സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Sep 28th, 2018

ലിംഗനീതിക്കായി സുപ്രിംകോടതി തന്നെ രംഗത്തിറങ്ങുമ്പോള്‍

Share This
Tags

sss

ലിംഗപരമോ ഭാഷാപരമോ വര്‍ണ്ണപരമോ ദേശപരമോ ആയ വൈവിധ്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമോ ഒരു വ്യക്തിക്കുനേരേയുമുള്ള വിവേചനത്തിനു കാരണമാകരുതെന്നത് ആധുനിക ജനാധിപത്യത്തിന്റേയും സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തിന്റേയും അടിത്തറയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നടക്കുന്നത് അതല്ല. കുടുംബത്തിന്റെ അകത്തളങ്ങള്‍ മുതല്‍ വിദ്യാലയമായാലും കാര്യാലയമായും ദേവാലയമായാലും ഏതു പൊതുരംഗമായാലും രാഷ്ട്രീയമായാലും സംഭവിക്കുന്നത് മറിച്ചാണ്. എല്ലാ മേഖലയിലും നിലനില്‍ക്കുന്നത് പുരുഷാധിപതയമായതിനാല്‍ സ്ത്രീകളും മറ്റു ലൈംഗികന്യൂനപക്ഷങ്ങളും അനുഭവിക്കുന്നത് ക്രൂരമായ വിവേചനമാണ്. ഒപ്പം അതിനെതിരായ പോരാട്ടങ്ങളും എല്ലായിടത്തും നടക്കുന്നു. ആ പോരാട്ടങ്ങള്‍ക്ക് അടുത്ത ദിനങ്ങളില്‍ സുപ്രിം കോടതി നല്‍കിയ ഊര്‍ജ്ജം ചെറുതൊന്നുമല്ല. സ്വവര്‍ഗ്ഗലൈംഗികത അംഗീകരിച്ചത്, 497-ാം വകുപ്പ് റദ്ദാക്കിയത്, ശബരിമലയില്‍ സ്ത്രീപ്രവേശനം അംഗീകരിച്ചത് എന്നീ മൂന്നു വിഷയങ്ങളിലെ കോടതിവിധികളാണ് ഉദ്ദേശിക്കുന്നത്.
ഇന്നു സുപ്രിംകോടതി പുറപ്പെടുവിച്ച ശബരിമലയിലെ സ്ത്രീപ്രവേശനം അംഗീകരിച്ച വിധിയിലെ ഓരോ വരിയും ലിംഗനീതി എന്ന മഹത്തായ ആശയത്തെ ഉയര്‍ത്തിപിടിക്കുന്നതാണ്. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതുതന്നെ പ്രധാനം. ഏതുമേഖലയിലും അതിന്റെ പേരിലാണല്ലോ പേരിലാണല്ലോ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നത്. മുഖ്യമായും ആര്‍ത്തവമെന്ന സ്വാഭാവികമായ ജൈവപ്രക്രിയയാണ് സ്ത്രീകള്‍ക്ക് വിവേചനത്തിനു കാരണമാകുന്നത്. സ്ത്രീകളോടുള്ള വിവേചനം ഭരണഘടവിരുദ്ധമാണ്, മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25 അനുച്ഛേദത്തിന്റെ അവകാശം സ്ത്രീക്കും പുരുഷനും തുല്യമാണ്, മതത്തിലെ പുരുഷാധാതിപത്യം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്, സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒരു തരത്തില്‍ ഉള്ള തൊട്ട് കൂടായ്മയാണ് തുടങ്ങിയ പരാമര്‍ശങ്ങളും ഈ വിധിയെ ലിംഗനീതിയുടെ ശബ്ദമാക്കി മാറ്റുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ ആവശ്യമായ കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് വാദിക്കുന്നത് പുരുഷമേധാവിത്ത മനോഭാവത്തിന്റെ പ്രതിഫലനമാണ്, അത് പറയുന്നത് പുരുഷന് വിധേയരായി ജീവിക്കേണ്ടവരാണ് സ്ത്രീകളെന്ന മേധാവിത്ത്വനിലപാടുള്ളവരാണ്, ജനനം മുതല്‍ എങ്ങനെ പെരുമാറണം, എന്ത് സംസാരിക്കണം, എന്ത് ചെയ്യണമെന്ന സാമൂഹ്യനിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് സ്ത്രീകള്‍, എല്ലാം പുരുഷമേധാവിത്ത്വനിലപാടുകള്‍ തിരുത്തപ്പെടണം തുടങ്ങിയ പരാമര്‍ശങ്ങളും കോടതിയെ ആധുനികലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കുന്നു.
