സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Sep 20th, 2018

സമരമുഖങ്ങള്‍ ചുവപ്പിക്കുന്നവര്‍

Share This
Tags

yyസുരന്‍ നടവരമ്പ് 

തൃശൂര്‍ ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തീരദേശ മേഖലക്കുള്ള പങ്ക് വളരെ പ്രാധാന്യമേറിയതാണ്. പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ റിപ്പബ്ലിക്കിലെ രക്തസാക്ഷി സഖാവ് സര്‍ദാറിന്റെ രക്തം വീണ് ചുവന്ന മണ്ണ്. ഇവിടുത്തേ ഓരോ മണല്‍ത്തരിക്കും ചോരയുടെയും, വിയര്‍പ്പിന്റെയും ഗന്ധമുണ്ട്. വലപ്പാട് ആനവിഴുങ്ങി കോളനിക്കും അതിന്റെതായ ചരിത്ര പ്രാധാന്യമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായതിന് ശേഷം നാട്ടികയിലേക്ക് വണ്ടി കയറുമ്പോള്‍ ആനവിഴുങ്ങിയെന്ന് കേള്‍ക്കുമ്പോള്‍ ഞാനറിയാതെ തല അങ്ങോട്ട് താനെ ചരിയും. അത്രക്ക് പ്രചോദനമുള്ള ഒരിടമായിരുന്നു ആനവിഴുങ്ങി. ഒരു കാലത്ത് നാട്ടിക മണപ്പുറത്തിന്റെ ഹൃദയ തുടിപ്പായിരുന്നു ഈ കോളനി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെള്ളം കയറാത്ത അറയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് വേളകളില്‍ പോലും മറ്റ് പ്രസ്ഥാനങ്ങള്‍ക്ക് കടന്ന് കയറാന്‍ കഴിയാത്ത ഇടം. പാര്‍ട്ടിയുടെ അനുമതിയില്ലാതെ പോലീസ് പോലും എത്തിനോക്കില്ല. കോളനിയോട് ചേര്‍ന്ന് കിടക്കുന്ന ലോക്കല്‍ കമ്മിറ്റി ആപ്പീസ് ഇത് ശരി വെക്കുന്നുണ്ട്. ആ ജനതയിന്ന് വലിയോരു സമരമുഖത്താണ്. ജനിച്ച് വീണ ഒരു പിടി മണ്ണ് സംരക്ഷിക്കാന്‍. അവരുടെ അച്ഛനപ്പൂപ്പന്‍മാരുടെ ആത്മാക്കള്‍ ഉറങ്ങികിടക്കുന്ന മണ്ണ് സംരക്ഷിക്കാന്‍. കാലങ്ങളായി അവരെ കാത്ത് കൊണ്ടിരിക്കുന്ന പരദൈവങ്ങളുടെ ഇടം സംരക്ഷിക്കാന്‍.

എഴുപതിലെ എം എന്‍ ലക്ഷം വീട് പദ്ധതി പ്രകാരം പതിച്ച് കിട്ടിയ 24 കുടുംബങ്ങളും, നാല് സെന്റിലും, 5 സെന്റിലുമായി പുര വെച്ച് താമസിക്കുന്ന 80 ല്‍ പരം കുടുംബങ്ങളും ഉള്‍കൊള്ളുന്നതാണ് ആനവിഴുങ്ങി. പട്ടികജാതിയിലെ വേട്ടുവ സമുദായാംഗങ്ങളാണ് ഭൂരിപക്ഷവും. അടുത്ത ഞായറാഴ്ച്ചക്ക് അമ്പത് ദിവസങ്ങളാകും അവര്‍ പന്തലിട്ട് സമരം മുഖത്തണിനിരന്നിട്ട്. സ്ഥലമെടുപ്പിനെതിരെ സ്ത്രീകളും, കുട്ടികളും, പ്രായമേറിയവരും ഒന്നിച്ചണിനിരന്നിരിക്കുകയാണ്.

