സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 11th, 2018

ചൂഷണങ്ങള്‍ക്കെതിരെ വരുന്നു രോഗികളുടെ അവകാശപത്രിക

Share This
Tags

ddd

ഡോക്സി സൈക്ലിന്‍ ഗുളിക പനിയ്ക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗര്‍ഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങള്‍ പറഞ്ഞിരിക്കുന്ന കാര്യം നവ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന്റെ പേരില്‍ പ്രകൃതി ചികിത്സകന്‍ ജേക്കബ്ബ് വടക്കഞ്ചേരിയെ തുറുങ്കിലടക്കുകയും അലോപ്പതി ഒഴികെയുള്ള വൈദ്യശാസ്ത്രശാഖകള്‍ക്കെതിരെ സംഘടിതമായ ആക്രമണം ശക്തമാക്കുകയും ചെയ്തിരിക്കുന്ന സാഹചര്യമാണല്ലോ കേരളത്തില്‍ നിലനില്‍ക്കുന്നത്. എന്നാലിതാ അലോപ്പതി ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയും ചൂഷണങ്ങളില്‍ നിന്നു രക്ഷിക്കാനായി രോഗികളുടെ അവകാശപത്രികക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപം കൊടുത്തിരിക്കുന്നു. മന്ത്രാലയത്തിനുവേണഅടി ദേശീയ മുഷ്യാവകാശ കമ്മീഷനാണ് ഇതിന്റെ കരടുരേഖ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത ഏറ്റവും ഭയാനകമായി രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നത് രോഗികളാണെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് മന്ത്രാലയവും കമ്മീഷനും ഇത്തരമൊരു നീ്ക്കത്തിനു തയ്യാറായത്.
സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരും അസംഘടിതരുമായ വിഭാഗം ഏതെന്നു ചോദിച്ചാല്‍ രോഗികളെന്നു തന്നെ പറയേണ്ടിവരും. ആരോഗ്യമേഖല ഏറ്റവും വലിയ കൊള്ളസംഘമായി മാറിയ സാഹചര്യത്തില്‍ അതിന്റെ ഏറ്റവും വലിയ ഇരകളാണ് ഇന്നു രോഗികള്‍. രോഗങ്ങളെ കുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാല്‍ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥ. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഒരു സാധ്യതയുമില്ല. ഇക്കാര്യത്തില്‍ സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസം പോലുമില്ല എന്നതാണ് വസ്തുത. സമ്പന്നരാണെങ്കില്‍ കൊള്ളയുടെ അളവ് കൂടും. സമ്പന്നര്‍ അനാവശ്യചികിത്സക്കു വിധേയരാകും. പാവപ്പെട്ടവര്‍ക്ക് അവശ്യ ചികിത്സ പോലും ലഭിക്കില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ ദുര്‍ബ്ബലമാണ്. സ്വാഭാവികമായ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ അവസ്ഥയെ പ്രതിരോധിക്കണമെങ്കില്‍ സംഘടിക്കാനാകണം. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ രോഗികള്‍ക്ക് അതെങ്ങിനെ സാധ്യമാകും? ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികള്‍ക്കായി അവകാശപത്രിക തയ്യാറാക്കിയത്.
