സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Sep 15th, 2018

സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ല.

Share This
Tags

nn

ഡോ. സുരേഷ് മാത്യു കപ്പൂച്ചിന്‍

പ്രമുഖ കത്തോലിക്കാ ദേശീയ വാരികയായ ഇന്ത്യന്‍ കറന്റ്‌സിന്റെ എഡിറ്റര്‍ ഡോ. സുരേഷ് മാത്യു കപ്പൂച്ചിന്‍ എല്ലാ മെത്രാന്മാര്‍ക്കുമായി എഴുതിയ തുറന്ന കത്ത്.

ഓരോ ദിവസവും ജലന്ധര്‍ രൂപത വിഷയം പുതിയ വഴിത്തിരിവുകളിലേക്കു നമ്മെ നയിക്കുന്ന സാഹചര്യത്തില്‍ എന്റെ ഓര്‍മ്മകള്‍ 1990 ആഗസ്ത് 1ലേക് പോവുകയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്ഥിതി ചെയ്യുന്ന കപ്പൂച്ചിന്‍ മൈനര്‍ സെമിനാരി ആയ ജ്യോതിനികേതനിലേ ഞങ്ങളുടെ ക്ലാസ് മുറിയിലേക്ക് ഭാഗ്യസ്മരണാര്‍ഹനായ അലക്സാണ്ടര്‍ കടുക്കന്‍മാക്കില്‍ അച്ചന്‍ കടന്നു വന്നു. ജൂലൈ 13ന്, ഉത്തര്‍പ്രദേശിലെ ഗജ്റൗളയിലെ സെന്റ് മേരീസ് കോണ്‍വെന്റില്‍ ചിലര്‍ അതിക്രമിച്ചു കയറി രണ്ടു യുവ സന്യാസിനികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വളരെ വേദനാ ജനകവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്ത ഞങ്ങളോട് പറയാനാണ് അദ്ദേഹം വന്നത്.

സന്യസ്തര്‍ക്കെതിരെ നടന്ന ഈ അക്രമത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ മിനുട്ടുകള്‍ക്കുള്ളില്‍ തയ്യാറാകാന്‍ അദ്ദേഹം ഞങ്ങളോട് നിര്‍ദേശിച്ചു. വാര്‍ത്തയുടെ ആഘാതത്തിലും വേദനയിലും ഞങ്ങള്‍ ഒരു ബസില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയുടെ ഹൃദയമായ ഇന്‍ഡ്യാ ഗേറ്റില്‍ എത്തി, സന്യസ്തര്‍ക്കെതിരെ ഉണ്ടായ നിര്‍ദ്ദയമായ ആക്രമണത്തെ അപലപിച്ച പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

സി. ബി. സി. ഐയുടെ നേതൃത്വത്തില്‍ 15,000നു മേല്‍ ആളുകള്‍ അവിടെ തടിച്ചു കൂടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ഇരകള്‍ക്കു നീതി ആവശ്യപ്പെടുകയും ചെയ്തു. മൂന്നു കിലോ മീറ്റര്‍ അകലെ പ്രധാന മന്ത്രി വി. പി. സിംഗിന്റെ വസതിയിലേക്ക് ഞങ്ങള്‍ മാര്‍ച്ചു ചെയ്തു. ബാംഗ്ലൂര്‍ ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്റുമായ അല്‍ഫോന്‍സ് മത്തിയാസിന്റെ നേതൃത്വത്തില്‍ സഭയിലെ സ്ത്രീ സംഘടനകളുടെയും ക്രൈസ്തവ പ്രതിനിധികളുടെയും ഒരു ഡെലിഗേഷന്‍ പ്രധാന മന്ത്രിക്കു ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

ഗജ്റൗളാ റേപ്പ് കേസ് എന്ന പേരില്‍ അന്ന് ദേശീയ തലത്തില്‍ വലിയ കോളിളക്കം ഈ സംഭവമുണ്ടാക്കി.

