സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Sep 22nd, 2018

എന്തുകൊണ്ട് ബലാത്സംഗം ? – ഒരു ശാസ്ത്രീയസമീപനം

Share This
Tags

rrrപ്രസാദ് അമോര്‍

‘പുരുഷാധിപത്യസമൂഹത്തിന്റെ അധികാരത്തിന്റെ, ആണ്‍ മേല്‍ക്കോയ്മയുടെ സൃഷ്ടിയാണ് ബലാത്സംഗം’ എന്ന ആശയമാണ് മുഖ്യമായും സ്ത്രീപക്ഷ ചിന്തകര്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. ലിംഗവിവേചനമുള്ള സമൂഹത്തിലെ പുരുഷന്മാരായ സാമൂഹ്യശാസ്ത്രജ്ഞരുടെ/ മനഃശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ ജുഗുസ്പവാഹമാണ്. പുരുഷമേധാവിത്ത പരികല്പനകളായ നിഗമനങ്ങള്‍ പക്ഷപാതിത്വമുള്ളതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാകുന്നു.സ്ത്രീകള്‍ മെച്ചപ്പെട്ട സ്വാതന്ത്ര്യം അനുഭവിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്.ബലാത്സംഗം പോലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്യാനുള്ള ചോദനകളെക്കുറിച്ചുള്ള കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്.

ബലാത്കാര രതിയിലുടെ ഒരിക്കലും നല്ല ഇണബന്ധങ്ങളും -ശിശുപരിപാലനവും രൂപപെടുകയില്ല. അതിനാല്‍ പരിണാമപരമായി അക്രമ ലൈംഗികതയ്ക്ക് പ്രകൃത്യാ മനുഷ്യസമൂഹത്തില്‍ നിലനില്പില്ല .ജീവന്‍ അതിന്റെ നിലനില്‍പിന് ഉതകുന്ന പെരുമാറ്റത്തിനെയാണ് നിലനിര്‍ത്തുക.

ജീവി വര്‍ഗങ്ങളില്‍ മനുഷ്യന്‍ മാത്രമല്ല ബലാത്സംഗം ചെയ്യുന്നത് .കോഴികള്‍ ഡോള്‍ഫിനുകള്‍ ചില പക്ഷികളില്‍ ഒക്കെ ബലാത്സംഗമുള്ള ലൈംഗികത കാണാം.പക്ഷെ ഇത്തരം ജീവികളില്‍ ആണിന്റെ പെണ്ണിനോടുള്ള ലൈംഗിക താല്പര്യം അണ്ഡോത്പാദനം നടത്തുന്ന സമയത്താണ് കാണുന്നത്. പെണ്ണില്‍ നിന്ന് വരുന്ന ഫെറമോണുകളും സൂചനകളും ഗ്രഹിച് അവള്‍ രതിക്ക് പ്രാപ്തമാണെന്നറിഞ്ഞ് ആണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ഓരോരുത്തരുടെയും വളര്‍ച്ചാകാലത്ത് അവരുടെ മസ്തിഷ്‌കത്തില്‍ നടക്കുന്ന ന്യൂറല്‍ ക്രമീകരണങ്ങളും ജനിതകസ്വഭാവത്തിനനുസരിച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും യോജിച്ചു് പ്രവര്‍ത്തിച്ചു രൂപപ്പെടുന്നതാണ് ലൈംഗിക പെരുമാറ്റവും ലൈംഗിക ആസ്വാദനരീതിയുമെല്ലാം.

ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‍മോണും ഈസ്‌ട്രോജന് , പ്രൊജസ്‌ട്രോണ്‍ എന്നീ സ്ത്രീ ഹോര്‍മോണുകളുമാണ് മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ലൈംഗിക ഹോര്‍മോണുകള്‍. മറ്റു ജീവിവര്‍ഗ്ഗങ്ങളിലെ ആണ്‍ ജാതിയില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യവര്‍ഗ്ഗത്തിലെ ആണിന്റെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ഷത്തില്‍ 365 ദിവസവും ഉയര്‍ന്നു നില്‍ക്കുന്നു. സ്ത്രീയെ അപേക്ഷിച്ചു് പുരുഷനില്‍ കാണുന്ന ഉയര്‍ന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോണ്‍, വലിപ്പമേറിയ ഹൈപ്പോതലാമസ് (മനുഷ്യലൈംഗികതയുടെ കേന്ദ്രമാണ് ഹൈപ്പോതലാമസ്) – എന്നിവ പുരുഷനെ തീവ്രമായ ലൈംഗികതാല്പര്യത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്.പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കെല്പില്ലാതെ വന്യജീവിയെ പോലെ അലയുകയാണ് പുരുഷന്‍. എന്നാല്‍ ജനിതകസംബന്ധമായ മര്യാദയുള്ളവരാണ് സ്ത്രീകള്‍. പുരുഷന്മാരെപ്പോലുള്ള ലൈംഗികതൃഷ്ണ സ്ത്രീകളിലില്ല.അവളില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോറോണിന്റെ അളവ് താരതമേന്യ കുറവാണ്,അവളുടെ ഹൈപ്പോതലാമസ് ചെറുതാണ്. ജനിതക പ്രകൃതങ്ങളെ സമൂഹത്തിന് അഭിലഷണനീയമായരീതിയില്‍ പ്രകടിപ്പിക്കാനുള്ള അവളുടെ വഴക്ക പ്രകൃതം പുരുഷന് അന്യമാണ്.മാത്രമല്ല ആക്രമണ രതി അവള്‍ക്ക് പഥ്യമല്ല.ഗര്ഭധാരണം, ശിശുപരിപാലനം, മാസമുറ തുടങ്ങിയ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ എല്ലാം അവളുടെ സാമൂഹ്യ പരുവപെടുത്തലുകളെ സഹായിക്കുന്ന പ്രകൃതാംശങ്ങളാണ്.

പുരുഷന്റെ രതി പലപ്പോഴും വ്യത്യസ്തവും വിചിത്രവുമായ വഴികള്‍ തേടിപ്പോകുന്നു. ഒരു തരം ആക്രമണ രതി പുരുഷന്മാരില്‍ കാണാം. ചില പുരുഷന്മാര്‍ തങ്ങളുടെ കഴുത്തില്‍ കയറുമുറുക്കി സ്വയം ശ്വാസം മുട്ടിച്ചുകൊണ്ട്(asphyxiophilia)ലൈംഗിക സുഖം തേടുന്നു. മനുഷ്യര്‍ ഷൂസ്, ടവല്‍, അടിവസ്ത്രം, കണ്ണാടികള്‍ തുടങ്ങിയ അചേതന വസ്തുക്കളെയും മൃഗങ്ങളെയും മൃത ശരീരങ്ങളെയും, കുഞ്ഞുങ്ങളെയും വൃദ്ധരേയുമൊക്കെ ലൈംഗിക ഇംഗിതത്തിനായി തെരെഞ്ഞെടുക്കുന്നതായി കാണാം.പങ്കാളിയെ ശാരീരികമായി പീഡിപ്പിച്ചും സ്വയം പീഡിപ്പിച്ചുമുള്ള രതിയും മനുഷ്യരിലുണ്ട്.പുരുഷന്റെ ലൈംഗിക പ്രചോദനങ്ങള്‍ തീഷ്ണമാണ്.അതിനാല്‍ സാമൂഹികവും സാംസ്‌കാരികവുമായ സമ്മര്‍ദ്ദങ്ങളെ അതിലംഘിക്കുവാന്‍ പുരുഷന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കും.ചിലര്‍ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയുന്നത് ഭാവനയില്‍ കണ്ട് ലൈംഗിക ഉത്തേജനം അനുഭവിക്കുന്നു. നിന്ദ്യവും ക്രൂരവുമായ കാര്യങ്ങള്‍ ഓര്‍ക്കുകയും കാണുകയും ചെയ്ത് രതിയില്‍ ഏര്‍പ്പെടുന്നവരുമുണ്ട്.

