സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Sep 19th, 2018

ദുരിതാശ്വാസം, നവകേരളമല്ല

Share This
Tags

nnn

ക്രയോജനിക് സാങ്കേതിക വിദ്യ, പഴയ പത്രത്തില്‍ പൊതിഞ്ഞ റ്റിയുണ മത്സ്യത്തെപ്പോലെ, ശാസ്ത്രജ്ഞര്‍ മാലി യുവതികള്‍ക്ക് കൈമാറി എന്ന് വിശ്വസിച്ച കേരളം തന്നെയാണ് ദുരിതാശ്വാസ നിധിയില്‍ വന്നുചേരുന്ന പണംകൊണ്ട് നവകേരളം നിര്‍മ്മിക്കപ്പെടുമെന്നു കരുതുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പേര് തന്നെ വ്യക്തമാക്കുന്നത് പോലെ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു ആശ്വാസ സഹായം പകരുവാന്‍ മാത്രമായി ഉണ്ടാക്കിയിട്ടുള്ള ഒരു സംവിധാനമാണ്. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ദുരിത ബാധിതര്‍, ക്യാന്‍സര്‍, ഹൃദ്രോഗം, ബ്രെയിന്‍ റ്റിയുമര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍, അപകട മരണം സംഭവിച്ചവരുടെ ആശ്രിതര്‍, അപകടങ്ങളില്‍ മാരകമായ പരിക്ക് പറ്റിയവര്‍ എന്നിവര്‍ക്ക് നല്‍കുന്ന അടിയന്തര സഹായം മാത്രമാണ് ദുരിതാശ്വാസ നിധിയുടെ പരിധിയില്‍ വരിക. ക്യാന്‍സര്‍ രോഗികള്‍ പോലെ വലിയ ചികിത്സാ ചെലവുകള്‍ നേരിടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭിക്കൂ. അങ്ങിനെയല്ലാത്തവര്‍ക്കു അത് ജീവിതത്തിലൊരിക്കല്‍ മാത്രവും. തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്കും മുകളില്‍ പറഞ്ഞ തരത്തില്‍ സഹായ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാവുന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമായും കൃത്യമായ ഓഡിറ്റിങ്ങോടു കൂടിയും കൈകാര്യം ചെയ്യപ്പെടുന്ന ഒന്നാണെന്നും അത് അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന കാര്യത്തിലും ആരും സംശയം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ദുരിതാശ്വാസനിധിയിലെ പണം, ”ദുരിത- ആശ്വാസത്തിനല്ലാതെ”,കൊട്ടിഘോഷിക്കപ്പെടുന്ന രീതിയില്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി ഉപയോഗിക്കാന്‍ കഴിയും എന്നത് തെറ്റായ പ്രചാരണമാണ്. ആ അര്‍ത്ഥത്തില്‍ ”വരൂ നമുക്കൊരുമിച്ചു കേരളത്തെ പുനര്‍നിര്‍മ്മിക്കാം” എന്ന പരസ്യ വാചകം തെറ്റിദ്ധാരണ പരത്തുന്നതാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെങ്കില്‍ അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. നിങ്ങള്‍ അയക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കപ്പെടുക. അത് അര്‍ഹതപ്പെട്ടവരില്‍ തന്നെ എത്തിച്ചേരുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ കേരള പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാകുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങിനെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചേരുന്ന പണം കൊണ്ട് നടത്താനാവുന്ന ഒന്നല്ല നവകേരള നിര്‍മ്മാണം.

ഇത്തരം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചതില്‍, നവകേരളം എന്ന ഇനിയും വ്യക്തമാക്കപ്പെടാത്ത ഒരു മുദ്രാവാക്യം മുന്നോട്ടു വെച്ച് ആളുകളെ വെറുതെ ആവേശം കൊള്ളിച്ചതില്‍ ഒരു പാട് എന്‍ ജി ഓ കള്‍ക്കും പ്രമുഖ വിദേശ മലയാളി പ്രഭൃതികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഒക്കെ പങ്കുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ആവേശക്കമ്മിറ്റിയില്‍ നിന്ന് രാജി വെച്ച് പുറത്തു പോകുകയോ നിരാശരായി മടങ്ങുകയോ നിശ്ശബ്ദരാകുകയോ ചെയ്തിട്ടുണ്ട്. ഭരണകൂടം തങ്ങളുയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ നിന്ന് അവര്‍ക്കു വേണ്ടത് മാത്രം എടുക്കുകയും സുതാര്യത, ആശയ വ്യക്തത, നവകേരള നിര്‍മ്മാണത്തിനായുള്ള പ്രത്യേക അതോറിറ്റി, എന്നിവയില്ലാതെ വരികയും ചെയ്തതിനാലാണ് ഈ പിന്മാറ്റം. ഒടുവില്‍ മുദ്രാവാക്യം മാത്രമാണ് ബാക്കിയാവുന്നത്.

നമ്മള്‍ ആശയ വ്യക്തത, സുതാര്യത എന്നിങ്ങനെ വിഷയങ്ങള്‍ സാംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോകബാങ്കും കെ.പി.എം.ജിയും നവകേരള നിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു, നിങ്ങളുടെയോ എന്റെയോ അനുമതി കൂടാതെ. നിയമസഭയില്‍ പോലും യാതൊരു ചര്‍ച്ചകളും നടത്താതെ.

