സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Aug 1st, 2018

പ്രീതാഷാജി ചിതയൊരുക്കി അന്തിമപോരാട്ടത്തില്‍

Share This
Tags

pp

കേരളം ഇന്നോളം കാണാത്ത രീതിയിലുള്ള അതിശക്തമായ ഒരു സ്ത്രീപോരാട്ടമാണ് എറണാകുളത്ത് ഇടപ്പള്ളി മാനത്തു പാടത്ത് പ്രീതാ ഷാജി എന്ന യുവതി നടത്തുന്നത്. വ്യക്തിപരമായ ഒരു വിഷയത്തിന്റെ പേരിലാണ് പോരാട്ടമെങ്കിലും കേരളത്തിലെ മാത്രമല്ല, രാജ്യത്തെങ്ങുമുള്ള സാധാരണക്കാര്‍ നേരിടുന്ന വളറെ ഗുരുതരമായ ഒരു സാമൂഹ്യവിഷയത്തിന്റെ പേരിലാണ് അവരുടെ പോരാട്ടം. സര്‍ഫാസി നിയമമെന്ന പേരില്‍ സര്‍ക്കാരിന്റയും നിയമത്തിന്റേയും പരിരക്ഷയോടെ ബാങ്കുകള്‍ നടത്തുന്ന ഭാകരമായ കൊള്ള അവസാനിപ്പിക്കാനാവാശ്യപ്പെട്ടാണ് സ്വയം ചിതയൊരുക്കി പ്രീതാഷാജി മരണം വരെ നിരാഹാരമാരംഭിച്ചിരിക്കുന്നത്. ഈ നിയമം മൂലം എല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇതിനകം കൂട്ട ആത്മഹത്യതന്നെ നടത്തികഴിഞ്ഞ സാഹചര്യത്തിലാണ് ഇവരുടെ സമരം ഏറെ പ്രസക്തമാകുന്നത്. കേവലം 2 ലക്ഷം വായ്പക്ക് ജാമ്യം നിന്ന പ്രീതയക്ക് ഇപ്പോള്‍ 2.70 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് HDFC ബാങ്ക് കണക്കാക്കുകയും അവരുടെ 18.5 സെന്റ് പുരയിടവും വീടും സര്‍ഫാസി നിയമം ഉപയോഗിച്ച് ജപ്തി ചെയ്യുകയും അതിനെതിരെനടന്ന ജനകീയപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ തുറുങ്കിലടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജൂലായ് 29 മുതല്‍ പ്രീതാ ഷാജി നിരാഹാരം ആരംഭിച്ചിരിക്കുന്നത്. മറ്റു സമരങ്ങളില്‍ നിന്നു വ്യത്യസ്ഥമായി സ്വന്തം വസതിയില്‍ ഇവര്‍ നട്തതുന്ന സമരം ഉദ്ഘാടനം ചെയ്തത് പിടി തോമസ് എം എല്‍ എ ആയിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി നിരവധി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
എറണാകുളം നഗരത്തിന്റെ കണ്ണായ സഥലത്തു സ്ഥിതി ചെയ്യുന്ന പ്രീതയുട പുരയിടത്തിനു മൂന്ന് കോടി കമ്പോളവില വരുമെന്നാണ് കണക്ക്. എന്നാല്‍ വളരെ രഹസ്യമായി ഓണ്‍ലൈന്‍ ലേലത്തില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് ലോബി അത് കയ്യടക്കിയത് 37,80,000 രൂപക്കാണ്. ഇതിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന പ്രീതാഷാജിയുടെ സമരം ഇപ്പോള്‍ വളരെ നിര്‍ണായകമായൊരു ഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. സര്‍ഫാസിവിരുദ്ധ ജനകീയ പ്രസ്ഥാനം, ബ്ലെഡ് ബാങ്ക് ജപ്തിവിരുദ്ധസമിതി, മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി, സമരസഹായ സമിതി തുടങ്ങിയ കൂട്ടയ്മയുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നവസാമ്പത്തിക -ബാങ്കിങ് നിയമങ്ങളുടെ മറപറ്റി കേരളത്തിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയലെസ്റ്റേറ്റ് ഭൂമാഫിയകള്‍ നടത്തുന്ന പകല്‍ക്കൊള്ളയിലേക്ക് വെളിച്ചവീശിയിരുന്നു. നിത്യജീവിതത്തിലെ അപ്രതീക്ഷിത ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ സമീപിക്കുന്ന ദരിദ്ര-ഇടത്തരം സാമ്പത്തിക വിഭാഗങ്ങളുടെ ആകെയുള്ള ആസ്തികള്‍ തട്ടിയെടുക്കുന്ന ബാങ്ക്-കോടതി-റിയലെസ്റ്റേറ്റ്- രാഷ്ട്രീയ പാര്‍ട്ടികളുടെ വലിയൊരു അച്ചുതണ്ടാണ് നിലവിലുള്ളത്. ഇവരുടെ സ്വാധീനശക്തി ഉപയോഗിച്ച് സമരത്തിനെതിരേയുള്ള ഭരണകൂട ഇടപെടല്‍ ശക്തമാക്കുകയാണ് തുടര്‍ന്ന് സംഭവിച്ചത്. HDFCയിലേയും DRTയിലേയും ഉന്നതരടക്കം ഇത്തരത്തിലുള്ള ഓരോ കേസിലും പങ്കാളികളാണെന്നത് പുറത്ത്വന്നതോട്കൂടി തുച്ഛവിലയ്ക്ക് ലേലം