സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Sep 13th, 2018

കേരള കേന്ദരസര്‍വ്വകലാശാലയിലും കാവിവല്‍ക്കരണം

Share This
Tags

cc

ജെഎന്‍യുവിലും ഹൈദരാബാദ് യുണിവേഴ്‌സിറ്റിയിലും സംഭവിച്ചതിനു സമാനമായ കാര്യങ്ങള്‍ കേരളത്തിലും സംഭവിക്കുകയാണോ? അവിടങ്ങളിലു്ണ്ടായ പോലെ സംഘപരിവാര്‍ നോമിനികളായ വിസിയുടെയും മറ്റു ഉന്നതരുടേയും ഫാസിസ്റ്റ് നടപടികളാണ് കാസര്‍ഡോഡ് കേന്ദ്രസര്‍വ്വകലാശാലയിലും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെ എന്‍ യു, എച്ച് സി യു വിഷയങ്ങൡ ഏറെ പ്രതിഷേധങ്ങളുയര്‍ന്ന കേരളത്തില്‍ ഇക്കാര്യത്തില്‍ ഒരു പ്രതിഷധവും ഉണ്ടാകുന്നില്ല എ്ന്നതും ശ്രദ്ധേയമാണ്.
രോഹിത് വെമുലക്കുണ്ടായപോലെ തന്നെ മാസങ്ങളായി ഫെല്ലോഷിപ്പ് തുക തടഞ്ഞുവെച്ചതിന്റെയും മറ്റുപല മാനസിക സംഘര്‍ഷങ്ങളുടെയും ഫലമായി ഗന്തോടി നാഗരാജു എന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥി, ആത്മഹത്യക്കുപകരം നിയന്ത്രണം വിട്ടൊന്നു പെരുമാറിയതാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഹോസ്റ്റലിലെ ഫയര്‍ അലാമിന്റെ കവര്‍ പൊട്ടിച്ചുകൊണ്ടായിരുന്നു ആ വിദ്യാര്‍ത്ഥി പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ നാഗരാജുവിനെ കേസ്സില്‍ കുടുക്കി തടവിലാക്കുകയാണ് ചെയ്തിരിക്കുന്നത്. വിസിയുടെ നടപടിക്ക് പോലീസും കൂട്ടിനിന്നു. നടപടിയെ അപലപിച്ച് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ച ഡോ: പ്രസാദ് പന്ന്യന്‍ എന്ന അദ്ധ്യാപകനെ വകുപ്പദ്ധ്യക്ഷന്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥി അഖിലിനെ ഡിസ്മിസ് ചെയ്തു. ഇതെല്ലാം നടന്നിട്ട് ദിവസങ്ങളായിട്ടും കാര്യമായ പ്രതികരണമൊന്നും എവിടെനിന്നും ഉണ്ടാകുന്നില്ല. ഇതാണോ ഫാസിസത്തിനെതിരായ നമ്പര്‍ വണ്‍ കേരളം എന്നു ചോദിക്കാതിരിക്കുന്നതെങ്ങിനെ? അതോ ചുരുങ്ങിയത് രോഹിത് വെമുല ചെയ്ത പോലെ ആത്മഹത്യ ചെയ്താല്‍ മാത്രമേ നാം പ്രതികരിക്കൂ എന്നുണ്ടോ? അല്ലെങ്കില്‍ വിദ്യാര്‍ത്ഥി സവര്‍ണ്ണനോ കക്ഷിരാഷ്ട്രീയക്കാരനോ ആകണോ?
രാജ്യം അധ്യാപകദിനം കെങ്കേമമായി അഘോഷിച്ച സമയത്തായിരുന്നു ഈ സംഭവവുമുണ്ടായത്. ഒരു വിദ്യാര്‍ത്ഥി തെറ്റ് ചെയ്തട്ടുണ്ടെങ്കില്‍ തന്നെ അധ്യാപകര്‍ എന്താണു ചെയ്യേണ്ടത്? നാഗാരാജു എന്ന സീനിയര്‍ ഗവേഷകന്‍ അലറാമിന്റെ ചില്ലു പൊട്ടിച്ചുവെങ്കില്‍ അതിലേക്കവനെ നയിച്ച കാരണങ്ങള്‍ തിരക്കി പരിഹരിക്കുകയല്ലേ വേണ്ടത്? രാജ്യത്തിന്റെ വിദൂരഭാഗങ്ങളില്‍ നിന്നുപോലും അടിസ്ഥാന ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് ഉന്നതപഠനം നടത്താനുള്ള ചെറിയ സാധ്യതകളാണ് ഇന്നു കേന്ദ്രസര്‍വ്വകലാശാലകളില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നിലായ അവര്‍ക്ക് അതിനു പറ്റുക ആരുടേയും ഔദാര്യമല്ലാത്ത, അവകാശമായ ഫെല്ലോഷിപ്പ് കൃത്യമായി കിട്ടിയാല്‍ മാത്രമാണ്. അത് കാലങ്ങളോളം കിട്ടാതായ ഒരാളുടെ സ്വാഭാവികവികാരമായിരുന്നു