സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Aug 4th, 2018

ഭൂമിയുടെ പച്ചപ്പ് കാത്തവര്‍ക്ക് ഗ്രീന്‍ റോയല്‍റ്റി

Share This
Tags

ppp

റോയല്‍റ്റിയെപ്പറ്റി കേട്ടു കാണും. പല സാഹിത്യകാരന്‍മാരും അവരെഴുതിയ പുസ്തകങ്ങളുടെ റോയല്‍റ്റി കൊണ്ടാണ് ജീവിക്കുന്നത് എന്ന് വായിച്ചിട്ടുണ്ടാകും. പൊന്നാനി നഗരസഭ ആവിഷ്‌കരിച്ച ഈ ഭൂമിയുടെ പച്ചപ്പ് കാത്തവര്‍ക്ക് ഗ്രീന്‍ റോയല്‍റ്റി എന്ന നൂതന ജനകീയാസൂത്രണ പദ്ധതിക്ക് സംസ്ഥാന തല കോ – ഓഡിനേഷന്‍ കമ്മറ്റിയുടെ അനുമതി ലഭിച്ചിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് സമ്മര്‍ദ്ദത്തിലും വയല്‍, കുളം എന്നിവ നികത്തി വിറ്റ് പണമുണ്ടാക്കാം എന്ന ചിന്തയെ അതിജീവിച്ച് അതേ പടി സംരക്ഷിച്ചവര്‍ക്കാണ് സമൂഹത്തിന്റെ ആദരം എന്ന നിലക്ക് ഗ്രീന്‍ റോയല്‍റ്റി നല്‍കുന്നത്. തുകയുടെ വലിപ്പമെന്നതിനേക്കാള്‍ അവരുടെ പ്രവൃത്തി ഈ സമൂഹത്തിന് ഗുണകരമായി എന്ന തിരിച്ചറിവാണ് ഗ്രീന്‍ റോയല്‍റ്റി സന്ദേശത്തിലൂടെ നല്‍കുന്നത്.
ഹരിത കേരളം പദ്ധതി, വിഭാവനം ചെയ്യുന്നതിന് മുമ്പായി തന്നെ പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി എന്ന പേരില്‍ നാട്ടു നെല്‍ വിത്ത് കൃഷി ചെയ്തു കൊണ്ട് സംരക്ഷിക്കുവാനും പൊന്നരി എന്ന ജൈവ ബ്രാന്‍ഡില്‍ അരി വിപണനം ചെയ്യുവാനും തുടക്കമിട്ട നഗര സഭയാണ് പൊന്നാനി. കൃഷിയും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ വിനിമയത്തിന്റെ മൂല്യം നമ്മളിപ്പോഴും അവഗണിക്കുന്ന മേഖലയാണ്. വിപണി മൂല്യങ്ങള്‍ക്കനുസരിച്ച് കൃഷിയെക്കണ്ടതിനപ്പുറത്ത്, പരിസ്ഥിതി സേവനത്തിന്റെ മൂല്യത്തില്‍, അതിന്റെ സംരക്ഷകര്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. അതിനാലാണ് നഗരസഭ ഗ്രീന്‍ റോയല്‍റ്റി എന്ന ആശയം ജനകീയാസൂത്രണ പദ്ധതി വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം അവരുടെ നെല്‍വയലുകളുടെ തോതനുസരിച്ച് റോയല്‍റ്റി തുക നല്‍കി ശേഷിക്കുന്ന നെല്‍വയലുകളെ കേരളത്തില്‍ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. നെല്‍വയലുകള്‍ ഭക്ഷ്യ സുരക്ഷയും ജലസുരക്ഷയും പാരിസ്ഥിതിക സുരക്ഷയും പോഷക സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം തന്നെ ഭൂഗര്‍ഭ ജലവിതാനം പിടിച്ചു നിര്‍ത്തി ജല ലഭ്യത ഉറപ്പാക്കുന്ന ജലസംഭരണികള്‍ കൂടിയാണ്. നെല്‍പാടങ്ങള്‍ മത്സ്യങ്ങളുടേയും പക്ഷികളുടേയും പ്രജനന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു എന്നത് കൂടാതെ മത്സ്യം, ഞണ്ട്, ചെമ്മീന്‍ എന്നിവയുടെ വളര്‍ച്ചക്കും ലഭ്യതക്കും പിന്തുണയായി വര്‍ത്തിക്കുകയും ചെയ്യുന്നു. വര്‍ഷകാലത്ത് വെള്ളപ്പൊക്കം തടയുന്നതിനും പ്രധാന പങ്കാണ് വഹിക്കുന്നത്. നെല്‍വയലുകള്‍ നല്‍കുന്ന ഈ പാരിസ്ഥിതിക ധര്‍മ്മങ്ങളെ കണക്കിലെടുത്ത് നെല്‍വയലുകളെ നിലനിര്‍ത്താന്‍ പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്.
