സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Sep 6th, 2018

എംഎല്‍എയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

Share This
Tags

sss

ലൈംഗികാരോപണകേസുകള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളെ രൂക്ഷമായ പ്രതിസന്ധിയിലാക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. ഐസ്‌ക്രീം പെണ്‍വാണിഭകേസില്‍ നിന്നാരംഭിച്ച ഈ പ്രവണത കൂടുതല്‍ ബാധിച്ചത് കോണ്‍ഗ്രസ്സിനേയും സിപിഎമ്മിനേയുമാണ്. സംഭവങ്ങള്‍ നടക്കുന്നതിനേക്കാള്‍ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് വാസ്തവത്തില്‍ ഈ വിഷയത്തെ കൂടുതല്‍ വിവാദമാക്കുന്നത്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിനെ സംബന്ധിച്ച് ആരോപണങ്ങള്‍ ഒതുക്കാനുള്ള പ്രവണത സ്വാഭാവികമായും കൂടുതലാണ്. പി ശശിയേയും ഗോപി കോട്ടമുറിക്കലിനേയും പോലുള്ള ഉന്നതരുടെ കാര്യത്തിലെല്ലാം കേരളം അ് കണ്ടതാണ്. ഇപ്പോഴിതാ സിപിഎം ഷൊര്‍ണൂര്‍ എം എല്‍ എ യായ പി കെ ശശിയാണ് ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്. ആരോപണമുന്നയിക്കുന്നതാകട്ടെ ഡി വൈ എഫ് ഐയുടെ വനിതാനേതാവും. ഇത്തരം സംഭവങ്ങള്‍ പല കോണുകളില്‍ നിന്നുമുയരുമ്പോള്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുതന്നെ ഇവിടേയും സ്വീകരിക്കുന്നതിനു പകരം ആരോപണവിധേയനെ സംരക്ഷിക്കാനുള്ള നീക്കമാണ് വിഷയം തെരുവിലെത്താന്‍ കാരണണായിരിക്കുന്നത്.
ശശിക്കെതിരെ പരാതികിട്ടിയിട്ടും പാര്‍ട്ടി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ ഒതുക്കാന്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുവതി പരാതി നല്‍കിയതായി സ്ഥിരീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിതല അന്വേഷണം നടക്കുകയാണെന്നറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ആദ്യം ശക്തമായി പ്രതികരിച്ച അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പിന്നീട്് സ്വരം മയപ്പെടുത്തേണ്ടിവന്നു. ദിവസങ്ങള്‍ക്കു മുമ്പ് പരാതി ലഭിച്ച പി ബി അംഗം വൃന്ദാ കാരാട്ടു മുതല്‍ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ ജോസഫൈന്‍ വരെയുള്ളവര്‍ ഉരുണ്ടുകളിക്കുന്ന കാഴ്ചയാണ് കാണുന്നത്. മനുഷ്യരല്ലേ, തെറ്റുകള്‍ പറ്റില്ലേ എന്നുപോലും ജോസഫൈന്‍ ചോദിച്ചിരിക്കുന്നു. ഇവര്‍ക്കെങ്ങിനെയാണ് വനിതാകമ്മീഷന്‍ അധ്യക്ഷയായിരിക്കാന്‍ കഴിയുക?
ബിഷപ്പ് ഫ്രാങ്കോ നടത്തിയ ലൈംഗികപീഡനം സഭ അന്വേഷിക്കുമെന്ന വിഷയവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച നടന്നല്ലോ. അവിടെയെല്ലാം ഉയര്‍ന്ന വിഷയം സ്ത്രീപീഡനങ്ങളും മറ്റു ക്രിമിനല്‍ കുറ്റങ്ങളും സഭയോ മറ്റു സംവിധാനങ്ങളോ അല്ല അന്വേഷിക്കേണ്ടതെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നുമായിരുന്നു. എന്നാലാകാര്യത്തില്‍ സര്‍ക്കാരിപ്പോഴും ഇഴയുകയാണ്. സമാനമായ വിഷയമാണിതും. അടുത്തയിടെ മലപ്പുറത്തു നടന്ന തിയറ്റര്‍ പീഡനസംഭവം പോലീസില്‍ സമയത്തറിയിക്കാത്തതിനാല്‍ തിയറ്ററുടമയെ അറസ്റ്റ് ചെയ്തിരുന്നല്ലോ. അങ്ങനെയെങ്കില്‍ വൃന്ദയും കാരാട്ടുമടക്കമുള്ളവര്‍ പ്രതികൂട്ടിലാണ് എന്നു പറയേണ്ടിവരും. എന്നാല്‍ ഇവിടെ പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഇരയെന്നതിനാല്‍, അവര്‍ തന്നെ പരാതി കൊടുക്കണം എന്ന സാങ്കേതികവാദത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും വനിതാകമ്മീഷനും മറ്റും കടിച്ചുതൂങ്ങുന്നത്. എന്നാലെത്രയോ സംഭവങ്ങളില്‍ സ്വമേധയാ കേസുകള്‍ എടുത്തിട്ടുണ്ട് എന്ന വിഷയമാണ് മറച്ചുവെക്കുന്നത്. ഐസ്‌ക്രീം പീഡനകേസില്‍ പോലും മറ്റുള്ളവരുടെ പരാതിയിലായിരുന്നു കേസെടുത്തത്.
