സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jul 31st, 2018

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ കണ്‍വെന്‍ഷന്‍

Share This
Tags

nnn2018 ആഗസ്റ്റ് 12, രാവിലെ 10.00 മുതല്‍ വൈകീട്ട് 5.00 വരെ കോസ്റ്റ്ഫോര്‍ഡ്, അയ്യന്തോള്‍, തൃശൂര്‍

നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപംനല്‍കിയ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭൂമാഫിയകള്‍ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും ഭൂമി യഥേഷ്ടം കൈകാര്യം ചെയ്യാവുന്നതരത്തില്‍ ഈ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുകയാണല്ലോ. കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് വികസനത്തിന്റെ പേരില്‍ ഇത്തരമൊരു നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ‘പൊതു ആവശ്യം’ എന്ന പേരില്‍ സര്‍ക്കാര്‍/സ്വകാര്യ പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അവസരം നല്‍കുക, 2008ന് മുമ്പ് നികത്തിയ വയലുകള്‍ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കില്‍ വിഞ്ജാപനം ചെയ്യപ്പെടാത്ത വയലുകളെ നെല്‍വയലായി കണക്കാക്കാക്കാതിരിക്കുക, പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം എടുത്തുകളയുക തുടങ്ങിയ അപകടകരമായ തിരുത്തലുകളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്.
കേരള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തില്‍ നെല്‍കൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഹെക്ടറായി മാറി. കഴിഞ്ഞ 40 വര്‍ഷം കൊണ്ട് 80 ശതമാനം നെല്‍കൃഷി കുറഞ്ഞെങ്കില്‍ വരുന്ന 20 വര്‍ഷം കൊണ്ട് കേരളത്തില്‍ നെല്‍കൃഷി തന്നെ ഇല്ലാതാകാന്‍ ഇടയുണ്ട്. വേനല്‍ക്കാലത്ത് വരള്‍ച്ചയും വര്‍ഷകാലത്ത് പ്രളയവും കാരണം പൊറുതിമുട്ടുകയാണ് കേരളം. ഇത്തരം ഒട്ടേറെ പാരിസ്ഥിതികമായ പ്രതിസന്ധികള്‍ കേരളം അഭിമുഖീകരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ നിലവിലുള്ള നിയമം അട്ടിമറിക്കുന്നത്.
കാര്‍ഷിക ആവാസവ്യവസ്ഥയുടെ നട്ടെല്ലായ വയലുകള്‍ നിര്‍വഹിക്കുന്ന പാരിസ്ഥിതിക സേവനം വിലമതിക്കാനാകാത്തതാണ്. നെല്‍വയല്‍ സംരക്ഷിക്കണം എന്നത് കേവലം ഭക്ഷ്യസുരക്ഷയുടെ പ്രശ്നം മാത്രമല്ല, ജല സുരക്ഷയ്ക്കും കാര്‍ഷിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും അത് അത്യന്താപേക്ഷിതമാണ്. വിവിധ തരം പക്ഷികള്‍, ശലഭങ്ങള്‍, തുമ്പികള്‍, എട്ടുകാലികള്‍, തവളകള്‍, ഞണ്ടുകള്‍, ഇങ്ങനെ അനേകം ജീവികളെ ഉള്‍ക്കൊള്ളുന്ന ജൈവ ആവാസവ്യവസ്ഥ കൂടിയാണ് വയലുകള്‍. വയലുകള്‍ ഇല്ലാതാകുന്നതോടെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് ഇല്ലാതാകും. വിസ്തൃതമായ പാടശേഖരങ്ങളിലെ ജലശേഖരം നിരവധി തോടുകളിലൂടെ ഒഴുകി കോടിക്കണക്കിന് ജീവജാലങ്ങള്‍ക്ക് ഭക്ഷണവും നിലനില്‍പ്പും പ്രദാനം ചെയ്യുന്നുണ്ട്. ഭൂഗര്‍ഭ ജലസ്രോതസ്സിന്റെ വര്‍ദ്ധനവിനും സംരക്ഷണത്തിനും പാടശേഖരങ്ങളുടെയും തണ്ണീര്‍ തടങ്ങളുടെയും നിലനില്‍പ്പ് അത്യന്താപേക്ഷിതമാണ്. കാട് സംരക്ഷിക്കുന്നതുപോലെ സുശക്തകമായ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെല്‍വയലുകള്‍.
ആയതിനാല്‍ കേരളത്തിന്റെ ജലസുരക്ഷയും കാലാവസ്ഥാ സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പു വരുത്തുന്നതിനും ജൈവ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായും നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും എന്ത് വില കൊടുത്തും സംരക്ഷിച്ചേ മതിയാകൂ. വിവിധ ജില്ലകളിലെ കര്‍ഷക സംഘടനകളും കൂട്ടായ്മകളും പാടശേഖര സമിതികളും പരിസ്ഥിതി സംഘടനകളും ഇതിനകം തന്നെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമത്തിനെതിരെ വിവിധ സമരപരിപാടികളുമായി മുന്നോട്ടു വന്നു കഴിഞ്ഞു. ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമായ ഈ നിയമത്തിനെതിരെ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കേണ്ട സമരപരിപാടികളുടെ ഏകോപനവുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരിലും നടന്ന കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒരു കണ്‍വെന്‍ഷന്‍ 2018 ആഗസ്റ്റ് 12ന് തൃശൂര്‍ കോസ്റ്റ്ഫോഡില്‍ (അയ്യന്തോള്‍) വച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പ്രധാനമായും ഈ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുക, നിയമത്തിലെ ജനവിരുദ്ധ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തള്ളിക്കളയുന്നതിനായുള്ള നിയമപരമായ ഇടപെടലുകള്‍ എത്രയും പെട്ടെന്ന് നടത്തുക, യുദ്ധകാലാടിസ്ഥാനത്തില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക, എല്ലാവിധ സമ്മര്‍ദ്ദങ്ങളും സഹിച്ചും നെല്‍വയല്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് റോയല്‍റ്റിയും ശമ്പളവും ഉള്‍പ്പെടെ നല്‍കണമെന്നും അവശേഷിക്കുന്ന നെല്‍വയലുകള്‍ ‘പാഡി റിസര്‍വ്’ ആയി പ്രഖ്യാപിക്കണമെന്നും കൃഷി തത്പരരായി മുന്നോട്ടുവരുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുക എന്നിവയാണ് കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ കണ്‍വെന്‍ഷനിലേക്ക് മുഴുവന്‍ കര്‍ഷക സുഹൃത്തുക്കളെയും സംഘടനകളെയും പാടശേഖര സമിതികളെയും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരെയും കലാ സാംസ്‌കാരിക സംഘടനകളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സംഘാടനസമിതിക്കു വേണ്ടി കെ. രാധാകൃഷ്ണന്‍, കുസുമം ജോസഫ്, മനോജ് കരിങ്ങാമഠത്തില്‍, എം. മോഹന്‍ദാസ്, വി.കെ. ശശികുമാര്‍, പി.കെ. കിട്ടന്‍, ശരത് ചേലൂര്‍, ടി.കെ വാസു. 9495567276, 9495513874