ഇന്നത്തെ സാഹചര്യത്തിലേക്കു വരാം. ‘ബലാത്സംഗ ഇര’ ആയ മറ്റൊരു സന്യാസിനി പീഡിപ്പിക്കപ്പെട്ടു തകര്‍ച്ചയുടെ കുഴിയില്‍ നിന്ന് ആര്‍ത്തു കേഴുമ്പോള്‍ ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കപ്പുറം ”പീഡിപ്പിക്കപ്പെട്ട സന്യാസിനിക്ക് നീതി വേണം” എന്ന് അലറി വിളിച്ച മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ മൂക സാക്ഷികളായി നില്കുന്നു. വത്യാസം ഇതാണ്: 1990 ല്‍ കുറ്റക്കാര്‍ അജ്ഞാതരായ പ്രകൃതരായിരുന്നു. ഇന്നോ കുറ്റാരോപിതര്‍ ഒരു മെത്രാനാണ്. 1990ല്‍ ഇരക്കു നീതി ഉറപ്പു വരുത്താന്‍ നാം കുറ്റക്കാരെ ഉടനടി അറസ്റ്റു ചെയ്യണം എന്ന് ആവശ്യപ്പെട്ടു; ഇന്നോ, കുറ്റം തെളിയിക്കപെടും വരെ കുറ്റാരോപിതന്‍ ദോഷിയല്ല എന്ന ന്യായവാദം നിരത്തി നിയമ ശരി (legally correct) യുടെ പക്ഷം പിടിക്കുന്നു.

യുക്തിയെ അതിന്റെ തലയ്ക്കല്‍ നിര്‍ത്താനും അവസരത്തിനൊന്നു പാട്ടു പാടാനും നാം പഠിച്ചിരിക്കുന്നു. ഇരയെ കൂടുതല്‍ വേട്ടയാടാന്‍ നാം പഠിച്ചിരിക്കുന്നു. ഒരേ സാമയം ഇരയോടൊപ്പം ഓടാനും വേട്ടക്കാരനോടും വേട്ടയാടാനും സാധിക്കുന്ന കലയില്‍ നാം പ്രാവീണ്യം നേടിയിരിക്കുന്നു.

അയര്‍ലണ്ടിലെ സന്ദര്‍ശന വേളയില്‍ പപ്പാ ഫ്രാന്‍സിസ് പറഞ്ഞത് നാം മറന്നു: ”ലൈംഗിക കുറ്റങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സഭാധികാരികള്‍ക്കു ഉണ്ടായ പരാജയം ആണ് പൊതുവികാരം അണപൊട്ടിയൊഴുകാന്‍ കാരണമാക്കിയത്.” പിന്നീട് ഒരിക്കല്‍ അദ്ദേഹം വീണ്ടും പറഞ്ഞു: അവയെ (സഭയിലെ വൈദികരുടെ ഭാഗത്തുണ്ടായ ലൈംഗിക കുറ്റങ്ങള്‍) കൈകാര്യം ചെയ്യാനുണ്ടായ പരാജയം വേദനയുടെ ഉറവിടവും കത്തോലിക്ക സമൂഹത്തിനു വലിയ നാണക്കേടിന് കാരണവും ആയി.” പാപ്പയുടെ ഈ വാക്കുകള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചിരിക്കുന്നത് എന്ന് ജലന്ധര്‍ വിഷയത്തിലെ സഭാധികാരികളുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാം.

ഓരോ ദിവസവും വലിയ രഹസ്യങ്ങളാണ് ഈ വിഷയത്തില്‍ അനാവൃതമായി കൊണ്ടിരിക്കുന്നതു, അതെ പോലെ തന്നെ സഭയുടെ പ്രതിച്ഛായയെ അത് വല്ലാതെ കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒച്ചിഴയ്ക്കുന്ന വേഗത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ജനപ്രതിനിധികള്‍ പോലും കുറ്റാരോപിതരായ മറ്റു പല കേസുകളിലും അവര്‍ അത്യന്തം ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. ഇവിടെയാകട്ടെ ‘കുറ്റം തെളിയുന്നതുവരെ ആരോപിതര്‍ നിഷ്‌കളങ്കരാണ്’ എന്ന സിദ്ധാന്തം ഇരയുടെ വിസ്തരിച്ചുള്ള മൊഴിയെടുപ്പ് നാടകത്തിനു മേല്‍ മുന്‍ഗണന നേടുന്നു.