നമ്മുടേത് ആധുനിക ജനാധിപത്യ സംവിധാനമാണ്. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഇവിടെയാരു നീതിന്യായ സംവിധാനമുണ്ട്. അതു മറികടന്ന് പാര്‍ട്ടി അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടാല്‍ നടപടി എടുക്കുമെന്നു പറയുന്നതുതന്നെ ഖാപ്പാ പഞ്ചായത്തുകളെ ന്യായീകരിക്കുന്നതിനു തുല്യമാണ്. നടപടി എന്നു പറയുന്നത് കുറച്ചു കാലം പാര്‍ട്ടിയില്‍ നിന്ന് പുറത്തുനിര്‍ത്തലാണല്ലോ. അതാണോ സ്ത്രീപീഡന കുറ്റവാളിക്കുള്ള ശിക്ഷ? സി പി എമ്മിന്റെ ആഭ്യന്തര പ്രശനമല്ല ഇത്. മറിച്ച് ഒരു ജനപ്രതിനിധിക്കെതിരായ ആരോപണമാണ്. അത് ഒതുക്കാന്‍ പാര്‍ട്ടിക്ക് എന്താണ് അധികാരം? ഒരു ജലദോഷം വന്നാല്‍പോലും ജനപ്രതിധികളുടെ ചികിത്സ സര്‍ക്കാര്‍ ചിലവിലാണ്. പാര്‍ട്ടീ പരിഹരിക്കേണ്ട പ്രശ്‌നമായതിനാലാണ് ആ സ്ത്രീ പാര്‍ട്ടിക്ക് പരാതി നല്‍കിയത് എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ യുക്തി. ഇന്ത്യന്‍ സാഹചര്യത്തില്‍ തങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കുകയും നിയമവാഴ്ച്ചയെ ബഹുമാനിക്കുകയും ചെയ്യുന്നതായാണ് സിപിഎം പറയാറുള്ളത്. എങ്കിലതിനു വിരുദ്ധമാണ് ഈ നടപടി. എത്രയോ പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുള്ള പാര്‍ട്ടിയായതിനാല്‍ അതില്‍ അത്ഭുതപ്പെടാനുമില്ല.
മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍വച്ച് എം.എല്‍.എ. ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഫോണില്‍ വിളിച്ച് അശ്ലീലം പറയാറുണ്ടെന്നുമാണു യുവതിയുടെ പരാതി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും യുവതി കൈമാറിയിട്ടുണ്ടെന്നാണു സൂചന. ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ എം.എല്‍.എയില്‍ നിന്ന് മാറിനടക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉള്‍പ്പടെ സംസ്ഥാനത്ത് നേതാക്കള്‍ക്ക് പരാതി അയച്ചു. പിബിയില്‍ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. യെച്ചൂരി ഇക്കാര്യം വെളിപ്പെടുത്തിയ പിന്നാലെയാണ് പരാതി കിട്ടിയതായി കോടിയേരി സമ്മതിച്ചത്. വിഷയമൊതുക്കി തീര്‍ക്കാന്‍ പരാതിക്കാരിക്ക് സംഘടനയില്‍ ഉയര്‍ന്ന ഭാരവാഹിത്വവും വന്‍തുകയും വാഗ്ദാനവും നല്‍കി പിന്മാറ്റാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും ഡിവൈഎഫ്‌ഐ പോലുള്ള സംഘടനയുടെ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ഈ സംഭവം പോലീസില്‍ അറിയിക്കണമായിരുന്നു. ബിഷപ്പിനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ കന്യാസ്ത്രീ പോലും തയ്യാറായി എന്നു മറകക്കരുത്. ഇപ്പോള്‍തന്നെ ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ സമാനമായ പരാതി ഒരു പ്രവര്‍ത്തക പോലീസില്‍ നല്‍കിയിട്ടുണ്ട്. ലൈംഗികാതിക്രമം നേരിട്ടവര്‍ക്ക് അത് പൊലീസില്‍ പരാതിപ്പെടാനുള്ള ആത്മവിശ്വാസം നല്‍കുന്ന ഒരു അന്വേഷണം സംവിധാനം ഇന്നാട്ടിലില്ല എന്നത് സത്യമാണ്. ഇരകളായ സ്ത്രീകള്‍ അന്വേഷണ,വിചാരണ പ്രക്രിയയില്‍ ഉടനീളം അധിക്ഷേപിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഈ ഭീതിയിലാണ് ലൈംഗികാതിക്രമങ്ങളിലെ ഇരകള്‍ നിശ്ശബ്ദരാകുന്നത്. എന്നാല്‍ ഈ സ്ത്രീ ഒരു സാധാരണക്കാരിയേക്കാള്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നവരാണല്ലോ. അവര്‍ പോലും ഇത്തരത്തില്‍ ചിന്തിക്കുന്നു എന്നത് വിരല്‍ ചൂണ്ടുന്നത് നമ്മുടെ രാഷ്ട്രീയപ്രബുദ്ധതയൊക്കെ എത്ര കപടമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. വിപ്ലവയുവജന സംഘടനയെന്നവകാശപ്പെടുന്ന ഡിവൈഎഫ്‌ഐയാകട്ടെ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുതന്നെയാണ് സ്വീകരിക്കുന്നതെന്നും പറയാതെവയ്യ. കോണ്‍ഗ്രസ്സിലോ ബിജെപിയിലോ സമാനസംഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതൊന്നും ഇതിനു ന്യായീകരണമല്ല, ഇതുപോലെതന്നെ കുറ്റകരമാണെന്നാണ് ഈ സംഭവത്തെപോലും ന്യായീകരിക്കുന്ന സഖാക്കള്‍ തിരിച്ചറിയേണ്ടത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>