ബലാത്സംഗം ഒരു സ്വാഭാവിക രതി അല്ല.മനുഷ്യ ലൈംഗികതയില്‍ സ്ത്രീയുടെ സമ്മതമാണ് മുഖ്യം. സമ്മതമില്ലാതെ നടത്തുന്ന ഏതൊരു ലൈംഗികതയും ബലാത്സംഗമാണ്.സാമൂഹിക തിരസ്‌കാരവും കഠിനമായ ശിക്ഷയും ലഭിക്കുമെന്നറിയാമെങ്കിലും ചിലര്‍ ബലാല്‍ക്കാരത്തിന് മുതിരുന്നു. ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീകള്‍ മാത്രമല്ല , ആണ്‍കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും മൃഗങ്ങള്‍ പോലും അതിന് ഇരയാകുന്നു. അതില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ബലാല്‍ക്കാരം മാത്രമേ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു.

ലൈംഗിക തൃഷ്ണ ഉള്ളതുകൊണ്ട് മാത്രം ഒരു പുരുഷന്‍ ബലാത്സംഗത്തിന് മുതിരണം എന്നില്ല. അതോടൊപ്പം നിലനില്‍ക്കുന്ന ജീവശാസ്ത്രപരമായ അക്രമ വാസന, അധികാരത്തിന്റെ പ്രകടനം, മസ്തിഷ്‌കപരമായ ന്യൂനതകള്‍ മനോവൈകല്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതായി വരുന്നു.

പുരുഷന്മാര്‍ അവര്‍ ഇഷ്ടപെട്ട സ്ത്രീകളെ നേടിയെടുക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ പലപ്പോഴും വിജയിക്കണമെന്നില്ല . സ്ത്രീകളുടെ തിരസ്‌കരം ജനിതകമായി അക്രമണ വാസനയുള്ള പുരുഷന്മാരില്‍ ബലം
പ്രയോഗിച്ചു് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പ്രേരണ ജനിപ്പിക്കും.അനുകൂലമായ സാഹചര്യത്തില്‍ അത്തരക്കാര്‍ ബലാല്‍ക്കാരത്തിന് തയാറാകുന്നു.

ബലാത്സംഗം ചെയുന്ന ആണിന്റെ മസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്ന അനേകം ജൈവ രാസ മാറ്റങ്ങള്‍ ഉണ്ട്. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിലെ ഇലക്ട്രിക് സിഗ്‌നലുകളുടെ സാന്നിധ്യമാണ് മനുഷ്യരില്‍ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നത്. ഹൈപ്പോതലാമസില്‍ മീഡിയല്‍ പ്രീ ഒപ്റ്റിക് ഏരിയ (MPOA) എന്ന ഭാഗം ലൈംഗിക സ്വഭാവത്തെ സ്വാധീനിക്കുന്നു. ഈ ഭാഗത്തിനേല്‍ക്കുന്ന അമിതമായ വൈദ്യുത സിഗ്‌നല്‍ അവിടേക്ക് ഡോപോമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റന്റെ നല്ല ഒഴുക്ക് , ഓര്ബിറ്റഫ്രോണ്ടല്‍ കോര്‍ട്സ്സിന് (orbitofrontal cortex)സംഭവിക്കുന്ന തകരാര്‍ എന്നിവയെല്ലാം ചിലരെ വിചിത്രമായ രതിയിലേക്ക് നയിക്കുന്നു.

