സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 25th, 2018

പുരോഹിതന്റേത് പുണ്യപാപമോ ?

Share This
Tags

ssപ്രസാദ് അമോര്‍

മനുഷ്യന്റെ ജീവിതത്തില്‍ നിരവധി വിലക്കുകളും പാരമ്പര്യവും പ്രധാനപ്പെട്ട ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ മാതൃകകളിലൂടെയാണ് മനുഷ്യര്‍ ജീവിതം കരുപിടിപ്പിക്കുന്നത്. ലൈംഗീകമായും സാമൂഹ്യമായും മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്നതുപോലുള്ള വിലക്കുകള്‍ മറ്റു ജീവിവര്‍ഗ്ഗങ്ങളുടെ ഇടയില്‍ ഇല്ല.അപരിഷ്‌കൃതരായ മനുഷ്യരുടെ വികലഭാവനകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന വിലക്കുകള്‍ കാലാകാലങ്ങളായി മനുഷ്യസമൂഹത്തില്‍ നിലനിന്നു പോരുന്നു. ലോകം എത്രയോ മാറിപോയി എന്നിട്ടും മതങ്ങളും പുരോഹിതന്മാരും തെളിച്ച വഴിയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അത് വല്ലാത്ത വൈകാരിക പ്രതിസന്ധിയായി ആളുകളെ ആക്രമിക്കുന്നു

ലോകം വളരെ ചെറുതായിരിക്കുകയാണ്. നമ്മെളെല്ലാവരും തിക്കിത്തിരക്കി ജീവിക്കേണ്ടിവരുന്നു. വ്യത്യസ്ത മനുഷ്യര്‍ അവരുടെ വൈജാത്യങ്ങള്‍, അവരുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങള്‍ അതിനുവേണ്ടിയുള്ള സ്പര്‍ദ്ധകള്‍, സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം നാം അനുഭവിക്കുന്നു . എന്നാല്‍ നമ്മുടെ പെരുമാറ്റത്തില്‍ സാമൂഹ്യ സാഹചര്യങ്ങള്‍ സ്വാധീനിക്കുന്നതിനെക്കാള്‍ നിര്‍ണ്ണായക മാകുന്നത് ജനിതക/ ജീവശാസ്ത്രപരമായ സാധ്യതകളാണ്. ജന്മനാ ലഭിച്ച ജീവശാസ്ത്രപരമായ ഘടകങ്ങള്‍ക്ക് അനുസ്തൃതമായി പെരുമാറ്റങ്ങളെ പ്രചോദിപ്പിക്കുകയാണ് ബാഹ്യസാഹചര്യങ്ങള്‍. എത്രമെച്ചപ്പെട്ട ബാഹ്യസാഹചര്യത്തിലും ജീവശാസ്ത്രപരമായ വ്യഗ്രതകളും ആവശ്യങ്ങളും തീക്ഷ്ണമായിത്തന്നെ നിലനില്‍ക്കുന്നു. നാം പ്രകൃതിയുടെ വെറും ഒരു ഭാഗം മാത്രമാണെന്നുള്ള വസ്തുത അംഗീകരിക്കാന്‍ പ്രയാസമുള്ളതുകൊണ്ടാണ് പവിത്രത, ശ്രേഷ്ഠത, ബ്രാഹ്മചര്യം തുടങ്ങിയ സങ്കല്പങ്ങള്‍ രൂപപ്പെടുത്തി വ്യത്യസ്തരാണ് നമ്മള്‍ എന്ന് സ്വയം കരുതിപ്പോരുന്നത്.