നേടിയയാള്‍ പ്രീതഷാജിയേയും കുടുംബത്തേയും ഒഴിപ്പിച്ച് സ്ഥലം ലഭ്യമാക്കണമെന്നും അതില്‍ ഗവണ്‍മെന്റ് കോടതിയലക്ഷ്യം കാണിക്കുന്നു എന്നും കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് സമയബന്ധിതമായി ഉത്തരവു വാങ്ങുകയാണുണ്ടായത്. എന്നാല്‍ പോലീസിന് ശക്തമായ ജനകീയ ചെറുത്തുനില്പ് പരിഗണിച്ച് തിരിച്ച് പോകണ്ടിവന്നു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖരായ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും കിടപ്പാടം ജപ്തിചെയ്ത് ദരിദ്രരെ കുടിയിറക്കുന്നതിനെതിരെ രംഗത്തുവന്നു. ധനമന്ത്രി. തോമസ് ഐസക്ക് അടക്കം ജപ്തി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. അതേസമയം പോലീസിനെ ഉപയോഗിച്ച് സമരത്തില്‍ പങ്കെടുത്തവരെയും സമരങ്ങള്‍ക്ക് നേതൃപരമായപങ്ക് വഹിച്ച് നീതിക്ക് ഒപ്പം നിന്ന വി.സി ജെന്നി, പി.ജെ.മാനുവല്‍ , ഷൈജുകണ്ണന്‍ അടക്കമുള്ളവരെ വീടു വളഞ്ഞ് അര്‍ദ്ധരാത്രിയില്‍ കസ്റ്റിയിലെടുത്ത് ജയിലിലടച്ചിരിക്കുകയാണ്.
ധനമന്ത്രിയെ തുടര്‍ന്ന് ബലം പ്രയോഗിച്ച് കുടിയൊഴിക്കല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. എന്നാല്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കുകയാണ്. ഹൈക്കോടതി ഇടപെടല്‍ മൂലമാണിതെന്നാണ വാദം. എന്നാല്‍ പൊലീസ് നിയമവിരുദ്ധമായാണ് സമരത്തെ നേരിടുന്നത്. ജപ്തി ഉത്തരവ് ഇറക്കിയ ഡി.ആര്‍.ടി ഓഫീസിനു മുന്നില്‍ നടത്തുമെന്നു പ്രഖ്യാപിച്ച സമാധാനപരമായ സമരത്തിന് എത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. കേസില്‍ 58 പ്രതികള്‍ ഉണ്ടായിട്ടും നേതൃത്വം നല്‍കുന്നവരെയാണ് ലോക്കപ്പിലിട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ നിരവധി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ സമര സമിതിയും നേതാക്കളും ഇല്ലായിരുന്നെങ്കില്‍ കടബാധ്യത മൂലം പ്രീതയും കുടുംബവും എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു എന്നതാണ് വസ്തുത. പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കോടതി തന്നെ അനുവദിച്ച മൂന്നാഴ്ച സമയം നിലവിലുള്ളപ്പോഴാണ് ഈ അറസ്റ്റുകള്‍ നടന്നത്. ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ അനുവദിക്കാന്‍ ഹൈക്കോടതി തയ്യാറായപ്പോഴും സര്‍ക്കാര്‍ ഭാഗം വാദിക്കുന എ പി പി എതിര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ എ പി പിക്കെതിരെ നടപടി എടുക്കേണ്ടേ?
ദരിദ്ര ജനപക്ഷത്ത് നില്ക്കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഈ വിഷയത്തെ കേവലം കടം തിരിച്ചുപിടിച്ചു കൊടുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ സങ്കേതിക നിയമം നടത്തിപ്പ് മാത്രമായികാണരുതെന്നാണ് സമരസമിതിയുടെയും പ്രീതാഷാജിയുടേയും നിലപാട്. ദരിദ്രരോടുള്ള ബാങ്കുകളുടെ സമീപനം, സര്‍ഫാസി അടക്കമുള്ള നിയമങ്ങളുടെ സാമൂഹികനീതിയില്ലായ്മ, നവതലമുറബാങ്കുകളും കോര്‍പ്പറേറ്റ് മൂലധനശക്തികളും ഭരണകൂടസംവിധാനങ്ങള്‍ക്ക് മുകളില്‍ ചെലുത്തുന്ന സമര്‍ദ്ദം തുടങ്ങി നിരവധി തലങ്ങളുള്ള ഈ സംഭവം ധനകാര്യമൂലധന-ഭരണകൂട-രാഷ്ട്രീയ-റിയല്‍ എസ്റ്റേറ്റ് അച്ചുതണ്ടിനെ കൂടിവെളിവാക്കുന്നതായും സമിതി ചൂണ്ടികാട്ടുന്നു. ഈ സാഹചര്യത്തില്‍ ജയിലിലിട്ടിരിക്കുന്നവരെ നിരുപാധികം വിട്ടയക്കണമെന്നും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ പ്രീതാഷാജിയുടെ പോരാട്ടത്തെ പിന്തുണക്കണമെന്നും സമിതി അഭ്യര്‍ത്ഥിക്കുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>