സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Sep 22nd, 2018

കന്യാസ്ത്രീകള്‍ നടത്തിയത് വിശുദ്ധസമരം

Share This
Tags

vvകുരീപ്പുഴ ശ്രീകുമാര്‍

കന്യാസ്ത്രീകള്‍ സമരരംഗത്തെത്തുന്നത് കേരളത്തില്‍ ആദ്യമായിട്ടല്ല. എന്നാല്‍ ഈ സമരത്തിന് മുന്‍പില്ലാത്ത രീതിയിലുള്ള ഒരു പ്രസക്തിയും പ്രാധാന്യവുമുണ്ട്. തിരുവസ്ത്രം ധരിച്ചുകൊണ്ട് സഭയ്ക്കെതിരെ നടത്തുന്ന സംഘടിത പോരാട്ടം എന്നനിലയില്‍ കന്യാസ്ത്രീകളുടെ സമരം വിപ്ലവാത്മകമാണ്.
കന്യാസ്ത്രീകള്‍ ഇടപെട്ട് ഉജ്ജ്വലസമരം നടത്തി ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിനെതിരെ ആയിരുന്നില്ല. തോമസ് കോച്ചേരി അടക്കമുള്ള പുരോഹിതന്മാരുടെ വെളിച്ചത്തില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരരംഗത്തെത്തിക്കുകയും ചെയ്തത് കന്യാസ്ത്രീകളാണ്.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ പിഞ്ചുപൈതങ്ങളും പങ്കായങ്ങളും ഏന്തിക്കൊണ്ട് തെരുവിലിറങ്ങി. 20 ദിവസത്തോളം നീണ്ടുനിന്ന സിസ്റ്റര്‍ ആലീസിന്റെ രാപ്പകല്‍ നിരാഹാര സമരം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. സിസ്റ്റര്‍ മേരി, സിസ്റ്റര്‍ റോസ് തുടങ്ങിയവരും നിരാഹാരത്തിലൂടെ മത്സ്യത്തൊഴിലാളി സമരത്തെ ജ്വലിപ്പിച്ചു. സമരത്തിന്റെ ഭാഗമായി സിസ്റ്റര്‍ ഫിലോയുടെ നേതൃത്വത്തില്‍ തീവണ്ടി തടഞ്ഞത് ഈ സമരത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികാനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടു. ആ സമരം പ്രജനനകാലത്തെ അടക്കംകൊല്ലി പ്രയോഗം നിരോധിക്കുന്നതിനു കാരണമായി. മണ്‍സൂണ്‍ ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മാത്രമല്ല മത്സ്യസമ്പത്തിനെയും സംരക്ഷിച്ചു.
എന്നാല്‍ പ്രതിലോമകരമായ മൂന്നു സമരങ്ങളില്‍ സഭയുടെ ഉപകരണങ്ങളായി കന്യാസ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. അത് 1957 ലെ കമ്മ്യൂണിസ്റ്റ്
മന്ത്രിസഭയ്ക്കെതിരെ നടത്തിയ കുപ്രസിദ്ധമായ വിമോചന സമരമായിരുന്നു. തമ്പ്രാനെന്നു വിളിപ്പിക്കും പാളേക്കഞ്ഞി കുടിപ്പിക്കും എന്ന ദളിത് വിരുദ്ധ മുദ്രാവാക്യം കന്യാസ്ത്രീകള്‍ക്കും കടിച്ചുപിടിക്കേണ്ടിവന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിക്കാന്‍ വേണ്ടിയും കന്യാസ്ത്രീകളെ സഭ തെരുവിലിറക്കി. കന്യാസ്ത്രീകളാരുംതന്നെ ആ നാടകം കണ്ടിരുന്നില്ല.
