സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 18th, 2018

പ്രതികൂട്ടില്‍ നില്‍ക്കുന്നത് ഈ പോരാട്ടത്തോട് മുഖം തിരിക്കുന്നവരും.

Share This
Tags

kkk

കേരളത്തെ പിടിച്ചുകുലുക്കി കന്യാസ്ത്രീകളുടെ പോരാട്ടം മുന്നോട്ടുപോകുന്നു. ഒരു കാലത്തും പരസ്യമായി രംഗത്തു വരുമെന്നു ആരും കരുതാത്ത ഒരു വിഭാഗമാണ് തങ്ങളിനിയും ചൂഷണത്തിനു നിന്നുതരാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ച് ചങ്കൂറ്റത്തോടേയും തികഞ്ഞ ആര്‍ജ്ജവത്തോടേയും മുന്നോട്ടുവന്നിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന ബിഷപ്പിനെ നാട്ടില്‍ നിലനില്‍ക്കുന്ന നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നാണ് അവരുടെ ധീരപ്രഖ്യാപനം. ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരെല്ലാം അവരുടെ പോരാട്ടത്തിനു പിന്നില്‍ അണിനിരന്നു കഴിഞ്ഞു. സമരപന്തലിലേക്ക് ജനപ്രവാഹമാണ്. എല്ലാ ജില്ലകളിലും അനുബന്ധപരിപാടികള്‍ നടക്കുന്നു. നഴ്‌സുമാരുടെയും മൂന്നാറിലെ തോട്ടം തൊഴിലാളികളുടേയും അതിജീവനത്തിനായുള്ള പോരാട്ടത്തിനുശേഷം കേരളം കണ്ട പെണ്‍ വസന്തമായി ഈ പോരാട്ടം മാറിയിരിക്കുന്നു. പരാതി കിട്ടി മാസങ്ങളോളം നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഈ ഐതിഹാസികപോരാട്ടത്തിനുമുന്നില്‍ മുട്ടുകുത്തുമെന്നുതന്നെ കരുതാം. ആ ദിശയില്‍തന്നെയാണ് കാര്യങ്ങളുടെ പോക്ക്.
ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ. അത് ഈ സമരത്തോടുമാത്രമല്ല, കേരളത്തില്‍ കുറെ കാലമായി നടക്കുന്ന ജനകീയപോരാട്ടങ്ങളോടുള്ള സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടിനെ കുറിച്ചാണ്. കേരളവും കേരളീയരും പ്രതേകിച്ച് ദുര്‍ബ്ബലവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജനകീയപോരാട്ടങ്ങളിലെല്ലാം ഈ പ്രസ്ഥാനങ്ങള്‍ എതിര്‍പക്ഷത്താണ്. സമരങ്ങളെപരമാവധി തകര്‍ക്കാന്‍ നോക്കുകയും അതിനു സാധമല്ലാതെ വരുമ്പോള്‍ പിന്തുണക്കുന്നതായി നടിക്കുകയും ചെയ്യുന്ന സമീപനമാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. അതിനുള്ള പ്രധാന കാരണമാകട്ടെ കക്ഷിരാഷ്ട്രീയവും വോട്ടുബാങ്കും മറ്റ് അടിമത്തങ്ങളും. പല പാര്‍ട്ടികളിലേയും ചില നേതാക്കള്‍ വ്യക്തിപരമായി പല സമരങ്ങളോടും സഹകരിച്ചിട്ടുണ്ടാകാം.