1956ല്‍ കേരളത്തില്‍ 8. 76 ലക്ഷം ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായ സ്ഥാനത്ത് ഇപ്പോള്‍ അത് കേവലം 1.75 ലക്ഷം മാത്രമാണ്. അതായത് പ്രതിവര്‍ഷം വലിയ അളവില്‍ നെല്‍വയലുകള്‍ നികത്തപ്പെടുന്നു: ഒരു ഹെക്ടര്‍ നെല്‍വയല്‍ സംരക്ഷണത്തിലൂടെ പ്രതിവര്‍ഷം 22 ലക്ഷം രൂപയുടെ പാരിസ്ഥിതിക മൂല്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നെല്‍കര്‍ഷകര്‍ക്ക് അവരുടെ ഭൂമി വയലായി നിലനിര്‍ത്താനും കൃഷിയിറക്കാനുംവേണ്ടതായ സാമ്പത്തിക പ്രചോദനം ഇനിയും നല്‍കേണ്ടതുണ്ട്. നെല്‍വയലുകള്‍ തരം മാറ്റുക വഴി ലഭിക്കാവുന്ന വന്‍ സാമ്പത്തിക നേട്ടത്തിനു മുന്നില്‍ പതറാതെ നില്‍ക്കുന്ന നെല്‍വയല്‍ സംരക്ഷണമെന്ന സാമൂഹിക ധര്‍മ്മം മാറിയ കാലത്തും നിര്‍വ്വഹിക്കുന്നവര്‍ക്ക് സാമൂഹിക അംഗീകാരവും നല്‍കണം. .കൃഷിയെ അഭിമാനകരവും ആദായകരവുമാക്കുന്നതിനുള്ള ചിന്തയും പ്രയോഗവും നാം ഊര്‍ജ്ജിതമായി തന്നെ നടത്തേണ്ടതുണ്ട്’. വയല്‍,തരം മാറ്റി വില്‍പ്പന നടത്തുകയും മാറി മാറി വന്ന നിയമങ്ങളാല്‍ ക്രമപ്പെടുത്തുകയുംഅതുവഴി സാമ്പത്തിക ശേഷി കൈവരിച്ചവരേക്കാള്‍ സാമൂഹിക അംഗീകാരം, വയല്‍ നില നിര്‍ത്തിയവര്‍ക്ക് നല്‍കേണ്ടത് ,ഭരണകൂടങ്ങളുടെ ബാധ്യതയാണ്. അതൊരു തെറ്റുതിരുത്തല്‍ പ്രക്രിയയുടെ പ്രതിഫലനം കൂടിയാണ്. ഇതേ പോലെ ,പാരിസ്ഥിതിക സാക്ഷരതയുടെ സൂചകങ്ങളായി, സ്വകാര്യ ഭൂമിയില്‍ നില നില്‍ക്കുന്ന കാവുകളെയും കുളങ്ങളെയും സമീപിക്കേണ്ടതുണ്ട്. മനുഷ്യവാസ കേന്ദ്ര ക്കള്‍ക്കകത്തും ജൈവ വൈവിധ്യം നിലനിര്‍ത്താനുള്ള വ്യവസ്ഥയായിരുന്നു കാവുകള്‍ ( വിശുദ്ധ വനങ്ങള്‍ )’മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉടമ്പടി പോലെയായിരുന്നു കാവുകള്‍ – ജീവികള്‍ക്ക്, മനുഷ്യനില്‍ നിന്നകന്ന് സൗകര്യപൂര്‍വ്വം ജീവിക്കാനുള്ള ഇടം. വികസന ചരിത്രത്തില്‍, കൂടുതല്‍ സ്ഥലത്തിനായുള്ള ഓട്ടത്തില്‍ ആദ്യം മഴു പ്രയോഗിച്ച ഇടമാണ് കാവുകള്‍ – അവ ഇപ്പോഴും സാമ്പത്തിക നഷ്ടം സഹിച്ചും സംരക്ഷിക്കുന്നവര്‍ക്ക് ഗ്രീന്‍ റോയല്‍റ്റി കൊടുക്കേണ്ടതുണ്ട്.
വര്‍ഷക്കാലത്ത് പെയ്യുന്ന മഴയുടെ വലിയൊരു ഭാഗം ഒഴുകി നഷ്ടപ്പെടാതെ സംരക്ഷിച്ചിരുന്ന കുളങ്ങള്‍ ഭൂഗര്‍ഭ ജലവിതാനം കാത്തു സൂക്ഷിക്കുന്നതാണ്. മണ്ണിട്ട് നികത്താതെ, സ്വകാര്യ ഭൂമിയിലെ ഇത്തരം കുളങ്ങള്‍ നിലനിര്‍ത്തിയവര്‍ ചെയ്ത പാരിസ്ഥിതിക സേവനത്തിന് ഗ്രീന്‍ റോയല്‍റ്റി അനുവദിക്കണം. ഭൂമിയുടെ വൃക്കയെന്ന് അറിയപ്പെടുന്ന കണ്ടലുകള്‍ ,സ്വകാര്യ ഭൂമിയില്‍ സംരക്ഷിക്കുന്നവരുണ്ട്. പാരിസ്ഥിക മൂല്യത്തെ മുന്‍നിര്‍ത്തി ,വനം ദേശസാല്‍ക്കരിച്ച അതേ നിലപാട് ഈ ഗ്രീന്‍ റോയല്‍റ്റിയിലും ഉണ്ടാകണം. നെല്‍കൃഷിയുടെയും കാവ് -കുളങ്ങളുടെയും കണ്ടലുകളുടേയും ഭൗതികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ മൂല്യത്തെ അറിയുവാനും പ്രചരിപ്പിക്കുവാനും ആദരിക്കുവാനും കൂടിയാണ് പൊന്നാനി നഗരസഭ മുന്നോട്ട് വെക്കുന്നതാണ് ഗ്രീന്‍ റോയല്‍റ്റി എന്ന നൂതന പദ്ധതി.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>