സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Sep 17th, 2018

നായന്മാര്‍ക്കും നല്‍കണം ജാതിസംവരണം

Share This
Tags

nnnഎസ് എം രാജ്

സാമ്പത്തികസംവരണവാദവുമായി എന്‍ എന്‍ എസ് സുപ്രിംകോടതിയില്‍ കയറിയിരിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും വായിക്കാന്‍

ചുരുങ്ങിയത് അഞ്ഞൂറ് വര്‍ഷമെങ്കിലും കേരളത്തിലെ നായന്മാര്‍ നമ്പൂതിരിമാരുടെ അടിമകള്‍ ആയിരുന്നുവെന്ന് തെളിയിക്കാന്‍ പറ്റിയ രേഖകള്‍ ഈ നാട്ടില്‍ ലഭ്യമാണ് . നായന്മാരോട് നമ്പൂതിരിമാര്‍ അയിത്തം പുലര്‍ത്തുകയും ചെയ്തിരുന്നു .എന്നാല്‍ നമ്പൂതിരിമാരെ എതിര്‍ക്കുന്നതിന് പകരം മതപരമായി അവരോട് ഒട്ടിനില്‍ക്കാനും നമ്പൂതിരി ജന്മിത്വത്തിന്റെ സുഖങ്ങള്‍ നുകരാനുമാണ് ആ ജനത ശ്രമിച്ചത് .തങ്ങളുടെ ജാതീയമായ അപകര്‍ഷതയെ നായന്മാര്‍ പ്രതിരോധിച്ചത് ഈഴവരേയും പുലയരേയും ജാതീയമായി അകറ്റി നിര്‍ത്തികൊണ്ടും അയിത്തക്കാര്‍ ആയി കരുതിയും ആണ് .ഒരു വശത്ത് അടിമ ആയിരിക്കുമ്പോള്‍ മറുവശത്ത് ഉടമ ആയിരിക്കാന്‍ പറ്റുന്ന ഒരു ദ്വന്ദ്വ വ്യക്തിത്വം ആയിരുന്നു നായന്മാര്‍ പുലര്‍ത്തിയിരുന്നത്. . യഥാര്‍ത്ഥ അപകര്‍ഷതയെ മിഥ്യയായ ഉല്‍കൃഷ്ടത കൊണ്ടു മറികടക്കാന്‍ എക്കാലവും അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു .പില്‍ക്കാലത്ത് നായന്മാരിലെ ബോധമുള്ളവര്‍ സംബന്ധത്തിനേതിരെയും നമ്പൂതിരി പിതാവിന്റെ സ്വത്തില്‍ അവകാശം വേണമെന്നും പറഞ്ഞ് അടുക്കള വിപ്ലവം ഉണ്ടാക്കിയെങ്കിലും നമ്പൂതിരിയുടെ മതത്തെ ,അത് നിലനിര്‍ത്തിയ അയിത്തത്തേയും അസ്പ്രശ്യതയേയും എതിര്‍ക്കാനും ആ മതത്തെ തന്നെ തള്ളിപ്പറയാനും നായന്മാര്‍ തയ്യാറായില്ല .കാരണം തനിക്ക് താഴെയെന്നു കരുതിയ ആളുകളോട് സാംസ്‌കാരികമായി ഒത്തുചേരാന്‍ നായരുടെ തലതിരിഞ്ഞ ജാതി ബോധം അവര്‍ക്ക് തടസമായി . വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത രാഷ്ട്രീയ സാമൂഹ്യ ബോധമുള്ള നായന്മാര്‍ കേരളത്തിന്റെ പൊതു നായര്‍ ജാതി ബോധത്തെ തിരുത്താന്‍ പറ്റിയ ഒരു ശക്തിയായി മാറിയിരുന്നില്ല . കേരള ചരിത്രം ഇന്നും കെട്ടു കാഴ്ച പോലെ കൊണ്ടുനടക്കുന്ന നായന്മാര്‍ ഈ നാടിന്റെ കണ്ണും കാതും നായകരും ഒക്കെയാണെന്ന് പറയുന്ന വിവരണം ആണ് യഥാര്‍ത്ഥത്തില്‍ നായന്മാര്‍ക്ക് വിനയായി നില്‍ക്കുന്നത് . നായന്മാരില്‍ മിക്കവരും സാമ്പത്തികമായി പഴയ അയിത്തജാതികള്‍ക്ക് തുല്യമായ നിലയിലാണ് ഇന്നും ഉള്ളത് .എന്നാല്‍ സാമൂഹ്യമായി അവര്‍ നമ്പൂതിരിക്കും മേലെയാണ് എന്ന് ഭാവിക്കുകയും ചെയ്യുന്നു .സാമ്പത്തികമായ പിന്നോക്കാവസ്ഥയും സാമൂഹ്യമായ മുന്നോക്കാവസ്ഥയും നായന്മാരില്‍ വലിയ മാനസീക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് .നായന്മാരിലെ പണക്കാര്‍ അല്ലെങ്കില്‍ പൊതുബോധം ഉണ്ടാക്കാന്‍ മാത്രം ശക്തിയുള്ള ആളുകള്‍ പറയുന്നത് നായന്മാരുടെ കഷ്ടപ്പാടിന് കാരണം പറയനും പുലയനും ഈഴവനും സംവരണം കിട്ടുന്നത് കൊണ്ടാണെന്നാണ് .

