സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Sep 7th, 2018

വൈവിധ്യങ്ങള്‍ അംഗീകരിക്കണം – സുപ്രിംകോടതിയുടേത് ചരിത്രമെഴുതുന്ന വിധി

Share This
Tags

sss

സ്വവര്‍ഗ്ഗരതി കുറ്റമായി കണ്ടിരുന്ന 377-ാം വകുപ്പ റദ്ദാക്കിയുള്ള വിധിയോടെ തങ്ങള്‍ മൗലികമായ മനുഷ്യാവകാശങ്ങള്‍ ക്കൊപ്പമാണെന്ന് സുപ്രിംകോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നും വ്യത്യസ്തരായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമാണെന്നുമുള്ള വിധിയോടെ ആധുനികകാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് തങ്ങളെന്നും സുപ്രിംകോടതി പ്രഖ്യാപിക്കുന്നു. ലൈംഗികത എന്ന ഏതൊരു ജീവിയുടേയും ചോതന നിര്‍വ്വഹിക്കുന്നത് ഭയത്തോടേയും കുറ്റബോധത്തേയുമാകരുതെന്ന കാഴ്ചപ്പാട് തന്നെയാണ് കോടതിയും ഉയര്‍ത്തിപിടിക്കുന്നത്. താന്‍ എന്താണോ അത് തന്നെയാണ് താന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. തീര്‍ച്ചയായും വിരമിക്കുന്നതിനു മുമ്പ് ചരിത്രത്തില്‍ താന്‍ സ്ഥാനം പിടിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് അഭിമാനിക്കാം. ഒപ്പം ബഞ്ചിലെ അംഗങ്ങളായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ക്കും.
പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനുശേഷമാണ് സുപ്രിംകോടതിയുടെ ഈ ചരിത്രപ്രധാനമായ വിധി. ഇന്ത്യയുടെ ചരിത്രത്തിലും വിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം സജീവമായി കാണുന്ന ഒന്നാണ് സ്വവര്‍ഗ ലൈംഗികത . ക്ഷേത്രങ്ങളിലും വാസ്തുവിദ്യയിലും ശില്പചിത്രകലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം പ്രാചീനകാലം മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഔന്നത്യം ലഭിച്ചിരുന്നതായി കാണാന്‍ കഴിയും. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം, ശിഖണ്ഡി തുടങ്ങിയവയും ഇതിനു ഉദാഹരണങ്ങളാണ്. വിഷ്ണു ഭഗവാന്റെ സ്‌ത്രൈണാവതാരമായ മോഹിനിയില്‍ ശിവന് പാര്‍വ്വതിയുടെ സാനിദ്ധ്യത്തില്‍ കാമം ഉണ്ടാക്കിയെന്നും അവരുടെ മകനാണ് അയ്യപ്പന്‍ എന്നും പുരാണം പറയുന്നു. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹ കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന സ്വവര്‍ഗ്ഗേതര ലൈംഗിക വിഭാഗങ്ങളിലുള്ളവര്‍ ട്രാന്‍സ്ജണ്ടേഴ്സിന്റെ പക്കല്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചടങ്ങുകള്‍ പോലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാലിത് കുറ്റകരമാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടി 1861 ലാണ് സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. മൃഗങ്ങളോടും കുട്ടികളോടുമുള്ള ലൈംഗിക ക്രൂരതകള്‍ക്കൊപ്പം സ്വവര്‍ഗ ലൈംഗികതയെയും ‘പ്രകൃതിവിരുദ്ധം’ എന്നാരോപിച്ച് നിഷിദ്ധമാക്കുകയായിരുന്നു. നിയമപ്രകാരം അത് 10 വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമായിരുന്നു.
ബഹുഭൂരിപക്ഷത്തിന്റെ സദാചാര സംഹിതകള്‍ അടിച്ചേല്‍പ്പിക്കലും ന്യൂനപക്ഷതാല്‍പ്പര്യങ്ങള്‍ തല്ലിതകര്‍ക്കലുമാണ് വാസ്തവത്തില്‍ പ്രകൃതിവിരുദ്ധം. ഒരു വ്യക്തിയുടെ ജൈവികവും സ്വകാര്യവുമായ വിഷയങ്ങളിലും പ്രണയത്തിലുമെല്ലാം ഇടപെടാന്‍ ഭരണകൂടത്തിനോ കോടതികള്‍ക്കോ എന്തവകാശമാണുള്ളത്? ഒരാളുടെ ലൈംഗിക സ്വത്വം അയാളുടെ / അവളുടെ തിരഞ്ഞെടുപ്പനെന്നിരിക്കെ അത് പ്രകൃതി വിരുദ്ധമാണെന്നും സദാചാരവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമാണെന്നും പറയാന്‍ ആര്‍ക്കും അധികാരമില്ല. നിയമത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ചെറിയതോതിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും സ്വവര്‍ഗ ലൈഗികത നിയമ വിധേയമാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന് 2000ത്തോടടുത്തായിരുന്നു. . നിയമ കമ്മീഷന്റെ 172 ാമത് റിപ്പോര്‍ട്ടില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നടപ്പായില്ല. 2009 ജൂലൈയില്‍ ദില്ലി ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ ചരിത്രം കുറിച്ച ആദ്യ വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും നിയമവിധേയമാണെന്നും ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ തര്‍ക്കവിഷയമായി. ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് വിധിച്ച സുപ്രീം കോടതി 2013 ഡിസംബര്‍ 11 ന് ദില്ലി ഹൈക്കോടതി വിധി റദ്ദാക്കി. സ്വവര്‍ഗ ലൈംഗികത വീണ്ടും കുറ്റകൃത്യമായി മാറി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാകട്ടെ സുപ്രീംകോടതി തള്ളുകയും ചെയ്തു.
