സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Aug 3rd, 2018

ഇടുക്കി ഡാമും ഭാവി വെല്ലുവിളികളും.

Share This
Tags

id ഉത്തരേന്ത്യന്‍  നദികളുമായി  യാതൊരു താരതമ്യവുമില്ലെങ്കിലും 40ല്‍പരം നദികളാല്‍ സമൃദ്ധമാണ് കേരളം എന്നാണല്ലോ പറയാറ്. ചെറിയ നദികളാണെങ്കിലും പൊതുവില്‍ മഴ കൊണ്ട് സമൃദ്ധമായതിനാല്‍ ഇവയില്‍ സാമാന്യം വെള്ളമുണ്ടാകാറുണ്ട്. അതിനാല്‍ തന്നെ വൈദ്യുതല്‍പ്പാദനത്തിനും ജലസേചനത്തിനും മറ്റുമായി നിരവധി അണക്കെട്ടുകളും കേരളത്തിലുണ്ട്. അതേസമയം മുന്‍കാലങ്ങളില്‍ നിന്നു സമീപകാലത്ത് മഴക്കുണ്ടായ കുറവ് മൂലം വേനല്‍കാലത്ത്് ഈ നദികളും ഡാമുകളുമൊക്കെ ജലരഹിതമാകുകയാണ് പതിവ്. വര്‍ഷകാലത്ത് പകുതിപോലും നിറയാറുമില്ല. എന്നാല്‍ ഈ വര്‍ഷം ഇതുവരേയും ലഭിച്ച കനത്ത മഴ കാര്യങ്ങളെയാകെ മാറ്റി മറിച്ചിരിക്കുന്നു. പുഴകളും ഡാമുകളുമെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. 25ഓളം ഡാമുകള്‍ തുറന്നു കഴിഞ്ഞു. ഇടുക്കി അണകെട്ട് തുറക്കണോ, തുറന്നാലുണ്ടാകുന്ന ജലപ്രവാഹം എങ്ങനെയായിരിക്കും എന്ന വിഷയമാണ് ഏറെ ദിവസമായി നടക്കുന്ന ചര്‍ച്ച. ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് മന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെ തീരുമാനം. അപ്പോള്‍ ഒരു ട്രയല്‍ നടത്തും. എന്നിട്ട് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലെ വെള്ളം ഷട്ടറുകള്‍ തുറന്ന് പുറത്തേക്കൊഴുക്കും. എന്നാല്‍ മിക്കവാറും അതിന്റെ ആവശ്യം വരില്ല എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഡാമിലെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടത്രെ. അത്രയും ആശ്വാസം. പെരിയാര്‍ നദിക്കു കുറുകെ വൈദ്യുതോല്പാദനത്തിനായി നിര്‍മിച്ചിട്ടുള്ള, ഏറെക്കുറെ പ്രകൃതിദത്തമായ ഒന്നാണ് ഇടുക്കി അണക്കെട്ട്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള പദ്ധതിയുടെ ഊര്‍ജ്ജോല്പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളില്‍നിന്ന് 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകള്‍ നിര്‍മ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നത്. 5000 തൊഴിലാളികള്‍ ജോലിചെയ്ത പദ്ധതി നിര്‍മ്മാണത്തിനിടയില്‍ 85 പേര്‍ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു. 1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതാണ്് ഇടുക്കി ഡാമിനു കാരണമായത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. 1961-ല്‍ ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963 ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. കോണ്‍ക്രീറ്റ് കൊണ്ടു പണിത ഈ ആര്‍ച്ച് ഡാമിനു 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഷട്ടറുകളില്ല എന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഡാം നിര്‍മ്മിച്ചിരിക്കുന്നത് വലിയ ആസൂത്രണമികവോടെയാണ്. എന്നാല്‍ അതുകൊണ്ടായില്ലല്ലോ. ഡാം തുറക്കുകയാണെങ്കില്‍ വെള്ളമൊഴുകുന്ന ഭാഗങ്ങലിലെ അവസ്ഥ എന്താണ്? 