സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Sep 15th, 2018

നമ്പി നാരായണന് നീതി : മറിയം റഷീദക്കും ഫൗസിയക്കുമോ?

Share This
Tags

MM

25 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നമ്പി നാരായണന് ലഭിച്ച നീതി കേരളരാഷ്ട്രീയ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരേടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കേസ് അന്വേഷിച്ച സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുമാണ് സുപ്രിംകോടതി വിധി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും വാര്‍ദ്ധക്യതാലത്ത് നമ്പിനാരായണന് വലിയ ആശ്വാസമാണ് ഈ വിധി. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് സുപ്രീംകോടതി വ്യക്തമായിതന്നെ വിലയിരുത്തിയത് അദ്ദേഹത്തിന്റെ മേല്‍ ആര്‍ക്കെങ്കിലുമുള്ള അവസാന സംശയംപോലും ഇല്ലാതാക്കി. നേരത്തെ ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. സാധാരണ രീതിയില്‍ നഷ്ടപരിഹാരത്തിലൊതുക്കുന്ന കേസിലാണ് വ്യത്യസ്ഥമായ വിധി സുപ്രിംകോടതി നല്‍കിയിരിക്കുന്നത്. നഷ്ടപരിഹാരത്തേക്കാല്‍ നടപടിയാണ് തന്റെ പ്രധാന ആവശ്യമെന്ന് നമ്പി നാരായണന്‍ പറഞ്ഞിരുന്നു. തീര്‍ച്ചയായും സമീപകാലത്ത് സുപ്രിംകോടതി പുറപ്പെടുവിച്ച ശ്രദ്ധേയമായ വിധികളില്‍ മറ്റൊന്നായി ഈ വിധിയും മാറുകയാണ്.
വാസ്തവത്തില്‍ ചാരവൃത്തിക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ സി.ബി.ഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതു ചെയ്തില്ല. സി.ബി.ഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് പറഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസന്വേഷിച്ച കെകെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിര്‍ദ്ദേശം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സി.ബി.ഐ പറയുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായെടുത്തില്ലെന്ന് അന്നു കോടതി വിമര്‍ശിച്ചിരുന്നു. ബഹിരാകാശ ദൗത്യങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച നമ്പിനാരായണന്‍, മംഗള്‍യാന്‍ ചൊവ്വയെ വലവെക്കുമ്പോഴും ഇവിടെ നീതിക്കു വേണ്ടി അലയുകയാണെന്നു കോടതി ചൂണ്ടികാട്ടിയിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയത്.
നമ്പി നാരായണന്റെ ജീവിതത്തെ മാത്രമല്ല ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും ചാരകേസിനു മുമ്പ് – പിമ്പ് എന്ന ് രണ്ടായി വേര്‍തിരിച്ച സംഭവമാണ് ഐ എസ് ആര്‍ ഒ കേസ്. ചാരകേസുമായി ബന്ധപ്പെട്ട് 1994ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം 53 ആയിരുന്നു. വിക്രം സാരാഭായുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പെയ്സ് റിസര്‍ച്ച് സ്ഥാപിക്കപ്പെട്ട് ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്ത് പ്രവേശിച്ച് അന്ന് 31 വര്‍ഷമായിരുന്നു. ഐ എസ് ആര്‍ ഒവിന്റെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായി ഇദ്ദേഹം ചാര്‍ജ്ജെടുത്തിരുന്നു. തൊട്ടുമുമ്പത്തെ മാസം മാത്രമായിരുന്നു ഐ എസ് ആര്‍ ഒ ആദ്യമായി പി എസ് എ ല്‍ വി വിക്ഷേപണം വിജയകരമായി നടത്തിയതും ബഹിരാകാശരംഗത്തെ ഇന്ത്യയുടെ കുതിപ്പിനു തുടക്കമിട്ടതും. മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തിയാണ് പ്രമാദമായ ഒരു ചാരകേസായി മാറിയതെന്നും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം സര്‍ക്കാരിനെ വീഴ്ത്താനായി ഉപയോഗിക്കുകയായിരുന്നു എന്നും നമ്മുടെ ഇന്റലിജെന്റ്സ് ബ്യൂറോ ആഗോളതലത്തില പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്തെ് ഇന്ത്യയുടെ കുതിപ്പിനു തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിക്കുകയായിരുന്നു എന്നും നമ്പി നാരായണന്‍ പറഞ്ഞതൊന്നും ആരും വകവെച്ചില്ല. എന്നാല്‍ കേസ് വ്യാജമെന്ന് കണ്ടെത്തിയ സിബിഐ പ്രതികളെന്ന് ആരോപിക്കപ്പെട്ട ആറുപേരും നിരപരാധികളണെന്നു തെളിയിക്കുകയായിരുന്നു. ഇന്ത്യയുടെ ബഹിരാകാശനേട്ടങ്ങളെ 15 വര്‍ഷമെങ്കിലും വൈകിപ്പിക്കാന്‍ ചാരകേസിനായി.
നമ്പിനാരായണന്റേയും മറ്റു ഉദ്യോഗസ്ഥരുടേയും വ്യക്തി – സാമൂഹ്യജീവിതം മാത്രമായിരുന്നില്ല ചാരകേസ് തകര്‍ത്തത്. രാജ്ന്‍ കേസിലെ തിരിച്ചടിക്കുശേഷം പ്രതാപം വീണ്ടെടുത്തിരുന്ന അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ രാഷ്ട്രീയജീവിതത്തിനും ഈ കേസ് കനത്ത പ്രഹരമേല്‍പ്പിച്ചു. കിട്ടിയ അവസരമുപയോഗിച്ച് കോണ്‍ഗ്രസ്സിലെ എതിര്‍ വിഭാഗം അദ്ദേഹത്തിനെതിരെ പട നയിക്കുകയും മുഖ്യമന്ത്രിസ്ഥാനത്തു നിന്നും തെറിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ അതിനുശേഷം മുന്‍പ്രതാപം അദ്ദേഹത്തിനു തിരിച്ചുകിട്ടിയില്ല. അതിനേക്കാളേറെ ഭീകരമായിരുന്നു ചാരസ്ത്രീകളെന്നാരോപിക്കപ്പെട്ട മാലി യുവതികളായ മറിയം റഷീദയുടേയും ഫൗസിയ ഹസന്റേയും അവസ്ഥ. നമ്മുടെ പത്രങ്ങള്‍ അവരെ നായികമാരാക്കി നിരവധി ലൈംഗികകഥകള്‍ മെനഞ്ഞെടുത്തു. അടുത്ത കാലത്ത് സരിതാ നായരെ ആഘോഷിച്ചതിനേക്കാള്‍ എത്രമടങ്ങായിരുന്നു നമ്മുടെ പത്രങ്ങള്‍ ഇവരെ കുറിച്ച് സീരിയലുകള്‍ തയ്യാറാക്കിയത്. ഇരുവരും ഏറെകാലം ജാമ്യം പോലും ലഭിക്കാത്ത ജയിലിലായി. പിന്നീടവര്‍ ജീവനും കൊണ്ടോടിപോയി. ചാരകേസ് കേരളം കണ്ട ഏറ്റവും വലിയ കള്ളകഥയാണെന്നു ബോധ്യമായിട്ടും അവരിരുവരെ കുറിച്ചും കാര്യമായി ആരും ഓര്‍ക്കുന്നില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ നമ്പി നാരായണനുവേണ്ടി കണ്ണീര്‍ വാര്‍ക്കുന്ന മിക്ക പത്രങ്ങളും അന്ന് പൊടിപ്പും തൊങ്ങലുമായി ചേരകേസ് ആഘോഷിക്കുകയായിരുന്നു എന്നു പറയാതെ വയ്യ. ഇപ്പോള്‍ ആദര്‍ശത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുന്ന സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു ഇല്ലാത്ത ചാരകേസ് അന്വേഷിച്ച് ഈ കഥകളെല്ലാം മെനയാന്‍ നേതൃത്വം കൊടുത്തതെന്നതും ചരിത്രത്തിന്റെ കൗതുകം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>