ശ്രദ്ധേയമായ നിരവധി നിര്‍ദ്ദേശങ്ങള്‍ കരടിലുണ്ട്. എല്ലാ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പരാതി പരിഹാരസെല്‍ നിര്‍ബന്ധമാക്കണമെന്നാണ് കരടിലെ ഏറ്റവും ശ്രദ്ധേയമായ നിര്‍ദ്ദേശം. ചികിത്സയുമായി ബന്ധപ്പെട്ട പരാതികള്‍ എവിടെ നല്‍കണമെന്ന് സാധാരണക്കാര്‍ക്ക് അറിയാത്ത അവസ്ഥയാണ് നിലവിലുളളത്. പരാതി കിട്ടി 24 മണിക്കൂറിനകം നടപടികള്‍ ആരംഭിക്കണമെന്നും 15 ദിവസത്തിനകം വിശദവിവരങ്ങള്‍ രോഗിയെ അറിയിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. അറിയാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിക്കപ്പെടുന്ന രോഗികള്‍ക്ക് ഇതൊരു ആശ്വാസമാണ്. നടപടികളില്‍ തൃപ്തരല്ലെങ്കില്‍ രോഗികള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള അതോറിറ്റികളെ സമീപിക്കാം. ബില്‍ തര്‍ക്കങ്ങളുടെ പേരില്‍ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരുതെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. സിറിഞ്ചും ഗ്ലൗസും മുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുവരെ 600 ശതമാനം വരെ വില കൂടുതല്‍ ഈടാക്കുന്നതു അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
രോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മറ്റനവധി നിര്‍ദ്ദേശങ്ങളും കരടിലുണ്ട്. ഡിസ്ചാര്‍ജ്ജിനു ശേഷം 72 മണിക്കൂറിനകം ചികിത്സാരേഖകളും റിപ്പോര്‍ട്ടുകളും രോഗികള്‍ക്കു നല്‍കുക, ഏതെങ്കിലും മരുന്നുകടകളേയോ ഫാര്‍മസികളേയോ ശുപാര്‍ശ ചെയ്യാതിരിക്കുക, മരുന്നു പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുക, പരീക്ഷണങ്ങള്‍ മൂലം ബുദ്ധിമുട്ടോ മരണമോ സംഭവിക്കുന്നവര്‍ക്ക് സംരക്ഷണവും സൗജന്യചികിത്സയും നഷ്ടപരിഹാരവും നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമകാലികാവസ്ഥയില്‍ വളരെ പ്രസക്തമാണ്. പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നല്‍കുന്നതെങ്കില്‍ ആ വിവരം മുന്‍കൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം.പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങള്‍, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍, നഷ്ടപരിഹാര സാധ്യതകള്‍ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം. ഇപ്പോള്‍ മിക്കവാറും ഇതൊന്നും സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. വളരെ പ്രധാനപ്പെട്ട മറ്റൊന്ന് രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കലാണ്. ചികിത്സാവേളയില്‍ മാത്രമല്ല, മരണത്തിലും മരണശേഷവും രോഗിയുടെ അന്തസ്സ് മാനിക്കണം. കൂടാതെ സുതാര്യതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന കാലമായിട്ടും ചികിത്സാ നിരക്കുകള്‍ ഇപ്പോള്‍ സുതാര്യമല്ല. തോന്നിയ പോലെയാണ് ഓരോ ആശുപത്രിയും അതത് ഈടാക്കുന്നത്. ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുയും പരസ്യമാക്കുകയും വേണമെന്ന നിര്‍ദ്ദേശവും കരടിലുണ്ട്. മറ്റൊരു പ്രധാന നിര്‍ദ്ദേശം മറ്റു ഡോക്ടര്‍മാരുടേയോ വൈദ്യശാഖകളുടേയോ ഉപദേശമോ ചികിത്സയോ തേടാനുള്ള രോഗികളുടെ ജനാധിപത്യാവകാശമാണ്. അതു പലപ്പോളും തങ്ങള്‍ക്ക് അപമാനമായിട്ടാണ് ഡോക്ടര്‍മാര്‍, പ്രതേകിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ കാണുന്നത്.