ഇക്കാലയളവില്‍ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധം നാടെങ്ങും ശക്തമായി കഴിഞ്ഞിരുന്നു. നിരവധി പ്രക്ഷോഭങ്ങളും അരങ്ങേറി. ഇന്ത്യന്‍ സൈക്യാട്രിസ്റ്റ് സൊസൈറ്റി 2014ല്‍ സ്വവര്‍ഗാനുരാഗം നിലവിലുള്ള അന്താരാഷ്ട്ര കാഴ്ചപ്പാടുകളും, അവരുടെ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാനസികരോഗമല്ലെന്ന നിലപാട് സ്വീകരിച്ചു. സ്വവര്‍ഗ്ഗാനുരാഗം ഒരു സ്വാഭാവിക ലൈംഗിക താല്‍പര്യം മാത്രമാണെന്നും ഇടങ്കൈയനായി ജനിക്കുന്നത് പോലെയാണിതെന്നും അവര്‍ ചൂണ്ടികാട്ടി. 1992ല്‍ ലോകാരോഗ്യ സംഘടന മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും സ്വവര്‍ഗ്ഗ ലൈംഗികതയെ ഒഴിവാക്കിയിരുന്നു. 1994ല്‍ യുകെ സര്‍ക്കാര്‍ ഇതേ പാത പിന്തുടര്‍ന്നു. 1999 ല്‍ റഷ്യന്‍ ആരോഗ്യ മന്ത്രാലയവും 2007ല്‍ ചൈനീസ് സൊസൈറ്റി ഓഫ് സൈക്യാട്രിയും ഇത്തരം നടപടി സ്വീകരിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കിയ ആദ്യ തെക്കന്‍ ഏഷ്യന്‍ രാജ്യം നേപ്പാളാണ്. 2016ല്‍ 377-ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി. അതിലാണ് ഒന്നര നൂറ്റാണ്ടിനുശേഷമുള്ള ഈ ചരിത്രപരമായ തിരുത്തല്‍ വന്നിരിക്കുന്നത്. സ്വന്തം താല്‍പ്പര്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഇതുവഴി കോടതി ഉയര്‍ത്തിപിടിച്ചിരിക്കുന്നത്.
2011ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എല്‍ജിബിറ്റി സമൂഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിന്നു. ഇപ്പോള്‍ 23 രാജ്യങ്ങളിലാണ് സ്വവര്‍ഗ്ഗ രതി നിയമവിധേയമായിട്ടുള്ളത്. അവ മിക്കവാറും വികസിത വികസ്വര രാജ്യങ്ങളാണ്. 72 രാജ്യങ്ങളില്‍ കുറ്റകരമാണ്. കുട്ടികളോടും മൃഗങ്ങളോടുമുള്ള അതിക്രമത്തെ തടയുന്ന വകുപ്പുകള്‍ നിലനിര്‍ത്തി മറ്റുള്ളവയില്‍ കോടതിക്ക് നിലപാടെടുക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ആര്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ പോലും ഈ നിലപാടെടുത്തത് കൗതുകകരമായി. ഈ വിധിയോടെ സ്വവര്‍ഗ്ഗാനുരാഗികളുടെയും ട്രാന്‍സ്ജണ്ടേഴ്സിന്റെയും ബൈസെക്ഷ്വല്‍സിന്റെയും മനുഷ്യാവകാശങ്ങളെ ഐ.പി.സി സെക്ഷന്‍ 377ന്റെ പിന്‍ബലത്താല്‍ പോലീസ് സംവിധാനം കവര്‍ന്നെടുക്കുന്നതിനു അന്ത്യം വരുമെന്നു കരുതാം. ഒപ്പം ഏതു മേഖലയിലാണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും താല്‍പ്പര്യങ്ങളുമനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുള്ള സമരങ്ങള്‍ക്ക് ശക്തിപകരുമെന്നും. അതേസമയം നിയമം കൊണ്ടുമാത്രം ഇവര്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അവസാനമുണ്ടാകില്ല. അതിന് സാമൂഹ്യമനോഭാവം മാറണം. ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നറിയപ്പെടുന്ന വിഭാഗങ്ങളില്‍ ട്രാന്‍സ്‌ജെന്ററുകളുടെ കാര്യത്തില്‍ മാത്രമാണ് ചെറിയതോതിലെങ്കിലും സമൂഹം മാറിയിട്ടുള്ളത്. സ്വവര്‍ഗ്ഗ ലൈംഗികതവിഷയത്തില്‍ സമൂഹത്തിന്റെ മനോഭാവം മാറാന്‍ കാലമെടുക്കുമെന്നതില്‍ സംശയമില്ല. പുരുഷകേന്ദ്രീകൃതമായി നിര്‍മ്മിച്ച സംവിധാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കാത്ത, ഭിന്നവര്‍ഗലൈംഗികതാ കേന്ദ്രീകൃത കുടുംബമാതൃകകളില്‍ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും മാനസികാരോഗ്യാലയങ്ങളിലും തളയ്ക്കാന്‍ ശ്രമിയ്ക്കുന്ന മനോഭാവം മാറുന്നതില്‍ ഒരു പടിമാത്രമാണ് ഈ വിധി. സ്വവര്‍ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും ലൈംഗികന്യൂനപക്ഷങ്ങളില്‍പെട്ടവരോടുള്ള അകാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശനിഷേധം എന്നും ഈ വിധിയോടെയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>