ക്ഷേത്ര പ്രവേശന വിളംബരം വന്നയുടനെ പഴയ അയിത്തക്കാര്‍ ക്ഷേത്രങ്ങളില്‍ കയറുകയും ഹിന്ദുക്കള്‍ ആകുകയും ചെയ്തപ്പോള്‍ നായര്‍ ഒറ്റ രാത്രികൊണ്ട് തങ്ങളുടെ ആസ്ഥാന ശൂദ്ര പദവി ഉപേക്ഷിക്കുകയും അത് പാവപെട്ട അഹിന്ദുക്കള്‍ ആയിരുന്ന ദലിതരുടേയും ഈഴവരുടേയും മേലെ കെട്ടി വച്ചു .ഈഴവര്‍ ആകട്ടെ ബുദ്ധിപൂര്‍വ്വം തങ്ങളുടെ സാമ്പത്തിക ശേഷി കൊണ്ടും പുതുതായി നേടിയ സാമൂഹ്യ സ്വാതന്ത്ര്യം കൊണ്ടും തങ്ങള്‍ക്കു മേല്‍ കെട്ടിവെച്ച ശൂദ്രത്വത്തിന്റെ ഭാരം അവരുടെ ചുമലില്‍ നിന്നും മാറ്റുകയും ഇപ്പോഴത് കേരളത്തിലെ പട്ടികജാതികള്‍ മാത്രമായി ചുമക്കേണ്ട ഗതികേടില്‍ എത്തുകയും ചെയ്തിരിക്കുന്നു .

ഇപ്പോള്‍ ഈഴവരും നായന്മാരും ചേര്‍ന്ന് പറയുന്നത് തങ്ങള്‍ക്കുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ദലിതരുടെ സംവരണം ആണെന്നാണ് .കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംവരണം വാങ്ങുന്ന ഈഴവര്‍ ഇന്ന് പൊതു ഇടങ്ങളില്‍ തങ്ങളുടെ സംവരണം എന്നത് സൌകര്യപൂര്‍വ്വം മറക്കുകയും സ്വയം സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ പതാക വാഹകര്‍ ആയി ചമയുകയും ചെയ്യുന്നുണ്ട് എന്നത് പകല്‍ പോലെ സത്യമായ ഒരു കാര്യമാണ് .

