സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Sep 10th, 2018

കന്യാസ്ത്രീകളുടെ സമരം കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ നിര്‍ണായകം

Share This
Tags

k

പി ജെ ജെയിംസ്

ആയിരത്താണ്ടുകളിലെ ഇരുണ്ട യുഗത്തിലേക്കു ചരിത്രത്തെ തള്ളിയിട്ട കത്തോലിക്കാ സഭക്കെതിരെ യൂറോപ്പില്‍ നടന്ന മതനവീകരണത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് കേരളത്തിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന സത്യഗ്രഹ സമരം. മാനവിക മൂല്യങ്ങളൊന്നും അവശേഷിക്കാത്ത, നഗ്‌നമായ സാമ്പത്തിക താല്പര്യങ്ങളില്‍ അധിഷ്ഠിതമായ സഭാനേതൃത്വത്തിനെതിരെ അതിനുള്ളിലെ വിശ്വാസികള്‍ തന്നെ നയിക്കുന്ന ഇപ്പോഴത്തെ സമരം കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ മഹത്തായ ചുവടുവെപ്പാണ്.
ആഗോള മൂലധനത്തിന്റെ ആത്മീയ ശക്തിയായിരിക്കുമ്പോഴും പ്രബല മുതലാളിത്ത രാജ്യങ്ങളിലെല്ലാം കത്തോലിക്കാ സഭാ നേതൃത്വം അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്കു വിധേയമാണ്. നമ്മുടെ നാട്ടിലെ ആലഞ്ചേരി മാര്‍ക്കും ഫ്രാങ്കോ മാര്‍ക്കും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കഴിയുന്ന സാഹചര്യം അവിടങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ മൂലധനസേവകരായ ഇവിടുത്തെ ഭരണക്കാര്‍ രാഷ്ട്രീയ ഭേദമെന്യേ ഈ സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കു മുമ്പില്‍ മുട്ടിലിഴയുകയാണ്.
ബലാത്സംഗക്കേസുകളില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം, പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരം ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്തുകയും പ്രതിയായ ഫ്രാങ്കോക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ എല്ലാ സൗകര്യവും പിണറായി ഭരണം ചെയ്തു കൊടുക്കുന്നതും ഇതിന്റെ ഭാഗമാണ്. തീര്‍ച്ചയായും, കത്തോലിക്കാ സഭ നിയന്ത്രിക്കുന്നുവെന്നവകാശപ്പെടുന്ന വോട്ടു ബാങ്കും അതിന്റെ അളവറ്റ സാമ്പത്തിക-മാഫിയ ബന്ധങ്ങളും ഇതില്‍ പങ്കു വഹിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഈ മാഫിയാ സംഘവുമായി ചേര്‍ന്ന് സിപിഐ (എം) ഉം മറ്റും ഹര്‍ത്താല്‍ നടത്തിയതും ഇക്കാരണത്താലായിരുന്നല്ലോ?

മതമേധാവികള്‍ ഉള്‍പ്പെട്ട ബലാത്സംഗകേസുകളില്‍ സഭാ കോടതികള്‍ തീര്‍പ്പു കല്പിച്ചാല്‍ മതിയെന്ന കത്തോലിക്കാ സഭക്കുള്ള അതേ സമീപനമാണ് ഭരിക്കുന്നവര്‍ക്കുമുള്ളതെന്ന് നേതാക്കന്മാരുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധ സമീപനവും ഫ്രാങ്കോയെ സഹായിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.

ഇതിനിടിയില്‍, സ്വവര്‍ഗരതിയെ സംബന്ധിച്ച സുപ്രിം കോടതി വിധി അധാര്‍മിക മാന്നെന്ന സ്ത്രീപീഡകനായ ഫ്രാങ്കോയും അയാള്‍ക്കു സംരക്ഷണമൊരുക്കുന്ന ആലഞ്ചേരിയും മറ്റും ഉള്‍പ്പെടുന്ന മെത്രാന്‍ സമിതിയുടെ പ്രസ്താവനയാണ് വീണ്ടും മനംപുരട്ടലുണ്ടാക്കുന്നത്.

തീര്‍ച്ചയായും, മ്ലേച്ഛന്മാരായ സഭാ നേതാക്കന്മാരെ മാത്രമല്ല, അവര്‍ക്കു കുട പിടിക്കുന്ന ഭരണത്തിനുമെതിരെ, നീതി തേടി കന്യാസ്ത്രീകള്‍ വരെ തെരുവിലിറങ്ങിയിരിക്കുന്നത് ജനപക്ഷത്തുനില്‍ക്കുന്നവരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട പ്രധാനപ്പെട്ട ഒരു ചരിത്ര സന്ദര്‍ഭമാണ്.

സഭാ വസ്ത്രമണിഞ്ഞ് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത് കേരളത്തിലെ പത്രങ്ങളെല്ലാം ഫ്രണ്ട് പേജ് തലക്കെട്ടാക്കിയപ്പോള്‍, അത് ഉള്‍പേജിലെ ഒരു കോളം വാര്‍ത്തയിലേക്കൊതുക്കേണ്ടി വന്ന ‘ദേശാഭിമാനി’ യുടെ സ്ഥിതി അപമാനകരമാണെന്നു പറയാതെ വയ്യ.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>