വാസ്തവത്തില്‍ മനുഷ്യന്‍ വ്യത്യസ്ത ഇണകളെ പ്രാപിക്കാന്‍ തിരക്ക് കൂട്ടുന്ന ഒരു ജീവിയാണ്. സസ്തനികളില്‍ തന്നെ മൂന്ന് ശതമാനത്തില്‍ താഴെ ജീവികള്‍ മാത്രമേ ഒരു ഇണയോടൊത്തു ജീവിക്കുന്നുള്ളു. മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ ഘടന വ്യത്യസ്ത ഇണ ബന്ധത്തിന് അനുകൂലമായി നില്‍ക്കുന്നു. മസ്തിഷ്‌കമാണ് രതിയുടെ കേന്ദ്രം. ഹൈപ്പോതലാമസ്സ് ലൈംഗിക വാസനയെ നിയന്ത്രിക്കുന്നു. ഹൈപ്പോതലാമസ്സിന്റെ ഭാഗത്താണ് രതിപ്രേരണകള്‍ ഉത്തേജിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉള്ളത്.പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാളും പത്തുമുതല്‍ ഇരുപതു മടങ്ങ് കൂടുതല്‍ ടെസ്റ്റോസ്റ്റിറോണും വലിപ്പമേറിയ ഹൈപ്പോതലാമസും ഉണ്ട്. പുരുഷന്മാരുടെ ലൈംഗിക ചോദന ശക്തമായി നിലനില്‍ക്കുന്നത് ഇതുകൊണ്ടാണ്. സ്ത്രീകളുടെ ഹൈപ്പോതലാമസ്
പുരുഷന്റെതിനേക്കാള്‍ ചെറുതാണ് മാത്രമല്ല മാസമുറ, ഗര്ഭാധാരണം ,ജീവശാസ്ത്രപരമായ മാറ്റ് ഘടകങ്ങള്‍ എന്നിവ കാരണം അവര്‍ക്ക് പുരുഷനെ അപേക്ഷിച്ചു കുറഞ്ഞ ലൈംഗീക താല്പര്യങ്ങളേയുള്ളു. ജീവശാസ്ത്രപരമായി നോക്കിയാല്‍ 365 ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പുരുഷപ്രകൃതത്തെ ഒരാളുമായിപോലും സഹശയനം ചെയ്യാന്‍ സമ്മതിക്കാതെ വിലക്കുന്ന സമീപനം ഭീകരമാണ് .സാമൂഹ്യമായ വിലക്കുകളിലൂടെ, നിയമങ്ങളിലൂടെ നിയന്ത്രിക്കുന്ന രീതികള്‍ മനുഷ്യ സമൂഹത്തില്‍ നിലനില്‍ക്കുന്നു. സമൂഹത്തില്‍ അധികാരമുള്ള/ പദവിയുള്ള പുരോഹിതന്മാര്‍/ പുരുഷന്മാര്‍ മറ്റു പുരുഷപ്രജകളെ നിരവധി വിലക്കുകളിലൂടെ പീഡിപ്പിക്കുകയും തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് സ്ത്രീകളെ കൈവശപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പുരോഹിതന്മാര്‍ ജീവശാസ്ത്രപരമായി അക്രമവാസനയുള്ളവരും ലൈംഗീക പരാധീനതകള്‍ ഉള്ളവരോ, ലൈംഗീക ചോദനയെ അടിച്ചമര്‍ത്തി ജീവിക്കുന്നവരോ ആകാം. മതിഭ്രമവും ആഹ്‌ളാദവും മാറിമാറി വരുന്ന മാനിയ്ക് ഡിപ്രസ്സീവ് അവസ്ഥയുള്ളവരുടെ ചെയ്തികള്‍ വിചിത്രമാകാറുണ്ട്. രതിക്ക് ദൈവത്തിലേയ്ക്കുള്ള പാതയാവാന്‍ കഴിയുമെന്നും രതി ജ്ഞാനദീപ്തിയിലേക്കുള്ള വഴിയാണെന്നും പറയുകയും ബ്രഹ്മചര്യത്തെ പ്രകീര്‍ത്തിക്കുകയും ലൈംഗീകതയെ അമര്‍ത്തിയൊതുക്കിവെയ്ക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന മതങ്ങളും പുരോഹിതവര്‍ഗ്ഗവും ആളുകളില്‍ ഞരബുരോഗങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ലൈംഗീകതയെ വര്‍ജ്ജിക്കുകയെന്നത് ഉദാത്തമായ ഒന്നായി ക്രിസ്തുമതം കാണുന്നു . സ്ത്രീയെന്നാല്‍ ലൈംഗീകതയുടെ രൂപമാണെന്നും അവരുടെ സാമീപ്യം ഒഴിവാക്കണമെന്നുമുള്ള വിലക്കുകളും , വിവാഹം എന്നത് കുദാശയുമായി ക്രിസ്തുമതം മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ചതോടെ സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം ഉണ്ടായി. സുന്ദരികളായ സ്ത്രീകളെ ദുര്‍മന്ത്രവാദികളായി മുദ്രകുത്തി മത കോടതികളില്‍ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധേയരാക്കുകയുണ്ടായി. എന്നാല്‍ ,അതേ സമയം റോമിലെ ചില പോപ്പുമാര്‍ സ്ത്രീകളുമായുള്ള രഹസ്യ ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു……