നിയമ കുരുക്കുകള്‍ മാറ്റിവച്ചു സഭ ഈ വിഷയത്തെ ഒരു ധാര്‍മ്മിക പ്രതിസന്ധിയായി കാണണം. ഏതു തരത്തില്‍ നോക്കിയാലും ജലന്ധര്‍ രൂപതയില്‍ ‘ഭീകരമായ ചില പ്രശ്‌നങ്ങള്‍’ ഉണ്ട്. പീഡിതയായ കന്യാസ്ത്രീയുടെ പരാതിയെ കുറിച്ചുള്ള അറിവില്‍ മാത്രമല്ല ഈ ഊഹം. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എന്റെ ദൈവശാസ്ത്ര ഗുരുക്കന്മാര്‍, സഹപ്രവര്‍ത്തകയായ വൈദികര്‍, രൂപതയില്‍ നിന്ന് സന്യാസിനികളും, സന്യാസവൃത്തി ഉപേക്ഷിച്ചു പോയവരും ബിഷപ്പിന്റെ ‘അശുദ്ധമായ പ്രവര്‍ത്തി’കളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സഭാധികാരികള്‍ക്കാവുമോ?

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ല. ഒരാളെ രക്ഷിക്കാനുള്ള ശ്രമം സഭക്കാകമാനം ദുരന്തസമാനമായ ഫലങ്ങളായിരിക്കും കൊണ്ടുവരിക. സിസ്റ്റേഴ്‌സ് കൊച്ചിയില്‍ നടത്തിയ ധര്‍ണ്ണയില്‍ എന്റെ സഹപാഠികളായ കപ്പൂച്ചിന്‍ വൈദികര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ സഭയില്‍ നടക്കുന്ന ദുരന്തസമാനമായ സംഭവ വികാസങ്ങളില്‍ മനം മടുത്താണ് അവര്‍ അതിനു മുതിര്‍ന്നിട്ടുള്ളത്.

കൈവിട്ടു പോകുന്നതിനു മുന്നേ കാര്യങ്ങളെ നേരെ ആക്കണം എന്ന് സഭയിലെ അത്യുന്നത അധികാരികളോട് കടുത്ത നിരാശയോടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങ് അവകാശപ്പെടുന്ന നിഷ്‌കളങ്കത ന്യായപീഠത്തിനു മുമ്പാകെ തെളിയിക്കുന്നത് വരെ പദവിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം എന്ന് ബിഷപ് ഫ്രാങ്കോയോടും അഭ്യര്‍ത്ഥിക്കുന്നു. വ്യക്തിയുടെ അന്തസില്‍ മുറുകെ പിടിക്കേണ്ട സമയം അല്ല ഇത്, സഭയുടെ പരിശുദ്ധി അഭംഗമാണ് എന്ന് തെളിയിക്കേണ്ട സമയമാണ് ഇത്.

ഇന്ത്യയിലെ സഭാധികാരികള് ഒരു മുന്നറിയിപ്പായി മാറേണ്ട ഫ്രാന്‍സിസ് പാപ്പായുടെ ഒരു ഉദ്ധരണി പറഞ്ഞു ഞാന്‍ ഉപസംഹരിക്കട്ടെ: ”നാം എവിടെ ആയിരിക്കേണ്ടിയിരുന്നുവോ അവിടെ ആയിരുന്നില്ല എന്ന് സമൂഹം എന്ന നിലയില്‍ സഭാ നാണക്കേടോടും അനുതാപത്തോടും കൂടെ അംഗീകരിക്കുന്നു,അനേകം ജീവനുകള്‍ക്കു ഉണ്ടാവുന്ന ഹാനിയുടെ ആഴവും പരപ്പും എത്ര വലുതാണ് എന്ന് തിരിച്ചറിയാതെ പ്രവര്‍ത്തിക്കേണ്ട സമയത്തു നാം തീരുമാനങ്ങള്‍ എടുത്തില്ല.” ഈ വിഷയത്തില്‍ ഇന്ത്യയിലെ സഭ സത്വര നടപടികള്‍ കൈക്കൊള്ളുവാന്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് എത്രയും വേഗം തെളിയിക്കട്ടെ.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>