അവിടെ സംഭവിച്ചത്. അതിന്റെ പേരില്‍ ആ ദളിത് വിദ്യാര്‍ത്ഥിയെ തുറുങ്കിലടക്കുക എന്നത് മനപൂര്‍വ്വമാണെന്നു തന്നെ കരുതാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ദളിത് വിദ്യാര്‍ത്ഥികളെ അകറ്റാനുള്ള സവര്‍ണ്ണ ഗൂഢാലോചന കൂടുതല്‍ കൂടുതല്‍ ശക്തമാകുകയാണെന്നു ഈ സംഭവം കൂടുതല്‍ വ്യക്തമാക്കുന്നു. ആ സംഘപരിവാര്‍ രാഷ്ട്രീയമിതാ കേരളത്തിലും എത്തിയിരിക്കുന്നു. മറ്റു പല വിഷയങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും നമ്മുടെ പോലീസ് സംഘികള്‍ക്ക് ഒത്താശ ചെയ്യുന്നു. സംഭവത്തില്‍ പ്രതിഷധിക്കാനുള്ള സ്വാഭാവികമായ ജനാധിപത്യാവകാശംപോലും തകര്‍ക്കപ്പെടുന്നു. ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രം ത്‌ന്നെയാണ് ഇവിടേയും നടപ്പാക്കുന്നത്. ഒപ്പം അവര്‍ണ്ണന് വിദ്യക്കവകാശമില്ല എന്ന മനുവാദവും ഇവിടെ നടപ്പാക്കപ്പെടുന്നു. നാഗരാജു രോഹിത് വെമുല പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ 4 വര്‍ഷമായി ഗോപകുമാര്‍ എന്ന വൈസ് ചാന്‍സിലര്‍ക്കും അയാളുടെ തലയ്ക്ക് മീതെ ഉള്ള ജയപ്രസാദ് എന്ന ആര്‍ എസ് എസ് നോമിനിക്കും കീഴില്‍ കാസര്‍ക്കോട് ഉള്ള കേന്ദ്ര സര്‍വ്വകലാശാലയില്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചോതുക്കി സംഘ പരിവാറിന്റെ കാവിവല്‍ക്കരണം അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് ഏതാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുള്ളയെല്ലാം ഇല്ലാതെയാക്കിയും ഫീസുകള്‍ തോന്നും പോലെ വര്‍ധിപ്പിച്ചും സര്‍വകലാശാല കച്ചവട സ്ഥാപനവും വിദ്യാര്‍ഥികള്‍ ഉപഭോക്താക്കളും ആണെന്ന ആഗോളീകരണ നയമാണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെതിരെ ശബ്ദിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് അഖിലും പ്രസാദ് പന്യനും. ഇതാദ്യത്തെ സംഭവമല്ല താനും. ചെറിയ രീതിയില്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ട്. പലര്‍ക്കും പഠനം തുടരാനാവാതെ പോയിട്ടുണ്ട്. പല അധ്യാപകരും പ്രതികാര നടപടി നേരിടുന്നു. പലരും നല്‍കിയ കേസുകള്‍ കോടതിയിലാണ്. പലരേയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കി. അധ്യാപക സംഘടനയെ പിളര്‍ത്തി സംഘപരിവാര്‍ അനുകൂല ഗ്രൂപ്പ് ഉണ്ടാക്കി. വിമതശബ്ദങ്ങളെ തടവിലാക്കലും നിശ്ശബ്ദമാക്കലും തുടരുകയാണ്. തങ്ങള്‍ക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത സംസ്ഥാനമായ കേരളത്തില്‍, തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു സ്ഥാപനത്തെ കാവിവല്‍ക്കരിക്കാനും ഹൈജാക്ക് ചെയ്യാനുമാണ് ബി.ജെ.പിയുടെ ശ്രമം. അതിനായി ആദ്യം തകര്‍ക്കേണ്ടത് എ എസ് എ പോലുള്ള സംഘടനകളാണെന്ന് അവര്‍ക്കറിയാം. ആ അജണ്ടയാണ് അവിടെ നടപ്പാക്കപ്പെടുന്നത്. എന്നിട്ടും എസ് എഫ് ഐ അടക്കമുള്ള സംഘടനകളുടെ മൗനം പേടിപ്പെടുത്തുന്നു എന്നു പറയാതെ വയ്യ.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>