സംഘാടനം:
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം, കേരള ജൈവ കര്‍ഷക സമിതി, തണല്‍, കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള നദീ സംരക്ഷണ സമിതി, പാലക്കാടന്‍ കര്‍ഷക മുന്നേറ്റം, പശ്ചിമഘട്ട സംരക്ഷണ സമിതി,
ചാലക്കുടി പുഴ സംരക്ഷണ സമിതി, കര്‍ഷക വേദി, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ഗാന്ധി പീസ് ഫൌണ്ടേഷന്‍, കേരളീയം, വയല്‍കിളികള്‍, ജനാരോഗ്യ പ്രസ്ഥാനം, ഗ്രീന്‍ കമ്മ്യൂണിറ്റി, ദേശീയപാത സംരക്ഷണ സമിതി, നല്ലഭൂമി പയ്യന്നൂര്‍, ഡൈനാമിക് ആക്ഷന്‍, ഗെയില്‍ വിരുദ്ധ സമര സമിതി, കണ്ടങ്കാളി സമര സമിതി, കൂട് മാസിക, കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി, ഐ.ഓ.സി-എല്‍.പി.ജി പ്ലാന്റ് വിരുദ്ധ സമര സമിതി, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, പെരിയാര്‍ മലിനീകരണ വിരുദ്ധ സമര സമിതി, റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി, നേര്‍വഴി, വോട്ടേഴ്‌സ് അലയന്‍സ്, മലബാര്‍ നാച്വുറല്‍ ഹിസ്റ്ററി സൊസൈറ്റി, സീക്ക്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>