സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Aug 29th, 2018

യൂനിറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ സ്റ്റേറ്റ്‌സ്…

Share This
Tags

kk

കമലഹാസന്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിള്‍നാട്, കേരള ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫെഡറല്‍ സംവിധാനം വിഭാവന ചെയ്യുന്ന അര്‍ഹമായ അവകാശങ്ങള്‍ പോലും, ദുരിതാശ്വാസം പോലെ തന്നെ നമുക്ക് ലഭിക്കില്ല. നികുതിയായി കൊടുക്കുന്ന 100 രൂപയില്‍ 58 രൂപ കേന്ദ്രം എടുക്കും, അത് കേന്ദ്ര വിഹിതമാണ്. ബാക്കി 42 രൂപ കേരളത്തിനെടുക്കാം. ഇതാണ് ധനകാര്യ കമ്മീഷന്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അനുപാതം. കൊണ്ടു പോകുന്ന 58 രൂപയുടെ 25%, അതായത് 14.5 രൂപ കേന്ദ്രം കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ തരും. എന്നു വെച്ചാല്‍ 58ല്‍ 14.5 കഴിഞ്ഞ് ബാക്കി 43.5 രൂപ മറ്റു സംസ്ഥാനങ്ങളിലെ വികസനത്തിനായി ഉപയോഗിക്കും എന്നര്‍ത്ഥം. മലയാളിയില്‍ നിന്നും പിരിക്കുന്ന നികുതിയുടെ പകുതിയോളം കേരളത്തിന് പ്രയോജനപ്പെടുന്നില്ല എന്ന് ചുരുക്കം.
കേരളത്തില്‍ നിന്ന് നികുതിയായി കേന്ദ്രം കൊണ്ടു പോകുന്ന ഒരു രൂപയില്‍ തിരികെ തരുന്നത് 25 പൈസയാണെങ്കില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പിരിച്ചെടുക്കുന്ന ഒരു രൂപക്ക് പകരമായി കേന്ദ്രം കൊടുക്കുന്നത് 1.79 രൂപയാണ്. ബിഹാറില്‍ ഒരു രൂപക്ക് അത് 96 പൈസയും, തമിഴ്‌നാട്ടില്‍ 40 പൈസയും, കര്‍ണാടകത്തില്‍ 47 പൈസയുമാണ്. (Business Standard ല്‍ വന്ന കണക്കുകള്‍ കമന്റില്‍ ചേര്‍ക്കുന്നു). ധനകാര്യ കമ്മിഷന്‍ കേന്ദ്ര സംസ്ഥാന നികുതി വിഹിതം നിശ്ചയിക്കുന്നത് രാജ്യത്തെ ആകെ നികുതി വരുമാനവും ജനസംഖ്യയും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ്. 1971ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് നികുതി പങ്കു വെക്കല്‍ ഇതു വരെ നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ചുമതലയേറ്റിട്ടുള്ള 15ആം ധനകാര്യ കമ്മീഷന്‍ അത് 2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആക്കിയിട്ടുണ്ട്. കൂടുതല്‍ നികുതി വരുമാനം സംഭാവന ചെയ്യുകയും എന്നാല്‍ ജനന നിയന്ത്രണം കൃത്യമായി നടത്തിയതിനാല്‍ ജനസംഖ്യ കുറയുകയും ചെയ്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം കുറയും എന്ന് വ്യക്തം. മെച്ചപ്പെട്ട ജീവിത നിലവാര സൂചികകള്‍ ഉളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍ നഷ്ടമാകും ഇതു മൂലം ഉണ്ടാകുക.
ചന്ദ്ര ബാബു നായിഡുവും സ്റ്റാലിനും മുമ്പ് യെദിയൂരപ്പയും ഇതിനെതിരെ രംഗത്തു വന്നിരുന്നു. തെക്കേ ഇന്ത്യയില്‍ നിന്ന് പിരിക്കുന്ന പണം വടക്കേ ഇന്ത്യയിലേക്ക് വക മാറ്റി ഒഴുക്കുകയാണ് കേന്ദ്ര ഗവണ്മെന്റ് എന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. കാലാകാലങ്ങളായി കേരളത്തില്‍ നിന്ന് കേന്ദ്രത്തിന് നല്‍കിയിട്ടുള്ള പതിനായിരക്കണക്കിന് കോടി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് വക മാറ്റുമ്പോഴും കേരളം ഫെഡറല്‍ മര്യാദയുടെ പേരില്‍ നിശബ്ദത പാലിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന നികുതി വിഹിതം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കണമെന്ന് കേരള മന്ത്രിസഭ അഭിപ്രായപ്പെട്ടെങ്കിലും കേന്ദ്രം കൊണ്ടുപോകുന്ന 58 ശതമാനത്തില്‍ നടക്കുന്ന അനീതിയെക്കുറിച്ച് മിണ്ടിയിട്ടില്ല. അതാണ് കേരളത്തിന്റെ ഈ വിഷയത്തിലെ മിതത്വം.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതത്തില്‍ നിന്ന് ഒരു ജനതയൊട്ടാകെ ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോള്‍ അതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും, ചുരുങ്ങിയത് 1000 കോടി രൂപ ഇവിടേക്ക് അനുവദിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. മലയാളി അങ്ങോട്ട് വെറുതെ കൊടുത്തിട്ടുള്ളതിന്റെ ഒരു ചെറിയ ശതമാനമേ ആകൂ അത്. അത് കേട്ടില്ലെന്ന് നടിക്കുന്ന അധികാരികളെ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ തിരിച്ചും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. സമാന സ്ഥിതിയിലുള്ള മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേന്ദ്രത്തിനെതിരെ സമരം ഉണ്ടാകണം. അതല്ലാതെ വേറെ മാര്‍ഗം ഇല്ല.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>