സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Aug 27th, 2018

നവകേരളത്തിലെ പുതുനിര്‍മ്മിതികള്‍, പാര്‍പ്പിടങ്ങള്‍ !

Share This
Tags

vvvരൂപേഷ് .ആര്‍ .മുചുകുന്ന്

ഒരു മഹാ ദുരന്തത്തില്‍ നിന്ന് നാം ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളിലാണ് .. ഇവിടെയാണ് നവകേരളം എന്ന ആശയം നാം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് ! അത് കേവലം ആശയതലത്തില്‍ ചര്‍ച്ചയും സംവാദങ്ങളുമായി ഒതുങ്ങേണ്ട ഒന്നല്ല മറിച്ച് സമയബന്ധിതമായി പ്രായോഗിക പരിപാടികളിലൂടെ മുന്നോട്ടു കൊണ്ടു പോവേണ്ട ഒന്നാണ് !
നമുക്ക് അത് സാധിക്കും ;കാരണം നാം ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യ സമൂഹങ്ങളില്‍ ഒന്നാണ് അഥവാ ലോകത്തിലെ ഏറ്റവും മികച്ച മാനവിക വിഭവശേഷികളില്‍ ഒന്നാണ്.
ഏതു പുതുമയേയും സാംശീകരിക്കാനുള്ള മലയാളി മനസ്സിന്റെ കൗതുകങ്ങളുടെയും നമ്മുടെ സാമൂഹ്യ ശരീരത്തില്‍ നിലനില്‍ക്കുന്ന ദോഷമായ കാര്യങ്ങളെ നിരസിക്കാനും തിരസ്‌കരിക്കുവാനുള്ള നമ്മുടെ സ്വതസിദ്ധമായ സ്വഭാവഗതിയുടേയും പിന്‍ബലത്തില്‍ ഉയിര്‍ കൊള്ളേണ്ടതാണ് നവകേരള നിര്‍മ്മിതിയുടെ ബാലപാഠങ്ങള്‍ !
ഇവിടെ പുതിയ കേരള നിര്‍മ്മിതിയില്‍ അവലംബിക്കേണ്ട നിര്‍മ്മാണ പരമായ കാര്യങ്ങള്‍ പ്രത്യേകിച്ച് പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് വരുത്തേണ്ട വിപ്ലവകരവും പ്രകൃതി സൗഹൃദമായ മാറ്റങ്ങളെ കുറിച്ച് അതിന്റെ അടിസ്ഥാന ഭൗമ ശാസ്ത്ര പരമായ ധാരണകളെ കുറിച്ച് മാത്രമാണ് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് .
ഏതൊരു സമൂഹവും തങ്ങളുടെ പാര്‍പ്പിട വ്യവസ്ഥയെ രൂപപ്പെടുത്തുന്നത് ഭൗമ ശാസ്ത്ര സവിശേഷതകള്‍ പരിഗണിച്ചാണ് .പ്രദേശികമായി ലഭ്യമാകുന്നവസ്തുക്കളാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് .പ്രദേശിക കാലാവസ്ഥയുടെ അനുകൂലനങ്ങളെ ഉപയോഗപ്പെടുത്തുന്നതും പ്രതികൂലനങ്ങളെ അതിജീവിക്കുന്നതുമായ ഗാര്‍ഹിക രൂപ കല്പനായാണ് സാധാരണ നടത്താറുള്ളത് .എന്നാല്‍ സാമൂഹിക പുരോഗതിയുടെ ഒരു ഘട്ടത്തില്‍ നമ്മുടെ ചുറ്റുപ്പാടുകളെ ഏകതാനമായ നിര്‍മ്മിതി മാതൃകകള്‍ കൊണ്ടും സാങ്കേതികതകള്‍കൊണ്ടും അതിജീവിക്കാന്‍ നിരന്തരം പരിശ്രമിക്കുകയുണ്ടായി .അതിവൃഷ്ടിയുള്ള മേഖലകളില്‍ പോലും പരന്ന മേല്‍ക്കൂരകളുള്ള കെട്ടിടങ്ങള്‍ വന്നു .ഉഷ്ണമേഖലയില്‍ പോലും കണ്ണാടി ഭവനങ്ങള്‍ പണിതു എയര്‍ക്കണ്ടീഷനിംങ് സംവിധാനം കൊണ്ട് കൃത്രിമ ശീതളിമ സൃഷ്ടിച്ചു .പക്ഷെ ഇതെല്ലാം ശാശ്വതമായ സുസ്ഥിരമായ മാതൃകയായിരുന്നില്ല ! മനുഷ്യപ്രവര്‍ത്തനങ്ങള്‍ അമിത പ്രകൃതി ചൂഷണത്തിനും ആഗോള കാലാവസ്ഥാമാറ്റത്തിനും കാരണമായി മാറി !
നാം അത്തരത്തില്‍ മാറിയ കാലാവസ്ഥാ ഭൂമികയിലാണ് അതിജീവിക്കുന്നത് എന്ന കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാപ്രളയം ! അത് നമ്മേ നമ്മുടെ രീതികളെ ജീവിതത്തെ പുന:ക്രമീകരിക്കാന്‍ ആവശ്യപ്പെടുന്നു . ചില ഭൗമ ശാസ്ത്ര സമസ്യകളും സങ്കീര്‍ണ്ണതകളും നാം ഗൗരവ്വമായി അഭിസംബോധന ചെയ്യേണ്ടതുണ്ട് .