2 പതിറ്റാണ്ടുമുമ്പ് തുറന്നപ്പോള്‍ അതു വലിയ വിഷയമായിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത് വികസനമെന്ന പേരില്‍ നമ്മള്‍ നടപ്പാക്കുന്ന നടപടികളാണ് പ്രശ്‌നം സങ്കിര്‍ണ്ണമായിരിക്കുന്നത്. പെരിയാറിന്റെ കരകളിലാകെ കെട്ടിടങ്ങളും ചെറുപട്ടണങ്ങളും ഫാക്ടറികളും നിറഞ്ഞു കഴിഞ്ഞു. കയ്യേറ്റം മൂലം പലയിടത്തും പുഴക്ക് തീരെ വീതിയില്ലാതായി കഴിഞ്ഞു. ഡാം തുറന്നാലുണ്ടാകുന്ന നീരൊഴുത്ത് താങ്ങാന്‍ ഇവക്കാകുമോ എന്നു ചോദിച്ചാല്‍ അത് മാധ്യമങ്ങള്‍ വെറുതെ സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണെന്ന് ആക്ഷേപിച്ചിട്ടുണ്ട് കാര്യമില്ല. അഥവാ പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ സൂചിപ്പിച്ച പോലെ ഇത്തവണ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെങ്കില്‍ തന്നെ വരും വര്‍ഷങ്ങളില്‍ മഴ കുറെ കൂടി കൂടിയാല്‍ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിക്കേണ്ട സമയം കൂടിയാണിത്. പുഴ ഒഴുകിയിരുന്ന വഴികളില്‍ ഒട്ടനവധി തടസ്സങ്ങള്‍ നാം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്.അങ്ങനെ വരുമ്പോള്‍ ഏറ്റവും എളുപ്പമായ വഴിയിലൂടെ അതൊഴുകും. മുംബൈയിലെ മൈതി നദി ഉദാഹരണം. അങ്ങനെ വഴിവിട്ടു ഒഴുകിയാല്‍ അതിനെ അതിജീവിക്കാന്‍ ഒരു സംവഎന്ത് സംവിധാനമാണ് വേണ്ടത്? പുഴ അങ്ങനെ മാറി ിധാനവുമില്ല. മുമ്പ് പാടങ്ങളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും തടകളായി ഉണ്ടായിരുന്നു. അവയെല്ലാം ഇനിയൊരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചു. പിന്നെയുള്ളത് നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടാണ്. അതുണ്ടാക്കുന്ന ദുരന്തകള്‍ ദയനീയമായിരിക്കും. അതിന്റെ സാമ്പിളാണ് ആലപ്പുഴയിലും കോട്ടയത്തും നമ്മള്‍ കണ്ടത്. ഇനി പെരിയാറിന്റെ സവിശേഷമായ ഒരു പ്രശ്‌നം. പെരിയാറിന്റെ പ്രധാന കൈവഴി അവസാനിക്കുന്നത് ഏലൂര്‍ വഴി വേമ്പനാട്ടു കായലിലാണ്. ഏലൂര്‍ എടയാര്‍ വ്യവസായമേഖല എപ്പോഴും പൊട്ടാവുന്ന ബോംബാണ്. അവിടെ നൂറു കണക്കിന് രാസ വ്യവസായ ശാലകളില്‍ ആയിരക്കണക്കിന് ടണ്‍ അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. അത് എത്രമാത്രം അപകടകരമാണെന്ന് ജപ്പാനിലെ അനുഭവം പറഞ്ഞുതരും. സുനാമി തിരമാലകള്‍ അടിച്ചു കയറിയത് മൂലമാണ് ജപ്പാനിലെ ഫുകുഷിമയിലെ ആണവ ദുരന്തമുണ്ടായത്. അവിടെ സൂക്ഷിച്ചിരുന്ന വികിരണ വസ്തുക്കള്‍ തീരത്തും ശാന്തസമുദ്രത്തിലും കലര്‍ന്നിട്ടുണ്ട്. അതിന്റെ ദുരന്തങ്ങള്‍ പതിറ്റാണ്ടുകള്‍ നിലനില്‍ക്കും. അതു തന്നെയായിരിക്കും വെള്ളം അമിതമായി കയറിയാല്‍ ഏലൂരിലേയും അനുഭവം. വേമ്പനാട്ടുകായലിനേയും കൊച്ചിനഗരത്തേയും അറബികടലിനേയും അത് ബാധിക്കാം. വേലിയേറ്റ സമയത്തതാണ് ഈ ജലം എത്തുന്നതെങ്കില്‍ ഈ വെള്ളപ്പൊക്കം അത്യന്തം അപകടകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു സാധ്യതകൂടി കണക്കിലെടുത്തുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ വരാന്‍ പോകുന്നത് വന്‍ദുരന്തമായിരിക്കും. ഇത്തവണ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെങ്കില്‍ തന്നെ ഇത്തരമൊരു ദീര്‍ഘവീക്ഷണം ഇന്ന് അനിവാര്യമായിരിക്കുന്നു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>