സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Oct 3rd, 2018

പൊതുഗതാഗതത്തെ രക്ഷിക്കാന്‍ വേണം അടിയന്തിരനടപടികള്‍.

Share This
Tags

bb

സാധാരണക്കാരുടെ ഏറ്റവും വലിയ ആവശ്യവും അവകാശവുമായ പൊതുഗതാഗതസംവിധാനങ്ങള്‍ തകരുന്ന അവസ്ഥയാണ് സംസ്ഥാനത്തു കാണുന്നത്. സര്‍ക്കാരിന്റെ പൊതുവായ നിലപാടുകളൈാന്നും പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല. പ്രധാനമായും സ്വകാര്യകാറുകളെ മുന്നില്‍ കണ്ടാണ് റോഡുകള്‍ തയ്യാറാക്കുന്നതടക്കം എല്ലാ ഗതാഗതസംവിധാനങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കാലങ്ങളായി പൊതുഗതാഗതസംവിധാനങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. അതിനിടയില്‍ അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധനവിലവര്‍ദ്ധനവാണ് ഇപ്പോള്‍ കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ് സംവിധാനങ്ങളെ പൂര്‍ണ്ണമായ തകര്‍ച്ചയിലെത്തിച്ചിരിക്കുന്നത്.
കേരളത്തിലെ നിരത്തുകളില്‍ നിന്നും അനുദിനം സ്വകാര്യ ബസുകള്‍ അപ്രത്യക്ഷമാകുകയാണ്. ആറ് മാസത്തിനിടെ സംസ്ഥാനത്ത് 1500ലേറെ ബസുകളാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇന്ധന വില വര്‍ദ്ധന അടക്കമുളള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ആയിരകണക്കിനു ബസുകളുടെ ഉടമകള്‍ അപേക്ഷിച്ചിരിക്കുകയാണ്. 2011-ല്‍ 34.000 ബസുകളുണ്ടായിരുന്ന കേരളത്തിലെ നിരത്തുകളില്‍ ഇപ്പോള്‍ ഉളളത് 12,500 ബസുകള്‍ മാത്രമെന്നാണ്് ഉടമകളുടെ കണക്ക്.
ഡീസല്‍ വില ലീറ്ററിന് 64ല്‍ നില്‍ക്കുമ്പോഴായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ടിക്കറ്റ് നിരക്ക് അവസാനം ഉയര്‍ത്തിയതെന്ന് ഉടമകള്‍ പറയുന്നു. എണ്ണവില 80ല്‍ എത്തിയതോടെ ദിവസം ആയിനത്തില്‍ മാത്രമുളള നഷ്ടം 2000രൂപയിലേറെയാണത്രെ. റോഡ് നികുതി ഇനത്തില്‍ വര്‍ഷം 1,20000 രൂപ അടയ്ക്കണം. സ്പെയര്‍പാര്‍ട്സിന്റെയും മറ്റും വിലവര്‍ദ്ധനെയത്തുടര്‍ന്നുളള അധികച്ചിലവ് വേറെ. ഇതിനെല്ലാം പുറമെയാണ് പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ ദയനീയാവസ്ഥ. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടുന്ന ബസുടമകളുടെ ഭാഗത്ത് ന്യായമുണ്ട്. കെ എസ് ആര്‍ ടി സിയുടെ അവസ്ഥ കൃത്യമായി അറിയുന്നതിനാല്‍ ഇതൊന്നും നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല താനും. ബസുകളുടെ സര്‍വീസ് കാലാവധി 15ല്‍ നിന്ന് 20 ആയി ഉയര്‍ത്തി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചാര്‍ജ്ജ് കൂട്ടണം, വിദ്യാത്ഥികളുടെയടക്കമുളള സൗജന്യയാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരണം, അല്ലെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം, റോഡ് നികുതിയില്‍ ഇളവും നല്‍കണം എന്ന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല.
നേരത്തെ കെ എസ് ആര്‍ ടി സി നഷ്ടത്തിലാണെന്നു പറയുമ്പോള്‍ ബസ് വ്യവസായം ലാഭകരമാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചത് സ്വകാര്യ ബസുകളായിരുന്നു. ആ കാലം പക്ഷെ അവസാനിക്കുകയാണ്. ഇപ്പോളത്തെ ഇന്ധനവില മാത്രമല്ല അതിനു കാരണം. പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു എന്നതാണ് അതിന്റെ പ്രധാന കാരണം. വിഭവങ്ങളുടെ ശോഷണത്തിനും സന്തുലിതമല്ലാത്ത ഉപയോഗത്തിനും ഗതാഗത കുരുക്കുകള്‍ക്കും അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനുമെല്ലാം കാരണമായ അനിയന്ത്രിതമായ സ്വകാര്യ വാഹന പ്രളയമാണ് സത്യത്തില്‍ യഥാര്‍ത്ഥ പ്രശ്‌നം.