1 .സമുദ്രനിരപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ച്ചയാണ്
2 .അതിവൃഷ്ടി
3 .വര്‍ദ്ധിച്ചു വരുന്ന ഉഷ്ണമേഖലാ ചക്രവാതങ്ങള്‍

സമുദ്രനിരപ്പില്‍ സംഭവിക്കുന്ന ഉയര്‍ച്ച പ്രകൃതിദത്ത തീരങ്ങളേയും ബീച്ചുകളേയും കവര്‍ന്നുകൊണ്ടിരിക്കുകയാണ് .വലിയ തീരദേശ സമതലമുള്ള നാം, തീരദേശ ജനസാന്ദ്രതയുള്ള നാം ഈ പ്രതിസന്ധിയെ എങ്ങിനെ അതിജീവിക്കും ? രണ്ടു തരം വികസനതന്ത്രങ്ങളാണ് പ്രസ്തുത സാഹചര്യം അഭിമുഖീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നത് .
ഒന്ന് ,നാം പൂര്‍ണ്ണമായും തീരദേശ ജനസംഖ്യയെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിക്കുക രണ്ട്, പുതിയ സാഹചര്യങ്ങള്‍ക്ക് അനുഗുണമായ ജീവിത രീതി കെട്ടിപ്പടുക്കാന്‍ അവരെ പ്രാപ്തരാക്കുക !
ഇതില്‍ ആദ്യം പറഞ്ഞത് കേരളീയ സാഹചര്യത്തില്‍ അപ്രായോഗികവും അസാദ്ധ്യവുമാണ് .ചെയ്യാന്‍ കഴിയുന്നത് പുതിയ സാഹചര്യങ്ങളെ സാംശീകരിക്കാന്‍ പാകത്തില്‍ അവരെ ശാക്തീകരിക്കുക എന്നതാണ് .ജലസമൃദ്ധമായ തീരപ്രദേശത്തിന് അനുയോജ്യമായ ,സമുദ്രജലനിരപ്പിനെ അതിജീവിക്കാന്‍ കഴിയുന്ന ,ചുഴലിക്കാറ്റുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന പാര്‍പ്പിട ശൃംഖല നിര്‍മ്മിച്ചെടുക്കുക എന്നതാണ് .അത് അവരുടെ ഉപജീവനത്തിനും അതിജീവനത്തിനും ഒരേ സമയത്ത് കരുത്തു പകരുന്നു .
സമാനമായ മാതൃകയില്‍ പ്രളയങ്ങളെ അതിജീവിക്കുന്ന തരത്തില്‍ പാര്‍പ്പിടങ്ങള്‍ രൂപപ്പെടുത്തേണ്ട സവിശേഷ ഭൂതലമാണ് നദീതടങ്ങള്‍ അതിന്റെ സമീപ പ്രദേശങ്ങള്‍ .ഇവിടെ സ്ഥലങ്ങളെ പ്രളയ സാധ്യതകളെ അധികരിച്ച് സ്ഥലങ്ങളെ അതീവ ഗുരുതരമെന്നും ,ഗുരുതരമെന്നും ,മിതമായ തെന്നും ,സാധ്യത കുറഞ്ഞതെന്നും വേര്‍തിരിച്ച് മാപ്പ് നിര്‍മ്മിച്ചു വേണം പ്രസ്തുത മേഖലയില്‍ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രളയ സാധ്യതമേഖലയില്‍ അതിന്റെ തീവ്രതാ വ്യതിയാനങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍ക്ക് രൂപ കല്പനകള്‍ക്ക് മാത്രമേ അനുമതി കൊടുക്കാവൂ .