വാസ്തവത്തില്‍ ആരോഗ്യം മൗലികാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍തന്നെ രോഗിയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സേവനദാതാക്കളായ ആസ്പത്രി മാനേജ്മെന്റുകളുടേയും ഡോക്ടറും നേഴ്സുമാരുമടങ്ങുന്ന സ്റ്റാഫന്‌ഞേരയും ഉത്തരവാദിത്തമാണ്. അതുപക്ഷെ നടപ്പാക്കാത്തതിനാലാണ് ഇത്തരത്തിലുള്ള സംരഭത്തിനു മന്ത്രാലയം തയ്യാറായിരിക്കുന്നത്. രോഗികളുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ നിലവിലുണ്ട്. അതനുസരിച്ച് ആരോഗ്യകരവും സുരക്ഷിതവും ആയ അന്തരീക്ഷം ആസ്പത്രികളില്‍ ലഭ്യമാക്കണം, ആസ്പത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം, മുറികള്‍, ശുചിത്വമുറികള്‍, ഉപകരണങ്ങള്‍, കിടക്കവിരികള്‍ ഭോജന ശാലകള്‍ – എല്ലാം വൃത്തിയുള്ളതും മാലിന്യമുക്തവുമാകണം, ചികിത്സയുടെ കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍, അപകടസാധ്യതള്‍, ചിലവ് തുടങ്ങിയവയെല്ലാം രോഗിയുടെ അറിവോടും പങ്കാളിത്തത്തോടും സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കില്‍, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പുവരുത്തണം, ആസ്പത്രിയില്‍ ലഭ്യമായ ഏറ്റവും മികച്ച സേവനം രോഗിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ആസ്പത്രിയിലെത്തുന്നരോഗി കൂടുതല്‍ സമയം കാത്തിരിക്കാന്‍ ഇടവരരുത് എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങള്‍ നിലവിലുളളതാണ്. കൂടാതെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവര്‍ക്ക് (വികലാംഗര്‍, മൂന്നാംലിംഗത്തില്‍പ്പെട്ടവര്‍, എയ്ഡ്സ് രോഗികള്‍, ശിശുക്കള്‍, മാനവികാസ്വാസ്ഥ്യമുള്ളവര്‍) അവരര്‍ഹിക്കുന്ന സൗകര്യങ്ങള്‍ ലഭ്യമാക്കുക, ആശങ്കകളുള്ള രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുക, സാന്ത്വനചികിത്സ ലഭ്യമാക്കുക, തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറിന്റെ പേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകള്‍ എന്നിവ അറിയിക്കുക, താല്‍പ്പര്യമില്ല എങ്കില്‍ ചികിത്സ നിഷേധിക്കാനുളള അവസരം നല്‍കുക എന്നിവയും നടപ്പാക്കണം. രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത് എന്നതാണ് ഏറ്റവും പ്രധാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം. ഇന്‍ഷ്വറന്‍സും മറ്റുമുണ്ടെങ്കില്‍ അനാവശ്യ പരിശോധനകളും ചികിത്സകളും നടത്തുന്ന ഇന്നത്തെ അവസ്ഥ അവസാനിപ്പിക്കണം.
വളരെ പ്രധാനപ്പെട്ട മറ്റൊന്ന ചികിത്സാപിവുകളെ കുറിച്ചാണ്. ചികിത്സയെ കുറിച്ച് പരാതികളുണ്ടെങ്കില്‍ ആരുടെപക്കല്‍ എപ്രകാരം നല്‍കണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേല്‍ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികള്‍-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കേണ്ടതുണ്ട്. ഒപ്പം അതേകുറിച്ചുള്ള അന്വേഷണത്തിന്റെ രീതിയും മാറ്റണം.പോലീസിനെതിരായ അന്വേഷണം മറ്റൊരു പോലീസ് നടത്തരുതെന്നു പറയുന്ന പോലെ ഡോക്ടര്‍ക്കെതിരായ അന്വേഷണം മറ്റൊരു ഡോക്ടര്‍ നടത്തുന്ന അവസ്ഥ മാറണം. സ്വാഭാവികമായും മറ്റാര്‍ക്കാണ് അതു പറ്റുക എന്ന ചോദ്യം ഉയരും. അതിനായി പ്രതേക സംവിധാനം ഉണ്ടാക്കുക തന്നെവേണം. മെഡിക്കല്‍ നിയമങ്ങള്‍ അറിയുന്ന അഡ്വക്കേറ്റുമാരുടേയും ജഡ്ജിമാരുടേയും എണ്ണം കൂട്ടണം.
മറ്റൊരു പ്രധാന വിഷയം ദയാവധത്തിന്റതാണ്. ഒരു കാരണവശാലും രക്ഷപ്പെടില്ല എന്നുറപ്പുള്ള രോഗികള്‍ക്ക് അനാവശ്യമായി നല്‍കുന്ന ജീവന്‍ നീട്ടിവെക്കല്‍ സംവിധാനങ്ങള്‍ വേണ്ട എന്നു വെക്കാനും ഐസിയുവിലെ ഭയാനകമായ ഏകാന്തതക്കുപകരം സ്വന്തം വീട്ടില്‍ സ്‌നേഹിക്കുന്നവരുടെ ഇടയില്‍ കിടന്നു മരിക്കാനാഗ്രഹമുള്ളവര്‍ക്ക് അതിനും ഒരുപടി കൂടി കടന്ന് ദയാവധം സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുമുമുള്ള അവകാശങ്ങള്‍ ഉണ്ടാകണം. ഈ വിഷയത്തിലെല്ലാം വിശദമായ ചര്‍ച്ചകള്‍ നടത്തി കൂടുതല്‍ സമ്പന്നമാക്കി വേണം വളരെ പ്രസക്തമായ രോഗികളുടെ അവകാശപത്രിക നടപ്പാക്കാന്‍.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>