ബീഹാറിന് തെരഞ്ഞെടുപ്പിന് മുമ്പ് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയുടെ പാക്കേജ് ഓഫര്‍ ചെയ്ത കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന്, അര്‍ഹതപ്പെട്ട -മുപ്പത്തിനായിരമോ നാല്പത്തിനായിരമോ കോടിയുടെ -ഒരു പാക്കേജ് നേടിയെടുക്കാന്‍ കരുത്തനായ ഒരു മുഖ്യമന്ത്രിയുണ്ടെന്ന് ഇപ്പോഴും ബഹുഭൂരിപക്ഷവും വിശ്വസിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണ നേതൃത്വം ഒരു ശ്രമവും നടത്തുന്നില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്. ഈ ഭരണ നേതൃത്വം നമുക്ക് അര്‍ഹമായ പാക്കേജ് നേടിയെടുക്കാന്‍വേണ്ടി ഒരു രാഷ്ട്രീയ സമ്മര്‍ദ്ദവും നടത്തുന്നില്ലെന്നതാണ്, പാക്കേജിനായുള്ള രേഖകള്‍ പോലും ഇനിയും സമര്‍പ്പിച്ചിട്ടില്ലെന്നുള്ളതാണ് നമ്മെ ശരിക്കും അത്ഭുതപ്പെടുത്തേണ്ടത്.. വലിയ സമരതന്ത്രജ്ഞരായ ഇടതുപക്ഷം ഇതേക്കുറിച്ചു ഇപ്പോഴും നിശ്ശബ്ദരാണ്.

നമുക്ക് അര്‍ഹമായത് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കേണ്ടതിന് പകരം സാലറി ചലഞ്ച് പോലുള്ള മായപ്പൊടി വാരി വിതറി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുകയാണ് സംസ്ഥാന ഭരണനേതൃത്വം. സാലറി ചലഞ്ച് വഴി പരമാവധി കളക്ട് ചെയ്യാന്‍ കഴിയുന്നത് 3800 കോടി രൂപ മാത്രമാണ് എന്നോര്‍ക്കുക. അത് ദുരിതാശ്വാസത്തിനല്ലാതെ മറ്റൊന്നിനും തികയുകയുമില്ല. ഒരുമാസത്തെ ശമ്പളം കിട്ടാതായാല്‍ അമ്പേ താളം തെറ്റുന്നതാണ് തൊണ്ണൂറു ശതമാനം മലയാളികളുടെയും കുടുംബക്രമം. അയാള്‍ ജോലി ചെയ്തതിന്റെ കൂലിയാണത്. അതിന്റെ എത്ര ശതമാനം ചാരിറ്റിക്കായി ചെലവാക്കണമെന്നത് അയാള്‍ക്ക് മാത്രം തീരുമാനിക്കാന്‍ കഴിയുന്ന കാര്യമാണ്. സെപ്റ്റംബര്‍ മാസത്തെ ഗ്രോസ് സാലറി കണക്കാക്കി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്നും അല്ലാത്തവര്‍ അത് എഴുതി നല്കണമെന്നതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം മാത്രമല്ല മനുഷ്യ വിരുദ്ധം കൂടിയായ തീരുമാനമാണ്. അങ്ങിനെയൊരു തീരുമാനമെടുക്കാനുള്ള ചുമതല നമ്മള്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട ‘ പൊതുജന സേവകര്‍” ക്കും നല്‍കിയിട്ടില്ല.

പോപ്പുലിസ്റ്റ് ഭരണ രീതികള്‍ ഇങ്ങനെയൊക്കെയാണ്. ജനങ്ങളിലേക്കാണ് അവര്‍ എല്ലാ ഭാരവും ഇറക്കി വെക്കുക. ജനങ്ങളോടാണ് അവര്‍ മുണ്ടു മുറുക്കിയുടുക്കാന്‍ ആവശ്യപ്പെടുക. ജനങ്ങളോടാണ് അവര്‍ രാജ്യം വൃത്തിയാക്കാന്‍ ആവശ്യപ്പെടുക. ജനങ്ങളോടാണ് അവര്‍ പൊതുനിരത്തില്‍ തൂറരുതെന്നും നദികളും പുഴകളും ശുചീകരിക്കണമെന്നും ആവശ്യപ്പെടുക. ജനങ്ങളോടാണ് അവര്‍ സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുക. ഇത്തരം മുദ്രാവാക്യങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഗുണം സംഗതി പരാജയപ്പെട്ടു കഴിയുമ്പോള്‍ അതും ജനങ്ങളുടെ ചുമലില്‍ വെക്കാമെന്നുള്ളതാണ്. നിങ്ങളുടെ നിസ്സഹകരണം കൊണ്ടാണ് പദ്ധതി പൊളിഞ്ഞതെന്നാണ് പിന്നീട് അവര്‍ പറയുക.

എത്രയും പെട്ടെന്ന് കേരള പുനര്‍നിര്‍മ്മാണത്തിനായി ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കാനും പുനര്‍നിര്‍മ്മാണത്തിനായി ഒരു നയരൂപീകരണം നടത്താനും ആ നയം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താനും അത്തരമൊരു പുനര്‍നിര്‍മ്മാണത്തിനു വേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള രാഷ്ട്രീയസാമ്പത്തിക സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ആരംഭിക്കാനും കേരളാ ഗവണ്മെന്റ് തയ്യാറാകണം. ഓര്‍ക്കുക നല്ല പത്രസമ്മേളനങ്ങളല്ല, നല്ല വാഗ്ധോരണിയല്ല ഒരു നല്ല ഭരണാധികാരിയെ നിര്‍ണ്ണയിക്കുന്നത്

കടപ്പാട്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>