സംസ്ഥാനത്തു ഏതാനും പതിറ്റാണ്ടുകളായി നടന്ന ജനകീയ സമരങ്ങള്‍ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും,. അതിന്റെ തുടര്‍ച്ചയാണ് ഈ സമരത്തോടുള്ള സമീപനവുമെന്ന് വ്യക്തമാകും. കേരളത്തില്‍ പാരിസ്ഥിതികാവബോധത്തിനു തുടക്കമിട്ട സൈലന്റ് വാലി സമരം മുതല്‍ പരിശോധിക്കാം. സൈലന്റ് വാലി പ്രക്ഷോഭത്തെ തകര്‍ക്കാനായിരുന്നു മിക്കവാറും സംഘടനകള്‍ ശ്രമിച്ചത്. കേരളവും ഇന്ത്യയും വിട്ട് ആഗോളതലത്തില്‍ തന്നെ ആ സമരത്തിന്റഎ സന്ദേശമെത്തിയിട്ടും അതിനു നേതൃത്വം നല്‍കിയവരെ സിംഹവാലന്‍ കുരങ്ങന്മാരെന്ന് ആക്ഷേപിച്ചിരുന്നു. ആഗോളതലത്തില്‍ വളര്‍ന്ന പാരിസ്ഥിതികാവബോധത്തെ ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി തയ്യാറായതിനാലായിരുന്നു സമരം വിജയിച്ചത്. തുടര്‍ന്ന് പെരിങ്ങോമും പൂയംകുട്ടിയും മുതല്‍ അതിരപ്പിള്ളിവരെയുള്ള പദ്ധതികള്‍ക്കെതിരായ ജനകീയസമരങ്ങളോടും നിഷേധാത്മകനിലപാടാണ് പൊതുവില്‍ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത്. പ്രളയത്തിന്റെ പേരുപറഞ്ഞ് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കവും നടക്കുന്നു.
വന്‍കിട കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണ വിരുദ്ധ സമരങ്ങളോടും ഇവര്‍ പൊതുവില്‍ സ്വീകരിച്ച നിലപാട് വ്യത്യസ്ഥമായിരുന്നില്ല. ചാലിയാര്‍ പുഴയെ നശിപ്പിക്കും നിരവധി പേര്‍ക്ക് കാന്‍സറടക്കമുള്ള രോഗങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ബിര്‍ളയുടെ മാവൂര്‍ റയോണ്‍സ് പൂട്ടാനാവശ്യപ്പെട്ടു നടന്ന ഐതിഹാസിക പോരാട്ടത്തോടും ഈ പ്രസ്ഥാനങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു. സമരനേതാവ് പോലും കാന്‍സറിനടിമപ്പെട്ട് മരിച്ചതിനെ തുടര്‍ന്നു നടന്ന ചരിത്രം രചിച്ച പോരാട്ടത്തിനൊടുവിലാണ് കമ്പനി പൂട്ടിയത്. അന്താരാഷ്ട്രകുത്തകയായ കൊക്കകോളയുടെ പ്ലാച്ചിമട പ്ലാന്റിനെതിരെ ആദിവാസികള്‍ നടത്തിയ, ലോകം ശ്രദ്ധിച്ച പോരാട്ടത്തിന്റെ പ്രാധാന്യം ഇവര്‍ ഉള്‍ക്കൊണ്ടത് അവസാനഘട്ടത്തിലായിരുന്നു. ഇപ്പോള്‍ പെരിയാര്‍ തീരത്തെ രാസകമ്പനികള്‍ മുതല്‍ ചാലക്കുടു പുഴ തീരത്തെ നിറ്റാജലാറ്റിന്‍ കമ്പനി വരെ നടത്തുന്ന മലീനികരണത്തിനെതിരെ നടക്കുന്ന സമരങ്ങലോടും ഇവരെല്ലാം മുഖം തിരിക്കുന്നു. പലപ്പോഴും സമരപ്രവര്‍ത്തകരെ അക്രമിക്കുക കൂടി ചെയ്യുന്നു. നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ളതല്ല ഗ്രാമങ്ങള്‍ എന്നു പ്രഖ്യാപിച്ച് വിളപ്പില്‍ശാല, ബ്രഹ്മപുരം, ലാലൂര്‍, ഞെളിയന്‍ പറമ്പ് തുടങ്ങി നിരവധി മേഖലകളില്‍ നടന്ന ജനകീയ പോരാട്ടങ്ങളുടെ അനുഭവവും വ്യത്യസ്ഥമല്ല. നൂറുകണക്കിനു ജനങ്ങളെ നിത്യരോഗികളാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള നിലപാടും സമീപകാല സംഭവമാണല്ലോ. പ്രളയാനന്തരകേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടും ക്വാറികളോടും പശ്ചിമഘട്ട സംരക്ഷണത്തോടും നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണത്തോടും അവയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങളോടുമുള്ള നിലപാടുകളിലും മിക്കവാറും സംഘടിത പ്രസ്ഥാനങ്ങള്‍ ഒറ്റകെട്ടാണല്ലോ. പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പോലും ഒരു പുനപരിശോധനക്ക് ഏതെങ്കിലും പ്രസ്ഥാനം തയ്യാറായി എന്നു തോന്നുന്നില്ല.
