സ്ഥാപനത്തില്‍ ഒറ്റയാനായി ജീവിച്ച അവിവാഹിതന്‍. മരണം വരെ സുഹൃത്തുക്കളില്‍നിന്നും സ്വീകരിച്ച സമ്പത്തിന്റെ നൂറിലൊരംശംപോലും സ്വന്തം കുടുംബത്തില്‍ നിന്നും ‘സ്വന്തക്കാര്‍’ എന്നലേബലില്‍ സ്വീകരിക്കാതിരുന്ന അഭിമാനിയായ യാചകന്‍. 20l8 ഒക്ടോബര്‍ 2ന് രാത്രി 8.15ന് മെഡികെയര്‍ ആശുപത്രിയില്‍ തന്റെ സുഹ്രത്തുക്കളായ ഡോ.മുഹമ്മദ് സഈദ്, ഡോ.ജോസ് ഊക്കന്‍ എന്നിവരുടെ പരിചരണം ലഭിച്ചിട്ടും മരണപ്പെട്ടപ്പോള്‍ തന്റെ സഹോദരങ്ങളുടെ വെറും പ്രോപ്പര്‍ട്ടിയായി മാറി.

ജോയിയെ നജ്മല്‍ ബാബു വെന്ന മുസ്ലിമായി അംഗീകരിക്കാന്‍ കഴിയാതെ, തങ്ങളിലൊരാളുടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുമെന്നു തീരുമാനിച്ച ആ ഹിന്ദു കമ്യൂണിസ്റ്റുകളെ, ജോയിയുടെ ഇഷ്ടം അതല്ലെന്നും ജോയിയെ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ മരണത്തിലും വെറുതെ വിടണമെന്നും നേരിട്ടും ഫോണിലും അപേക്ഷിച്ചവരില്‍ ചിലരുടെ പേരുകള്‍ കെ.വേണു, കെ.സച്ചിദാനന്ദന്‍, സുനില്‍.പി.ഇളയിടം, പ്രഫ.ബി.രാജിവന്‍, കെ.ജി.ശങ്കരപ്പിള്ള, ഷഹബാസ് അമന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, വി.കെ.ശ്രീരാമന്‍,സി.ഗൗരിദാസന്‍ നായര്‍, സി.എസ്.വെങ്കിടേശ്വരന്‍, ദിലീപ് രാജ് എന്നിങ്ങനെയാണ്.

അഭ്യര്‍ത്ഥനകള്‍ക്കു മുന്നില്‍ കുലുങ്ങാതിരുന്ന സഹോദരങ്ങള്‍ ഇങ്ങനെ കൂടി വിശദീകരിച്ചുവത്രേ. തങ്ങള്‍ മതാചാരങ്ങള്‍ തങ്ങളുടെ വീടുകളില്‍ പ്രാക്റ്റീസ് ചെയ്യുന്നില്ല. ജോയിയുടെ മൃതദേഹത്തിനടുത്ത് ഒരു നിലവിളക്കുപോലും കൊളുത്തുന്നില്ല, മറ്റു കര്‍മ്മങ്ങളോ ചെയ്യുന്നില്ല. തങ്ങളുടെ ഈ ഉയര്‍ന്ന മൂല്യത്തിനു വിരുദ്ധമായി ഇസ്ലാം മതാചാരപ്രകാരം ഖബറടക്കുന്നത് മോശം കാര്യമാണ്. ജോയിയുടെ ഇസ്ലാംമത സ്വീകരണവും ഖബറടക്കല്‍ കുറിപ്പും ജോയിയുടെ തമാശകളില്‍ ചിലതു മാത്രം.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ശരികളില്‍ ജീവിക്കാനും തന്റെ തീരുമാനപ്രകാരം മൃതദേഹം മറവു ചെയ്യാനും അനുവദിക്കാതെ തങ്ങളുടെ ശരികള്‍ അടിച്ചേല്‍പ്പിക്കുന്നത് (അവ എത്ര ഉന്നതമോ ആത്യന്തിക ശരിയോ ആകട്ടെ) തികഞ്ഞ അനീതിയാണ്. തങ്ങളുടെ ശരികള്‍ ന്യായീകരിക്കാന്‍ പറയുന്ന വാചകങ്ങളാകട്ടെ അളിഞ്ഞ യുക്തിവാദവും ലിബറല്‍ വരേണ്യതയും. തന്റെ ലോജിക്ക് തന്റെ ജീവിതത്തില്‍ അപ്ലേചെയ്യാം എന്നാല്‍ ജോയിയുടെ ജിവിതത്തില്‍ തന്റെ ലോജിക്കല്ല, ജോയിയുടെ ലോജിക്കാണ് അപ്ലേ ചെയ്യേണ്ടതെന്ന പ്രാഥമിക നീതിബോധം പോലുമിവര്‍ സ്വാംശീകരിച്ചിട്ടില്ല. തങ്ങളുടെ യുക്തിവാദം ജോയിയില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ സഹോദരങ്ങള്‍ ജോയിയുടെ പ്രസിദ്ധമായ വാചകം മറക്കുന്നു. ഇന്തൃനവസ്ഥയില്‍ യുക്തിവാദം, ഹിന്ദുത്വവാദത്തിന്റെ ഇരട്ട സഹോദരനാണ് എന്നത്. ജോയി അടുത്ത കാലത്ത് ഏറ്റവും കലഹിച്ചത് ഈ ഹിന്ദു യുക്തിവാദത്തോടാണ്. ഈ കലഹത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ജോയി ഇസ്ലാം സ്വീകരിച്ചതും നജ്മല്‍ ബാബുവായതും.

ജോയിയുടെ കുടുംബത്തിനു പോലും സംഭവിക്കുന്ന ഈ അപചയം സൂക്ഷമമായി തിരിച്ചറിയാനോ പ്രതിരോധിക്കാനോ സ്ഥലം MLA യ്ക്കും CPM നേതൃത്വത്തിനും കഴിയുന്നില്ലെന്നതും ‘RSSനും ഇസ്ലാമിക തീവ്രവാദത്തിനും നാംവടിവെട്ടി കൊടുക്കരുത്, ഈ സന്ദര്‍ഭത്തില്‍ നാം കുടുംബത്തോടൊപ്പം നില്‍ക്കണമെന്ന’ അഴകൊഴമ്പന്‍ നിലപാടെടുക്കുന്ന നേതൃത്വങ്ങളും ഉണ്ടാകുന്നത് നമ്മുടെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേരിടുന്ന ബൗദ്ധിക പാപ്പരത്വത്തിന്റെയും അതുവഴി അവരെത്തി ചേര്‍ന്നിരിക്കുന്ന അപചയത്തിന്റെ ആഴവും വ്യക്തമാക്കുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>