സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Aug 8th, 2018

പാസാക്കണം അന്ധവിശ്വാസ – അനാചാര നിരോധന നിയമം

Share This
Tags

andha

മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്തു നടണ കൂട്ടക്കൊലയെ തുടര്‍ന്ന് അന്ധവിശ്വാസ – അനാചാര നിരോധന നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് മന്ത്രവാദത്തെ തുടര്‍ന്ന് 2 മരണം നടന്നപ്പോഴായിരുന്നു ഈ വിഷയം സജീവചര്‍ച്ചയായത്. എന്നാല്‍ പതിവുപോലെ കുറെ കഴിഞ്ഞപ്പോള്‍ എല്ലാവരുമതുമറന്നു. ഇപ്പോഴിതാ കേരളത്തെ ഞെട്ടിച്ച കൃഷ്ണന്റേയും കുടുംബത്തിന്റേയും കൂട്ടക്കൊലയെ തുടര്‍ന്ന് വീണ്ടുമീ വിഷയം സജീവചര്‍ച്ചയായിരിക്കുകയാണ്.
വര്‍ഷങ്ങളോളം കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ് സ്വന്തമായി മന്ത്രവാദം തുടങ്ങിയെങ്കിലും ഫലം കാണാത്തതിനാലാണത്രെ ഈ ക്രൂരകൃത്യത്തിനു തയ്യാറായത്. കൃഷ്ണന്‍ തന്റെ മന്ത്രസിദ്ധി അപഹരിച്ചതാണു കാരണമെന്നു കരുതി അതു തിരിച്ചുപിടിക്കാനായാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൃഷ്ണനു 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നും കൊലപ്പെടുത്തിയാല്‍ ആ ശക്തി തനിക്കു കിട്ടുമെന്നും അനീഷ് വിശ്വസിച്ചു. കൃഷ്ണന്റെ പക്കലുണ്ടെന്നു കരുതുന്ന മന്ത്രവാദ താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനും പദ്ധതിയിട്ടു. കൃഷ്ണന്റെ വീട്ടില്‍ വന്‍ തുകയും ഒട്ടേറെ സ്വര്‍ണാഭരണങ്ങളുമുണ്ടെന്നും കൊലപ്പെടുത്തിയാല്‍ അതു പങ്കിടാമെന്നും പ്രലോഭിപ്പിച്ച് തൊടുപുഴയില്‍ വര്‍ക്ഷോപ്പ് നടത്തുന്ന ലിബീഷിനെ ഒപ്പംകൂട്ടുകയായിരുന്നു. കൂട്ടക്കൊലക്കുശേഷം പിടിക്കപ്പെടാതിരിക്കാനായി ഇവര്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മ്മങ്ങളും നടത്തി.
ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്, കേരളം നമ്പര്‍ വണ്‍ ആണ് എന്ന അവകാശവാദങ്ങള്‍ നിരന്തരം കേള്‍ക്കുമ്പോവാണ് അതിനെയെല്ലാം അപഹസിക്കുന്ന സംഭവങ്ങള്‍ കേരളത്തിലെങ്ങും അരങ്ങേറുന്നത്. അതാകട്ടെ ഇന്ന് വര്‍ഗ്ഗീയ കൊലകളിലും ആള്‍ക്കൂട്ടകൊലകളിലും ദുരഭിമാനകൊലകൡും വരെ എത്തിയിരിക്കുന്നു. പണമുണ്ടാക്കാനായി ധനാകര്‍ഷണ യന്ത്രങ്ങള്‍ വരെ വിപണിയിലെത്തിയിരിക്കുന്നു. അവയുടെ പരസ്യങ്ങള്‍ ചാനലുകൡ നിറയുന്നു. വെള്ളിമൂങ്ങയും ഇരുതല മൂര്‍ക്കനുമൊക്കെ രംഗത്തു വരുന്നു. കേട്ടുപരിചയം പോലുമില്ലാതിരുന്ന അക്ഷയത്രിതീയ പോലുള്ള വിശ്വാസങ്ങളിലൂടെ ജ്വല്ലറിക്കാര്‍ പണം കൊയ്യുന്നു.
നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ദേശീയപ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്‍രേയും മിഷണറിമാരുടേയും മറ്റും പ്രവര്‍ത്തനഫലമായി കേരളം നേടിയ മഹത്തായ നേട്ടങ്ങളാണ് പടിപടിയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടേക്കാണ് മന്ത്രവാദമടക്കമുള്ള അനാചാരങ്ങളും വര്‍ഗ്ഗീയ മൗലികവാദവുമൊക്കെ തിരിച്ചുവരുന്നത്. കേരളത്തിനു സാമൂഹ്യനേട്ടങ്ങള്‍ സമ്മാനിച്ചവരുടെ പിന്‍ഗാമികള്‍ പോലും ഈ തിരിച്ചുവരവിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയോ അതിനോട് ഐക്യപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തെ നിയമപരമായി മാത്രം നേരിടാനാവില്ല എന്നുറപ്പ്. അപ്പോഴും നിയമപരമായ നടപടികളെടുക്കാന്‍ ജനാധിപത്യ സര്‍ക്കാരിനു ബാധ്യതയുണ്ട്. പ്രതേകിച്ച് ശാസ്ത്രീയചിന്ത വളര്‍ത്താന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയില്‍ എഴുതിവെച്ച സാഹചര്യത്തില്‍. എന്നാല്‍ ആ ദിശയിലുള്ള നീക്കങ്ങളൊന്നും കാണുന്നില്ല.
നമുക്ക് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിച്ചുവരാം. തീര്‍ച്ചയായും എന്താണ് അന്ധവിശ്വാസം, അനാചാരം എന്ന് നിര്‍വ്വചിക്കുക എളുപ്പമല്ല. ഒരാള്‍ക്ക് അന്ധവിശ്വാസം മറ്റൊരാള്‍ക്ക് വിശ്വാസമാകാം. ഒരാള്‍ക്ക് അനാചാരമായി തോന്നുന്നത് മറ്റൊരാള്‍ക്ക് ആചാരമാകാം. ദൈവവിശ്വാസം അന്ധവിശ്വാസമാണെന്നു വിശ്വസിക്കുന്നവരുണ്ട്. ആരാധനാലയങ്ങലില്‍ പോകുന്നത് അനാചാരമാണെന്നു വിശ്വസിക്കുന്നവരുണ്ട.് എന്നാല്‍ ഇവ വിശ്വാസമാണെന്നു കരുതുന്ന പലരും ആള്‍ദൈവങ്ങള്‍ അനാചാരമാണെന്നു പറയുന്നു. പൂജകള്‍ അനാചാരമാണെന്നു കരുതുന്നവരുണ്ട്. മന്തരവാദപൂജകള്‍ മാതരമാണ് അന്ചാരമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ മതവിശ്വാസികളിലും ഇത്തരം തര്‍ക്കങ്ങളുണ്ട്. സ്ത്രീകളുടെ ആരാധനാലയപ്രവേശനം ചിലര്‍ക്ക് ആചാരവും ചിലര്‍ക്ക് അനാചാരവുമാണ്. വാസ്തുശാസ്ത്രവും ജോല്‍സ്യവും തര്‍ക്കവിഷയങ്ങളാണ്. എന്തിനേറെ, ആയുര്‍വേദവും ജൈവകൃഷിയുമടക്കമുള്ളവ അന്ധവിശ്വാസമാണെന്നു വാദിക്കുന്നവരും ഇവിടെ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൃത്യമായ വിവേചന ബുദ്ധി സര്‍ക്കാരിനാവശ്യമാണ്. പണത്തിനുവേണ്ടിമാത്രം നടത്തുന്നതും ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവും അന്ധവുമായ വിശ്വാസങ്ങളേയും ആചാരങ്ങളേയും കണ്ടെത്തി നടപടികളെടുക്കുകയാണ് വേണ്ടത്. ഇന്നത്തെ ആചാരം പലതും നാളെ അനാചാരവുമാകാം. അത്തരത്തില്‍ എത്രയോ കാര്യങ്ങള്‍ ചൂണ്ടികാട്ടാനാകും.
ഇത്തരമൊരു സാഹചര്യത്തില്‍ പലരും ചൂണ്ടികാണിക്കാറുള്ളപോലെ മഹാരാഷ്ട്രയില്‍ നിലവിലുള്ള അന്ധവിശ്വാസ – അനാചാര നിരോധന നിയമത്തിന്റെ മാതൃകയിലൊന്ന് നടപ്പാക്കാനാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.അത്തരത്തില്‍ ആലോചിക്കുമെന്ന മുന്‍ ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം ഇരു മുന്നണി സര്‍ക്കാരുകള്‍ക്കുമുണ്ടായില്ല.