കേരളം പോലെ ജനസാന്ദ്രതയേറിയൊരു പ്രദേശത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഗതാഗത കുരുക്കിലും അനുബന്ധ വിപത്തുകളിലും മാത്രമേ കലാശിയ്ക്കുകയുള്ളൂ. അതിനാല്‍ തന്നെ പൊതു വാഹനങ്ങള്‍ക്ക് പ്രാമുഖ്യമുള്ളൊരു നയം മാത്രമാണ് നമുക്ക് കരണീയമായിട്ടുള്ളത്. അങ്ങനെയാണ് പ്രഖ്യാപനവും. എന്നാല്‍ നടപ്പാക്കപ്പെടുന്നത് അതല്ലതാനും. ബസുകളെയും മറ്റ് പൊതു വാഹനങ്ങളെയും കൂടുതല്‍ ജനകീയവും ആകര്‍ഷകവും വിശ്വസനീയവുമാക്കുന്ന നയ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. അതുണ്ടാകുന്നില്ല. കേരളത്തിലോടുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കേവലം 3 % മാത്രമാണ് ബസുകള്‍. ആകെ വാഹനങ്ങളില്‍ 60% ഇരുചക്ര വാഹനങ്ങളും 20 % നാലു ചക്രവാഹനങ്ങളുമാണ്. ഈ സ്വകാര്യ വാഹനങ്ങളുടെ എണ്ണമാകട്ടെ ഓരോ വര്‍ഷവും 10 % വീതം വര്‍ദ്ധിച്ചു കൊണ്ടുമിരിയ്ക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ ഇന്ന് അന്തസ്സിന്റെ പ്രതീകമാണല്ലോ. അതിനായി എത്ര ലോണ്‍ നല്‍കാന്‍ നിര്‍മ്മാണ കമ്പനികളും ബാങ്കുകളും തയ്യാറാമുതാനും.
സ്വകാര്യ വാഹനങ്ങളോടുള്ള ജനങ്ങളുടെ ഭ്രമം കുറയ്ക്കണമെങ്കില്‍ പൊതു ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തണം. ന്യായമായ നിരക്കില്‍ വിശ്വസനീയമായ സേവനം ഉറപ്പാക്കാനായാല്‍ ബഹുഭൂരിപക്ഷം യാത്രക്കാരും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുവാന്‍ തയ്യാറാക്കും. ഗണ്യമായൊരു തുകയാണ് നികുതിയായി ബസുകളില്‍ നിന്നും വര്‍ഷം തോറും പിരിച്ചെടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ പൊതു വാഹനങ്ങളുപയോഗിക്കുന്നവര്‍ നല്കുന്ന ‘പിഴ’ യാണ് ഈ കനത്ത തുക. അത് കുറക്കണമെന്നത് ന്യായമായ ആവശ്യമാണ്. ആനുപാതികമായി മറ്റു സ്വകാര്യവാഹനങ്ങളുടേത് വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് ഇന്ധനവിലയുടെ വിഷയത്തിലും എടുക്കേണ്ടത്. കൂടാതെ പൊതു വാഹനങ്ങളെ എല്ലാവിധ ടോളുകളില്‍ നിന്നും മറ്റ് ഫീസുകളില്‍ നിന്നും ഒഴിവാക്കണം. നിരത്തുകളുടെ ഒന്നാമത്തെ അവകാശി കാല്‍ നടക്കാരനും രണ്ടാമത്തെ അവകാശി യന്ത്ര രഹിത വാഹനങ്ങളും മൂന്നാമത്തെ അവകാശി പൊതുവാഹനങ്ങളുമാണെന്ന് അംഗീകിച്ചുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഓരോ ബസും എത്രയോ സ്വകാര്യവാഹനങ്ങളെയാണ് നിരത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതെന്നംഗീകരിച്ച് അതിലെ യാത്രക്കാരുടെ ആവശ്യങ്ങളനുസരിച്ച് ഗതാഗതനയങ്ങള്‍ മാറ്റുകതന്നെവേണം. സ്വകാര്യബസുവ്യവസായം സംരക്ഷിക്കേണ്ടത് ബസുടമകള്‍ക്കായല്ല, യാത്രക്കാര്‍ക്കും അങ്ങനെ സമൂഹത്തിനും വേണ്ടിയാണെന്നംഗീകരിച്ചാല്‍ പ്രശ്‌നപരിഹാരമാകും.
പൊതുഗതാഗതത്തിലെ മറ്റൊരു പ്രധാനഘടകമായ കെ എസ് ആര്‍ ടി സി വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. സ്വകാര്യബസുകളെ ബാധിക്കുന്ന വിഷയങ്ങളോടൊപ്പം തന്നെ സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും യൂണിയനുകളുടേയും ജനവിരുദ്ധനിലപാടുകളാണ് കെ എസ് ആര്‍ ടി സിയെ തകര്‍ക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിട്ടും അക്കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരു ഭരണാധികാരിയും ഇതുവരെ ധൈര്യം കാണിച്ചിട്ടില്ല. പകരം ജനങ്ങളുടെ പണം അനര്‍ഹമായി വാരിവലിച്ചു നല്‍കിയാണ് കെ എസ ആര്‍ ടി സി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത്രയും വലിയ ഒരു സ്ഥാപനത്തില്‍ തികച്ചും പ്രൊഫഷണലായ എം ഡിയെ നിയമിക്കുകയും അദ്ദേഹത്തിനു സമയം നല്‍കുകയും അനാവശ്യമായ ഇടപെടലുകള്‍ അവസാനിപ്പിക്കുകയും എല്ലാം തങ്ങളുടെ കൈപിടിയില്‍ ഒതുക്കുന്ന യൂണിയനുകളുടെ സമീപനങ്ങളും പണിമുടക്ക് ഭീഷണികളും അവസാനിപ്പിക്കുകയും ആദ്യം ചെയ്യണം. അതിനുപുറകെ ദീര്‍ഘദര്‍ശനത്തോടെയുള്ള പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കണം. പൊതുഗതാഗതത്തിന്റെ ഉയര്‍ന്ന രൂപമായതിനാല്‍ സര്‍ക്കാര്‍ പരമാവധമ സഹായിക്കണം. ഈ ദിശയില്‍ കെ എസ് ആര്‍ ടി സിയേയും സ്വകാര്യ ബസ് വ്യവസായത്തേയും രക്ഷിക്കാനുള്ള അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകുകയാണ് അടിയന്തിര ആവശ്യം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>