മറ്റുമേഖലകളെടുത്താലും സ്ഥിതി വ്യത്യസ്ഥമല്ല. കേരളചരിത്രത്തിലെ ഐതിഹാസികമായ ആദിവാസി – ദളിത് പോരാട്ടങ്ങളോട് ഇപ്പോഴുമെടുക്കുന്ന സമീപനം പരിശോധിക്കുക. ചരിത്രം രചിച്ച മുത്തങ്ങയോടും കുടില്‍കെട്ടി സമരത്തോടും നില്‍പ്പു സമരത്തോടും ഇവരെല്ലാം സ്വീകരിച്ച നിലപാട് സമീപകാല ചരിത്രമാണല്ലോ. ഐതിഹാസികമായ രീതിയില്‍ ഇപ്പോഴും മുന്നേറുന്ന ചങ്ങറ ഭൂസമരത്തോടും ഇതുവരേയും ഈ പ്രസ്ഥാനങ്ങളൊന്നും ഐക്യപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുകയാണ്. ദളിത് – ആദിവാസി പോരാളികള സ്വത്വവാദികള്‍ എന്നാണിവര്‍ ആരോപിക്കുന്നത്. സ്ത്രീപോരാട്ടങ്ങളോടുള്ള സമീപനവും വ്യത്യസ്ഥമല്ല. ഫെമിനിസ്റ്റ് പ്രസ്ഥാനത്തെതന്നെ ആശയപരമായി ഇപ്പോഴും നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ല. മറിച്ച സ്ത്രീകളുടെ പോഷകസംഘടനകളാണവര്‍ ഉണ്ടാക്കുന്നത്. കേരളത്തില്‍ സ്ത്രീകളുടെ മുന്‍കൈയില്‍ ഇപ്പോള്‍ നടക്കുന്ന ഉണര്‍വ്വുകള്‍ കാണാന്‍ അവര്‍ക്ക് സാധിക്കാത്തതും മറ്റൊന്നും കൊണ്ടല്ല. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തെ എങ്ങനെയാണ് നമ്മുടെ പ്രസ്ഥാനങ്ങള്‍ നേരിട്ടതെന്ന് മറക്കാറായിട്ടില്ലല്ലോ. മനുഷ്യരായി ജീവിക്കാനായി എത്രയോ കാലമായി പോരാടുന്ന ട്രാന്‍സ്‌ജെന്ററുകളെ ഇവരെല്ലാം കാണാന്‍ തുടങ്ങിയത് അടുത്തയിടെയാണ്. സദാചാരപോലീസിങ്ങിനെതിരെ നടന്ന ചരിത്രസംഭവമായ ചുംബനസമരത്തോടും ഭര്‍ത്താവിനൊപ്പം ജീവിക്കാനായി പോരാടിയ ഹാദിയയോടും സ്വാകരിച്ച നിലപാടും വ്യത്യസ്ഥമായിരുന്നില്ല. അതിന്റെയെല്ലാം തുടര്‍ച്ചയാണ് കന്യാസ്ത്രീകളുടെ സമരത്തോടുള്ള അവഗണനയും പരോക്ഷമായ വിമര്‍ശനവും. എന്നാലതിനൊന്നും തകര്‍ക്കാനാകാതെ ഈ പോരാട്ടവും മുന്നേറുകയാണ്. കേരളത്തില്‍ ഏറ്റവും ഭീകരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഇനിയുമതിന് അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രധാന ആവശ്യം ഈ സമരം നേടിയെടുക്കുമെന്നതില്‍ സംശയമില്ല. അപ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത് ബിഷപ്പ് മാത്രമായിരിക്കില്ല, ആ ചരിത്രപോരാട്ടത്തോട് മുഖം തിരിച്ചവര്‍ കൂടിയായിരിക്കും.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>