ജാതി സംവരണം വേണ്ട ഇനി മുതല്‍ സാമ്പത്തിക സംവരണം മതിയെന്ന് മുറവിളി കൂട്ടാതെ നായന്മാര്‍ ചെയ്യേണ്ടത് അവര്‍ക്ക് അര്‍ഹമായ ജാതി സംവരണം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് . നൂറ്റാണ്ടുകളോളം നമ്പൂതിരിമാരുടെ ആട്ടും തുപ്പും ഏറ്റു കഴിഞ്ഞ ,അവരുടെ അയിത്തവും അസ്പ്രശ്യതയും സാമ്പത്തിക ലൈംഗീക ചൂഷണങ്ങളും ഏറ്റു കഴിഞ്ഞ ഒരു ജനതയ്ക്ക് തീര്‍ച്ചയായും ജാതി സംവരണത്തിന് അര്‍ഹതയുണ്ട് .മറ്റാരെക്കാളും അര്‍ഹത നായന്മാര്‍ക്കുണ്ട്. ഞങ്ങള്‍ നായകരും നാടിന്റെ കണ്ണും മൂക്കും വായും ഒക്കെയാണെന്ന് ഇപ്പോഴും കരുതുന്ന നായന്മാര്‍ സംവരണത്തെ പറ്റി ഒരക്ഷരം പറയാതെ കളത്തിനു വെളിയില്‍ പോകുക . തങ്ങളുടെ അവസ്ഥ പറയനേക്കാളും പുലയനേക്കാളും മോശമാണെന്ന് കരുതുന്ന നായന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ ദയവു ചെയ്ത് മുന്നോട്ടുവരിക .നിങ്ങള്‍ക്ക് അര്‍ഹമായ ജാതി സംവരണം നേടിയെടുക്കാന്‍ ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക .നിങ്ങള്‍ക്കൊപ്പം തോളൊപ്പം നില്ക്കാന്‍ ,നിങ്ങള്‍ക്ക് ജാതി സംവരണം കിട്ടുംവരെ രാഷ്ട്രീയ ബോധമുള്ള എല്ലാ ജനങ്ങളും തയ്യാറാകും .ആദ്യം വേണ്ടത് നിങ്ങളുടെ നശിച്ച ജാതി മേന്മാ ബോധം ഉപേക്ഷിച്ച് സ്വയം നിങ്ങള്‍ അനുഭവിച്ച ചരിത്രപരമായ ശൂദ്രത്വത്തെ നിങ്ങള്‍ അംഗീകരിക്കുകയും അത് വച്ച് അര്‍ഹമായ ജാതി സംവരണം നേടുകയും ആണ് വേണ്ടത് .അല്ലാതെ പാവപെട്ട ദളിതരുടെ കഞ്ഞിയില്‍ സാമ്പത്തിക സംവരണം കൊണ്ട് പാറ്റയിടാന്‍ നോക്കുകയല്ല വേണ്ടത്.

മിഥ്യയായ ജാതി മേന്മ നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ് അര്‍ഹമായ ശൂദ്ര ജാതി സംവരണം വേണ്ടെന്ന് നായന്മാര്‍ പറയുകയും എന്നാല്‍ സാമ്പത്തിക സംവരണം വേണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നത് . ഒന്നുകില്‍ കക്ഷത്തില്‍ ഇരിക്കുന്നത് പിടിക്കുക ,അല്ലെങ്കില്‍ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുക .രണ്ടും വേണമെന്ന് ആര്‍ത്തി കാണിക്കല്ലേ നായന്മാരെ .ജാതി മേന്മയും വേണം സംവരണവും വേണമെന്നത് അടുത്തൊന്നും നടക്കാന്‍ പോകുന്ന കാര്യമേയല്ല . അതുകൊണ്ട് ജാതി സംവരണം ആവശ്യപ്പെടൂ ,കൂടെ നില്‍ക്കാന്‍ നായര്‍ പ്രമാണിമാര്‍ ഉണ്ടാവില്ല .എന്നാലും സംവരണക്കാര്‍ ഉണ്ടാകും .ഉറപ്പ് .

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>