മുന്‍പ് നാഷണല്‍ ഹൈവേ അതോററ്റി അലയ്‌മെന്റ് എടുത്തപ്പോള്‍ കോളനി പ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോഴാകട്ടെ വന്‍കിട കുത്തകകള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും കേടുപറ്റാത്ത രീതിയില്‍ പുതിയ അലൈമെന്റ് വന്നിരിക്കുന്നു. ഇവരുടെ ഭൂമി നാഷണല്‍ ഹൈവേ ഏറ്റെടുത്തുവെന്നത് പത്ര പരസ്യത്തിലെ സര്‍വ്വേ നമ്പര്‍ മുഖാന്തിരമാണറിയുന്നത്. ഒരു ജനാധിപത്യ ഭരണ സംവിധാവും, അതിന്റെ അകമ്പടി സേവകരായ ഉദ്യോഗസ്ഥരുമുള്‍കൊള്ളുന്ന വലിയ പരിചാരവൃന്ദങ്ങള്‍ ഉണ്ടായീട്ടും ഒരുകടലാസ് തുണ്ടു പോലും നല്‍കാതെയാണ് ഈ പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ നോക്കുന്നത്. ഈ കാര്യം അവരുടെ ജന പ്രതിനിധികളായ വാര്‍ഡ് മെമ്പര്‍ മുതല്‍ MLA വരെയുള്ളവരുടെയും, ഭരണ നേതൃത്വ പ്രസ്ഥാനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താനതൂന കാര്യങ്ങള്‍ പറഞ്ഞ് കൈമലര്‍ത്തുകയാണുണ്ടായത്. അങ്ങിനെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന ഒരവസ്ഥ മുന്നില്‍ വന്നപ്പോഴാണ് അവര്‍ സമരമുഖം തുറന്നത്. സമരപന്തലില്‍ ഞാനേത്തിയപ്പോള്‍ വലിയ ആഹ്‌ളാദത്തിലായിരുന്നു അവര്‍. MLA ഗീതാ ഗോപി സമരപന്തല്‍ സന്ദര്‍ശിക്കുമെന്ന് ഒരു പാര്‍ട്ടി ദൂതന്‍ വഴി അറിയിപ്പ് വന്നു. ഏകദേശം പതിനോന്നരയോടെ പന്തലിനു മുന്നിലൂടെ MLA യുടെ വണ്ടി കഴിഞ്ഞ ദിവസം മരണം നടന്ന അടുത്ത വീട്ടിലേക്ക് പാഞ്ഞു. സഖാക്കള്‍ അവരെ കാണണമോയെന്ന് ആശങ്കിച്ച് നില്‍ക്കുമ്പോള്‍ ഒരു പാര്‍ട്ടി സഖാവിന്റെ മൊഴി. വരു. മേഡത്തേ കാണാം. അവിടെ ചെന്ന് മുഖം കാണിച്ച സമരസമിതി കണ്‍വീനര്‍ ലിജേഷും സന്തുവും ഉള്‍പ്പെടെയുള്ളവരെ അപമാനിച്ച് തിരിച്ചയച്ച് തന്നെ വിജയിപ്പിച്ച കോളനിയിലെ സമരക്കാരോട് നീതി കാട്ടി. ഞാന്‍ അവിടെക്കു് വരണോ വേണ്ടയോയെന്ന് ഞങ്ങളുടെ ജില്ലാ കമ്മിറ്റി തീരുമാനിക്കും അതായിരുന്നു അവരുടെ ഭാഷ്യം.

ഏതാണ്ട് കണ്ണൂരിലെ പാപ്പനിശേരി പഞ്ചായത്തിലെ തുരുത്തി കോളനിക്ക് സമാനമായ ഒരവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. അവിടെയും പാര്‍ട്ടിയുടെ പിന്നില്‍ അണിനിരന്ന പുലയ സമുദായാംഗങ്ങളാണ് പുതിയ ഹൈവേ അലയ്‌മെന്റിനെതിരെ സമരം ചെയ്യുന്നത്. മുന്‍പ് രണ്ട് തവണ അലയ്‌മെന്റ് മാറ്റിയപ്പോള്‍ കോളനി ഉള്‍പ്പെട്ടിരുന്നില്ല. അവിടെയും വലിയവരുടെ സ്ഥാപനങ്ങള്‍ക്കായി തുരുത്തി കോളനി പൂര്‍ണ്ണമായും എടുത്ത് മാറ്റി കൊണ്ടാണ് പുതിയ ഹൈവേ വികസനം കടന്ന് വരുന്നത്.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്താണ് എറണാകുളത്തേ മൂലംമ്പിള്ളിയില്‍ അവിടുത്തേ കോളനിക്കാരെ ഏറ്റവും നിഷ്ഠൂരമായി കുടിയൊഴിപ്പിച്ചത്. വന്‍കിടക്കാരുടെ താല്പര്യങ്ങള്‍ ഓശാന പാടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പട്ടിണി പാവങ്ങളായ ദലിതുകളോട് യാതൊരു വക ദയയും കാണിക്കാതെ കുടിയൊഴിപ്പിക്കുകയാണ്. അവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നാളിതുവരെയും പുനരുദ്ധിവാസ പാക്കേജ് നടപ്പാക്കിയിട്ടില്ല.

വലിയ വായയില്‍ നാട് നിറയേ പാടി നടക്കുന്ന നേതാക്കള്‍ ഒന്നോര്‍ക്കുക. ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്‍ന്നോമാര് പകുത്ത് നല്‍കിയത് വലിയ കൊട്ടാരങ്ങളും, പട്ടു മേത്തയുമല്ല. വെറും ഒന്നര സെന്റ് മണ്ണാണ്. ഞങ്ങളുടെ അമ്മദൈവങ്ങളെ കുടിയിരുത്തിയിരിക്കുന്ന കാവുകളുമാണ്. അവരുടെ ഓര്‍മ്മകള്‍ വിളങ്ങുന്ന വിയര്‍പ്പിന്റെ ഗന്ധമുള്ള ഒരു പിടി മണ്ണാണ്. അത് ഞങ്ങളുടെ ജന്മാവകാശമാണ്. അത് വിട്ടുതരുവാന്‍ ഞങ്ങള്‍ ഒരുക്കമല്ല. മരണമാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് വിധിക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ സ്വീകരിക്കും. എന്നാലും കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞങ്ങള്‍ ഈ മണ്ണ് വിട്ട് തരില്ല.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>