സെക്കുലര്‍ രാജ്യത്തെ ഒരു വിദ്യാര്‍ഥി മനസിലാക്കിയിരിക്കേണ്ട ഒരു പാഠമായിരുന്നു ഏഴാം ക്ലാസിലെ മതമില്ലാത്ത ജീവന്‍. അത് പാഠപുസ്തകത്തില്‍ നിന്നും കീറിക്കളയാനും കന്യാസ്ത്രീകളെ സഭ രംഗത്തിറക്കി. അന്‍വര്‍ റഷീദ്, ലക്ഷ്മീദേവി എന്നീ മാതാപിതാക്കളും മകനും ഉള്‍പ്പെട്ടതായിരുന്നു ആ പാഠം. ക്രിസ്തുമതത്തെ ആ പാഠം തൊട്ടിരുന്നില്ല. സ്‌കൂളിന്റെ മാനേജര്‍ ക്രിസ്ത്യാനിയായേക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാകാം കന്യാസ്ത്രീകളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. എന്തായാലും
കന്യാസ്ത്രീകള്‍ ഉപകരണമാക്കപ്പെട്ട ഈ മൂന്നു പ്രതിലോമസമരങ്ങളിലും അവര്‍ വിജയിച്ചു.
ഇപ്പോള്‍ നടന്ന സമരം തിരിച്ചറിവുണ്ടായ കന്യാസ്ത്രീകള്‍ തങ്ങളെ ഉപകരണമാക്കിയ സഭയ്ക്കെതിരെ നടത്തിയ സമരമാണ്. പന്ത്രണ്ടുതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ അവര്‍ മകളെപ്പോലെ സ്നേഹിക്കുന്ന മറ്റു കന്യാസ്ത്രീകള്‍ പകര്‍ന്നുകൊടുത്ത ധൈര്യത്തില്‍ സഭയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സമരം മരണാനന്തരം ദൈവം ശിക്ഷിക്കുമെന്ന മത വിഡ്ഢിത്തത്തെ നിരാകരിക്കുന്നു. ലൈംഗികത പാപമാണെന്ന് പഠിപ്പിച്ച പുരോഹിതന്‍തന്നെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ച സ്ഥിതിക്ക് ശിക്ഷ ഭൂമിയില്‍ വച്ചുതന്നെ ലഭിക്കണം എന്ന ന്യായപാതയിലാണ് കന്യാസ്ത്രീകള്‍.
സിസ്റ്റര്‍ അഭയക്കേസടക്കം നിരവധി കേസുകള്‍ നീണ്ടുപോകുകയോ കാലത്തിന്റെ സെമിത്തേരിയില്‍ മറവുചെയ്യപ്പെടുകയോ ഉണ്ടായിട്ടുണ്ട്. പീഡനങ്ങളില്‍ മനംനൊന്ത് മഠത്തില്‍ തൂങ്ങിമരിച്ച സിസ്റ്റര്‍ അനൂപാ മേരി എഴുതിവച്ച കത്തിലെ വാചകങ്ങള്‍ പത്തു ക്രിസ്തുമസ് കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നുണ്ട്. ”വിടരും മുമ്പേ അടര്‍ത്തപ്പെട്ട കുസുമമാണ് ഞാന്‍. ഇനി ഒരു പൂവും അടര്‍ത്തപ്പെടാന്‍ അനുവദിക്കരുത്.”
ഹൈക്കോടതി പരിസരത്തെ സമരപ്പന്തലിലേയ്ക്ക് മൂന്നു സ്ത്രീകള്‍ പ്രസരിപ്പോടെ കയറിവന്ന് അഭിവാദ്യം അര്‍പ്പിച്ചു. വിധവകളുടെ സംഘടനാപ്രതിനിധികളായിരുന്നു അവര്‍. അവരുടെ മുഖത്തുകണ്ട പ്രസരിപ്പ് മറ്റൊരു ചിന്തയിലേയ്ക്ക് നയിക്കുന്നുണ്ട്. കന്യാസ്ത്രീകള്‍ക്ക് ഒരു സംഘടന ആവശ്യമാണ്. നഴ്സുമാരുടെയും അധ്യാപകരുടെയും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഐക്യപ്പെട്ടുനിന്നാല്‍ ഭാവിയിലെങ്കിലും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
നമുക്കുവേണ്ടത് കാനോന്‍ നിയമമോ ശരീഅത്ത് നിയമമോ നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നുപറയുന്ന മനുനിയമമോ അല്ല. ഡോ. അംബേദ്ക്കര്‍ രൂപംകൊടുത്ത ഇന്ത്യയുടെ നിയമസംഹിതയാണ്…

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>