സ്ത്രീയോട് വിവേചനം കാണിക്കുന്ന എല്ലാ വകുപ്പുകളും ഭരണഘടനാ വിരുദ്ധമാണെന്ന ഐപിസിയിലെ 497ാം വകുപ്പ് റദ്ദാക്കിയുള്ള സുപ്രീം കോടതിയുടെ വിധിയും ഉയര്‍ത്തിപിടിക്കുന്നത് ആധുനിക ജനാധിപത്യത്തിലെ ലിംഗനീതി എന്ന മഹത്തായ ആശയം തന്നെയാണ്. അന്യ പുരുഷന്റെ ഭാര്യയുമായി, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷന് ശിക്ഷ ലഭിക്കുന്ന വകുപ്പാണ് റദ്ദാക്കിയത്. പരാതിയില്ലെങ്കില്‍ പ്രശ്‌നമില്ലതാനും. ഭാര്യയുടെ മെല്‍ അനര്‍ഹമായ അധികാരം നല്‍കുന്ന ഈ വകുപ്പ് സ്ത്രീയുടെ അന്തസ്സിലാതാക്കുന്നതാണെന്ന നിരീക്ഷണം ലിംഗനീതിയിലധിഷ്ഠിതമാണെന്നതില്‍ സംശയമില്ല. വിവാഹിതനായ ഒരു പുരുഷനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവിന്റെ അനുമതി വേണം എന്ന സങ്കല്‍പം എവിടെ നിന്നാണ് അവര്‍ക്ക് ലഭിച്ചത് എന്ന് പോലും ചീഫ് ജസ്റ്റിസ് ചോദിച്ചു. തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ യജമാനന്മരല്ല, അവള്‍ ജംഗമവസ്തുവല്ല തുടങ്ങിയ നിരീക്ഷണങ്ങളിലൂടെ കോടതി സ്ത്രീകളുടെ മാത്രമല്ല, സ്വന്തം അന്തസ്സുമുയര്‍ത്തി പിടിക്കുകയായിരിക്കുന്നു. സമൂഹത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് സ്ത്രീകള്‍ ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല എന്ന നിരീക്ഷണവും വ്യക്തിയുടെ അന്തസ്സുയര്‍ത്തിപിടിക്കുന്നതാണ്. ഒപ്പം വീട്ടിനുള്ളില്‍ നടക്കുന്ന വിവേചനം പോലും ഇല്ലാതാക്കപ്പെടണമെന്ന നിലപാടും കോടതി പ്രഖ്യാപിച്ചു. വിവാഹിതനായ പുരുഷന് അവിവാഹിതയായ ഒരു സ്ത്രീയുമായോ, ഒരു വിധവയുമായോ, ഒരു ട്രാന്‍സ് ജെന്‍ഡറുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിയമ പ്രകാരം തെറ്റില്ല. അങ്ങനെയെങ്കില്‍ എങ്ങനെയാണ് വിവാഹത്തിന്റെ പവിത്രതയുമായി ഇതിനെ ചേര്‍ത്തുവയ്ക്കുക എന്നും കോടതി മുന്‍കൂര്‍ ആയി ചോദിച്ചു.
സ്വവര്‍ഗ്ഗരതി കുറ്റമായി കണ്ടിരുന്ന 377-ാം വകുപ്പ റദ്ദാക്കിയുള്ള വിധിയോടെ തങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണെന്ന് ഏതാനും ദിവസം മുന്നെ സുപ്രിം കോടതി പ്രഖ്യാപിച്ചിരിക്കുന്നു. വ്യത്യസ്തരായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെന്നായിരുന്നു കോടതി അന്നു പറഞ്ഞത്. താന്‍ എന്താണോ അത് തന്നെയാണ് താന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വന്തം താല്‍പ്പര്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഇതുവഴി കോടതി ഉയര്‍ത്തിപിടിച്ചത്. ഈ മൂന്നുവിധികളുടേയും ചരിത്രപരമായ പ്രസക്തിയും അതുതന്നെ.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>