ക്രൈസ്തവ സഭ പാതിരിമാരുടെ പതിവ്രത്യത്തിനുമേല്‍ കര്‍ക്കശമായ കല്പന പുറപ്പെടുവിക്കുകയും രതി നിഷേധത്തെക്കുറിച്ചുള്ള ശാസനകള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. നിയമം കൊണ്ട് മനുഷ്യ കാമനകളെ തളയ്ക്കുന്ന സമീപനമാണ് സഭ സ്വീകരിച്ചത്. ഒട്ടേറെപ്പേര്‍ അതിന്റെ പേരില്‍ രക്തസാക്ഷികളാവുകയുണ്ടായി.റോമാ സാമ്രാജ്യം പണവും ശക്തവുമായ സഭയുടെ പിന്തുണയോടെ നിലനിക്കുകയാണ് ഉണ്ടായത് . റോമാസാമ്രാജ്യം സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ ശ്രമിച്ചിരുന്നു . ക്രൈസ്തവ പുരോഹിതന്മാരുടെ സദാചാരസങ്കല്പങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം ബെര്‍ട്ടഡ് റസ്സല്‍{Bertrand Russell} തന്റെ marriage and morals
എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി :

‘പ്രണയമെന്നാല്‍ സംഭോഗാഭിലാഷത്തെക്കാള്‍ വളരെ ഉയര്‍ന്ന ഒന്നാണ് .സ്ത്രീ പുരുഷന്മാര്‍ക്ക് തങ്ങളുടെ ഏകാന്തതയില്‍ നിന്ന് രക്ഷപെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമാണിത്.ഈ ലോകത്തെപ്പറ്റിയും ഇവിടത്തെ ജനക്കൂട്ടത്തിന്റെ ക്രൂരതയെപ്പറ്റിയും മിക്ക ആളുകളിലും രൂഢമൂലമായ ഒരു ഭയമുണ്ട്. സ്‌നേഹത്തിന് വേണ്ടിയുള്ള ഒരു അഭിവാഞ്ജ എല്ലാ മനുഷ്യരിലുമുണ്ട്.പുരുഷന്മാരില്‍ പരുക്കന്‍ രീതിയിലും സ്ത്രീകളില്‍ പിറുപിറുക്കലുകളാലും ഇതു മറയ്ക്കപ്പെട്ടിരിക്കുന്നു.
തീവ്രമായ പരസ്പര പ്രണയം നിലനില്‍ക്കുന്നിടത്തോളം അത് ഈ വികാരത്തിന് അറുതി വരുത്തുന്നു . അത് അഹം ബോധത്തെ ഉന്മൂലനം ചെയ്തു പുതിയൊരു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു. പ്രകൃതി മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് തനിച്ചു ജീവിക്കാനല്ല. കാരണം മറ്റൊരാളുടെ സഹായം കൂടാതെ പ്രകൃതിയുടെ ജീവശാസ്ത്രപരമായ ലഷ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയില്ല .മാത്രമല്ല സംസ്‌കാരസമ്പന്നരായ ആളുകള്‍ക്ക് പ്രണയം കൂടാതെ തങ്ങളുടെ ലൈംഗീക വാസനയെ പൂര്‍ണമായും സംതൃപ്തമാക്കാന്‍ സാധിക്കുകയില്ല. സന്തോഷകരമായ പരസ്പരപ്രണയത്തിന്റെ ഗാഢമായ അനുഭവവും തീവ്രസൗഹൃദവും അറിയാത്തവര്‍ക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല കാര്യം നഷ്ടമായിരിക്കുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ ഇതവര്‍ അറിയുകയും അതില്‌നിന്നുത്ഭവിക്കുന്ന നിരാശ അവരെ അസൂയയിലേയ്ക്കും ക്രൂരതയിലേയ്ക്കും മര്‍ദ്ദനത്തിലേയ്ക്കും നയിക്കുന്നു’ .

ലോകം എത്രയോ മാറിപോയി. ജനാധിപത്യമര്യാദകളെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള മെച്ചപ്പെട്ട കാഴ്ചപ്പാടുകള്‍ വികസിച്ചുവന്നിട്ടും പത്തൊമ്പതാം നൂറ്റാണ്ടിലെ സദാചാരകാഴ്ചപ്പാടുകള്‍ പുരോഹിതന്മാരില്‍ അടിച്ചേല്‍പ്പിച്ചു് അവരെ ഞരബുരോഗികളാക്കുകയാണ് ക്രൈസ്തവ സഭ ചെയ്യുന്നത്. മുറിവേറ്റ ശരീരവും മനസ്സും കലാപസന്നദ്ധമാകുമെന്ന്, മനുഷ്യവികാരങ്ങള്‍ അങ്ങനെ അടിച്ചമര്‍ത്താനാവില്ലെന്ന് അവര്‍ എപ്പോള്‍ തിരിച്ചറിയും?

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>