ഇത്തരമൊരു നിയമം മഹാരാഷ്ട്രയില്‍ പാസ്സായതിനു പുറകില്‍ വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. 1995ല്‍തന്നെ ഇത്തരമൊരു ബില്ലിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചിരുന്നു. ബില്ലിനു രൂപം കൊടുത്ത സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ രക്തസാക്ഷിയായതിനുശേഷമാണ് ബില്‍ പാസ്സാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായത്. 2003 ജൂലായിലാണ് ദബോല്‍ക്കര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. അപ്പോള്‍തന്നെ അന്ധവിശ്വാസത്തിന്റേയും മന്ത്രവാദത്തിന്റേയും മറ്റും നിര്‍വ്വചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് യുക്തിവാദിനേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005ല്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി. ആത്മീയതയെ അംഗീകരിക്കാത്ത ബില്‍ വൈദേശിക സ്വാധീനത്തിലാണ് തയ്യാറാക്കിയതെന്നും അത് ആരാധനാസ്വാതന്ത്ര്യത്തെ തടയുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. ഭൗതികവും ആത്മീയവുമായ പീഡനം എന്താണെന്ന് ബില്‍ കൃത്യമായി നിര്‍വ്വചിക്കുന്നില്ല എന്നും ആരോപണമുയര്‍ന്നു. ഏതു ഹിന്ദു ആചാരത്തേയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാന്‍ ബില്‍ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആര്‍്്ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷനും മറ്റും തെരുവിലിറങ്ങി. അതിനിടെ ദബോല്‍ക്കറും കൂട്ടരും ബില്ലിനായി ശക്തമായി രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് 2011 ഏപ്രില്‍ ഏഴിന് മുംബൈയില്‍ ഒരു വന്‍ റാലി നടന്നു. ആയിടക്കുതന്നെ മഹാരാഷ്ട്രയില്‍ സ്വത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ കോലാഹലത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടര്‍ന്ന് ദബോല്‍ക്കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. അതിനിടയിലാണ് 2013 ആഗസ്റ്റ് 21ന് രാവിലെ നടക്കാനിറങ്ങിയ ദബോല്‍ക്കര്‍ വെടിയേറ്റു മരിച്ചത്. തുടര്‍ന്നുണ്ടായ ജനവികാരം തിരിച്ചറിഞ്ഞ് ബില്‍, ഓര്‍ഡിനന്‍സാക്കി പുറത്തിറക്കി. ചിലര്‍ക്ക് ദൈവത്തിനു സമാനമായ ശക്തിയുണ്ടെന്ന് അവകാശപ്പെടുക, അത് പ്രചരിപ്പിക്കുക, ആള്‍ദൈവങ്ങളെന്നവകാശപ്പെട്ട് ചികിത്സയും സാന്ത്വന പ്രവര്‍ത്തനങ്ങളും നടത്തുക, രോഗങ്ങള്‍ക്ക് ഡോക്ടറെ കാണാനനുവദിക്കാതെ മന്ത്രവാദവും മറ്റും നടത്തുക, അതിനായി രോഗികളെ പീഡിപ്പിക്കുക, അവരെ നഗ്‌നരാക്കുകയും ലൈംഗിക പീഡനം നടത്തുകയും ചെയ്യുക, ഭൂത പ്രേത പിശാചുകളുണ്ടെന്ന് അവകാശപ്പെടുക, അവരെ പ്രീതിപ്പെടുത്താന്‍ ദുര്‍മ്മന്ത്രവാദങ്ങള്‍ നടത്തുക, നിധിയുടെ പേരു പറഞ്ഞ് പൂജാദികര്‍മ്മങ്ങള്‍ ചെയ്യുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം നിയമമനുസരിച്ച് കുറ്റകരമാണ്. അതേസമയം സാധാരണ നിലയിലുള്ള ദേവാലയാരാധനയും നോമ്പെടുക്കലും ജോല്‍സ്യവും കൈനോട്ടവുമൊന്നും നിയമം നിരോധിക്കുന്നില്ല. ശ്രദ്ധേയമായ ഒരു കാര്യം ഇതെല്ലാം പ്രചരിപ്പിക്കുന്നതും കുറ്റമാണെന്നതാണ്. ഈ ബില്ലനുസരിച്ച് മഹാരാഷ്ട്രയില്‍ നടന്ന ആദ്യ അറസ്റ്റ് എയ്ഡ്സ്, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക്് അത്ഭുതചികിത്സ എന്ന പരസ്യം കൊടുത്ത പത്രങ്ങള്‍ക്കെതിരായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര നിയമ സഭ ബില്‍ പാസാക്കി. കേരളത്തിലെ യുക്തിവാദികള്‍ അന്നുതന്നെ പ്രസ്തുതബില്ലിന്റെ കോപ്പിവാങ്ങി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് വി എസ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിഎസ് സര്‍ക്കാരോ പിന്നീടു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ പിണറായി സര്‍ക്കാരോ അക്കാര്യം പരിഗണിക്കുകപോലും ചെയ്തില്ല. മറിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആള്‍ദൈവങ്ങളെ ശ്ലാഘിക്കുന്ന പ്രസ്താവനകളാണ് നമ്മുടെ ഭരണാധികാരികളില്‍ നിന്നുവരുന്നത്. ഇനിയെങ്കിലും ഇക്കാര്യത്തിലൊരു ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>