കാഴ്ച കേള്‍വി സ്പര്‍ശം മുതലായവ ഉളവാക്കുന്ന ലിംബിക് വ്യവസ്ഥ മസ്തിഷ്‌ക്കത്തിന്റെ പുറംഭാഗമായ കോര്‍ട്ടക്‌സിന് താഴെ നിലനില്‍ക്കുന്ന ഒരു കൂട്ടം മസ്തിഷ്‌ക്ക ഭാഗമാണ്. വൈകാരിക അനുഭവങ്ങളുടെയും പ്രേരണയുടെയും ഘടകങ്ങള്‍ ലിംബിക് വ്യവസ്ഥയുടെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ്, എന്നാല്‍ ചിലരില്‍ കാഴ്ച, കേള്‍വി, സ്പര്‍ശം മുതലായവ ഉളവാക്കുന്ന സംവേദനങ്ങള്‍ ലിംബിക് സിസ്റ്റത്തിലേക് തീവ്രമായി അയക്കുന്നതിനാല്‍ സ്വയം നിയന്ത്രിച്ചു് ജീവിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. പ്രീഫ്രോണ്ടല്‍ കോര്‍ട്‌സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം. പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സിന്റെ ചില ഭാഗങ്ങളില്‍ ന്യൂനതകളുള്ളവര്‍ക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാന്‍ കഴിയാതെ വരുന്നു.ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവര്‍ത്തനങ്ങളില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകള്‍ വേര്‍തിരിക്കുകയും ഓര്‍ത്തുവെച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടല്‍ കോര്‍ട്സ്സിന്റെ താഴെഭാഗത്തുള്ള ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്സ്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. ഓര്ബിറ്റഫ്രോണ്ടല്‍ കോര്‍ട്സ്സിന് ക്ഷതം പറ്റിയാല്‍ തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും ,അങ്ങനെ വരുന്നവര്‍ അക്രമകാരികളാകാം ,കുട്ടികളെയും സ്ത്രികളെയും പീഡിപ്പിക്കാം .

മനുഷ്യന്റെ പെരുമാറ്റങ്ങള്‍ മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണമായ വ്യവസ്ഥപ്പെടുത്തലില്‍നിന്നാണ് രൂപപ്പെടുന്നത് .ബലാത്സംഗത്തിനും അതുപോലുള്ള ക്രിമിനല്‍ പെരുമാറ്റത്തിനും കാരണമാകുന്ന ഒരേ ഒരു ജീന്‍ ഇല്ല .പല ഘടകങ്ങള്‍ ചേര്‍ന്ന അനേകം ജീനുകളും അതിന്റെ പ്രകടനത്തിന് കാരണമാകുന്ന സാഹചര്യങ്ങളുമാണ് ഒരാളില്‍ അത് ഉല്പാദിപ്പിക്കുന്നത് .അനാരോഗ്യകരമായ സമൂഹിക ചുറ്റുപാടുകള്‍, കുടുംബ ബന്ധങ്ങളിലെ ശൈഥല്യങ്ങള്‍ , കുട്ടിക്കാലത്തുണ്ടായ പീഡനാനുഭവങ്ങള്‍ തുടങ്ങിയ ഘടകങ്ങളോടൊപ്പം ജനിതകപരവും. ജീവശാസ്ത്രപരവുമായ അനുകൂല ഘടകങ്ങളും ചേര്‍ന്ന് വരുന്ന അവസ്ഥയാണ് ഒരാളെ ക്രൂരമായ ലൈംഗിക പീഡനം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

ജീവശാസ്ത്രപരമായ ഈ കണ്ടെത്തലുകളെല്ലാം പുരുഷന്മാര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിനുള്ള ഒരു ജാമ്യമെടുപ്പല്ല .പുരുഷന്മാരുടെ ചില സഹജസ്വഭാവങ്ങള്‍ സമൂഹത്തിന് അഭിലഷണീയമായി ക്കൊള്ളണമെന്നില്ല.മാത്രമല്ല ക്രൂരതകള്‍ ചെയ്യാനുള്ള പ്രേരണസൃഷ്ടിക്കുന്ന ചിലഘടകങ്ങള്‍ ചിലരില്‍ ഉണ്ടെന്നുള്ള തിരിച്ചറിവ് ഇത്തരം മനുഷ്യരെ ഫലപ്രദമായി നേരിടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സഹായിക്കും. ലിംഗ പദവിയെ പറ്റിയുള്ള കേവലം ബോധവല്‍ക്കരണം കൊണ്ട് തീരുന്ന ഒന്നല്ല അത്.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താലുള്ള നടപടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>