സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Sep 1st, 2018

പ്രളയാനന്തരം കടന്നു വരുന്നത് ഭീതിജനകമായ അധിനിവേശ ദുരന്തം ?

Share This
Tags

wwwപി ജെ ജെയിംസ്

പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ അമേരിക്കക്കു വീറ്റോ അധികാരമുള്ള ലോകബാങ്ക് – എഡിബി സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുകയാണല്ലോ? ഈ സന്ദര്‍ഭത്തില്‍, പ്രസക്തമായ ചില കാര്യങ്ങള്‍:
1. ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കെ, ദുരന്തനിവാരണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി ഒരു പ്രത്യേക ഫണ്ടിങ് വിഭാഗം ലോകബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ടു്. വായ്പയും ‘സഹായ ‘ വും ലഭിക്കുന്ന രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും തനതതു സവിശേഷതകളും ജനകീയാവശ്യങ്ങളും പരിഗണനയിലെടുക്കാതെ ലോകബാങ്ക് മുകളില്‍ നിന്നു കെട്ടിയിറക്കുന്ന നയങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കാന്‍ പ്രസ്തുത രാജ്യങ്ങള്‍ വിധേയമാകുന്ന സ്ഥിതിയാണ ഇതുണ്ടാക്കിയിട്ടുള്ളത്. അടുത്ത കാലത്ത് ഹെയ്തിയില്‍ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട ലോകബാങ്ക് ഇടപെടല്‍ അമേരിക്കയുടെ പുത്തന്‍ അധിനിവേശ താല്പര്യങ്ങള്‍ക്കനുസൃതമായിട്ടായിരുന്നു എന്ന വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. രാഷ്ട്രീയ സാമ്പത്തിക ദുരന്തത്തിന് ഇതു വേഗത കൂട്ടി.

2. ലോകബാങ്കും മറ്റും ഒരു കാലത്ത് ഉദാത്തീകരിച്ചതും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ പുറമ്പോക്കുകകളിലേക്കു തള്ളിയതുമായ ‘കേരള മോഡല്‍’ മുതലാളിത്ത വികസനത്തിന്റെ തന്നെ സ്ഥായിയല്ലാത്ത ഒരു വഷളന്‍ ആവിഷകാരമായിരുന്നുവെന്ന് തുറന്നു കാട്ടപ്പെട്ടു കഴിഞ്ഞു. പ്രകൃതിക്കൊള്ളയിലും റിയല്‍ എസ്റ്റേറ്റിലും നിര്‍മ്മാണ, കച്ചവട ഊഹ ഉപഭോഗ വിപണികളിലും കേന്ദ്രീകരിച്ച വന്‍കിട – കോര്‍പ്പറേറ്റുകളായ ഒരു ചെറു ന്യൂനപക്ഷത്തിന് വന്‍ നേട്ടമുണ്ടാക്കിയ കേരള മോഡലിന്റെ തനിനിറം കൂടിയാണ് പ്രളയം വെളിപ്പെടുത്തിയത്. വീണ്ടും ലോക ബാങ്കിനെയും എഡിബിയെയും കടത്തിക്കൊണ്ടുവരിക വഴി കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ഈ സ്ഥാപനങ്ങളുടെ അജണ്ടയാണ് നടപ്പാകുക.

3. ഹാര്‍വാഡില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധ ഫ്രീയായി ഉപദേശം നല്‍കുന്നതു പോലെയാവില്ല ലോക ബാങ്കും അമേരിക്കയുടെ ഏഷ്യന്‍ കരമെന്നു വിശേഷിപ്പിക്കുന്ന എഡിബിയും നയരൂപീകരണത്തിലേക്കു കടക്കുമ്പോള്‍ . ‘സഹായ ‘ മായി കിട്ടുന്നതിന്റെ നല്ലൊരു ഭാഗം ഇവയിലെ ഉദ്യോഗസ്ഥന്മാര്‍ക്കും മറ്റും വേണ്ടി വരുന്ന ചെലവായി അവര്‍ തന്നെ കവര്‍ന്നെടുക്കും. അതേക്കാളുപരി സംസ്ഥാന നയരൂപീകരണവും നടത്തിപ്പുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മുകളിലായിരിക്കും ഇവരുടെ സ്ഥാനം.

4. പലരും ഇതോടകം ചൂണ്ടിക്കാട്ടിയതുപോലെ, കെപിഎംജി പോലുള്ള അന്താരാഷ്ട്ര കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികളും കേരളത്തിലേക്കു കടന്നു വരുന്നു. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട വിഭവ സമാഹരണം നടത്താനാവാത്ത വിധം സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശം എടുത്തു കളയുന്ന തരത്തില്‍ മോദി സര്‍ക്കാരിന് ജിഎസ്ടി നടത്തിപ്പില്‍ ഉപദേശം നല്‍കിയ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയാണ് കെപിഎം ജി. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ശരാശരി ശമ്പളം മൂന്നര ലക്ഷം രൂപയാണെന്ന് ഈയിടെ കെപിഎംജി വീമ്പിളക്കുകയുണ്ടായി. ഇവരെയെല്ലാം പ്രളയ ദുരന്തമനുഭവിക്കുന്ന ജനങ്ങള്‍ തന്നെ ചുമക്കേണ്ടി വരും.

5. പ്രളയാനന്തരം ഭീതിജനകമായ ഒരു രാഷ്ടീയ സാമ്പത്തിക ദുരന്തത്തിലേക്ക് കേരളം കടക്കുന്നതിനാണ് ആഗോള സാമ്പത്തിക ശക്തികളുടെ ഈ അധിനിവേശം വഴിവെക്കുക.

അതേ സമയം ഈ മഹാദുരന്തത്തിനു കാരണക്കാരായ സാമ്പത്തിക ശക്തികളില്‍ നിന്നു ആഭ്യന്തരമായി വിഭവ സമാഹരണം കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തില്‍ ഒരു പരിസ്ഥിതി സൗഹൃദ, ജനപക്ഷ ‘വികസന’ പരിപ്രേക്ഷ്യത്തിനു ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് തുടക്കമിടുകയുമല്ലാതെ, ഈ ദൂഷിത വലയത്തില്‍ നിന്നു പുറത്തു കടക്കാനുള്ള കുറുക്കുവഴികളൊന്നുമില്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>