കുട്ടനാടു പോലുള്ള സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങളില്‍ നിര്‍ബന്ധമായും പ്രളയ അതിജീവന മാതൃക കള്‍ക്ക് അനുസരിച്ചുള്ള കെട്ടിടങ്ങള്‍ മാത്രമേ നിര്‍മ്മിക്കാവൂ . ഇങ്ങനെ പുതിയ അവബോധത്തോടെ നാം ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മിതികളുടെ മൂല്യം വിനോദസഞ്ചാരത്തിന്റെ കണ്ണില്‍ കൂടുകയാണ് ചെയ്യുക .പ്രകൃതിക്ക് അനുയോജ്യമായത് വരുമാനവര്‍ദ്ധനവ് ഉറപ്പ് വരുത്തുന്നത് നാശനഷ്ട നിരക്ക് കുറയ്ക്കുന്നത് !
എന്നാല്‍ ഈ പ്രളയം നമ്മോട് പറയുന്നത് നമ്മുടെ അടിയന്തിര ശ്രദ്ധ തീവ്രമായി പതിയേണ്ട മറ്റൊരു മേഖലയുണ്ടെന്നാണ് അത് കുന്നിന്‍ പ്രദേശങ്ങളും മലനാടുമാണ് ! നമുക്ക് എത്ര ജീവനഷ്ടവും വസ്തുനാശവുമാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത് ! ഇവിടെ നാം പാര്‍പ്പിടങ്ങളെ മറ്റ് നിര്‍മ്മിതികളെ രൂപപ്പെടുത്തുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട് .കൃത്യമായ ശാസ്ത്രീ പരിശോധനയിലൂടെയും പoന പിന്‍ബലത്തിലൂടെ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ. നം ഏതു വിധമാണ് ഉരുള്‍പ്പൊട്ടല്‍ ,മണ്ണിടിച്ചില്‍ മേഖലയില്‍ ഇടപെടേണ്ടത് ? വളരെ പ്രധാനമാണത് ! നിര്‍ബന്ധമായും ഇത്തരം പ്രദേശങ്ങളില്‍ ഭൂതല സര്‍വ്വേനsത്തുക, ദുരന്ത സാധ്യതാ മേഖലകളെ ചരിത്ര പരമായ ഉള്‍ക്കാഴ്ചയിലൂടെ തന്നെ മാപ്പ് ചെയ്യുക ! മണ്ണിന്റെ ഘടനാ പരമായ സവിശേഷതകള്‍ ,പാളികള്‍ ,കനം എന്നിവ പo ന വിഷയമാക്കുക ,സ്ഥലങ്ങളുടെ ചരിവ് സംബന്ധിയായ ഭൂതല- കോണ്ടൂര്‍ ഭൂപടങ്ങള്‍ നിര്‍മ്മിക്കുക ,ഭൂഗര്‍ഭ ജലവിധാനത്തെ ശാസ്ത്രീയമായ നിര്‍ണ്ണയിക്കുക .ഇതിനെയെല്ലാം അധികരിച്ച് ആവാസ സാധ്യമായ മേഖലകളെ അപകട സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുക .അപകട സാധ്യതകളുടെ ഏറ്റകുറച്ചിലിനനുസരിച്ചുള്ള ഗൃഹനിര്‍മ്മാണമാതൃകള്‍ക്ക് മാത്രം നിര്‍മ്മാണ അനുമതി നല്‍കുക ! അങ്ങിനെ നവകേരളം എന്നു പറയുമ്പോള്‍ പരിസ്ഥിതി സൗഹൃദമായ നവരുപകല്പനയില്‍ പുലരുന്ന ഒന്നായി മാറട്ടെ .., നമുക്ക് അതിജീവിക്കാം കരുതലോടെ ശാസ്ത്രീയ ഉള്ളടക്കത്തോടെ ;

( ലേഖകന്‍ ഭൗമ ശാസ്ത്ര അധ്യപകനും ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദധാരിയുമാണ്)

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>